മെച്ചപ്പെട്ട ജീവിതം തേടി അമേരിക്കയിലെത്തിയ ഒരു പ്രവാസിയാണ് ഞാനും. കുറച്ചുകാലം ജോലി ചെയ്ത്, നാട്ടിൽ ഒരു നല്ല വീടും കാറും ഒക്കെ സംഘടിപ്പിക്കുവാനുള്ള സാഹചര്യമുണ്ടാകുമ്പോള് തിരികെപ്പോകണം എന്നായിരുന്നു ആദ്യത്തെ ആഗ്രഹം. കുട്ടികൾ ഇവിടത്തെ ജീവിതത്തിലും പഠനത്തിലും വേരുറപ്പിച്ചതോടെ മടക്കം വിരമിച്ചശേഷമാകട്ടെ എന്നു തീരുമാനിച്ചു. എനിക്ക് പരിചയമുള്ള പല പ്രവാസികളുടെയും കഥ ഇതുതന്നെയാണ്.
ആ മടക്കത്തിന്റെ പ്രതീക്ഷയിലാണ് ഞങ്ങളിൽ പലരും സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് നാട്ടിലെ വീടുകൾക്കായി ചെലവഴിച്ചത്. ഓലമേഞ്ഞ, മഴക്കാലത്ത് ചോർന്നൊലിക്കുന്ന വീടുകളിൽ വളർന്നവർക്ക് ഉറപ്പുള്ളൊരു വീട് സ്വപ്നസാക്ഷാത്കാരമായിരുന്നു. അതിൽ സുരക്ഷിതത്വത്തിനായുള്ള ആഗ്രഹവും സ്വന്തം നാട്ടിലേക്കുള്ള മടങ്ങിവരവും ഉണ്ടായിരുന്നു.
എന്റെ കുട്ടിക്കാലത്ത് കാറുകൾ കാണാൻ കെ.കെ. റോഡരികിലുള്ള ഒരുകൊച്ചമ്മയുടെ വീട്ടിൽ പോകണമായിരുന്നു. ഇന്ന് നാട്ടിലെത്തുമ്പോൾ കാണുന്ന വാഹനത്തിരക്ക് അന്നത്തെ കുട്ടിക്ക് സങ്കൽപ്പിക്കാൻപോലും കഴിയുമായിരുന്നില്ല.
വിരമിച്ചശേഷം ഏതാനും മാസങ്ങൾ നാട്ടിൽ താമസിച്ച് നോക്കിയപ്പോഴാണ് മറ്റൊരു യാഥാർഥ്യം തിരിച്ചറിഞ്ഞത്. ഒരു അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റുമായാണ് ഞാൻ എത്തിയത്. എന്നാൽ യാത്രക്കാരനായി കാറിലിരുന്നപ്പോൾ കണ്ട ചില അനുഭവങ്ങൾ സ്വയം വാഹനമോടിക്കാനുള്ള ആത്മവിശ്വാസം കുറച്ചു. ഒരിക്കൽ എതിർവശത്തെ പാതയിലൂടെ മുന്നിലുള്ള വാഹനങ്ങളെ മറികടന്ന്, സ്വന്തം പാതയിലേക്ക് മടങ്ങാതെ പോകുന്ന ഡ്രൈവറോട് ആശങ്ക പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: “സാറെ, ഇവിടെ ഇങ്ങനെയേ നടക്കൂ. എല്ലാവരും ഇതൊക്കെയാണ് ചെയ്യുന്നത്.”
