പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് (65) അന്തരിച്ചു. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെളുപ്പിന് ഒരു മണിക്കായിരുന്നു അന്ത്യം. ഒൻപത് അന്താരാഷ്ട്ര പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
2000-ൽ പുറത്തിറങ്ങിയ 'സായഹ്നം' എന്ന ചിത്രത്തിലൂടെയാണ് ശരത് സംവിധായകനും തിരക്കഥാകൃത്തുമായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നിരവധി പ്രശംസകൾ നേടി. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ഏഴ് പുരസ്കാരങ്ങളും നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരവും സ്വന്തമാക്കി.
2001-ലെ മ്യൂണിക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിൽ സായാഹ്നം പ്രദർശിപ്പിക്കുകയും തുടർന്ന് മറ്റ് നിരവധി പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തു.അടുത്ത ചിത്രമായ 'സ്ഥിതി' 2003-ലെ ബാങ്കോക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. മൂന്നാമത്തെ ചിത്രം 'ശീലാബതി' (2006) തായ്‌വാനിലെ ഏഷ്യ പസഫിക് ചലച്ചിത്രമേളയിൽ ചിത്രം പ്രീമിയർ ചെയ്യപ്പെട്ടു.


