അമേരിക്കൻ ജനത വീണ്ടും ഒരു താങ്ക്സ് ഗിവിംഗ് കൊണ്ടാടുകയാണ്.
ഒരുകാലത്ത് അമേരിക്കയുടെ പിതാക്കന്മാർ, അഥവാ പിൽഗ്രിംസ് ജീവനെ പണയം വെച്ച് ഇംഗ്ലണ്ടിൽ നിന്നും, യൂറോപ്യൻ നാടുകളിൽ നിന്നും, മതസ്വാതന്ത്ര്യത്തിനും, രാഷ്ട്രീയ പീഡയിൽ നിന്നും, ദാരിദ്ര്യത്തിൽ നിന്നും, വിമോചനം ലഭിക്കുവാനും, നല്ലൊരു ഭാവി തലമുറകൾക്ക് സ്വപ്നം കണ്ടുകൊണ്ട്, കരകാണാ കടലിൽ കൂടി അവർ യാത്രയ്ക്കായി മുമ്പോട്ട് കാലെടുത്തു വെച്ചു. ഇറങ്ങിത്തിരിച്ച പല ജീവിതങ്ങളെയും തിരമാലകൾ കവർന്നെടുത്തു, കൊടുങ്കാറ്റുകൾ അവർക്ക് നേരെ ആഞ്ഞടിച്ചു. ഇതൊന്നും അവരെ തളർത്തിയില്ല. കൊടും ശൈത്യവും, കാട്ടുമൃഗങ്ങളും, മാരകമായ രോഗങ്ങളും അവരെ വേട്ടയാടി. കടലിൽ മരിക്കാത്ത പലരും, കരയിൽ മരിച്ചുവീണു. എങ്കിലും അവർ ക്ഷീണിച്ചില്ല, തളർന്നില്ല. കൂറ്റൻ കെട്ടിടങ്ങൾ അവർക്ക് അന്ന് ഇല്ലായിരുന്നുവെങ്കിലും, കരുത്തുള്ള ഹൃദയവും, ഉറച്ച തീരുമാനമാവും കൈമുതൽ ആയി അവർ സൂക്ഷിച്ചു. പാഠശാലകളും, പഠുത്തവും കുറവായിരുന്നുവെങ്കിലും പരിശ്രമം കൊണ്ടും, വിയർപ്പുകൊണ്ടും അവർ പലതും നേടിയെടുത്തു. പണം കൈകളിൽ കുറവായിരുന്നുവെങ്കിലും, പരമേശ്വരനെ ധ്യനിച്ചു, ഉള്ളുരുകി പ്രാർത്ഥിച്ചു.
1620 കളിൽ പിൽഗ്രിംസ്, പ്ലിളിമത്ത് സഹോദരങ്ങൾ മെയ്ഫ്ലവർ എന്ന കപ്പലിൽ യാത്രതിരിച്ച് മാസച്യൂസ്സ് തുറമുഖത്ത് വന്നിറങ്ങി. നീണ്ട ഒരു വർഷത്തെ കഠിനാധ്വാനവും, പ്രയത്നവും,1621 കളിൽ സമ്പൽ സമൃദ്ധമായ വിളവെടുപ്പിലേക്ക് അവരെ നടത്തി. ദാരിദ്ര്യവും, പട്ടിണിയും വഴിമാറി. ഈ അനുഗ്രഹം പിൽഗ്രിംസ് അവിടെയുള്ള തദേശീയരായ നേറ്റീവ് ഇൻഡ്യൻസും ഒരുമിച്ചു ചേർന്ന പങ്കുവെച്ചു. മൂന്ന് ദിവസങ്ങളോളം നീണ്ടു നിന്ന വലിയവിരുന്നും, ആഘോഷങ്ങളും നടത്തി അവർ സന്തോഷിച്ചു. ദൈവം മരണത്തിൽ നിന്ന് രക്ഷിച്ചതും, കൊയ്ത്തും, വിളവും വർദ്ധിച്ചതും കണ്ട് അവർ ഒരുമിച്ചു കൂടി ദൈവത്തിന് നന്ദി പറഞ്ഞു.
