PRAVASI

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ നേരിടാൻ സ: കെ. എം. രാധാകൃഷ്ണൻ

Blog Image

പുതുപ്പള്ളി രാഷ്ട്രീയത്തിന്റെ ചൂടേറിയ പോരാട്ടത്തിൽ, എൽഡിഎഫ് ശക്തമായ പ്രതീക്ഷയായി മുന്നോട്ടുവയ്ക്കുന്ന സ്ഥാനാർത്ഥിയാണ് സഖാവ് കെ. എം. രാധാകൃഷ്ണൻ. ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്ന ഈ നേതാവ്, പതിറ്റാണ്ടുകളുടെ സമരപരിചയവും സംഘടനാ കരുത്തും ചേർന്ന ഒരു സമഗ്ര രാഷ്ട്രീയപ്രവർത്തകനാണ്.

എസ്.എഫ്.ഐയുടെ പോരാളിയായി അറിയപ്പെടുന്ന കെ. എം. രാധാകൃഷ്ണൻ, വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ചടുലമായ പ്രവർത്തന മികവിലൂടെ കോട്ടയത്തിന്റെ രാഷ്ട്രീയ മനസിൽ ഇടം നേടിയ സൗമ്യ വ്യക്തിത്വമാണ്. പാമ്പാടി ഈസ്റ്റിലെ മാളിയേക്കൽ കുടുംബത്തിൽ, മാധവൻ നായരുടെയും ഓമനക്കുട്ടിയുടെയും രണ്ടാൺമക്കളിൽ മുതിർന്നവനായാണ് അദ്ദേഹത്തിന്റെ ജനനം. കുടുംബജീവിതത്തിലും ലാളിത്യവും മൂല്യങ്ങളും കൈവിടാത്ത വ്യക്തിയാണ് അദ്ദേഹം — ഭാര്യ രജനി (റിട്ടയർഡ് അധ്യാപിക), മകൾ ആര്യ കൃഷ്ണൻ (ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പി.എച്ച്.ഡി. പഠനം തുടരുന്നു).

വാഴൂർ എസ്.ആർ.വി എൻ.എസ്.എസ് കോളേജിലെ പഠനകാലത്താണ് അദ്ദേഹം എസ്.എഫ്.ഐയിൽ ചേർന്നത്. അധികാരരാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും എതിരാളികളുടെ അക്രമരാഷ്ട്രീയത്തെ മറികടന്ന് എസ്.എഫ്.ഐയെ വളർത്തിയെടുത്ത പോരാളിയായിരുന്നു സഹപ്രവർത്തകരുടെ ഇടയിൽ “കെ. എം. ആർ” എന്നറിയപ്പെട്ടിരുന്ന രാധാകൃഷ്ണൻ. 1986-ൽ എസ്.എഫ്.ഐയുടെ കോട്ടയം ജില്ലാ പ്രസിഡന്റായി, തുടർന്ന് ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. വാഴൂർ എൻ.എസ്.എസ് കോളേജിൽ കോളജ് യൂണിയൻ ചെയർമാനായും നാട്ടകം ഗവൺമെന്റ് കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും അദ്ദേഹം ഉയർന്നു. പോളിടെക്നിക് സമരം, പ്ലസ് ടു സമരം തുടങ്ങിയ വിദ്യാഭ്യാസ കച്ചവടത്തിനെതിരായ ശക്തമായ സമരങ്ങൾ മുൻനിരയിൽ നിന്ന് നയിച്ച അദ്ദേഹം, പൊലീസ് മർദ്ദനവും ജയിൽവാസവും നേരിട്ട സമരസഖാവാണ്.

വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് യുവജന സംഘടനാ രംഗത്തേക്ക് എത്തിയ കെ. എം. രാധാകൃഷ്ണൻ, പുതുപ്പള്ളിയിൽ ഡി.വൈ.എഫ്.ഐയെ കരുത്തോടെ വളർത്തിയെടുത്തു. 1998-ൽ ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷററായി പ്രവർത്തിച്ച അദ്ദേഹം സമരങ്ങളുടെ മുൻനിരയിൽ നിന്നു നയിച്ച നേതാവായിരുന്നു. ജനങ്ങളോടൊപ്പം നിന്നുള്ള പ്രവർത്തനങ്ങളിലൂടെ തദ്ദേശഭരണ രംഗത്തേക്ക് എത്തിയ കെ. എം. ആർ, രണ്ടുതവണ പാമ്പാടി ഗ്രാമ പഞ്ചായത്ത് അംഗമായി പാമ്പാടി ഈസ്റ്റ് മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു (1988–95, 2000–2005). ശ്രദ്ധേയമായ മികവ് പുലർത്തിയ പഞ്ചായത്ത് മെമ്പറായിരുന്ന അദ്ദേഹം, പ്രത്യേകിച്ച് പാവങ്ങളുടെയും സാധാരണക്കാരുടെയും ജീവിത പ്രശ്നങ്ങളിൽ അനുഭാവപൂർണമായ ഇടപെടലിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയ നേതാവായി മാറി. 1995-ൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ജനകീയ ആസൂത്രണ പദ്ധതികളുടെ വിജയകരമായ നടപ്പാക്കലിലൂടെ സംസ്ഥാന ശ്രദ്ധ നേടിയ നേതാവായി മാറി.