അത് ആ ഡ്രൈവറുടെ വിശദീകരണമായിരുന്നു. കേരളത്തിലെ എല്ലാ ഡ്രൈവർമാരെക്കുറിച്ചുമുള്ള എന്റെ മുന്വിധിയല്ല. എങ്കിലും, നിയമം പാലിച്ച് വാഹനമോടിക്കണമെന്ന ആഗ്രഹമുള്ള ഒരാൾക്ക് അത്തരമൊരു മറുപടി നൽകുന്ന ഭയം ചെറുതല്ല. ദിവസവും യാത്രയില്ലാത്തതിനാൽ സ്ഥിരമായി ഡ്രൈവറെ ഏർപ്പെടുത്തുന്നതും പ്രായോഗികമായിരുന്നില്ല. കാല്നടയും പൊതുഗതാഗതത്തെയും കൂടുതൽ ആശ്രയിക്കേണ്ടിവന്നു. എനിക്ക് പരിചിതമായിരുന്ന സഞ്ചാര സ്വതന്ത്ര്യം അങ്ങനെ പരിമിതപ്പെട്ടു.
അപ്പോഴാണ് ഏറ്റവും അടിസ്ഥാനപരമായ ബുദ്ധിമുട്ട് നേരിട്ടത്: റോഡ് മുറിച്ചുകടക്കുക. കോട്ടയത്തെ സെൻട്രൽ ജങ്ഷനിലും പഴയ ലൈബ്രറി ജങ്ഷനിലും അഞ്ചു മിനിറ്റിലധികം കാത്തുനിന്ന അനുഭവം എനിക്കുണ്ട്. സീബ്രാ ക്രോസിങ് ഉണ്ടായിട്ടും സുരക്ഷിതമായി കടക്കാൻ വാഹനങ്ങൾ നിർത്തിക്കൊടുക്കാത്ത സാഹചര്യങ്ങളായിരുന്നു. പ്രായമായവരും കുട്ടികളും ഭിന്നശേഷിക്കാരും ദിവസവും എന്തു ചെയ്യുമെന്ന ചിന്ത എന്നെ അലട്ടുന്നു.
ചങ്ങനാശ്ശേരി പെരുന്നയിൽ സീബ്രാ ക്രോസിങ്ങിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവതി മിനി ലോറിയിടിച്ച് മരിച്ചെന്ന സമീപകാല വാർത്ത ഈ ആശങ്ക വീണ്ടും ശക്തമാക്കി. ആ സംഭവത്തിന്റെ ഉത്തരവാദിത്തം അന്വേഷണത്തിലൂടെയാണ് നിശ്ചയിക്കേണ്ടത്. ഒരു കുടുംബത്തിന്റെ നഷ്ടം മറന്നുപോകുന്ന മറ്റൊരു വാർത്തയാകരുത്.
ഇന്ത്യയിൽ കാൽനടയാത്രക്കാരെ സംരക്ഷിക്കുന്ന നിയമമുണ്ട്. സിഗ്നലോ പൊലീസിന്റെ നിയന്ത്രണമോ ഇല്ലാത്ത pedestrian crossing സമീപിക്കുമ്പോൾ ഡ്രൈവർ വേഗം കുറച്ച്, നിർത്തി, കാൽനടയാത്രക്കാർക്ക് വഴികൊടുക്കണമെന്ന് കേന്ദ്ര ഡ്രൈവിങ് ചട്ടം പറയുന്നു. ആ നിയമത്തിന്റെ സംരക്ഷണം റോഡിൽ അനുഭവപ്പെടണം.
എന്റെ ആദ്യ നിർദേശം, അപകടസാധ്യതയുള്ള തിരക്കേറിയ ക്രോസിങ്ങുകളിൽ പരിശീലനം ലഭിച്ച മുതിർന്ന crossing guards-നെ നിയോഗിക്കണമെന്നാണ്. എല്ലാ സ്കൂൾ, കോളേജ് പരിസരങ്ങളും പരിശോധിച്ച്, ആവശ്യമായിടത്ത് കുട്ടികൾ എത്തുകയും മടങ്ങുകയും ചെയ്യുന്ന സമയങ്ങളിൽ ഈ സേവനം ഉറപ്പാക്കാം. ന്യൂജേഴ്സിയിൽ crossing guards-ന് ക്ലാസ് പരിശീലനവും മേൽനോട്ടത്തിലുള്ള പ്രായോഗിക പരിശീലനവും സുരക്ഷാവസ്ത്രങ്ങളും ഉപകരണങ്ങളും നിർദേശിച്ചിട്ടുണ്ട്. മനുഷ്യനെ റോഡിൽ നിർത്തുന്നതുകൊണ്ടുമാത്രം സുരക്ഷ ഉറപ്പാകില്ലെന്ന പാഠവും അതിലുണ്ട്.
