അയ്യോ ഈ ദിവസം ഒന്ന് കഴിഞ്ഞു പോയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. എവിടെ നോക്കിയാലും ചിതറിക്കിടക്കുന്ന അസ്ഥി കഷ്ണങ്ങൾ, തലയോട്ടികൾ, ശവപ്പെട്ടി, ചുറ്റി പിണഞ്ഞു കിടക്കുന്ന ചിലന്തിവലകൾ. കറുത്ത പൂച്ച, കറുത്ത തൊപ്പി, കറുത്ത വേഷധാരികൾ. യക്ഷിയും, ഭൂതവും ഒക്കെ കണ്ണും മിഴിച്ച്, നാക്കും നീട്ടി നിൽക്കുന്ന വിരൂപ സ്വത്വങ്ങൾ. ഇവയുടെ എല്ലാം രൂപങ്ങൾ, അലങ്കാരങ്ങളായി വീട്ടുമുറ്റത്തും, പള്ളിപ്പറമ്പിലും, കലാലയങ്ങളിലും, വ്യാപാര സ്ഥാപനങ്ങളിലും, ഔദ്യോഗിക ജോലി സ്ഥലത്തും നിറഞ്ഞ് നിൽക്കുകയാണ്. ഭൂതങ്ങളുടെയും, പിശാചുക്കളുടെയും സുവർണ്ണ ദിനo എത്ര പരിതാപകരം!
ഒട്ട് മിക്കവരിലും ഈ കാഴ്ച അത്ര സുഖമുള്ളവാക്കില്ല. അല്പം, പേടിയും, ഭയവും, പരുങ്ങലും, ജനിപ്പിക്കുന്നു. അതിലുപരി ഈ കാഴ്ചകളും, അലങ്കാരങ്ങളും തികച്ചും അറപ്പുളവാക്കുന്നതും, മനം പുരട്ടുന്നതുമാണ്. മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേക ശൂന്യനായി തീർന്നാൽ, നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യമത്രെയെന്ന് തിരുവചനം പറയുന്നത് എത്രയോ യാഥാർത്ഥ്യമാണ്.
ഹാലോവീൻ എന്ന വേഷം കെട്ടിലൂടെ ബിസിനസ് ലോകം ലക്ഷ്ങ്ങൾ സമ്പാദിക്കുന്നു. സാധാരണക്കാരൻ ആയിരങ്ങൾ ചെലവഴിക്കുന്നു. പലർക്കും ഹാലോവിൻ്റെ പിന്നിലുള്ള ചരിത്രമറിയില്ല. നമ്മുടെ കേരളക്കരയിൽ നിന്നു വന്നവരും ഈ പൈശാചിക സംസ്കാരത്തെ പുണരുന്നത് കാണുമ്പോൾ ലജ്ജിക്കുന്നു. നാടോടുമ്പോൾ നടുവേ ഓടണമല്ലോ. ഹാലോവീൻ തലയിൽ കൊണ്ട് നടക്കുന്നവരുടെ എണ്ണം ഈ രാജ്യത്തും, ഇന്ത്യയുടെ മണ്ണിലും വർദ്ധിച്ചു വരികയാണ്.
