എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തൊരവസ്ഥ, അത് പലരും അനുഭവിച്ചിട്ടുണ്ട് . പ്രതിസന്ധിയിൽ കൂടെ നിൽക്കേണ്ടവർ മുഖംതിരിച്ചുകളയുമ്പോഴുള്ള ദുരവസ്ഥ. വീടിനും വീട്ടുകാർക്കും വേണ്ടി സഹിച്ചു ജീവിതം നഷ്ടപ്പെടുത്തുന്ന ഒരു കൂട്ടർ, മനസ്സ് തളർന്നു മരുന്നുകളുടെ സഹായത്തോടെ മുൻപോട്ട് നീങ്ങുന്നു പലരും, മക്കളെ ഓർത്തുജീവിച്ചിരിക്കുന്നവർ . ഇങ്ങനെ കുറെ ജീവിതങ്ങൾ നഷപെടുന്നത് കൊണ്ട് സമൂഹത്തിന് എന്താണാവോ ഗുണം?
പെൺകുട്ടികൾ കൊല്ലപെടുമ്പോഴും ആത്മഹത്യചെയ്യുമ്പോഴും അത് വാർത്തയാകും. ആരുടെ കുറ്റമാണിത് എന്ന് നമ്മൾക്കറിയണം. അതോടെ കഴിഞ്ഞു ചർച്ച.
സ്ത്രീധനം, ഭർത്താവിന്റെ പീഡനം അല്ലെങ്കിൽ ചെന്നുകേറുന്ന വീട്ടിലെ അമ്മയുടേയോ, സഹോദരങ്ങളുടെയോ ഉപദ്രവം. ഈ മരണങ്ങളും ആത്മഹത്യകളും നടക്കുന്നത്, കല്യാണം കഴിയുന്നതോടെ ഒരു പെൺകുട്ടിക്ക് സ്വന്തം വീട്ടിൽ തിരിച്ചു ചെല്ലാനുള്ള അവകാശമില്ലാത്തതുകൊണ്ടാണ്. ജന്മം കൊടുത്ത 18 വയസ്സ് വരെ നോക്കും അതുകഴിഞ്ഞാൽ എന്തുവത്യാസമാണ് പെണ്മക്കളോടുള്ള ബന്ധത്തിന് ഉണ്ടാകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
രണ്ടു പേര് വിവാഹബന്ധത്തിന് തയ്യാറെടുക്കുമ്പോൾ അതവരുടെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു തീരുമാനമാണെന്ന് നമ്മൾ ഇന്നും തിരിച്ചറിയുന്നില്ല
ഒരുക്കങ്ങളും ചടങ്ങും ബഹളങ്ങളും ഒക്കെ തീർന്നു , ജീവിതം തുടങ്ങി, പല സത്യങ്ങൾ പുറത്തു വരുമ്പോൾ, ചക്ക അല്ലല്ലോ തുളച്ചുനോക്കാൻ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അത് ശെരിയാണ്, പക്ഷെ മുറിച്ചു നോക്കി ഈ ചക്ക കേടാണെന്ന് മനസ്സിലാക്കുമ്പോൾ എന്ത് ചെയ്യണം? എത്ര ലാഘവത്തോടെ ഇതൊക്കെ പറയാൻ കഴിയുന്നു. അതുവരെ വളർത്തി, പെൺകുട്ടി ആയതുകൊണ്ട് പല സ്വാതന്ത്ര്യങ്ങളും നിഷേധിച്ച, അവളുടെ ജീവിതത്തിലെ മിക്ക തീരുമാങ്ങളും എടുത്തു. എവിടുന്നോ കണ്ടുപിടിച്ചു ഒരാളുടെ കൂടെ പറഞ്ഞുവിട്ടതോടെ ഓണർഷിപ്പ് മാറി, ഇനി എല്ലാം അവളുടെ വിധി. വീട്ടുകാരുടെ സംരക്ഷണത്തിന് അങ്ങനെ ഒരു എക്സ്പയറി ഡേറ്റ് ഉണ്ടോ ?
