PRAVASI

മേളയിൽ തുടങ്ങിയ ഗാനമേള മമ്മൂട്ടിയുടെ മറക്കാനാവാത്ത പാട്ടുകൾ രവി മേനോൻ

Blog Image

പാടുന്ന മമ്മൂട്ടിയെ ആദ്യം കണ്ടത് "മേള"യിലാണ്. നാൽപ്പത്താറ് വർഷത്തിനിപ്പുറം മമ്മൂട്ടിയുടെ മാസ് ലുക്കുമായി മറ്റൊരു "മേള" ആരാധകരെ തേടിയെത്താൻ ഒരുങ്ങുമ്പോൾ ആ ആദ്യകാഴ്ച്ചയുടെ കൗതുകം വീണ്ടും ഓർമ്മകളെ വന്നു തഴുകുന്നു. അടുത്ത വർഷമാണ് നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ പുതിയ "മേള"യുടെ റിലീസ്.
എല്ലാ നടന്മാർക്കും വീണുകിട്ടുന്ന സൗഭാഗ്യമല്ല വെള്ളിത്തിരയിൽ പാടി അഭിനയിച്ച ആദ്യഗാനം തന്നെ കാലാതിവർത്തിയാകുക എന്നത്. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത പഴയ "മേള"യിൽ മമ്മൂട്ടിയുടെ ബൈക്ക് ജംപർ വിജയൻ ചുണ്ടനക്കിയത് യേശുദാസിന്റെ ഒരു ക്ലാസ്സിക് ഗാനത്തിനൊപ്പമാണ്: "മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ..." രചന: മുല്ലനേഴി. സംഗീതം: എം ബി ശ്രീനിവാസൻ.
1980 ഡിസംബർ അഞ്ചിനായിരുന്നു "മേള"യുടെ റിലീസ്. എട്ടു മാസം കൂടി കഴിഞ്ഞു 1981 ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തിയ "മുന്നേറ്റ"ത്തിലും കണ്ടു പാടി അഭിനയിക്കുന്ന മമ്മുക്കയെ. ഇത്തവണ മനോഹരമായ ഒരു പ്രണയയുഗ്മഗാനമെന്ന പ്രത്യേകതയുണ്ട്: ഉണ്ണിമേനോനും വാണിജയറാമും പാടിയ വളകിലുക്കം ഒരു വളകിലുക്കം (ശ്രീകുമാരൻ തമ്പി -- ശ്യാം). ജലജയാണ് പാട്ടിൽ മമ്മൂട്ടിയുടെ ജോഡി. ചുണ്ടനക്കുന്നില്ലെങ്കിലും ഇതേ സിനിമയിലെ ചിരികൊണ്ടു പൊതിയും മൗനദുഃഖങ്ങൾ (എസ് പി ബാലസുബ്രഹ്മണ്യം) എന്ന ഗാനരംഗത്തും കണ്ടു മമ്മൂട്ടിയെ. തൊട്ടുപിന്നാലെ വന്ന "തൃഷ്ണ"യിൽ "ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ" (ബിച്ചു തിരുമല - ശ്യാം) എന്ന മനോഹര ഗാനം.


