തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മാനദണ്ഡങ്ങൾ പാലിക്കാതെ നേടിയ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും അടിയന്തരമായി റദ്ദാക്കാനും യോഗ്യതയില്ലാത്തവരെ സർവീസിൽ നിന്ന് പിരിച്ചുവിടാനുമാണ് നിർദേശം. 2025 സെപ്റ്റംബർ ഒന്നിനു ശേഷം തസ്തികയ്ക്ക് ആവശ്യമായ കെ-ടെറ്റ് യോഗ്യതയില്ലാതെ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിയമനം നേടിയ അധ്യാപകരെയാണ് ഈ നടപടി നേരിട്ട് ബാധിക്കുക. വിഷയം സംബന്ധിച്ച സുപ്രീം കോടതിയുടെ നിർണ്ണായക വിധിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ.
പുതിയ നിർദേശപ്രകാരം, സെപ്റ്റംബർ ഒന്നിനു ശേഷം പ്രൊമോഷൻ ലഭിക്കുകയും എന്നാൽ ആവശ്യമായ കെ-ടെറ്റ് സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കുകയും ചെയ്യുന്ന അധ്യാപകരുടെ സ്ഥാനക്കയറ്റം റദ്ദാക്കും. ഉദാഹരണത്തിന്, യു.പി. വിഭാഗത്തിൽ നിന്ന് ഹൈസ്കൂൾ വിഭാഗത്തിലേക്ക് പ്രൊമോഷൻ നേടുകയും കെ-ടെറ്റ് കരസ്ഥമാക്കാതിരിക്കുകയും ചെയ്ത അധ്യാപകരെ തരംതാഴ്ത്തി വീണ്ടും യു.പി. വിഭാഗത്തിലേക്ക് തന്നെ തിരിച്ചയക്കും. ഇതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
അതേസമയം, പി.എസ്.സി. അഡ്വൈസ് ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് ആശ്വാസകരമായ ഒരു ഇളവും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 സെപ്റ്റംബർ ഒന്നിനു ശേഷം അഡ്വൈസ് ലഭിച്ച, കെ-ടെറ്റ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് താൽക്കാലികമായി സർവീസിൽ പ്രവേശിക്കാൻ അനുമതിയുണ്ട്. ഇവർ പിന്നീട് ബന്ധപ്പെട്ട കാറ്റഗറിയിൽ കെ-ടെറ്റ് വിജയിക്കുന്ന മുറയ്ക്ക് അഡ്വൈസ് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് നിയമനം ക്രമീകരിക്കും.

