"കലയുടെ വീണ കമ്പി മുറുക്കുക
പുതിയ യുഗത്തിൻ ഗായകരെ
കരഞ്ഞു കഴിയുക ഇല്ലിനി നമ്മൾ
വെളിച്ചമെത്തി മാനവരെ
ആ… ആ… ആ… ആ… ആ…"
സ്ഥലം തൊടുപുഴ വിമലാലയം സ്കൂൾ — നഴ്സറി ക്ലാസ്സ്.
സന്ദർഭം — സ്കൂൾ ആനിവേഴ്സറി.
പാടുന്നത് ക്ലാസ്സിലെ ആസ്ഥാന ഗായകരായ ആശ, അപു, സിബിലി തുടങ്ങിയവർ. കൂട്ടത്തിൽ പാട്ട് ഏഴയലത്തുക്കൂടി പോകാത്ത ഞാനും.
ആൺപെൺഭേദമില്ലാതെ എല്ലാവരുടെയും മുഖത്ത് രണ്ടിഞ്ച് കനത്തിൽ കോംപാക്ട് തേച്ചുപിടിപ്പിച്ചിട്ടുണ്ട്. രണ്ടു കവിളിലും റോസ്പൗഡർ കൊണ്ട് ഒത്തവട്ടവും ചുണ്ടിൽ ചുവന്ന ചായവും.
സ്റ്റേജിൽ കയറുന്നതിന് മുൻപ് ബീന സിസ്റ്റർ ധൃതിയിൽ ഓടിവന്ന് ഒന്നുകൂടി ഓർമ്മിപ്പിച്ചു — "ആശയും അപുവും സിബിലിയും പാടിക്കൊള്ളും, പ്രിയ ചുണ്ടനക്കുക മാത്രമേ ചെയ്യാവൂ."
പാടാനുള്ള കൊതി അടക്കാൻ വയ്യാതെ "ആ …. ആ …. എന്ന കോറസ് ഭാഗം ഞാൻ പാടണോ" എന്നു ചോദിച്ചപ്പോൾ, "വേണ്ടാ, അതും അവർ പാടിക്കോളും" എന്ന് സിസ്റ്റർ നിർദ്ദാക്ഷിണ്യം പറഞ്ഞു.
അങ്ങനെ ഞാൻ പാടാത്ത പാട്ടിന്റെ വരികൾ ഇന്നും ഏതുറക്കത്തിൽ വിളിച്ചുചോദിച്ചാലും ഓർമകളിൽ ഭദ്രം.
മുഖത്ത് പുട്ടിയടിച്ച്, രണ്ടു കവിളിൽ വട്ടത്തിൽ റൂഷിട്ട്, ചുണ്ടിൽ ചുവന്ന ചായം തേച്ച്, മൈക്ക് വായിൽ കുത്തിക്കയറ്റി "കലയുടെ വീണ" ഉറക്കെപ്പാടുന്ന അപു —
അപുവിനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ തുടങ്ങുന്നത് ഇവിടെ നിന്നാണ്.
പിന്നെയും എത്രയെത്ര സംഭവങ്ങൾ! പുതുശ്ശേരി സാറിന്റെ ഡ്രാമ ക്ലബ്, യൂത്ത് ഫെസ്റ്റിവൽ, പ്രാക്റ്റീസുകൾ, മാത്സ് ട്യൂഷൻ…
അപു സ്ഥാനാർഥിയായി മത്സരിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് ഞങ്ങൾ ക്ലാസ്മേറ്റ്സാണ്. കാരണം ഞങ്ങൾക്ക് ഓരോരുത്തർക്കുമുണ്ട് അപുവിനെ കുറിച്ച് ഒത്തിരിയൊത്തിരി നല്ല ഓർമകൾ.
വോട്ട് ചോദിക്കുന്ന നേരത്ത് മാത്രം നല്ലവരാകുന്നവരെ നമ്മൾ ഒരുപാടു കണ്ടിട്ടുണ്ട്. പക്ഷേ അപു അങ്ങനെയല്ല എന്നുറപ്പിച്ചു പറയാൻ കഴിയുന്നത് ഞങ്ങൾ സഹപാഠികൾക്കു മാത്രമാണ്.