ഒരു പൊൻപുലരിയിൽ 1863ൽ അമേരിക്കയുടെ പ്രസിഡൻെ്് എബ്രഹാം ലിങ്കൺ താങ്ക്സ് ഗിവിംഗ് ഡെ ദേശീയ അവധി ദിവസമായി പ്രഖ്യപിച്ചു. കുടുംബങ്ങൾ ഒത്തുചേരുവാനും, കഥകൾ പറയുവാനും, പരസ്പരം സന്തോഷിക്കുവാനും, ആശ്ലേഷിക്കുവാനും, അനുഭവങ്ങൾ പങ്കുവെച്ച് വലിയ വിരുന്നുകൾ ഒരുക്കി ദൈവത്തിനു നന്ദി പറയുവാനും, ആ ദിവസം അവർ വേർതിരിച്ചു.
നീണ്ട 400 വർഷങ്ങൾക്കു മുമ്പ് അമേരിക്കൻ കോളനികളിലേക്ക് കുടിയേറ്റം ആരംഭിച്ചുവെങ്കിലും 1776 ൽ സ്വതന്ത്ര അമേരിക്ക ജന്മം കൊണ്ടു. കേവലം രണ്ട് നൂറ്റാണ്ടുകൾ കൊണ്ട് അമേരിക്ക് പൊന്ന് വിളയുന്ന രാജ്യമായി മാറി. കഠിന അധ്വാനവും, അർപണമനോഭാവവും, രാജ്യസ്നേഹവും അടിത്തറ ഇട്ടുകൊണ്ട് അമേരിക്ക എന്ന രാജ്യത്തെ പൂർവ്വ പിതാക്കന്മാർ കെട്ടിപ്പടുത്തു. ഇതര രാജ്യങ്ങൾക്ക് അസൂയ തോന്നുമാറ് അമേരിക്കയുടെ ഔന്നിത്യം ലോകത്തിൻെ്് നിറുകയിൽ തിലകക്കൊടി ചാർത്തി. കുടിയേറ്റ രാജ്യമായ അമേരിക്ക, ലോകരാജ്യങ്ങൾക്ക് ഒരു വെളിച്ചമായും, പതിനായിരങ്ങൾക്ക് ഒരു അമ്മയും ആയി മാറി. ലോകത്തിൽ മറ്റൊരു രാജ്യത്തിനും കൊടുക്കുവാൻ കഴിയാത്ത സ്വാതന്ത്ര്യവും, അവസരങ്ങളും ഈ രാജ്യം കാഴ്ചവെച്ചു. അതുകൊണ്ട് ജനകോടികൾ ഈ മണ്ണിൽ കാലു ചവിട്ടുവാൻ ഇന്നും കൊതിക്കുന്നു. ഇന്നുള്ള അമേരിക്ക എന്ന രാജ്യത്തിന് അടിസ്ഥാനമിട്ട പിതാക്കന്മാർ ഇത് ഒരു ക്രിസ്തീയ രാജ്യമായി മുന്നിൽ കണ്ടു. ഭരണഘടനയും, നിയമങ്ങളും, ബൈബിൾ അധിഷ്ഠിതമായിരുന്നു. 10 കൽപ്പനകൾ ഭരണ തലങ്ങളിലും, സ്കൂളുകളിലും എഴുതിവെച്ചിരുന്നു. അവർ പ്രാർത്ഥിക്കുന്നവരും ദൈവവിശ്വാസികളും ആയിരുന്നു.