ഈ ഹാലോവീൻ്റെ അർത്ഥം എന്താണെന്ന് പലർക്കും അറിയില്ല. എല്ലാവരും ആഘോഷിക്കുന്നു നമ്മളും അക്കൂട്ടത്തിൽ കൂടുന്നു. ഏഴാം നൂറ്റാണ്ടിൽ പോപ്പ് ബോണിഫേസ് നാലാമൻ മരണപ്പെട്ടുപോയ വിശുദ്ധന്മാർക്കായി ഒരു ഓർമ്മ ദിവസത്തെ വേർതിരിച്ചിരുന്നു. അത് നവംബർ മാസം ഒന്നാം തീയതി ആയിരുന്നു. ആ ദിവസത്തിന് മുമ്പുള്ള സന്ധ്യ വിശുദ്ധമായും പരിപാവനമായും കണ്ടു.” ഹാലോ”. ഇതിൽ നിന്ന് ഉടലെടുത്തതാണ് ഹാലോവീൻ
അമേരിക്കൻ കോളനികളിൽ പതിനെട്ടാം നൂറ്റാണ്ടിൻ്റെ ഒടുവിലും, പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലും ഈ ആഘോഷം ഇല്ലായിരുന്നു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ മധ്യ സമയങ്ങളിൽ അയർലൻഡ് രാജ്യങ്ങളിൽ നിന്നും ധാരാളം പേർ കുടിയേറിയപ്പോൾ അവിടെ അവർ ആഘോഷിച്ചിരുന്ന പ്രധാന ആഘോഷങ്ങളിൽ ഒന്നായ ഹാലോവീൻ ഇവിടെ ഇറക്കുമതി ചെയ്തു. അയർലൻഡിൽ ഒരുകാലത്ത് പുതുവർഷം നവംബർ മാസം ഒന്നാം തീയതി ആഘോഷിച്ചിരുന്നു. ഫലഭുഷ്ടവും, സമ്പൽ സമൃദ്ധവുമായ വേനൽക്കാലം തീരുന്നു. ഇരുട്ടും, തണുപ്പും നിറഞ്ഞ ദിന രാത്രങ്ങൾ കടന്നുവരുന്നു. ഇത് മരണവുമായി ബന്ധപ്പെടുത്തി, പുതുവർഷത്തിൻ്റെ തലേ ദിവസം ഒക്ടോബർ മാസം 31 തീയതി ജീവൻ്റെ വർഷവും മരണത്തിൻ്റെ വർഷവും തമ്മിലുള്ള അകലം കുറഞ്ഞതുകൊണ്ട്, ഭൂതങ്ങളും, യക്ഷികളും, പ്രേതങ്ങളും, ലോകത്ത് അലഞ്ഞു നടക്കുന്ന ഒരു രാത്രിയാണെന്നവർ കരുതി. ഈ ഭൂത, യക്ഷി, പ്രേതങ്ങൾ വിളവും, ജീവിതങ്ങളും, നശിപ്പിക്കും എന്നവർ വിശ്വസിച്ചു. ഇതിൽനിന്ന് നിന്ന് രക്ഷപ്പെടുവാൻ അയർലൻഡ്കാർ പ്രത്യേക വേഷം കെട്ടി,പല്ലുകൾ നീട്ടിയും, നാക്ക് നീട്ടിയിട്ടും, കൊമ്പുകൾ തലയിൽ പിടിപ്പിച്ചും വികൃതന്മാരായി, ആൾമാറാട്ടം നടത്തി ഭൂതത്തെയും, പിശാചിനെയും കബളിപ്പിക്കുന്ന പണി നടത്തിയിരുന്നു. ചുറ്റിത്തിരിഞ്ഞു നടക്കുന്ന പ്രേതത്തെ ഓടിക്കുവാനും, ഭൂതത്തെ കബളിപ്പിക്കുവാനും പ്രാകൃതമായി വസ്ത്രം ധരിച്ചും, വീടിൻ്റെ മുമ്പിൽ വിവിധ വർണ്ണത്തിലുള്ള വിളക്കുകൾ തെളിയിച്ചും, മത്തങ്ങ തുരന്ന് അതിനകത്ത് വിളക്ക് കത്തിച്ചും, വിവിധ ഗോഷ്ട്ടികളിലും, ആകൃതിയിലും ഉള്ള രൂപങ്ങൾ ഉണ്ടാക്കി വച്ചും ഇവർ ഇതിന് ശ്രമിച്ചു. രാത്രിയിൽ തീ കൂട്ടിയിട്ട് അതിനു ചുറ്റും വട്ടമിരുന്ന് ചെറു കഥകൾ പറഞ്ഞ് മദ്യം കുടിക്കുമ്പോൾ തീയും, പുകയും കണ്ടുകൊണ്ട് വാവലും, ഇതര ജീവികളും ഓടി വന്നപ്പോൾ അതിനെയും ആഘോഷ ഭാഗമാക്കി മാറ്റി. അങ്ങനെ വാവലും, കറുത്ത പൂച്ചയും, ചിലന്തിയും ഒക്കെ ഈ ആഘോഷങ്ങളിൽ പ്രഥമ സ്ഥാനം പിടിച്ചു.