എളിമ, സമഭാവന, ചുറ്റുമുള്ളവരെ ശ്രദ്ധിക്കാനും കേൾക്കാനും മനസ്സിലാക്കാനുമുള്ള ആ ഹൃദയം — അതൊന്നും പഠിച്ചെടുത്തതല്ല, കുഞ്ഞുന്നാൾ തൊട്ടേയുള്ള അപുവിന്റെ സ്വഭാവമാണ്. ഇതെല്ലാം ഒരാളിൽ ഒത്തുചേരുമ്പോഴാണ് ആ ജനപ്രതിനിധി ശരിക്കും ജനങ്ങളുടെ ആളാകുന്നത്.
അപുവിന്റെ സ്ഥാനാർഥിത്വത്തെ മക്കൾ രാഷ്ട്രീയമെന്ന് ചെറുതാക്കുന്നവർ മനസ്സിലാക്കാത്ത ചില സംഗതികളുണ്ട്. അപു രാഷ്ട്രീയം തൊഴിലാക്കിയ ഒരു career politician അല്ല. നമ്മളിലോരോരുത്തരെയും പോലെ നന്നായി പഠിച്ച്, എഞ്ചിനീയറിംഗ് ബിരുദമെടുത്ത്, ഐടി മേഖലയിൽ ഇന്ത്യയിലും വിദേശത്തുമായി പ്രാഗൽഭ്യം തെളിയിച്ച ഒരു മനുഷ്യനാണ്. വിദേശത്തുള്ള കാലത്ത് അവിടുത്തെ രാഷ്ട്രനവീകരണങ്ങളും പൗരബോധവും കൃഷിരീതികളും വ്യവസായ പദ്ധതികളും സൂക്ഷ്മമായി നിരീക്ഷിച്ച്, അതെങ്ങനെ കേരളത്തിന് ഫലപ്രദമായി പ്രയോഗിക്കാം എന്നതിൽ വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണ് അപു. നാടിനോടുള്ള സ്നേഹം കൊണ്ട് വിദേശജോലി മതിയാക്കി തിരിച്ചുവന്ന്, നേടിയ അനുഭവസമ്പത്ത് ഇവിടെ പ്രായോഗികമായി പകർത്തിയ ആളാണ്. ജനസേവനമെന്ന കല്ലും മുള്ളും നിറഞ്ഞ വഴി ലാഭം നോക്കാതെ സ്വമേധയാ തിരഞ്ഞെടുത്ത ആളാണ്.
രാഷ്ട്രീയത്തിലേക്കിറങ്ങാൻ ആളുകൾ ഭയക്കുന്ന ഒരു കാലമാണിന്ന്. പക്ഷേ അപുവിനെ പോലൊരാൾ വരുമ്പോൾ — മനസ്സിൽ ഒരു വലിയ പ്രതീക്ഷ തോന്നുന്നു.
അപൂ, പണ്ട് നമ്മൾ മൂന്നാം ക്ലാസ്സിൽ പഠിച്ച "ആദാമിന്റെ മകൻ അബു" എന്ന കഥ ഓർമയുണ്ടോ?
"ദൈവം സ്നേഹിക്കുന്നവരുടെ പേരുകൾ എഴുതിയ തങ്കത്തകിടുണ്ട് മാലാഖയുടെ കയ്യിൽ. അതിൽ കാണുന്ന ആദ്യത്തെ പേര് — ആദാമിന്റെ മകൻ അബു."
അന്ന് ടീച്ചർ ആ വരി വായിച്ചപ്പോൾ ക്ലാസിലെ മുഴുവൻ കണ്ണും അപുവിന്റെ നേരെ തിരിഞ്ഞത് ഓർമയുണ്ടോ?
ഇന്ന് നമ്മുടെ ക്ലാസ്സിലെ മുഴുവൻ കണ്ണുകളും അപുവിനെ ഉറ്റുനോക്കുന്നത് — "ഔസേപ്പച്ചന്റെ മകൻ അപു" തൊടുപുഴയുടെ ലിസ്റ്റിൽ ഒന്നാമത് എത്തട്ടെ എന്ന പ്രാർഥനയോടെയാണ്.
ഈ തിരഞ്ഞെടുപ്പിൽ അപുവിന് എന്റെ മനസ്സുനിറഞ്ഞ ആശംസകൾ.
പ്രിയ ജോസഫ്




