സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക ചരിത്രം പരിശോധിച്ചാൽ ഒരു സത്യം തെളിഞ്ഞു നിൽക്കുന്നത്, ലോകാരോഗ്യരംഗത്ത് ഇന്ത്യ നൽകിയ ഏറ്റവും വിലയേറിയ മനുഷ്യസമ്പത്ത് നഴ്‌സുമാരാണ്. ലോകത്തിലെ പല വികസിത രാജ്യങ്ങളും ആരോഗ്യരംഗത്ത് നഴ്‌സുമാരുടെ കുറവ് നേരിടുമ്പോൾ, ഇന്ത്യ ആ ശൂന്യത നിറച്ച പ്രധാന രാജ്യങ്ങളിലൊന്നായി മാറി. അന്താരാഷ്ട്ര പഠനങ്ങൾ പറയുന്നതനുസരിച്ച് ഇന്ന് 6 ലക്ഷത്തിലധികം ഇന്ത്യൻ നഴ്‌സു മാർ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ സേവനം ചെയ്യുന്നു. ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോകുന്ന നഴ്‌സുമാരിൽ ഏകദേശം 60% വരെ കേരളത്തിൽ നിന്നുള്ളവരാണ്. അതുകൊണ്ടു തന്നെ കേരളത്തെ പല പഠനങ്ങളും “ഇന്ത്യയുടെ നഴ്‌സിംഗ് തലസ്ഥാനം” എന്നു വിശേഷിപ്പി ക്കുന്നു. ഒരു പഠനത്തിന്റെ കണക്കുപ്രകാരം അരമില്ല്യണിലധികം (4.5 ലക്ഷം) കേരള നഴ്‌സു മാർ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നു. ഈ പ്രവാസത്തിന്റെ സാമ്പത്തിക പ്രാധാന്യം അതീവ വലുതാണ്. വിദഗ്ധരുടെ കണക്കുകൾ പ്രകാരം വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാർ പ്രതിവർഷം ഏകദേശം 5 മുതൽ 7 ബില്യൺ യുഎസ് ഡോളർ വരെ ഇന്ത്യയിലേക്ക് പണമയക്കുന്നു എന്ന് വിവിധ സാമ്പത്തിക പഠനങ്ങൾ സൂചിപ്പിക്കുന്നു. സാമ്പത്തികഭാഷ യിൽ പറഞ്ഞാൽ നഴ്‌സുമാർ “വിദേശനാണ്യത്തിന്റെ ഉറവിടം” ആകാം; എന്നാൽ മനുഷ്യരാ ശിയുടെ ഭാഷയിൽ പറഞ്ഞാൽ അവർ കരുണയുടെ ദൂതന്മാരും ഇന്ത്യയുടെ നിശ്ശബ്ദ സാമ്പ ത്തിക ദൂതന്മാരുമാണ്. എന്നാൽ ഇതേ നഴ്‌സുമാർ സ്വന്തം നാട്ടിലെ ആശുപത്രികളിൽ ജോലി ചെയ്യുമ്പോൾ അവർക്കു ലഭിക്കുന്ന പ്രതിഫലം പലപ്പോഴും അത്യന്തം അപമാനകരമായിരി ക്കുന്നു. മനുഷ്യജീവിതത്തിന്റെ ഏറ്റവും നിസ്സഹായ ഘട്ടങ്ങളിൽ സേവനം ചെയ്യുന്ന നഴ്‌സു മാർക്ക് ചില സ്വകാര്യ ആശുപത്രികളിൽ ഒരു ബി.എസ്.സി നഴ്‌സിന് ലഭിക്കുന്ന മാസവേതനം 8,000-15,000 രൂപ വരെ മാത്രമേയുള്ളുവെന്ന പരാതികൾ പോലും ഉയർന്നിട്ടുണ്ട്. ഈ കണ ക്കുകൾ കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സാക്ഷി പൊള്ളേണ്ടതാണ്. ലോകം അവരുടെ സേവ നത്തെ ആദരിക്കുമ്പോൾ, സ്വന്തം നാട്ടിൽ അവർക്കു വേണ്ട ആദരവും പ്രതിഫലവും ലഭിക്കാ ത്തതെന്തുകൊണ്ട് എന്നതാണ് അവരുടെ ചോദ്യം. മരണത്തോടു പോരാടുന്ന രോഗിയുടെ കിടക്കക്കരികിൽ അവസാനമായി നിൽക്കുന്ന കരുണയുടെ മുഖം പലപ്പോഴും നഴ്‌സുമാരു ടേതാണ്. ഡോക്ടർമാർ ചികിത്സയുടെ നിർദേശം നൽകുന്നതു, അതിനെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന കൈകൾ നഴ്‌സുമാരുടേതാണ്. ഇന്ന് കേരളത്തിൽ പല ജോലികൾക്കും മാന്യമായ ശമ്പളം ലഭിക്കുമ്പോൾ, കരുണയുടെ തൊഴിൽ ചെയ്യുന്ന ഈ നേഴ്‌സുമാരുടെ സേവനം ലാഭത്തിന്റെ തുലാസിൽ അളക്കരുത്.
മനുഷ്യജീവിതത്തിന്റെ ഏറ്റവും ദുർബലമായ നിമിഷങ്ങളിൽ നമ്മെ താങ്ങി നിർത്തുന്ന ചില കൈകളുണ്ട്. ശസ്ത്രക്രിയ മുറിയിലെ വെളുത്ത തീക്ഷണ വെളിച്ചത്തിനടിയിൽ, വേദനയു ടെ നിലവിളികൾ നിറഞ്ഞ വാർഡുകളിൽ, മരണവും ജീവിതവും തമ്മിലുള്ള ആ സൂക്ഷ്മരേ ഖയുടെ അരികിൽ നിശ്ശബ്ദമായി നിൽക്കുന്ന കരുണയുടെ കൈകൾ, അതാണ് നഴ്‌സു മാർ. രോഗിയുടെ ശരീരം ദുർബലമാകുമ്പോൾ അവരെ ശുചിയാക്കുകയും, രാത്രിയുടെ നിശ്ശ ബ്ദതയിൽ പോലും അവരുടെ വേദന കേൾക്കുകയും, ഒരുപാട് ആളുകൾപോലും അടു ത്തുവരാൻ മടിക്കുന്ന സാഹചര്യങ്ങളിൽ മനുഷ്യന്റെ മാന്യത കാത്തുസൂക്ഷിക്കുകയും ചെയ്യു ന്നവരാണ് അവർ. എന്നാൽ ഈ കരുണയും സേവനവും നിറഞ്ഞ തൊഴിൽ ചെയ്യുന്നവ രുടെ ജീവിതം ഇന്ന് ഒരു വേദനാജനകമായ യാഥാർത്ഥ്യത്തിന് മുന്നിലാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ കുറഞ്ഞത് 40,000 രൂപ പ്രതിമാസ ശമ്പളം ഉറപ്പാക്ക ണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലിറങ്ങിയിരിക്കുന്ന ഈ ഘട്ടം, ഒരു തൊഴിലാളി സമരമെന്നതിലുപരി ഒരു സമൂഹത്തിന്റെ മനസ്സാക്ഷിയെ പരീക്ഷിക്കുന്ന സംഭവമായി മാറി യിരിക്കുന്നു. മനുഷ്യസേവനം ലോകത്തിലെ ഏറ്റവും മഹത്തായ ധർമ്മങ്ങളിൽ ഒന്നായി നാം കാണുന്നു. എന്നാൽ ആ ധർമ്മം നിർവഹിക്കുന്നവർക്കുള്ള പ്രതിഫലം അവഹേളനമായാൽ അത് സമൂഹത്തിന്റെ ആത്മാവിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. മൃഗങ്ങളുടെ മാലിന്യം ശുചിയാക്കുന്ന തൊഴിലുകൾ പോലും ഇതിലധികം പ്രതിഫലം നൽകുമ്പോൾ, (ആ തൊഴിലി നെ വില കുറച്ചു കാണുന്നില്ല) എന്നാൽ അതെ പ്രവർത്തി ചെയ്യുന്ന ശയ്യാവലംബികളായ മനുഷ്യന്റെ വേദനയും ദുരിതവും കൈകാര്യം ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം ഇത്രയും താഴ്ന്ന നിലയിൽ തുടരുന്നത് ഒരു സാമൂഹിക വിരോധാഭാസമല്ലാതെ മറ്റെന്താണ്? കേരള ത്തിലെ എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലായി ഏകദേശം നൂറോളം ആശുപത്രികളിൽ നഴ്‌സുമാർ സമരത്തിലിറങ്ങിയിരിക്കുന്നു.
