മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് കാരണം സ്ഥാനാർത്ഥി നിർണയത്തിലെ പിഴവും അയ്യപ്പസംഗമം അടക്കമുള്ള തീരുമാനങ്ങളുമാണെന്ന് തുറന്നുസമ്മതിച്ച് മുൻ സ്പീക്കർ എ.എൻ. ഷംസീർ. മലപ്പുറം കാളികാവിൽ സംഘടിപ്പിച്ച കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്നും വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും ഷംസീർ ചൂണ്ടിക്കാട്ടി.
പാർട്ടി അടിത്തട്ടിൽ നിന്ന് വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. സർക്കാരിന് മേൽ പാർട്ടിക്ക് നിയന്ത്രണമില്ലാതിരുന്നതും ഭരണവിരുദ്ധ വികാരവും തോൽവിക്ക് ആക്കം കൂട്ടി. 2021-ലെ 25.38 ശതമാനത്തിൽ നിന്ന് 2026-ൽ പാർട്ടി വോട്ട് വിഹിതം 21.77 ശതമാനമായി കുത്തനെ ഇടിഞ്ഞു. നാൽപ്പത് വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. നേതാക്കളുടെ അഹങ്കാരവും ജാഗ്രതക്കുറവും തോൽവിക്ക് കാരണമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, യുഡിഎഫ് അഴിച്ചുവിട്ട കള്ളപ്രചാരണങ്ങളും വലതുപക്ഷ ഏകോപനവുമാണ് തോൽവിക്ക് പ്രധാന കാരണമെന്നും സിപിഐഎം വിലയിരുത്തുന്നു. ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും യുഡിഎഫിനായി പരസ്യമായി രംഗത്തിറങ്ങി. മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയെയും ലക്ഷ്യമിട്ട് കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തി. എൽഡിഎഫിന് ബിജെപിയുമായി ധാരണയുണ്ടെന്ന പ്രചാരണം വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ടാക്കിയെന്നും കേന്ദ്രകമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