സിനിമയിൽ മമ്മൂട്ടിയുടെ ഗാനയാത്ര തുടങ്ങിയിരുന്നതേയുള്ളൂ. എത്രയോ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പിന്നാലെ വന്നു. വൈവിധ്യമാർന്ന പാട്ടുകൾ. പ്രണയഗാനങ്ങളും വിരഹഗാനങ്ങളും ഭക്തിഗാനങ്ങളും ഹാസ്യഗാനങ്ങളുമെല്ലാം ഉണ്ടായിരുന്നു അവയിൽ: ഏതോ ജന്മബന്ധം (അമേരിക്ക അമേരിക്ക), ഒരു മഞ്ഞുതുള്ളിയിൽ , തൊഴുതുമടങ്ങും സന്ധ്യയുമേതോ (അക്ഷരങ്ങൾ), ബുൾബുൾ മൈനേ,  മിഴിയിൽ മീൻ പിടഞ്ഞു (സന്ധ്യക്ക് വിരിഞ്ഞ പൂവ്), കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും (അനുബന്ധം), ഇണക്കിളി വരുകില്ലേ (ഒരു നോക്ക് കാണാൻ), നാട്ടുപച്ച കിളിപ്പെണ്ണേ (ആയിരപ്പറ), എന്തിന് വേറൊരു സൂര്യോദയം (മഴയെത്തും മുൻപേ), നീ എൻ സർഗ്ഗ സൗന്ദര്യമേ, ദേവദൂതർ പാടി (കാതോട് കാതോരം), നെറ്റിയിൽ പൂവുള്ള (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ), വെണ്ണിലാ ചന്ദനക്കിണ്ണം (അഴകിയ രാവണൻ), തെക്കു തെക്ക് തെക്കേ പാടം (എഴുപുന്ന തരകൻ), മുറ്റത്തെ മുല്ലേ ചൊല്ലൂ (മായാവി), മുത്തുമണിത്തൂവൽ തരാം (കൗരവർ), പൂമുഖവാതിൽക്കൽ (രാക്കുയിലിൻ രാഗസദസ്സിൽ), സ്വർഗ്ഗമിന്നെന്റെ  (സാഗരം സാക്ഷി), ഇനിയൊന്നു പാടൂ (ഗോളാന്തരയാത്ര), ശാന്തമീ രാത്രിയിൽ (ജോണി വാക്കർ), ഓലത്തുമ്പത്തിരുന്ന്, സ്നേഹത്തിൻ പൂഞ്ചോല (പപ്പയുടെ സ്വന്തം അപ്പൂസ്), പനിനീരുമായ് പുഴകൾ (വിഷ്ണു), മഞ്ഞുകാലം നോൽക്കും (മേഘം),  നീയുറങ്ങിയോ നിലാവേ (ഹിറ്റ്ലർ), മയ്യഴിപ്പുഴയൊഴുകി (ഉദ്യാനപാലകൻ), ചൈത്ര നിലാവിന്റെ (ഒരാൾ മാത്രം), ഞാനൊരു പാട്ടുപാടാം (മേഘം), ദീനദയാലോ രാമാ (അരയന്നങ്ങളുടെ വീട്),  തങ്കമനസ്സ് (രാപ്പകൽ)...
ഒരു വടക്കൻ വീരഗാഥയിലും പഴശ്ശിരാജയിലുമൊക്കെ മമ്മൂട്ടി കടന്നുവരുന്ന ഗാനരംഗങ്ങളുടെ പശ്ചാത്തലത്തിലേ ഉള്ളൂ പാട്ടുകൾ: ചന്ദനലേപ സുഗന്ധം, ഇന്ദുലേഖ കൺതുറന്നു, ആദിയുഷസ്സന്ധ്യ പൂത്തതിവിടെ എന്നീ സൂപ്പർഹിറ്റ് പാട്ടുകൾ ഓർക്കുക. സിനിമയിൽ മമ്മൂട്ടിയുടെ ഏറ്റവും മികച്ച ഗാനരംഗങ്ങൾ പലതിലും  പാട്ടുകൾ അശരീരികളാണ്. എന്നിട്ടും അവയിൽ ചിലതൊക്കെ ക്ലാസിക്കുകളുടെ തലത്തിലേക്കുയർന്നുവെങ്കിൽ അതിനു പിന്നിൽ കഥാപാത്രമായുള്ള മമ്മൂട്ടിയുടെ പകർന്നാട്ടം തന്നെ. ഗാനത്തിന്റെ ഭാവം സ്വന്തം ചലനങ്ങളിലേക്ക് പോലും ആവാഹിക്കാൻ കഴിയും മമ്മൂട്ടിക്ക്. 