നേഴ്സസ് അസോസിയേഷൻ (UNA) നേതൃത്വം നൽകുന്ന ഈ സമരം, ഒരു തൊഴിൽസമര ത്തിന്റെ സാധാരണമായ ആവശ്യങ്ങളേക്കാൾ ഏറെ ആഴമുള്ള ഒരു നൈതികചോദ്യമാണ് ഉയർത്തുന്നത്. 2018-ൽ അവസാനമായി പുതുക്കിയ ശമ്പളഘടനകളിൽ വലിയ അസമത്വം നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞത് 40,000 രൂപയുടെ പ്രതിമാസ ശമ്പളം ഉറ പ്പാക്കണമെന്നതാണ് അവരുടെ പ്രധാന ആവശ്യം. സംസ്ഥാന സർക്കാർ 28,000 രൂപയുടെ അടിസ്ഥാന ശമ്പളം നിർദ്ദേശിച്ചെങ്കിലും അത് അവരുടെ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ പോലും സ്പർശിക്കാത്ത ഒരു സംഖ്യയായാണ് അവർ കാണുന്നത്. മനുഷ്യന്റെ മാന്യത സംര ക്ഷിക്കുന്ന ഒരു തൊഴിൽ ചെയ്യുന്നവർക്കുള്ള പ്രതിഫലം അത്രയെങ്കിലും മാന്യതയുള്ളതായി രിക്കണം എന്നതാണ് അവരുടെ നിലപാട്. ഈ സമരം കേരളത്തിന്റെ ആരോഗ്യരംഗം നേരി ടുന്ന മറ്റൊരു വലിയ പ്രശ്നത്തെയും വെളിച്ചത്തു കൊണ്ടുവരുന്നു, “ബ്രെയിൻ ഡ്രെയിൻ”. വിദേ ശരാജ്യങ്ങളിൽ മികച്ച ശമ്പളവും ബഹുമാനവും ലഭിക്കുന്നതിനാൽ കേരളത്തിലെ ആയിര ക്കണക്കിന് പ്രാവീണ്യമുള്ള നഴ്‌സുമാർ വിദേശത്തേക്ക് കുടിയേറുകയാണ്. ഇത് ഒരു വ്യക്തി യുടെ സാമ്പത്തിക മുന്നേറ്റത്തിനുള്ള ശ്രമം മാത്രമല്ല; അത് ഒരു സമൂഹത്തിന്റെ പരാജയ ത്തിന്റെ അടയാളവുമാണ്. സ്വന്തം നാട്ടിൽ സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലു കൾക്ക് മാന്യമായ ജീവിതം നൽകാൻ കഴിയാത്ത ഒരു സമൂഹം, ഒടുവിൽ സ്വന്തം കഴിവു കളെ നഷ്ടപ്പെടുത്തേണ്ടി വരും. എന്റെ ന്യായമായ ഒരു സംശയം സംസ്ഥാന ഗവണ്മെന്റ് ആശ വർക്കേഴ്സ് സമരത്തോട് പുറം തിരിഞ്ഞു നിന്നതു പോലെ നേഴ്സിങ് സ്റ്റാഫിലും 90%വും സ്ത്രീകളായതുകൊണ്ടാണോ?. ആശുപത്രികൾ മനുഷ്യജീവിതത്തിന്റെ സുരക്ഷി തത്വത്തിനായി നിലനിൽക്കുന്ന ഇടങ്ങളാണ്. എന്നാൽ ചില സ്വകാര്യ ആശുപത്രികളിൽ നേഴ്‌സുമാരെ “ട്രെയിനി” എന്ന പേരിൽ കുറഞ്ഞ ശമ്പളത്തിൽ ദീർഘകാലം ജോലി ചെയ്യി പ്പിക്കുന്ന പ്രവണത വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് ഒരു തൊഴിൽബന്ധമെന്നതിലു പരി ഒരു നൈതിക പ്രശ്നമാണ്. രോഗിയുടെ ജീവിതം കൈകാര്യം ചെയ്യുന്ന ഒരു പ്രൊഫഷ ണലിനെ ഇങ്ങനെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് മനുഷ്യസമൂഹത്തിന്റെ മൂല്യങ്ങ ളെ തന്നെ ചോദ്യം ചെയ്യുന്നു. കരുണയും മനുഷ്യസ്നേഹവും അടിസ്ഥാനമാക്കിയിരിക്കേണ്ട ആരോഗ്യ രംഗം, ലാഭം മാത്രം ലക്ഷ്യമാക്കുന്ന ഒരു വ്യാപാരരംഗമായി മാറുമ്പോൾ അതിന്റെ ഏറ്റവും വലിയ ഇരകളായി മാറുന്നത് നഴ്‌സുമാരും പാവം രോഗികളുമാണ്.