വിധിയുമല്ല ഭാഗ്യക്കേടുമില്ല , മാതാപിതാക്കൾ അവർക്ക് പറ്റിയ പിഴവ് അംഗീകരിക്കുകയോ തിരുത്തുകയോ ചെയ്യാൻ തയ്യാറാകാതെ പെൺകുട്ടികളെ ഈ സാഹചര്യങ്ങളിൽ ഉപേക്ഷയുകയാണ് ചെയ്യുന്നത്. അപ്പോൾപിന്നെ പെൺകുട്ടികൾ ആരോടാണ് സഹായം ചോദിക്കേണ്ടത്? നാട്ടിൽ മാത്രമല്ല, വിദ്യാഭ്യസം കുറഞ്ഞവരുടെ ഇടയിലുമല്ല, നമ്മുടെ ചുറ്റുമുണ്ട് ഒന്നും പറയാതെ സഹിച്ചു കഴിയുന്നവർ.
എന്തുകൊണ്ട് വീട്ടുകാരെ അറിയിച്ചില്ല , ആരോടും എന്തുകൊണ്ട് പറഞ്ഞില്ല എന്നൊക്കെ ചോദിക്കുന്നവരോട്, ഈ പെൺകുട്ടികൾക്ക്
കല്യാണം കഴിച്ചു പുതിയ വീട്ടിൽ ചെന്ന് പീഡനം അനുഭവിക്കണം എന്ന് നേർച്ചയൊന്നും ഇല്ല. അച്ഛനോടോ അമ്മയോടോ ഇതിനെ പറ്റി പറയുമ്പോൾ അവിടെനിന്നും കിട്ടുന്ന പ്രതികരണങ്ങൾ മതി മനസ്സിലാക്കാൻ അവരുടെ നിലപാട് എന്താണെന്ന്. ഇങ്ങനെയുള്ള പീഡനത്തിൽ നിന്ന് രക്ഷപെടാൻ, തിരിച്ച ജനിച്ച വീട്ടിലേക്കു എത്ര പേർക്ക് അധികാരത്തോടെ മടങ്ങി ചെല്ലാൻ കഴിയും?
നല്ല വിവാഹബന്ധം എന്ന് പറയുന്നത് ഒരു ദൈവാനുഗ്രഹം ആണ് . ആരുടെയും കഴിവോന്നുമല്ല നല്ല ഒരു ദാമ്പത്യ ജീവിതം. അതിന് ആദ്യം വേണ്ടത് ചേരേണ്ടവർ തമ്മിൽ ചേരുക എന്നതാണ്. എത്ര കല്യാണങ്ങൾ അങ്ങനെ നടക്കുന്നുണ്ട്? ഒരുപാട് പൊരുത്തങ്ങൾ നമ്മൾ നോക്കും , സാമ്പത്തിക നില, വിദ്യാഭ്യാസം, മതം, ജാതി, നിറം ഇങ്ങനെ പലതും.
പയ്യന്റെ വീട്ടുക്കാർ മകന്റെ സ്വഭാവം നന്നാക്കാൻ, വീട്ടിലെ കടം തീർക്കാനും, സ്വന്തം മകളെ കെട്ടിക്കാനുള്ള കാശിനുവേണ്ടിയും ഒക്കെ പലപ്പോഴും കല്യാണം നടത്തുന്നത് . എവിടെയോ ജനിച്ചു തങ്ങളുടെ വീട്ടിൽ വരുന്ന ഒരു പെണ്ണിന്റെ ജീവിതത്തിന്, അവളുടെ സ്വപ്നങ്ങൾക്ക് ഇതിന്റെയിടയിൽ എവിടെയാണ് സ്‌ഥാനം? സ്വാർത്ഥതാല്പര്യങ്ങൾ ആണ് മിക്ക കല്യാണബന്ധങ്ങളുടെയും പിന്നിൽ. ഇതിലൊന്നും ആരും ഒരു കുഴപ്പവും കാണുന്നില്ല.