മുന്നിലുള്ള ജീവിതം മുള്ളുകൾ നിറഞ്ഞതായിരുന്നെങ്കിൽ തന്നെയും, മനസ്സു നിറയെ ആഗ്രഹങ്ങളുടെ കൂമ്പാരവും, മാഞ്ഞുപോകാത്ത സ്നേഹവും അവർ എന്നുമെന്നും സൂക്ഷിച്ചു. കഠിനമായ ശൈത്യം അവരെ തളർത്തിയില്ല . ഇൻറർനെറ്റും, ഫോണും അന്നവർക്കില്ലായിരുന്നുവെങ്കിലും, ഇടപഴകുവാനും, ഇരുട്ടിൽ കത്തുന്ന ദീപമായും അവർ നിലയുറപ്പിച്ചു.
കാലങ്ങൾ മുന്നോട്ടു നീങ്ങിയപ്പോൾ, ടർക്കിയും, സ്റ്റഫിംഗും കഴിച്ച്, കുടുംബങ്ങളുമായി ഒത്തുചേർന്ന് സന്തോഷിച്ചു, ദൈവത്തിന് നന്ദി പറയേണ്ട ദിനം വ്യവസായവൽക്കരിക്കപ്പെട്ടു. ഒരു ടിവി പെട്ടി വാങ്ങുവാനും, പ്ലേ സ്റ്റേഷൻ ബോക്സ് വിലകുറച്ച് അടിച്ചു എടുക്കുവാനും, പലരും കടകളുടെ മുമ്പിൽ ദിവസങ്ങൾ തമ്പടിച്ച്, കാത്തുകിടക്കുക മാത്രമല്ല, വേണമെങ്കിൽ മുഷ്ടിയുദ്ധവും ചെയ്യുവാൻ അരയും തലയും മുറുക്കി ഇറങ്ങി. നാളുകൾ പിന്നിട്ടപ്പോൾ പള്ളികൾ വേണ്ട, ബോറിങ് എന്നവർ വിളിച്ചു പറഞ്ഞു. ആരാധന ചുരുക്കണം, ഒത്തിരി സമയങ്ങൾ ഇരിക്കുവാൻ പറ്റത്തില്ല. എങ്കിലും അവർ മണിക്കൂറുകളോ, ചിലപ്പോൾ ദിവസങ്ങളോ കച്ചേരിയും, കളിയും നടക്കുന്ന സ്റ്റേഡിയത്തിൻെ്് ഉള്ളിൽ കയറി പറ്റുവാൻ മടിയില്ലാതെ കാത്തു കെട്ടിക്കിടക്കും. വാരിക്കുട്ടുവാനും, കുത്തി നിറയ്ക്കുവാനും, ഓട്ടത്തിനു വേഗത കൂടിയപ്പോൾ അനേക ക്രൈസ്തവ ആലയങ്ങൾ അടയ്ക്കപ്പെട്ടു. ദൈവം രാജ്യത്തിൻെ്് പടികൾ ചവിട്ടി ഇറങ്ങുവാൻ തുടങ്ങി, മാമോൻ ചവിട്ടി കയറുവാൻ തുടങ്ങി.
ദൈവം ചെയ്ത നന്മകൾ ഓർത്തും കൊണ്ട് നന്ദി പറയുന്നവരുടെ എണ്ണം, നിരന്തരം കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ, എല്ലാറ്റിനും പരിഭവവും, പരാതിയും പറയുന്ന നാവുകൾ അനവധി. പിന്നിട്ട പാതകളിലേക്ക് തിരിഞ്ഞ് നോക്കുവാൻ പലർക്കും കഴിയുന്നില്ല. തലമുറകൾ കഥ അറിയാതെ ആട്ടം കാണുകയാണ്.
