1990-കളുടെ തുടക്കത്തിൽ കോട്ടയം -മണർകാട് വഴിയുള്ള യാത്രകൾക്ക് ഒരു പ്രത്യേക ആവേശമുണ്ടായിരുന്നു. എന്റെ ഭാര്യയുട വീട്ടിനടുത്ത് ഞാൻ കണ്ടത് — ചെറിയൊരു ചെറുകല്ല്. സാധാരണ കല്ലല്ല; റെയിൽപാത നിർണ്ണയത്തിനായുള്ള സർവേ കല്ല്. അന്ന് പ്രചരിച്ചിരുന്ന വാർത്ത, ശബരിമലയിലേക്ക് കോട്ടയത്ത് നിന്ന് നേരിട്ട് റെയിൽപാത വരുന്നു എന്നായിരുന്നു. ആ കല്ല് കണ്ട നിമിഷം, ആ സ്വപ്നം മണ്ണിൽ പതിഞ്ഞ യാഥാർത്ഥ്യമായി തോന്നി.
അന്ന് ചർച്ചയായത് ശബരി റയിൽ പാത കോട്ടയം റെയിൽവേ സ്റ്റേഷൻ മുതൽ കോട്ടയം -കുമളി റോഡിനോട് സമാന്തരമായി നീങ്ങി എരുമേലിയിൽ
എത്തുമെന്നുള്ളതായിരുന്നു ആലോചന. മണർകാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സർവേ കല്ലുകൾ സ്ഥാപിച്ചതോടെ, “റെയിൽ നമ്മുടെ വാതിൽക്കൽ എത്തും” എന്ന പ്രതീക്ഷ ജനങ്ങളിൽ ശക്തമായി.
പക്ഷേ പ്രതീക്ഷയ്ക്ക് പിന്നാലെ ആശങ്കയും വന്നു.വീട് പോകുമോ?, കൃഷിയിടം നഷ്ടമാകുമോ?
തലമുറകളുടെ പാരമ്പര്യം ഒഴിയേണ്ടി വരുമോ? തുടങ്ങി വികസനത്തിന്റെ പേരിൽ സ്വന്തം മണ്ണ് വിട്ടുകൊടുക്കേണ്ടിവരുമെന്ന ഭയം ആളുകളെ പ്രതിഷേധത്തിലേക്ക് നയിച്ചു. ഭാവി കണക്കുകളില്ലാതെ പലരുടെയും വീട്-ഭൂമി രക്ഷിക്കാനാണ് ആ എതിർപ്പ്. ഒടുവിൽ പാത മാറ്റപ്പെട്ടു. മുപ്പത് വര്ഷങ്ങൾക്ക് ശേഷം
ഇപ്പോൾ അങ്കമാലി
മുതൽ എരുമേലി വരെയുള്ള രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചു.
കാലം കടന്നു. സർവേ കല്ലുകൾ നിലത്ത് മറഞ്ഞു. ആ സമയത്ത് ഭൂമിക്ക് വലിയ വസ്തുമൂല്യം ഉണ്ടായിരുന്നു. ഇന്ന് ആ ഭൂമിക്ക് ഡിമാൻഡ് ഇല്ല. അതുകൊണ്ട്, റെയിൽപാതയ്ക്ക് എതിർപ്പ് പ്രഖ്യാപിച്ചവർ തന്നെ യഥാർത്ഥ നഷ്ടക്കാർ ആയി മാറി. വീടും കൃഷിയിടവും സംരക്ഷിക്കാനായി പ്രതിഷേധിച്ചപ്പോൾ, അവയുടെ വില ഇപ്പോൾ കുറഞ്ഞു പോയി; വികസനത്തിനും സുഖത്തിനും വാതിൽ തുറന്ന മറ്റൊരു പാത മാത്രം അവശിഷ്ടമായി.
ഇന്ന് പദ്ധതി വീണ്ടും സജീവമാകുമ്പോൾ,
മണർകാടിന്റെ മണ്ണിൽ കണ്ട ആ ചെറിയ കല്ല് എന്റെ ഓർമ്മയിൽ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു.
ശബരി റെയിൽ യാഥാർത്ഥ്യമാകുന്ന ദിവസം, ആ സർവേ കല്ല് മാത്രമല്ല, കാലം കൊണ്ടുവന്ന ചരിത്രത്തിന്റെ പാഠവും തെളിയും — എതിർപ്പ് പറഞ്ഞവർക്ക് സ്വന്തമായ നഷ്ടം, പക്ഷേ ഭാവിക്ക് തുറന്ന ഒരു വഴി. കാലത്തെ മനസ്സിലാക്കാതെ എതിർത്ത ഒരു തലമുറയുടെ നഷ്ടവും, ഭാവിയെ സ്വീകരിച്ച ഒരു ദേശത്തിന്റെ വിജയവും അതിൽ കേൾക്കും.