"അമര''ത്തിലെ "വികാരനൗകയുമായി'' ഉദാഹരണം.  ആത്മസംഘർഷത്തിന്റെ ഒരു അലകടൽ തന്നെ ഉള്ളിലൊതുക്കി ആർത്തലയ്ക്കുന്ന തിരമാലകളുടെ പശ്ചാത്തലത്തിൽ നടന്നുപോകുന്ന മമ്മൂട്ടിയുടെ ചിത്രത്തിന് മനോഹരമായ ഒരു പെയ്ന്റിംഗിന്റെ തികവും മികവും  നൽകിയിരിക്കുന്നു ഭരതനും മധു അമ്പാട്ടും. മമ്മൂട്ടിയുടെ മുഖത്തെ ഭാവപ്പകർച്ചകൾ കൂടി ചേർന്നപ്പോൾ ഹൃദയസ്പർശിയായ ദൃശ്യാനുഭവമായി അത്. പ്രകൃതിയും മനുഷ്യനും ഉദാത്തമായ സംഗീതവും ഒത്തുചേരുമ്പോഴത്തെ മാജിക്. ആയിരപ്പറയിലെ "യാത്രയായ് വെയിലൊളി നീളുമെൻ നിഴലിനെ കാത്തു നീ നിൽക്കയോ'' (കാവാലം -- രവീന്ദ്രൻ) ആണ് ഇതുപോലെ മനസ്സിൽ തൊട്ട മറ്റൊരു ദൃശ്യ--ശ്രവ്യാനുഭവം.
തീർന്നില്ല. വേറെയുമുണ്ട് മമ്മൂട്ടിയുടെ രൂപത്തോടൊപ്പം കാതിൽ ഒഴുകിയെത്തുന്ന പശ്ചാത്തല ഗീതങ്ങൾ: ഈ നീലിമ തൻ (ആ രാത്രി),  മാനം പൊന്മാനം (ഇടവേളക്ക് ശേഷം), വാസരം തുടങ്ങി (ചക്കരയുമ്മ), അലസതാ വിലസിതം (അക്ഷരങ്ങൾ), മഴവില്ലിൻ മലർ തേടി (കഥ ഇതുവരെ),  ശ്യാമാംബരം (അർത്ഥം), ആകാശ ഗോപുരം (കളിക്കളം), താരാപഥം ചേതോഹരം (അനശ്വരം), എന്നോടൊത്തുയരുന്ന (സുകൃതം), ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്, രാസനിലാവിന് താരുണ്യം (പാഥേയം), താഴ്‌വാരം മൺപൂവേ (ജാക്പോട്ട്),  നീലാകാശം തിലകക്കുറി ചാർത്തി (സാഗരം സാക്ഷി), ആത്മാവിൻ പുസ്തകത്താളിൽ (മഴയെത്തും മുൻപേ), സ്വപ്നമൊരു ചാക്ക് (ബെസ്റ്റ് ആക്ടർ)...
മമ്മൂട്ടിയെ  ഏറ്റവും സുന്ദരനായി കണ്ട ഗാനരംഗമായിരുന്നു "ഇന്ദുലേഖ കൺ‌തുറന്നു." നിലമ്പൂരിൽ വെച്ച് ഒരു നട്ടുച്ചക്ക് ഷൂട്ട് ചെയ്ത ഗാനരംഗമാണതെന്ന് പറയുന്നു വീരഗാഥയുടെ സംവിധായകൻ  ഹരിഹരൻ. "ഡേ ഫോർ നൈറ്റ് ആയി ചിത്രീകരിച്ചത് കൊണ്ടാണ്  ദൃശ്യങ്ങളിൽ നിശയുടെയും നിലാവിന്റെയും ഭംഗി  ഇത്ര മനോഹരമായി ആവിഷ്കരിക്കാൻ  കഴിഞ്ഞത്. ഗ്രീക്ക് യോദ്ധാവിന്റെ പ്രൗഢിയുണ്ട് കുതിരപ്പുറമേറി വരുന്ന ചന്തുവിന്. "സ്വപ്നവും യാഥാർഥ്യവും തമ്മിൽ വേർതിരിക്കുന്ന രേഖകൾ അപ്രത്യക്ഷമാകണം  എന്നായിരുന്നു  ഹരിഹരന്റെ നിർദ്ദേശം.,"-- ക്യാമറാമാൻ രാമചന്ദ്രബാബുവിന്റെ വാക്കുകൾ. "ആ  രീതിയിൽ തന്നെ അത് ചിത്രീകരിക്കാൻ കഴിഞ്ഞു എന്നാണെന്റെ വിശ്വാസം. പടം കണ്ട പലരും ചോദിക്കാറുണ്ട്, കുതിരപ്പുറത്തുവരുന്ന ആ ഷോട്ട് എങ്ങനെ എടുത്തു എന്ന്. നീലനിറം കിട്ടാൻ വേണ്ടി എൺപത്തഞ്ച് എന്ന ഡേലൈറ്റ് കൺവെർഷൻ ഫിൽറ്റർ മാറ്റി. ഇരുട്ട് തോന്നിക്കാൻ കുറച്ച് അണ്ടർ എക്സ്പോസ് ചെയ്ത് ബാക്ക് ലൈറ്റിൽ  ഷൂട്ട് ചെയ്തു. എല്ലാം കൃത്യമായ അളവിൽ തന്നെ വേണം. ഇല്ലെങ്കിൽ മുഴുവനും പകലായോ കൂരിരുരുട്ടായോ മാറിയേക്കാം..'' 
ഈ ഗാനഘോഷയാത്രയുടെ തലപ്പത്ത് മുല്ലനേഴി -- എം ബി ശ്രീനിവാസൻ സഖ്യം "മേള"ക്ക് വേണ്ടി സൃഷ്ടിച്ച ആ മനോഹര ഗാനമുണ്ട്: "മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു.." സരോജിനി ശിവലിംഗത്തിന്റെ ഹൃദ്യമായ അവതരണത്തോടൊപ്പം റേഡിയോ സിലോണിൽ നിന്ന്  ആദ്യമായി കാതിൽ ഒഴുകിയെത്തിയ പാട്ട്.
സിനിമയിൽ ഗാനങ്ങൾ അനിവാര്യമാണെന്ന വിശ്വാസക്കാരനായിരുന്നില്ല "മേള"യുടെ സംവിധായകൻ കെ ജി ജോർജ്ജ്. സിനിമാസംഗീതമെന്നാൽ പശ്ചാത്തല സംഗീതമാണെന്ന ഉത്തമബോധ്യവുമുണ്ട്. കഥയുടെ ഗൗരവം നല്ലൊരളവോളം ചോർത്തിക്കളയാനേ പാട്ട് ഉപകരിക്കൂ എന്നറിഞ്ഞിട്ടും പലപ്പോഴും തന്റെ നിലപാടിൽ അയവ് വരുത്തേണ്ടി വന്നു അദ്ദേഹത്തിന്. അപ്പോഴും സ്വന്തം സിനിമയിലെ പാട്ടുകൾ കഴിയുന്നതും പശ്ചാത്തലഗാനങ്ങളായി ഉപയോഗിക്കാനാണ് ജോർജ്ജ് ശ്രദ്ധിച്ചത്. കഥാസന്ദർഭം ആവശ്യപ്പെടുന്നെങ്കിൽ മാത്രമേ കഥാപാത്രം പാട്ട് പടേണ്ടതുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നയം.
"മേള''യിലെ പാട്ട് മമ്മൂട്ടിയുടെ വിജയൻ എന്ന കഥാപാത്രത്തിന്റെ ആത്മഗീതമാണ്. ഏറ്റവുമടുത്ത സുഹൃത്തിനാൽ തെറ്റിദ്ധരിക്കപ്പെട്ടതിന്റെ വ്യഥയുമായി സർക്കസ് കൂടാരത്തിന്റെ ഇരുളടഞ്ഞ ശൂന്യതയിലൂടെ ഇരുന്നുകൊണ്ടും നടന്നുകൊണ്ടും മമ്മുട്ടി പാടുന്ന ഗാനം.