സമരത്തിനിടയിൽ ചില ആശുപത്രികൾ 40,000 രൂപ ശമ്പളം നൽകാൻ സമ്മതിച്ചതെന്നത് പ്രതീക്ഷയുടെ ഒരു കിരണമാണ്. എന്നാൽ പല വലിയ ആശുപത്രികളും ഇപ്പോഴും ഈ ആവ ശ്യങ്ങളെ അംഗീകരിക്കാൻ മടിക്കുന്നതും സത്യമാണ്. ഒരു സമൂഹത്തിന്റെ നന്മയെ അള ക്കുന്നത് അതിന്റെ ഏറ്റവും ദുർബലരായ ആളുകളെ എങ്ങനെ പരിഗണിക്കുന്നു എന്നതു കൊണ്ടാണ്. രോഗികളും നഴ്‌സുമാരും, ഈ രണ്ടുകൂട്ടരും ആശുപത്രികളുടെ ഏറ്റവും ദുർബ ലമായ ഘടകങ്ങളാണ്. എന്നാൽ ചിലപ്പോൾ ഇവരാണ് ഏറ്റവും കൂടുതൽ അവഗണിക്ക പ്പെടുന്നത്. നഴ്‌സിംഗ് ഒരു തൊഴിൽ മാത്രമല്ല; അത് മനുഷ്യസ്നേഹത്തിന്റെ ഏറ്റവും ശുദ്ധ മായ പ്രകടനങ്ങളിൽ ഒന്നാണ്. എന്നാൽ ഈ മഹത്തായ സേവനത്തെ സമൂഹം ചെറുതായി കാണുമ്പോൾ, അത് ഒരു തൊഴിലാളി പ്രശ്നമെന്നതിലുപരി ഒരു സംസ്കാരത്തിന്റെ പ്രതിസ ന്ധിയാകുന്നു. കഴിഞ്ഞ മാസം ഞാൻ ഇമലയാളീയിൽ എഴുതിയ "നേഴ്‌സുമാർ ജീവന്റെ കാവൽക്കാർ അവർക്കു നീതി വേണം” എന്ന ലേഖനത്തിനു അനുകൂലവും പ്രതികൂലവു മായ കമന്റ്സ് കണ്ടു, രണ്ടിനും നന്ദി. സൃഷിടിപരമായ വിമർശനം ഞാനെപ്പോഴും ഇഷ്ട്ടപ്പെടു ന്നയാളാണ്. ഞാൻ ചെറുപ്പത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടു വായിച്ചിരുന്നത് എം. കൃഷ്ണൻ നായർ സാർ എഴുതിയിരുന്ന സാഹിത്യ വാരഫലം. വളരെ നിശിതമായി സാർ വിമർശിക്കുമായി രുന്നു അപ്പോൾത്തന്നെ വ്യക്തിപരമായിരുന്നില്ല. ആദ്യെഹം ശുപാർശ ചെയ്യുന്ന പുസ്തക ങ്ങൾ തിരഞ്ഞെടുത്തു ഞാൻ വായിക്കാറുണ്ട്. ഇതിനും വിമർശകർ അടങ്ങിയിരിക്കില്ലെന്നു എനിക്കറിയാം. ഇന്നത്തെ കേരളസമൂഹം വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും മുന്നേറി എന്ന് നാം അഭിമാനത്തോടെ പറയാറുണ്ട്. പ്രത്യെകിച്ചു ആരോഗ്യകേരളം ഇന്ത്യയിലെ നമ്പർ വൺ എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം വിളിച്ചുകൂവിയിട്ടു എന്ത് പ്രയോജനം. എന്നാൽ ആ അഭിമാനത്തിന്റെ അടിത്തറയിൽ നിൽക്കുന്ന നഴ്‌സുമാരുടെ ജീവിതം തന്നെ ദുരിതപൂർണ്ണ മാണെങ്കിൽ, ആ അഭിമാനം ഒരു പൊള്ളയായ അവകാശവാദമായി മാറും. മനുഷ്യജീവിത ത്തിന്റെ ഏറ്റവും നിർണായകമായ നിമിഷങ്ങളിൽ നമ്മെ രക്ഷിക്കുന്നവരുടെ ജീവിതം തന്നെ അനിശ്ചിതത്വത്തിലും സാമ്പത്തിക ദുരിതത്തിലും ആണെങ്കിൽ, അത് ഒരു സമൂഹത്തിന്റെ നൈതികപരാജയമാണ്. അതിനാൽ കേരളത്തിലെ നഴ്‌സുമാരുടെ സമരം ഒരു ശമ്പളസമര മെന്നതിലുപരി ഒരു വലിയ സാമൂഹികസംഭാഷണമാണ്. ഇത് നമ്മോട് ചോദിക്കുന്ന ചോദ്യം വളരെ ലളിതവും അതേസമയം അത്യന്തം ഗൗരവമുള്ളതുമാണ്:
