PRAVASI

കല്ലറയിൽ നിന്ന് ഗ്രാനൈറ്റ് കവർന്ന് കച്ചവടം! പള്ളി സെമിത്തേരികളെ ലക്ഷ്യമിട്ട വ്യാപാരിയും സംഘവും പിടിയിൽ

Blog Image

കല്ലറകളിൽ നിന്ന് വരെ ഗ്രാനൈറ്റ് കവർന്ന് രൂപമാറ്റം വരുത്തി വിൽപ്പന നടത്തിയ വിരുതന്മാർ ഒടുവിൽ പോലീസിന്റെ പിടിയിലായി. പത്തനംതിട്ട മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് കട നടത്തുന്ന ഉടമയും ജീവനക്കാരുമടങ്ങിയ മൂന്നംഗ സംഘമാണ് ഈ വിചിത്രവും നിന്ദ്യവുമായ മോഷണത്തിന് പിന്നിൽ പ്രവർത്തിച്ചത്.  ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിലാണ് മോഷണം നടന്നത്. സംഭവത്തിൽ പള്ളി അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു . മല്ലപ്പള്ളി മേഖലയിലെ സെമിത്തേരികളിൽ മുമ്പ് നടന്ന മോഷണങ്ങൾക്ക് സമാനമായ രീതിയിലാണ് ഇവിടെ നിന്നും ഗ്രാനൈറ്റ് കടത്തിയിരിക്കുന്നത്.
​തമിഴ്നാട് സ്വദേശിയും കട ഉടമയുമായ ജലാൽ സുന്ദർ, പശ്ചിമ ബംഗാൾ സ്വദേശി സുർജിത്, മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് കീഴായ്പൂർ പോലീസിന്റെ പിടിയിലായത്.  
​ഗ്രാനൈറ്റ് ക്ഷാമം വന്നപ്പോൾ കല്ലറകളിലേക്ക്!
​ഗ്രാനൈറ്റിന് വിപണിയിൽ ക്ഷാമം നേരിട്ടതോടെയാണ് മോഷ്ടാക്കൾ അതിക്രൂരമായ ഈ കുറുക്കുവഴി തെരഞ്ഞെടുത്തത്. 
രാത്രിയുടെ മറവിൽ പള്ളി സെമിത്തേരികളിൽ കയറി കല്ലറകളിൽ പതിപ്പിച്ചിരിക്കുന്ന വിലകൂടിയ ഗ്രാനൈറ്റ് സ്ലാബുകൾ ഇളക്കിയെടുത്ത് കടത്തിക്കൊണ്ടുപോകുകയായിരുന്നു ഇവരുടെ രീതി. 
ഇങ്ങനെ ഒരു പള്ളിയിലെ കല്ലറയിൽ നിന്ന് മോഷ്ടിക്കുന്ന ഗ്രാനൈറ്റ്, മറ്റിടങ്ങളിലെ മരണാനന്തര ചടങ്ങുകൾക്കായി വീണ്ടും മറിച്ചുവിൽക്കുകയായിരുന്നു സംഘം!  ​മൂന്ന് പള്ളികളിൽ മോഷണം; ഒടുവിൽ കുടുങ്ങി!
​മല്ലപ്പള്ളി മേഖലയിലെ മൂന്ന് പള്ളികളിലെ സെമിത്തേരികളിൽ നിന്നാണ് ഇത്തരത്തിൽ ഗ്രാനൈറ്റ് കാണാതായത്. 
പാടാവിളഞ്ഞയിലെ മൂന്നാമത്തെ പള്ളിയിൽ നടന്ന മോഷണക്കേസിന്റെ അന്വേഷണത്തിലാണ് കള്ളന്മാരുടെ തട്ടിപ്പ് വെളിച്ചത്തുവന്നത്. കീഴായ്പൂർ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.  ​മരിച്ചവരുടെ ഓർമ്മകളോട് പോലും അല്പം പോലും ബഹുമാനമില്ലാതെ, പണത്തോടുള്ള ആർത്തി മൂലം ഇത്രയും നിന്ദ്യമായ പ്രവൃത്തി ചെയ്ത ഇവർക്കെതിരെ കടുത്ത അമർഷമാണ് പ്രദേശവാസികളിൽ ഉയരുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.