ആരോഗ്യവും താൽപര്യവുമുള്ള വിരമിച്ചവർക്കും മറ്റ് യോഗ്യരായ മുതിർന്നവർക്കും ഇതിൽ പങ്കാളികളാകാം. നിയമപരമായ അധികാരപരിധി വ്യക്തമാക്കിയുള്ള പൊലീസ് മേൽനോട്ടം, പരിശീലനം, ന്യായമായ പ്രതിഫലം, ഇൻഷുറൻസ് സംരക്ഷണം എന്നിവ വേണം. കേരളത്തിലെ നിലവിലുള്ള School Protection Groups-ന്റെ സഹകരണവും തേടാം. എന്നാൽ ഉത്തരവാദിത്തം പരിശീലനമില്ലാത്ത കുട്ടികളിലോ സന്നദ്ധപ്രവർത്തകരിലോ ഏൽപ്പിച്ച് കൈ കഴുകരുത്.
ക്രോസിങ് ഗാർഡിനൊപ്പം അതാത് സ്ഥലത്തിനനുസരിച്ചുള്ള വേഗനിയന്ത്രണം, വ്യക്തമായി കാണാവുന്ന അടയാളങ്ങൾ, വെളിച്ചം, തടസ്സമില്ലാത്ത നടപ്പാതകൾ, ആവശ്യമായിടത്ത് കാൽനട സിഗ്നലുകൾ( Green Walk signal/Red Don't Walk Signal) എന്നിവയും വേണം. റോഡിൽ വെള്ളവര വരച്ചതുകൊണ്ടുമാത്രം സുരക്ഷ പൂർത്തിയാകുന്നില്ല. ഇവയുടെ രൂപകല്പനയും പരിപാലനവും ബന്ധപ്പെട്ട വിദഗ്ധരും വകുപ്പുകളും ഏറ്റെടുക്കണം.
ലൈസൻസിങ് സംവിധാനത്തിലും തുടർച്ചയായ ശ്രദ്ധ വേണം. അമേരിക്കയിൽ സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യാസങ്ങളുണ്ട്. ഞാൻ താമസിക്കുന്ന ന്യൂജേഴ്സിയിൽ അറിവുപരിശോധനയും(Written Test) കാഴ്ചപരിശോധനയും മേൽനോട്ടത്തിലുള്ള പ്രായോഗിക പരിശീലനവും കഴിഞ്ഞാണ് ആദ്യ ലൈസൻസിനുള്ള റോഡ് ടെസ്റ്റ്; വഴിമുൻഗണന പാലിക്കുന്നതും പരിശോധിക്കുന്നു. നിയമലംഘനങ്ങൾക്ക് പോയിന്റുകളും, നിശ്ചിത പരിധിയിലെത്തുമ്പോൾ ലൈസൻസ് സസ്പെൻഷനും ഉണ്ട്.
കേരളത്തിലും പഠിതാവിന്റെ ലൈസൻസും ഡ്രൈവിങ് ടെസ്റ്റും നിയമപരമായ നടപടികളും നിലവിലുണ്ട്. ഇന്ത്യൻ ചട്ടങ്ങളിൽത്തന്നെ ക്രോസിങ്ങിൽ കാൽനടയാത്രക്കാരെ പരിഗണിക്കുന്ന കഴിവ് പരിശോധിക്കണമെന്ന് പറയുന്നു. അതിനാൽ എന്റെ അഭ്യർഥന, നിലവിലുള്ള മാനദണ്ഡങ്ങൾ ഓരോ അപേക്ഷകനും ഒരുപോലെ ബാധകമാക്കുക, പരിശോധനകൾ വിലയിരുത്താവുന്ന രീതിയിൽ രേഖപ്പെടുത്തുക, ആവർത്തിച്ചുള്ള അപകടകരമായ പെരുമാറ്റത്തിന് നിയമാനുസൃത നടപടി ഉറപ്പാക്കുക എന്നതാണ്. പരിശീലനവും പുനഃപരിശീലനവും ഇതോടൊപ്പം വേണം.
