മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ ആദ്യത്തെ മലയാള സിനിമയാണ് ചെമ്മീൻ. 1965- ൽ പുറത്തിറങ്ങിയ ചെമ്മീൻ സാങ്കേതിക മികവുകൊണ്ട്, രാജ്യാന്തര തലത്തിലും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തകഴിയുടെ വിഖ്യാതമായ ചെമ്മീൻ എന്ന നോവൽ സിനിമയാക്കാൻ തീരുമാനിച്ച രാമു കാര്യാട്ട് എന്നപ്രതിഭാധനായ ചലച്ചിത്രകാരന് കൈമുതലായി ഉണ്ടായിരുന്നത് പരിചയസമ്പത്തും ആസൂത്രണ മികവും നവീനമായ കുറെ ആശയങ്ങളുമായിരുന്നു. മലയാളത്തിലെ ആദ്യത്തെ കളർ സിനിമ..... ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സിനിമാട്ടോഗ്രാഫർ മാർക്കസ് ബാർട്ടലിയുടെ ഛായാഗ്രഹണം .... ബോളിവുഡിലെ മുൻനിര സംഗീത സംവിധായകനായ സലിൽ ചൗധരിയുടെ ഈണങ്ങൾ... ഋഷികേശ് മുഖർജിയുടെ എഡിറ്റിങ്... ഒരു ശാരാശി മലയാള സിനിമയുടെ എല്ലാ സങ്കല്പങ്ങളും പൊളിച്ചെഴുതപ്പെട്ട സിനിമായിരുന്നു ചെമ്മീൻ. പ്രീ പ്രൊഡക്ഷൻ വർക്കിന്റെ ഭാഗമായി, പാട്ടുകൾ ഒരുക്കാൻ സലിൽ ചൗധരിയും വയലാറും മദിരാശിയിൽ ഒരുമിച്ചതും ചരിത്രമായി. സംഗീത സംവിധായകന്റെ ട്യൂണിന് അനുയോജ്യമായ വരികൾ എഴുതപ്പെട്ട ആദ്യത്തെ മലയാള ചലച്ചിത്ര ഗാനങ്ങൾ അന്നാണ് പിറവികൊണ്ടത്. പിന്നണിഗാന രംഗത്ത് നവാഗതനായിരുന്ന യേശുദാസിനെകുറിച്ച് സലിൽ ചൗധരിക്ക് യാതൊരു മുൻധാരണയും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചെമ്മീനിലെ തന്റെ ഏറ്റവും മികച്ച ട്യൂണായ "മാനസമൈനേ" പാടാൻ ഹിന്ദി ചലച്ചിത്ര രംഗത്തെ പ്രശസ്തനായ മന്നാഡേ വേണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റൊരു മനോഹരമായ ഗാനം "കടലിനക്കരെ പോണോരെ" ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കറെകൊണ്ട് പാടിക്കാനായിരുന്നു സലിൽ ദാക്കും സംവിധായകൻ രാമു കാര്യാട്ടിനും താൽപ്പര്യം. യേശുദാസിനെക്കൊണ്ട് പാടിച്ച ട്രാക്കുമായി അവർ ലതാ മങ്കേഷ്‌ക്കറെ മുംബൈയിലെത്തി കാണുകയും ചെയ്തു. എന്നാൽ മലയാള ഭാഷയിൽ ഉച്ചാരണ ശുദ്ധിയോടെ പാടാൻ കഴിയില്ല എന്ന് പറഞ്ഞ് ലതാജി സ്നേഹപൂർവ്വം അവരുടെ ക്ഷണം നിരസിച്ചതിനെ തുടർന്നാണ് ദാസേട്ടന്റെ കടലിനക്കരക്ക് ജീവൻ വച്ചത്. ഏതാണ്ട് ഒരു പതിറ്റാണ്ടിന് ശേഷം, അതേ രാമു കാര്യാട്ട് -സലിൽ ചൗധരി -വയലാർ ടീമിന്റെ മറ്റൊരു സിനിമയായ "നെല്ലിൽ" ലതാ മങ്കേഷ്‌കർ "കദളി ചെങ്കദളി" എന്ന പാട്ടീലൂടെ മലയാളത്തിൽ ആദ്യമായും അവസാനമായും പാടി എന്നത് മറ്റൊരു ചരിത്രം.