ഒരു സമൂഹത്തിന്റെ മഹത്വം അതിന്റെ കെട്ടിടങ്ങളാലോ സമ്പത്തിനാലോ അളക്കപ്പെടുന്നില്ല. അതിന്റെ മഹത്വം അളക്കപ്പെടുന്നത് മനുഷ്യനെ സംരക്ഷിക്കുന്ന കൈകളെ എത്രമാത്രം ആദരി ക്കുന്നു എന്നതുകൊണ്ടാണ്. ഇന്ന് കേരളത്തിലെ നഴ്‌സുമാരുടെ സമരം നമ്മെ ഈ സത്യത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നു. ഒരു രോഗിയുടെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിൽ, കുടുംബാംഗങ്ങൾ പോലും നിസ്സഹായരായി നിൽക്കുന്ന സമയങ്ങളിൽ, അവന്റെ ശരീര ത്തെ ശുചിയാക്കുകയും, അവന്റെ വേദന കേൾക്കുകയും, അവന്റെ ഭയങ്ങളെ ശാന്തമാ ക്കുകയും ചെയ്യുന്നവരാണ് നഴ്‌സുമാർ. ആരോഗ്യരംഗം ചിലപ്പോഴൊക്കെ ലാഭത്തിന്റെ തണു ത്ത കണക്കുകളിലേക്ക് ചുരുങ്ങുമ്പോൾ, മനുഷ്യസേവനത്തിന്റെ മഹത്വം തന്നെ ചെറുതാ കുന്നു. ഈ സമരത്തിന്റെ ഏറ്റവും വേദനാജനകമായ വശം, പല മതസ്ഥാപനങ്ങളുടെയും കീഴിലുള്ള ആശുപത്രികൾ പോലും ഈ ആവശ്യങ്ങളിൽ കടുത്ത നിലപാട് സ്വീകരിക്കുന്ന താണ്. കരുണ, ദയ, സേവനം എന്നീ ആത്മീയ മൂല്യങ്ങൾ പ്രഘോഷിക്കുന്ന സ്ഥാപനങ്ങൾ തന്നെ മനുഷ്യസേവനം ചെയ്യുന്ന നഴ്‌സുമാരുടെ വേദനയോട് കാതടയ്ക്കുമ്പോൾ അത് ഒരു വലിയ വിരോധാഭാസമാണ്. വിശ്വാസത്തിന്റെ പേരിൽ നാം ഉയർത്തുന്ന കെട്ടിടങ്ങൾ മനുഷ്യ സ്നേഹത്തിന്റെ അടിസ്ഥാനത്തെ തന്നെ മറക്കുകയാണെങ്കിൽ, അവ ആത്മീയതയുടെ സ്മാരകങ്ങളല്ല, മറിച്ച് നമ്മുടെ നൈതികമറവിയുടെ സാക്ഷ്യങ്ങളായിത്തീരും. സർക്കാരി ന്റെ നിശ്ശബ്ദതയും ഇവിടെ ഒരു വലിയ ചോദ്യമായി നിലകൊള്ളുന്നു. ഒരു സമൂഹത്തിന്റെ ആരോഗ്യരംഗം നിലനിൽക്കുന്നത് ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും സേവനത്തി ലാണ്. എന്നാൽ അതിൽ പ്രധാന പങ്ക് വഹിക്കുന്ന നഴ്‌സുമാർ തന്നെ സാമ്പത്തികമായി അവ ഗണിക്കപ്പെടുമ്പോൾ, അത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തെയും ചോദ്യം ചെയ്യുന്നു. അധികാരവും സ്ഥാപനങ്ങളും തമ്മിലുള്ള അടുപ്പം ചിലപ്പോൾ സത്യം കേൾക്കാൻ പോലും തയ്യാറാകാത്ത ഒരു അവസ്ഥ സൃഷ്ടിക്കുന്നു.
