കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ മഴ ശക്തമായതോടെ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിൽ ഭീഷണിയും ഉയരുന്നതിനിടെയാണ് ഈരാറ്റുപേട്ട തീക്കോയി വേളത്തുശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ഇരുചക്ര വാഹന യാത്രിക മരിച്ചത്. ചെന്നൈ സ്വദേശി സംഗീത അരുൾലാൽ (35) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരാളെ രക്ഷപ്പെടുത്തിയെങ്കിലും നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ രണ്ട് യുവതികൾ വാഗമണിൽ നിന്ന് സ്കൂട്ടറിൽ മടങ്ങുന്നതിനിടെയാണ് വേളത്തുശ്ശേരി സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം മണ്ണിടിച്ചിലിൽപ്പെട്ടത്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴയാണ് തുടരുന്നത്. വാഗമൺ മേഖലയിലെ കുസാറ്റിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഉച്ചയ്ക്ക് മൂന്ന് മുതൽ അഞ്ച് വരെ 157 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇതിനിടെ ഈരാറ്റുപേട്ട–വാഗമൺ റോഡിൽ കാരികാട് ടോപ്പിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് കാറുകളുടെ വശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല. മണിക്കൂറുകളോളം നീണ്ട ഗതാഗത തടസ്സം രാത്രി ഏഴ് മണിയോടെയാണ് പൂർണമായി നീക്കിയത്. വെള്ളിക്കുളം, തീക്കോയി മേഖലകളിലും കനത്ത മഴ തുടരുകയാണ്.
ഇടുക്കി, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കണ്ണൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളിൽ മഴയെ തുടർന്ന് അപകടങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെടുന്നത്.
മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകൾ പൂർണമായി ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലുള്ളവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

