ലഹരി മാഫിയക്കെതിരെ കേരളം നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ദൗത്യത്തിന് തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ. ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. അരമണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഇരുസംസ്ഥാനങ്ങളും ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. കേരള–തമിഴ്നാട് അതിർത്തികളിൽ പരിശോധന കർശനമാക്കാനും ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങൾ കൈകോർത്ത് ലഹരി മാഫിയയെ വേരോടെ പിഴുതെറിയാനും ധാരണയായിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വിജയിയെ രമേശ് ചെന്നിത്തല ക്ഷണിച്ചു. ബ്രാൻഡ് അംബാസഡർ മോഹൻലാലിനൊപ്പം വിജയിയെക്കൂടി ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ക്ഷണത്തിൽ വിജയ് താൽപ്പര്യം പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു. മോഹൻലാലും വിജയും ഒന്നിച്ചഭിനയിച്ച ‘ജില്ല’ എന്ന ജനപ്രിയ സിനിമയെയും അദ്ദേഹം വാർത്താസമ്മേളനത്തിൽ അനുസ്മരിച്ചു. ഓപ്പറേഷൻ തൂഫാന്റെ വിജയത്തിനായി കേരളത്തിലെ അമ്മമാരും സഹോദരിമാരും നൽകുന്ന പിന്തുണയും വലിയ പ്രചോദനമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.



