മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതത്തിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ട ശ്രുതിക്ക് ഇനി പുതിയൊരു ജീവിതം. മാനന്തവാടി സ്വദേശി സന്ദീപ് ശ്രുതിക്ക് ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് താലി ചാർത്തി. വയനാട് കളക്ട്രേറ്റിലെ റവന്യൂ വിഭാഗം ജീവനക്കാരിയാണ് ശ്രുതി. മുൻ മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
മഹാദുരന്തത്തിന് പിന്നാലെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനായിരുന്ന ജെൻസനെയും ശ്രുതിക്ക് നഷ്ടമായിരുന്നു. തുടർച്ചയായ ആഘാതങ്ങളിൽ തളരാതെ, നിശ്ചയദാർഢ്യത്തോടെ തിരിച്ചെത്തിയ ശ്രുതിയെ പ്രാർത്ഥനകളോടെയാണ് മലയാളി സമൂഹം നെഞ്ചിലേറ്റിയത്. 2024 ഡിസംബറിലാണ് ശ്രുതി റവന്യൂ വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചത്.
ശ്രുതിയുടെ ജീവിതത്തിലെ വിഷമഘട്ടങ്ങളിലെല്ലാം പിന്തുണയേകിയ സർക്കാരിന്റെയും മലയാളികളുടെയും പ്രതിനിധിയായി വിവാഹ ചടങ്ങിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കെ. രാജൻ പറഞ്ഞു. “എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് സന്ദീപ് തന്റെ കൈപിടിച്ചത്, ഏറെ സന്തോഷമുണ്ട്,” എന്ന് വിവാഹശേഷം ശ്രുതി പ്രതികരിച്ചു. കണ്ണീരടക്കി ജീവിച്ച ശ്രുതിയുടെ ഈ പുതിയ തുടക്കം കേരളക്കരയ്ക്കാകെ വലിയ ആശ്വാസവും സന്തോഷവുമാണ് പകരുന്നത്.