ചെമ്മീൻ എന്ന സിനിമ വലിയ സാമ്പത്തിക വിജയം നേടി എന്നുമാത്രമല്ല, നിരവധി ദേശീയ, അന്തർ ദേശീയ പുരസ്കാരങ്ങളും കരസ്ഥമാക്കി. ചെമ്മീനിലെ പാട്ടുകളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. യേശുദാസ് എന്ന ഗായകന്റെ ശബ്ദ സൗകുമാര്യവും ആലാപന മികവും സലിൽ ചൗധരിയിൽ വലിയ സ്വാധീനമാണ് സൃഷ്ടിച്ചത്. മലയാള സിനിമയിൽ ഏറെക്കാലം നിറ സാന്നിധ്യമായി തുടർന്ന സലിൽ ചൗധരിയുടെ തുടർന്നുള്ള എല്ലാ സിനിമകളിലും ദാസേട്ടന്റെ നിത്യഹരിത ഗാനങ്ങൾ ഒന്നൊന്നായി ജന്മമെടുത്തുകൊണ്ടേയിരുന്നു. ദാസേട്ടന്റെ ഹിന്ദി സിനിമ പ്രവേശനവും സലിൽ ചൗധരിയിലൂടെയാണ് യാഥാർഥ്യമായത്. സലിൽ ചൗധരി സംഗീതം നൽകിയ "ആനന്ദ് മഹൽ" എന്ന ഹിന്ദി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ദാസേട്ടന്റെ "നിസാ ഗമ പനി" എന്ന പാട്ട് അതിസുന്ദരമായ മെലഡി ആയിരുന്നെങ്കിലും, സിനിമ വെളിച്ചം കാണാതെ പോയതുകൊണ്ട് സാധാരണ ജനങ്ങളിലേക്ക് ആ പാട്ട് എത്തിയില്ല. സലിൽ ചൗധരി പിന്തിരിയാൻ തയ്യാറായില്ല. തന്റെ തൊട്ടടുത്ത പ്രോജെക്ടിൽ വീണ്ടും അദ്ദേഹം യേശുദാസിന് അവസരം നൽകി. 1976-ൽ പുറത്തിറങ്ങിയ "ചോട്ടി സി ബാത്" ലെ ജാനുമെൻ ജനുമെൻ എന്ന് തുടങ്ങുന്ന ഗാനം സൂപ്പർ ഹിറ്റായി. തെന്നിന്ത്യയിൽ മാത്രം പ്രശസ്തനായിരുന്ന യേശുദാസ് എന്ന ഗാനഗന്ധവ്വന്റെ കർണ്ണാമൃതമാകുന്ന ശബ്ദം രാജ്യമാകെ ശ്രോതാക്കളിലേക്ക് ഒഴുകിയെത്തി. ഇതിനിടയിൽ, ജന്മനാ അന്ധനായ ഒരു സംഗീത സംവിധായകൻ അദ്ദേഹത്തിന്റെ "ചിറ്റ് ചോർ" എന്ന സിനിമയിലെ മുഴുവൻ പാട്ടുകളും യേശുദാസിനെക്കൊണ്ട് പാടിക്കാൻ തീരുമാനിക്കുന്നു. തനിക്ക് കാഴ്ച കിട്ടുകയാണെങ്കിൽ ആ കണ്ണുകൾ കൊണ്ട് ആദ്യം കാണാൻ ആഗ്രഹിക്കുന്നത് തന്റെ ഇഷ്ട ഗായകൻ യേശുദാസിനെയാണെന്ന് പ്രസ്താവിച്ച രവീന്ദ്ര ജെയിൻ എന്ന മെലഡിയുടെ കളിത്തോഴനായിരുന്നു ആ അനുഗ്രഹീത സംഗീതജ്ഞൻ. ചിറ്റ് ചോറിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളായി എന്ന് മാത്രമല്ല 1976 വർഷത്തെ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും ദാസേട്ടനെ തേടിയെത്തി. തുടന്ന്, യേശുദാസിന്റെ ശബ്ദം പ്രയോജനപ്പെടുത്താൻ ഹിന്ദി സിനിമ ലോകത്തെ മുൻനിര സംഗീത സംവിധായകർ മുന്നോട്ടു വന്നു. ബപ്പിലഹരി, രാജ്കമൽ, ഖയാം സാബ്, രാജേഷ് റോഷൻ, ഉഷ ഖന്ന, ലക്ഷ്മികാന്ത് പ്യാരിലാൽ, ശങ്കർജയ്കിഷൻ , R D ബർമ്മൻ അങ്ങനെ നീളുന്നു ആ സംഗീത സപര്യയിലെ അതുല്യമായ കൂട്ടുകെട്ടുകൾ.....
ചാണ്ടി കറുകപ്പറമ്പിൽ