ഇതെല്ലാം മോട്ടോർ വാഹന വകുപ്പിന്റെ മാത്രം ചുമതലയാക്കാനാവില്ല. കേരളത്തിൽ റോഡ് സുരക്ഷാ അതോറിറ്റി, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ സംവിധാനങ്ങൾ നിലവിലുണ്ട്. തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേർന്ന്, ആരാണ് ഏത് ക്രോസിങ്ങിനും നടപ്പാതയ്ക്കും ഉത്തരവാദി എന്നു വ്യക്തമാക്കണം. പരാതിക്ക് മറുപടിയും സമയബന്ധിത നടപടിയും വേണം. നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയമോ വ്യക്തിപരമോ ആയ സമ്മർദമില്ലാതെ പ്രവർത്തിക്കാനാകണം.
മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗം, മൊബൈൽ ഉപയോഗം എന്നിവയ്ക്കെതിരെ സ്ഥിരമായ പരിശോധന വേണം. യുവാക്കളെയാകെ കുറ്റപ്പെടുത്താതെ, ഏത് പ്രായക്കാരനായാലും എത്ര സ്വാധീനമുള്ള വ്യക്തിയായാലും തെളിവുകളുടെ അടിസ്ഥാനത്തില് നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കണം. അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കാനും പൊലീസിനെ അറിയിക്കാനും ഡ്രൈവർക്ക് നിയമബാധ്യതയുണ്ട്; സഹായത്തിനെത്തുന്നവർക്കുള്ള നിയമസംരക്ഷണത്തെക്കുറിച്ചും ബോധവത്കരണം വേണം.
കൊച്ചിയിൽ താമസിക്കുന്ന ഒരു സഹപാഠി പറഞ്ഞ മറ്റൊരു ആശങ്കയും മനസ്സിലുണ്ട്: അടിയന്തര ചികിത്സ വേണ്ട ഒരാളുമായി പോകുന്ന ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങിയാലോ? ആംബുലൻസിന് വഴികൊടുക്കാനുള്ള നിലവിലുള്ള നിയമം നടപ്പാക്കുന്നതിനൊപ്പം, പ്രധാന ആശുപത്രികളിലേക്കുള്ള യാത്രയിലെ തടസ്സങ്ങൾ തിരിച്ചറിഞ്ഞ് ട്രാഫിക് പൊലീസും ആശുപത്രികളും ആംബുലൻസ് സേവനങ്ങളും ഏകോപിച്ച് പരിഹരിക്കണം.
കൂടുതൽ റോഡുകൾ എങ്ങനെ നിർമിക്കണമെന്നു നിർദേശിക്കാനുള്ള സാങ്കേതിക പരിജ്ഞാനം എനിക്കില്ല. പക്ഷേ ഒരു റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാൻ കഴിയണമെന്ന ആവശ്യം പറയാൻ ആ പരിജ്ഞാനം വേണ്ടതില്ല. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിനോട് ഈ വിഷയത്തിന് മുൻഗണന നൽകണമെന്ന വിനീതമായ അഭ്യർഥനയാണിത്. സ്വന്തം നാട്ടിൽ താമസിക്കുന്നവർക്കും മടങ്ങിവരുന്നവർക്കും സന്ദർശകർക്കും ഭയമില്ലാതെ സഞ്ചരിക്കാനാകണം. “ദൈവത്തിന്റെ സ്വന്തം നാട്” നടന്നു പോകുന്ന മനുഷ്യന്റെയും നാടാകട്ടെ.