വിദ്യാഭ്യാസം ഉള്ളവരിൽ ചിലരൊക്കെ കുറച്ചു കഴിയുമ്പോ മനസ്സിലാക്കും, ആരും വരില്ല രക്ഷിക്കാൻ എന്ന സത്യം . ജോലിയുണ്ടെങ്കിൽ ആരെയും ബുദ്ധിമുട്ടിക്കാതെ സമാധാനത്തോടെ മുൻപോട്ട് ജീവിക്കാം. പക്ഷെ ആ ഒരു തിരിച്ചറിവ് പ്രായത്തിനൊപ്പമേ ഉണ്ടാകു. നഷ്ടപ്പെടുന്നത് എന്റെ ജീവിതം ആണെന്ന തിരിച്ചറിവ്, ധൈര്യം തരാൻ ആരും ഉണ്ടാവില്ല, തികച്ചും ഒറ്റപ്പെടുന്ന ഒരു തീരുമാനം.
സങ്കടകരമായ സത്യം എന്താണെന്നോ, ഇന്നും ഇങ്ങനെ കല്യാണങ്ങൾ നടക്കുകയും അതിൽ പെട്ട് പെൺകുട്ടികൾ മരണപ്പെടുകയും ചെയ്യുന്നു . ഒരു തെറ്റ് പറ്റുമ്പോൾ നമ്മൾ തിരുത്തുന്നതുപോലെ , കള്ളം പറഞ്ഞും , പറ്റിച്ചും നടത്തുന്ന കല്യാണങ്ങൾ എന്തുകൊണ്ട് തിരുത്തി കൂടാ? മകളെ ഉപദ്രവിക്കുന്ന ഭർത്താവിന്റെ അടുക്കൽ നിന്നും എന്തുകൊണ്ട് തിരിച്ചു കൊണ്ടുവന്നു കൂടാ?
നമ്മൾക്ക് ഇതൊക്കെ അറിയാം , ചുറ്റുമുള്ള വീടുകളിൽ നടക്കുന്നതും അറിയാം, പക്ഷെ നമ്മൾ എന്തിനു ഇടപെടണം? ഒരു സ്ത്രീ വിവാഹമോചിത ആയാൽ നമ്മുടെ സമൂഹം എങ്ങനെയാണ് അവളോട് പെരുമാറുന്നത്? എന്നിട്ടു എന്തിനാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നു എന്നറിയുമ്പോ അനുകമ്പ അഭിനയിക്കുന്നത് ?
ഇന്നത്തെ പെൺകുട്ടികൾ കല്യാണം കഴിക്കാത്തതും ഇതുകാരണമാണ് . നമ്മുടെ ഇടയിൽ കല്യാണങ്ങൾ കൊണ്ട് മറ്റു പല ഉദേശങ്ങൾ ആണ്. അതിന് അവർ ഇനി നിന്ന് തരുന്നില്ല. മാതാപിതാക്കൾ അവർക്ക് വിദ്യാഭ്യാസം നൽകിയാൽ , അവർ സമാധാനമായി ജോലി ചെയ്ത ജീവിച്ചോളും, ആർക്കും ഭാരമാകാതെ. പെണ്മക്കൾ കല്യാണം കഴിക്കാതെ ജീവിച്ചാൽ മാനം ഇടിഞ്ഞുവീഴില്ല. അല്ലെങ്കിൽ നിങ്ങളവരുടെ സന്തോഷവും സുരക്ഷയും ഉറപ്പുവരുത്തണം.
ഞാനൊരു തെറാപ്പിസ്റ്റ് അല്ല, കുറച്ചു ജീവിതാനുഭവങ്ങൾ ഉണ്ട്, ചർച്ചക്കും പുതിയ ചിന്തകൾക്കും ഒരു തുടക്കമാവട്ടെ എന്ന് കരുതി ചിലപ്പോഴൊക്കെ എഴുതാറുണ്ട്. നിങ്ങളുടെ അറിവിൽ ആർക്കെങ്കിലും ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടില്ല എന്ന് നടിക്കരുത്. ജീവിതത്തിൽ ആഗ്രഹിച്ച പോലെ എല്ലാം നടക്കില്ലലോ. അതുപോലെ ആണ് ചില വിവാഹങ്ങളും, ദയ ഉള്ള ഒരു സമൂഹം, അതായി മാറാൻ കഴിയണം , ഈ പെൺകുട്ടികൾക്ക് മരിക്കേണ്ടിവരില്ല, അവർ ജീവിതം തിരിച്ചുപിടിച്ചോളും .
രേഖാ ഫിലിപ്പ്