ഒരു സമൂഹത്തിന്റെ നന്മ രാഷ്ട്രീയ സൗകര്യങ്ങളാൽ അല്ല, നീതിയാൽ ആണ് നിലനിൽക്കു ന്നത്. മാധ്യമങ്ങളുടെ നിശ്ശബ്ദതയും സമാനമായി വേദനാജനകമാണ്. സമൂഹത്തിലെ അനീ തികളെ വെളിച്ചത്തിലേക്ക് കൊണ്ടുവരേണ്ട ശബ്ദങ്ങൾ തന്നെ ചിലപ്പോൾ മൗനത്തിലാകു മ്പോൾ, നീതിയുടെ വഴികൾ കൂടുതൽ ഇരുണ്ടതാകുന്നു. ഷാജൻ സ്കറിയയെ പോലെ ചില ആളുകൾ മാത്രമാണ് ഈ വിഷയത്തെ ശക്തമായി ഉന്നയിക്കുന്നത്; എന്നാൽ ഒരു സമൂഹ ത്തിന്റെ ഭാവി നിർണയിക്കുന്ന വിഷയങ്ങളിൽ പൊതുചർച്ച ഉണ്ടാകേണ്ടത് അനിവാര്യ മാണ്. മനുഷ്യ സേവനത്തിന്റെ വിലയെക്കുറിച്ചുള്ള ഈ ചർച്ച കേരളത്തിന്റെ സാമൂഹികമന സ്സാക്ഷിയെ ഉണർത്തേണ്ടതാണ്. മനുഷ്യജീവിതത്തെ സംരക്ഷിക്കുന്ന ഒരു പ്രൊഫഷണ ലിന് കുറഞ്ഞത് 40,000 രൂപ ശമ്പളം പോലും മതിയാകുമോ എന്നതാണ് യഥാർത്ഥ ചോദ്യം. അത് വളരെ കുറവാണെന്നാണ് എന്റെ പക്ഷം, ഇത് പറയുവാൻ കാരണം ഞാൻ ഒരാശുപ ത്രിയിൽ മുപ്പതിലധികം വർഷം ജോലി ചെയ്തു ഈ നേഴ്‌സുമാരുടെ സേവനം കണ്ടറി ഞ്ഞി ട്ടുമുണ്ട്. യാഥാർത്ഥ്യത്തിൽ, അവരുടെ സേവനത്തിന്റെ വില കണക്കാക്കുമ്പോൾ 50,000 മുതൽ 100,000 രൂപ വരെയുള്ള ശമ്പളം പോലും അന്യായമല്ല. കാരണം അവർ ചെയ്യുന്ന ജോലി ഒരു സാധാരണ തൊഴിൽമാത്രമല്ല; അത് മനുഷ്യജീവിതത്തെ സംരക്ഷിക്കുന്ന ഒരു ദൗത്യമാണ്. ഒരു സമൂഹം തന്റെ അധ്യാപകരെയും ഡോക്ടർമാരെയും നഴ്‌സുമാരെയും ആദരിക്കുമ്പോഴാണ് അത് സാംസ്കാരികമായി വളരുന്നത്. മനുഷ്യസേവനത്തെ ആദരി ക്കാത്ത ഒരു സംസ്കാരം ഒടുവിൽ മനുഷ്യനെ അവഗണിക്കുന്നതിലേക്കാണ് വഴിമാറുക. ഇന്ന് കേരളത്തിലെ നഴ്‌സുമാരുടെ സമരം ഒരു തൊഴിലാളി സമരം മാത്രമല്ല, അത് നമ്മുടെ മനസ്സാക്ഷിയോട് ചോദിക്കുന്ന ഒരു ശബ്ദമാണ്.
മനു ഫിലിപ്പ്, പുത്തൻകുരിശ്

