കൊച്ചി: കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും സർവകലാശാല വിദ്യാർത്ഥികളോട് മാപ്പ് പറയാൻ എടുത്ത തീരുമാനവും കോടതി റദ്ദാക്കിയിട്ടുണ്ട്. സംഭവത്തിൽ സർവകലാശാല പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് അനുകൂലമായ വിധി വന്നതോടെ 22 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. സസ്പെൻഷൻ ഉത്തരവ് വന്ന് 84 ദിവസം പിന്നിട്ടപ്പോഴാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായത്.
വിദ്യാർത്ഥികളെ ഇന്ന് (നവംബർ 23) തന്നെ ക്യാമ്പസിൽ തിരികെ പ്രവേശിപ്പിക്കണമെന്നും, നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് പുതിയ അന്വേഷണം സർവകലാശാലയ്ക്ക് നടത്താമെന്നും കോടതി ഉത്തരവിട്ടു. 84 ദിവസത്തെ സസ്പെൻഷൻ കാലയളവ് ഇതിൽ പരിഗണിക്കണമെന്നും, പുതിയ അന്വേഷണം വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കാനുള്ള അവസരമാകരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

