നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ പ്രതികളായ അമ്മ അഖിലയെയും പങ്കാളി അഷ്‌കറെയും നെടുമങ്ങാട് എസ്.എസ്.ടി സ്പെഷ്യൽ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കാൻ ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തേണ്ടതുണ്ടെന്നും, കേസ് അന്വേഷണം പുതിയ ഡിവൈഎസ്പി ഏറ്റെടുത്ത സാഹചര്യത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. നേരത്തെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ മുഖ്യപ്രതി അഷ്കറിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ ജനരോഷവും പ്രതിഷേധവും ഉണ്ടായിരുന്നു.
മുഖ്യപ്രതിയായ അഷ്കറിനെതിരെ കൊലക്കുറ്റം, കുട്ടികൾക്കെതിരെയുള്ള അതിക്രമം (ജെ.ജെ ആക്ട്), പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമം (SC/ST Act) തുടങ്ങിയ അതീവ ഗുരുതരമായ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. സ്വന്തം കുഞ്ഞിനെ ക്രൂരമായി വകവരുത്താൻ ഒത്താശ ചെയ്തതിനും കുറ്റകൃത്യത്തിന് പ്രേരണ നൽകിയതിനുമാണ് അമ്മ അഖിലയെ പ്രതിയാക്കിയിരിക്കുന്നത്.