ഇന്ന് കാണുമ്പോൾ തികച്ചും നാടകീയമായി തോന്നും അതിന്റെ ചിത്രീകരണം. സിനിമയുടെ രൂപഭദ്രതയോട് തെല്ലും ചേർന്നുനിൽക്കാത്ത രംഗം. പക്ഷേ ലളിതമായ കുറച്ചു വരികളിലൂടെ ആ പാട്ടിൽ മുല്ലനേഴി ആവിഷ്കരിച്ച ജീവിതയാഥാർഥ്യങ്ങളുടെ തീവ്രത ഇന്നും മനസ്സിനെ പിന്തുടരുന്നു. സ്വന്തം സിനിമകളിലെ പാട്ടുകളിൽ ജോർജ്ജിന് ഏറ്റവും പ്രിയപ്പെട്ടവയിലൊന്നായി അത് മാറിയത് സ്വാഭാവികം.
മനസ്സിന്റെ കടിഞ്ഞാൺ കൈവിട്ടുപോകുന്ന അപൂർവം സന്ദർഭങ്ങളിൽ ചുണ്ടുകൾ നിശ്ശബ്ദമായി മൂളിപ്പോകാറുണ്ട് ഈ ഗാനം. നമ്മൾ ഒരിക്കലും സങ്കൽപ്പിക്കുക പോലും ചെയ്യാത്ത ഇരുണ്ട ആകാശങ്ങളിലൂടെ ചരട് പൊട്ടിയ പട്ടം പോലെ പറക്കുന്ന മനസ്സിന്റെ ചിത്രം എത്ര യഥാതഥമായാണ് മുല്ലനേഴി മാഷ് വരച്ചിട്ടിരിക്കുന്നത് എന്ന് തോന്നും അപ്പോൾ. ചിന്തയുടെ വഴികൾ എത്ര വിചിത്രം, എത്ര നിഗൂഢം...!
"മോഹമേ നിൻ ആരോഹണങ്ങളിൽ ആരിലും രോമാഞ്ചങ്ങൾ, അവരോഹണങ്ങളിൽ ചിറകുകൾ എരിയുന്ന ആത്മാവിൻ വേദനകൾ'' എന്ന വരികൾക്ക് എം ബി എസ് നൽകിയ ഈണം ഇന്നും അജ്ഞാതമായ ഒരു വേദന നിറയ്ക്കുന്നു മനസ്സിൽ. യേശുദാസിന്റെ ശബ്ദത്തിലെ നിശബ്ദ ഗദ്ഗദവും. കടിഞ്ഞാണില്ലാതെ, കാലുകളില്ലാതെ തളിരും തണലും തേടി അലയുന്ന മനുഷ്യമനസ്സിനെ അതിന്റെ എല്ലാ നിഗൂഢതയോടും കൂടി ഇത്ര ഹൃദയസ്പർശിയായി വരച്ചിട്ട ഗാനങ്ങൾ കുറവായിരിക്കും.
സിനിമയിൽ അഞ്ചര പതിറ്റാണ്ട് തികച്ച മമ്മൂട്ടി പിന്നീടെത്രയോ ഗാനരംഗങ്ങളിൽ അഭിനയിച്ചു; എത്രയോ സുന്ദര ഗാനങ്ങൾക്കൊത്ത് ചുണ്ടനക്കി. എങ്കിലും ഈ ആദ്യഗാനത്തിന്റെ വിഷാദമാധുര്യം ഒന്നു വേറെ. ഒരിക്കലും തിരികെ വരാനിടയില്ലാത്ത ഒരു കാലത്തിലേക്ക് വീണ്ടും വീണ്ടും നമ്മെ മാടിവിളിക്കുന്നു ആ പാട്ട്... കടിഞ്ഞാണില്ലാത്ത ഏതോ മാന്ത്രികക്കുതിരയെപ്പോലെ അതിന് പിന്നാലെ പായുന്നു മനസ്സ്.
--രവിമേനോൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.