പാമ്പാടിയുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ചരിത്രപരമായ ഇടപെടലുകൾ നടത്തിയ നേതാവാണ് കെ. എം. രാധാകൃഷ്ണൻ. വരിക്കാനി, ചെറുകുന്നം, പള്ളിക്കുന്ന്, മുളയക്കുന്ന്, വെള്ളറ, വേലംപറമ്പിൽ എന്നീ കുടിവെള്ള പദ്ധതികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കപ്പെട്ടു. ഈ പദ്ധതികൾ പാമ്പാടിയുടെ ദൈനംദിന ജീവിതത്തിൽ സ്ഥിരമായ മാറ്റം സൃഷ്ടിച്ചു. പാമ്പാടി താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം, ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വികസനം, സൗത്ത് പാമ്പാടി ഗ്രന്ഥശാലയുടെ സാംസ്കാരിക നിലയം, ചെറുവള്ളിക്കാവ് ക്ഷേത്രം പാലം നിർമ്മാണം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ഭരണ മികവിന്റെ തെളിവുകളാണ്.

1999-ൽ സി.പി.ഐ.(എം) പുതുപ്പള്ളി ഏരിയ സെക്രട്ടറി ആയ കെ. എം. ആർ, നാട്ടിലെ ഏതു ആവശ്യത്തിനും ഓടിയെത്തുന്ന ജനകീയ നേതാവായി മാറി. 2002-ൽ ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം, ഒൻപത് വർഷമായി ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗമായും കോട്ടയം ജില്ലാ സെക്രട്ടറിയായും പ്രവർത്തിക്കുന്ന അദ്ദേഹം, കർഷകരുടെ അവകാശങ്ങൾക്കായി സ്ഥിരമായി ശബ്ദമുയർത്തുന്ന നേതാവാണ്.

സഹകരണ രംഗത്തും കരുത്തുറ്റ സാന്നിധ്യമാണ് സഖാവ് കെ. എം. ആർ. 1992-ൽ പാമ്പാടി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായ അദ്ദേഹം, 1999 മുതൽ 2015 വരെ ബാങ്ക് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. നഷ്ടത്തിലായിരുന്ന ബാങ്കിനെ ലാഭത്തിലേക്ക് കൊണ്ടുവന്ന ഭരണ മികവ് അദ്ദേഹത്തിന്റെ കഴിവിന്റെ തെളിവാണ്. ഇപ്പോൾ സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗവും കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമാണ്.

കാപ്കോസ് ചെയർമാൻ പദവിയിലൂടെ കർഷകരുടെ രക്ഷകനായി മാറിയ കെ. എം. രാധാകൃഷ്ണൻ, നെൽകർഷകരെ സംരക്ഷിക്കാനും വിപണിയിൽ മികച്ച അരി ലഭ്യമാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച സഹകരണ റൈസ് മിൽ പദ്ധതിയുടെ ചുമതല വിജയകരമായി ഏറ്റെടുത്തത് അദ്ദേഹത്തിന്റെ കഴിവിനുള്ള വ്യക്തമായ അംഗീകാരമാണ്.

സമരങ്ങളിലൂടെ വളർന്ന, ഭരണത്തിലൂടെ തെളിഞ്ഞ, സംഘടനയിലൂടെ ശക്തിപ്രാപിച്ച നേതാവാണ് കെ. എം. രാധാകൃഷ്ണൻ. പുതുപ്പള്ളിയിൽ ഒരു പുതിയ രാഷ്ട്രീയ ദിശ സൃഷ്ടിക്കാൻ കഴിയുന്ന ശക്തമായ സ്ഥാനാർത്ഥിയായി അദ്ദേഹം ഇന്ന് ജനങ്ങൾക്ക് മുന്നിലാണ്. മറുഭാഗത്ത് ചാണ്ടി ഉമ്മൻ എതിരാളിയായിരിക്കെ, മത്സരം ശക്തമാകുന്നതാണ് — എന്നാൽ സംഘടനാ കരുത്തും ജനകീയ ബന്ധവും കൈവശമുള്ള കെ. എം. രാധാകൃഷ്ണൻ ഈ പോരാട്ടത്തിൽ നിർണായക സാന്നിധ്യമായി ഉയരുന്നുവെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.


 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.