കാലങ്ങൾ അതിവേഗം പോയി,യോസഫിനെ അറിയാത്ത ഒരു തലമുറയും, ഒരു രാജാവും ദേശത്ത് എഴുന്നേറ്റത് പോലെ, ചരിത്രമറിയാത്ത, വേദന അറിയാത്ത, ദൈവഭയം കുറഞ്ഞ ഒരു തലമുറ ദേശത്തെഴുന്നേറ്റു. ആമസോൺ എന്താണെന്ന് ഇവർക്ക് അറിയാം, എന്നാൽ ദുഃഖത്തോടെ പറയട്ടെ ആരാധന എന്തെന്ന് ഇവർക്ക് അറിയില്ല. ഗൂഗിൾ ഇവരുടെ കൂട്ട് സഖി എന്നാൽ, ഗുരുവിനെ ഇവർക്ക് അറിയില്ല. കൂട്ടുകാർ അനവധിയുണ്ട്, എങ്കിലും കുത്തഴിഞ്ഞ പുസ്തകം പോലെ ഇവർ ചിതറുകയാണ്. പ്രബോധനം കൈക്കൊള്ളുവാൻ ഇവർ തയ്യാറല്ല, പ്രശസ്തിക്കുവേണ്ടി എന്തും കാട്ടിക്കൂട്ടുവാൻ, കൊടി പിടിക്കുവാൻ ഇവർ മുന്നിൽ. കമ്പ്യൂട്ടറും, ഇന്റർനെറ്റും ഇവരുടെ സിരകളിലെ രക്തത്തെക്കാൾ ഇവർക്ക് പ്രാധാന്യമുള്ളതായി മാറി. ബന്ധങ്ങൾ കുറഞ്ഞു, ബന്ധനങ്ങളിൽ ഇവർ അകപ്പെട്ടു. ജോലിയും, ജിംമും, ജോഗിങ്ങും ഉണ്ടെങ്കിലും, ജൈത്രയാത്ര ചെയ്യുവാൻ കഴിയാതെ നട്ടംതിരിയുന്ന ജീവിതങ്ങൾ. റോക്കറ്റ് പോലെ കുതിച്ചുയരുവാൻ അമേരിക്ക എന്ന രാജ്യത്ത് അനവധി അവസരങ്ങൾ മുന്നിൽ കിടക്കുമ്പോൾ രാജ്യത്തെയും, ഭരണകൂടത്തെയും അവഹേളിക്കുന്ന നാവുകൾ. ഡെത്ത് ടു അമേരിക്ക എന്ന് വിളിച്ചു കൂകുന്നവർ, അധികാരികളുടെ മുഖത്തിന് നേരെ നിന്നുകൊണ്ട് ഗംഗയിൽ കുളിച്ചാലും നാറ്റം മാറാത്ത അശ്ലീല ഭാഷകളും, ചീത്തകളും തൊടുത്തു വിടുന്ന തലമുറകൾ. ഇത് തെറ്റല്ല എന്ന് കൂട്ടുനിൽക്കുന്ന പാർട്ടി സമൂഹവും, മേലാളൻമാരും.
താങ്ക്സ് ഗിവിംഗ്നേക്കാൾ, ബ്ലാക്ക് ഫ്രൈഡേ ദിനത്തിന് പ്രാധാന്യം കൊടുത്തപ്പോൾ ഇരുട്ടിൻെ്് പ്രവർത്തികൾ ദേശത്ത് വ്യാപരിക്കുവാൻ തുടങ്ങി. ഇരുട്ട് ദേശത്തെ വിഴുങ്ങുവാൻ വാ പിളർന്നു നിൽക്കുകയാണ്. പിശാചിൻെ്് പ്രവർത്തികളോട് എതിർത്തു നിൽക്കണ്ട രാജ്യം, ഇരുട്ടിൻെ്് പ്രവൃത്തികൾക്ക് ഇപ്പോൾ തോളോട്, തോൾ ചേർന്ന് നിൽക്കുകയാണ്. ഇരുളിനെ വിളിച്ചത്തെക്കാൾ അധികം സ്നേഹിക്കുന്നു, ദൈവത്തിൻെ്് വചനത്തോട് മത്സരിക്കുന്നു. ദൈവം