പതിനഞ്ചാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികളിൽ ഒരു വിഭാഗം, അയർലൻഡിൽ ഒക്ടോബർ മാസം 31 തീയതി ഓരോ വാതിലുകളിലും മുട്ടി, മരിച്ചു പോയവരുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് പറഞ്ഞ് വീട് വീടാന്തരം കയറി ഇറങ്ങിയിരുന്നു. പ്രതിഫലമായി സോൾ കേക്ക് അഥവാ ആത്മാവിൻ്റെ അപ്പം ഇവർ മേടിച്ചു. മെക്സിക്കോ തുടങ്ങി സൗത്ത് അമേരിക്കയിലുള്ള പല രാജ്യങ്ങൾ ഒക്ടോബർ 31 മരിച്ചവരുടെ ദിവസമായും, പ്രേതങ്ങൾ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ദിവസങ്ങളായും ആഘോഷിക്കാറുണ്ട്
അത് ഇപ്പോൾ അമ്മേരിക്കയിലും, ഇതര രാജ്യങ്ങളിലും, ഒക്ടോബർ 31 രാത്രി പ്രച്ഛന്ന വേഷവും, പൈശാചിക വേഷവും കെട്ടി, സാത്താൻ്റെ കൊമ്പും, തലയും പിടിപ്പിച്ച്, കറുത്ത പൂച്ചയുടെ മുഖവും വരച്ച്, ശവപ്പെട്ടിയും തോളിൽ ചുമന്നുകൊണ്ട്, വീട്, വീടാന്തരം കയറി ഇറങ്ങി കൊച്ചുകുട്ടി ആബാലവൃന്ദം മുട്ടായി ചോദിക്കുന്ന ദിവസമായി മാറി. കാലം പോയ പോക്ക്. ഈ വേഷം കെട്ടി വരുന്ന അയൽക്കാരെ നിങ്ങൾക്കെങ്ങനെ തിരിച്ചറിയുവാൻ കഴിയും? അതുകൊണ്ട് ഇത് അയൽപക്ക കൂട്ടായ്മയല്ല പിശാചിനെ താലോലിക്കുന്ന ദിവസവും പിശാചിൻ്റെ തോളിൽ ഹലോ പറഞ്ഞുകൊണ്ട് കയ്യ് വെച്ച് നടക്കുന്ന ദിവസമാണ്.
ഹാലോവീൻ എന്നു പറയുന്ന രാജ്യ വ്യാപകമായ ഈ ആഘോഷം പൈശാചികവും,
ഭൂതത്തിൻ്റെതുമാണ്. നാം ഇതിൽ നിന്ന് ദൂരെ മാറിനിൽക്കണം. ഇന്ന് മാർക്കറ്റിൽ ഇറങ്ങിയിരിക്കുന്ന ഹാലോവീൻ ക്യൻഡികൾ ശ്രദ്ധിച്ചു നോക്കുക. മനുഷ്യ ശരീരത്തിൻ്റെ ഓരോ അവയവങ്ങളുടെയും ആകൃതിയിൽ ആണ് പല ചോക്ലേറ്റുകളും വിതരണത്തിന് മാർക്കറ്റിൽ എത്തിയിരിക്കുന്നത് എന്തൊരു വൃത്തി ഹീനം. നമ്മുടെ കുഞ്ഞുങ്ങളെ, വളരുന്ന തലമുറയെ ഹാലോവീൻ വേഷം കെട്ടിക്കരുത്. ചോക്ലേറ്റും, മുട്ടായിയും മേടിക്കുവാൻ വീട് വീടാന്തരം കൊണ്ടു നടക്കരുത്. ദൈവത്തെ ഭയപ്പെടുക, അവൻ്റെ വഴികളിൽ തന്നെ നടക്കുക, ഇതത്രേ ഒരു മനുഷ്യനെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നത്. സാത്താൻ വഞ്ചനയുടെ നേതാവാണ്, അവൻ്റെ തന്ത്രങ്ങളെ നാം അറിയാത്തവരായിരിക്കരുത് (2 കൊരിന്ത്യർ 2: 11).
സൂക്ഷിക്കുക. ഈ പാലം അപകടത്തിൽ

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

