രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീർ രംഗത്തെ്. ഏത് സമയത്തും കോൺഗ്രസ് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കുന്ന വ്യക്തിയാണ് ഉണ്ണിത്താനെന്ന് ഷജീർ ആരോപിച്ചു. യൂത്ത് കോൺഗ്രസിനെ പഠിപ്പിക്കാനും വെല്ലുവിളിക്കാനും ഉണ്ണിത്താൻ വളർന്നിട്ടില്ലെന്നും, നിലയ്ക്ക് നിന്നാൽ അദ്ദേഹത്തിന് കൊള്ളാമെന്നും ഷജീർ മാധ്യമങ്ങളോട് തുറന്നടിച്ചു.
കാസർകോട് രക്തസാക്ഷികളായ ശരത് ലാലിന്റെയും കൃപേഷിന്റെയും ചോര ചൂണ്ടിക്കാട്ടി ജയിച്ചയാളാണ് രാജ്‌മോഹൻ ഉണ്ണിത്താനെന്ന് ഷജീർ ഓർമ്മിപ്പിച്ചു. എന്നാൽ പിന്നീട് ആ കൊലപാതകത്തിന് കൂട്ടുനിന്ന സിപിഐഎമ്മുകാർക്കായി വക്കീലിനെ നിയമിക്കുകയാണ് അദ്ദേഹം ചെയ്തത്. ഉണ്ണിത്താന്റെ കയ്യിലുള്ള ഡയറിയും മറ്റ് വിവരങ്ങളും പുറത്തുവിടട്ടെയെന്നും, കൂടെ നടക്കുന്നവരെ എന്തിന്റെ പേരിലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് എല്ലാവർക്കും വ്യക്തമായി അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്തുവർഷമായി സമരരംഗത്ത് ഉണ്ണിത്താൻ എവിടെയായിരുന്നുവെന്നും പാർട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ സംഭാവന എന്താണെന്നും ഷജീർ ചോദിച്ചു. പോലീസിന്റെ മർദ്ദനമേറ്റതും ജയിലിൽ കിടന്നതുമായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തിരിഞ്ഞുനോക്കാൻ പോലും എംപി തയ്യാറായിട്ടില്ല. സർക്കാരിനെ അധികാരത്തിലെത്തിക്കാൻ ചോര കൊടുത്ത് പോരാടിയവരാണ് യൂത്ത് കോൺഗ്രസുകാരെന്നും അദ്ദേഹം വ്യക്തമാക്കി.
കുണ്ടറയിൽ നാൽപ്പതിനായിരം വോട്ടിന് തോറ്റയാളാണ് ഇപ്പോൾ തന്നെ ഉപദേശിക്കാൻ വരുന്നതെന്ന് ഉണ്ണിത്താനെ ഷജീർ പരിഹസിച്ചു. ഉണ്ണിത്താനെപ്പോലെ നാലഞ്ചു തവണ വിവിധ മണ്ഡലങ്ങളിൽ മത്സരിച്ച് തോറ്റ ചരിത്രം തനിക്കില്ലെന്നും, പാർട്ടി നിർദ്ദേശപ്രകാരമാണ് താൻ നേമത്ത് മത്സരിക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണിത്താന്റെ മുൻകാല ചരിത്രങ്ങൾ തങ്ങളെക്കൊണ്ട് പറയിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ ഷജീർ, വ്യക്തി അധിക്ഷേപങ്ങളും പാർട്ടിക്കെതിരായ പരസ്യ പ്രസ്താവനകളും അവസാനിപ്പിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും കൂട്ടിച്ചേർത്തു. ആർക്കാണ് പാർട്ടി വഞ്ചകനെന്നും വർഗ്ഗ വഞ്ചകനെന്നും ഉള്ള പട്ടം ചേരുകയെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി മനസ്സിലാകും. പാർട്ടിക്ക് തലവേദനയുണ്ടാക്കാതെ സ്വന്തം കാര്യം നോക്കി മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പപ്പോൾ കാണുന്നവനെ അപ്പനെന്ന് വിളിക്കുന്ന ചില ആളുകളുണ്ടെന്ന് നേമം ഷജീറിന്റെ പേരെടുത്ത് പറയാതെ ഉണ്ണിത്താൻ നേരത്തെ വിമർശിച്ചിരുന്നു. മുൻപ് രമേശ് ചെന്നിത്തലയുടെ ആളായിരുന്നുവെന്നും പിന്നീട് സ്ഥാനമാനങ്ങൾക്ക് വേണ്ടി ഗ്രൂപ്പ് മാറിയതാണെന്നുമായിരുന്നു ഉണ്ണിത്താന്റെ പരിഹാസം. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ എത്രാം സ്ഥാനത്താണ് പോയതെന്നും ഉണ്ണിത്താൻ ചോദിച്ചിരുന്നു.