ആണും, പെണ്ണുമായി സൃഷ്ടിച്ച മനുഷ്യവർഗ്ഗത്തെ മൂഢനായ മനുഷ്യൻ, ബുദ്ധിമാൻ എന്ന് നടിച്ചുകൊണ്ട് മൂന്നാമതൊരു മോഡൽ പുറത്തിറക്കി വിറ്റഴിക്കുവാൻ പരാക്രമങ്ങൾ കാണിക്കുന്നു. അമേരിക്കയുടെ മണ്ണിൽ 70 കളിൽ ഗർഭചിദ്രം നിയമാനുസൃതമാക്കി. കോടിക്കണക്കിന് കുരുന്നുകളെ ഉദരത്തിൽ വച്ചുതന്നെ കൊന്നൊടുക്കി. എൻെ്് ശരീരം, എൻെ്് തീരുമാനം എന്ന് പുലമ്പിക്കൊണ്ട് ആട്ടുംതോലണിഞ്ഞ ചെന്നായ്ക്കളായി ഫെമിനിസം പുറത്തുവന്നു. കൽപ്പനകൾ പുറത്തു കളഞ്ഞു, കാശു മതിയെന്ന് പറഞ്ഞുകൊണ്ട് ഓട്ടം ആരംഭിച്ചു. ഗർഭചിദ്രം, മയക്കുമരുന്ന് വ്യാപാരം, മോഷണം, പിടിച്ചുപറി, പെൺവാണിഭം ഒന്നും കുഴപ്പമില്ലെന്ന് ഓതി കൊടുത്ത് ഒരു തലമുറയെ നിരത്തിൽ ഇറക്കി. ഇരുട്ടിൻെ്് ആൾത്താരയ്ക്ക് മുമ്പിൽ അവർ മുട്ടുകൾ മടക്കി. ഇതൊക്കെ കാണുമ്പോൾ ഓർക്കുക അധർമ്മത്തിൻെ്് മർമ്മം ഇപ്പോഴേ വ്യാപരിച്ചു കൊണ്ടിരിക്കുന്നു. ഹൃദയത്തിൽ നിന്ന് നന്ദി അല്ല നാറ്റം അത്ര ഇപ്പോൾ പുറത്തുവരുന്നത്. ഇത് ക്യാൻസറിനേക്കാൾ ഭയാനകമാണ്.
നിദാന്ത ജാഗ്രത നാം പാലിക്കുന്നില്ല എങ്കിൽ, ഇരുട്ട്ദേശത്തെ മൂടും. അനീതിയും വഷളത്തവും, കണ്ടില്ലെന്ന് നടിക്കുന്നതും, മൗനമായിരിക്കുന്നതും പാപം.
അഭയം കൊടുത്ത രാജ്യത്തിനെതിരെ വിരൽ ചൂണ്ടുന്നു, തെരുവുകളിൽ സംഘർഷം സൃഷ്ടിക്കുന്നു, തകർക്കുവാൻ പദ്ധതികൾ ഒരുക്കുന്നു. രാജ്യസ്നേഹം ഇവരിൽ നിന്ന് പോയിരിക്കുന്നു. നന്ദിയില്ലാത്ത ഹൃദയം, സ്പെറ്റിക്ക് ടാങ്കുകൾക് തുല്യമത്ര.
നമ്മുക്ക് എന്നും നന്ദിയുള്ളവരായിരിക്കാം! ദൈവത്തോടും, രാജ്യത്തോടും, മനുഷ്യരോടും. നന്ദി ചൊല്ലി തീര്‍ക്കുവാന്‍ ഇനിയും വാക്കുകള്‍ പോരാ…..
അമേരിക്കയുടെ മുഖമുദ്രയായിരുന്നു താങ്ക് യൂ, പ്ലീസ് വീണ്ടും മടങ്ങിവരട്ടെ! ഓർത്തു നോക്കിയാൽ എങ്ങനെ ദൈവത്തിന് താങ്ക്സ് ഗിവിംഗ് കൊടുക്കാതിരിക്കാൻ കഴിയും.
.jpg)
പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

