എന്‍റെ ബാല്യകാലം എന്നു പറയുമ്പോള്‍ ഒരു ഇരുപത് ഇരുപത്തഞ്ച് വര്‍ഷം പുറകോട്ടു പോകണം. 90െ കിഡ്സിന്‍റെ കുട്ടിക്കാലം അതായിരുന്നു. ഏറ്റവും നല്ലകാലം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി പോലും വിരളം ആയിരുന്ന കാലം. കേബിള്‍, മൊബൈല്‍ഫോണ്‍, വീഡിയോ ഗെയിംസ് ഒക്കെ കേട്ടുകേള്‍വി പോലും ഇല്ലാത്ത കാലം, ഒരു നാട്ടിലെ പിള്ളേര്‍ എല്ലാവരും ഒരേ സ്കൂളില്‍ പഠിച്ച കാലം. കൂട്ടം കൂട്ടമായി നടന്നു സ്കൂളില്‍ പോയിരുന്ന കാലം, എല്ലാര്‍ക്കും എല്ലാരേയും അറിയാമായിരുന്ന കാലം... അങ്ങനെ ഒരു കാലഘട്ടത്തിലെ ചില ഓര്‍മ്മകളാണ് ഇവിടെ കുത്തിക്കുറിക്കുന്നത്.
എന്‍റെ ബാല്യകാലത്തിനു മാമ്പഴത്തിന്‍റെയും ആഞ്ഞിലിക്കാ വിലയുടേം പാടത്തെ ചേറിന്‍റെയും ചക്കപ്പഴത്തിന്‍റെയും ഒക്കെ മണം ആണ്. അവധിയെന്നു വെച്ചാല്‍ അമ്മവീടാണ്. പള്ളിക്കൂടം അടയ്ക്കുമ്പോഴേ കുറെ തുണി ഒക്കെ വാരിക്കെട്ടി അനിയനെയും കൂട്ടി അമ്മയുടെ കൂടെ പാലാ-കല്ലറ ഒറ്റബസില്‍ കയറി ഉള്ള യാത്ര എന്‍റെ നാട്ടില്‍ നിന്നും രണ്ട് സ്റ്റോപ്പ് കഴിയുമ്പോളേക്കും എനിക്ക് ഓക്കാനം വന്നു തുടങ്ങും. ഛര്‍ദ്ദി ഒഴിവാക്കാനായി എന്നെ ഡ്രൈവറുടെ നേരെ ഏറ്റവും മുമ്പിലുള്ള പെട്ടിപ്പുറത്ത് കൊണ്ടുപോയി ഇരുത്തും. ഇടയ്ക്കൊക്കെ തിരിഞ്ഞുനോക്കി അമ്മ പുറകില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് യാത്ര. അങ്ങനെ മുന്നിലെ കാഴ്ചകള്‍ കണ്ട്, ഏറ്റുമാനൂര്‍, കാരിസ്ഭവന്‍, പ്രാവട്ടം കഴിഞ്ഞ് നീണ്ടൂര്‍ എത്തും. അമ്മയുടെ അമ്മവീട് അവിടെയാണ്. അമ്മേടെ അപ്പച്ചനെയും അമ്മച്ചിയേയും ചെറിയ ഓര്‍മ്മയേ ഉള്ളൂ. പക്ഷേ, കല്ലറയ്ക്കു പോകുന്ന വഴി എപ്പോഴും അവിടെ ഇറങ്ങുമാരുന്നു. അവിടെ അപ്പച്ചനേയും അമ്മച്ചിയേയും അമ്മായിയേയും മറ്റു ബന്ധുക്കളെയും ഒക്കെ കണ്ട് ചെറിയ സല്‍ക്കാരം ഒക്കെ സ്വീകരിച്ചു വീണ്ടും ബസ് സ്റ്റോപ്പിലേക്ക്.
അടുത്ത് കോട്ടയം വൈക്കം റൂട്ടില്‍ ഓടുന്ന ഏതെങ്കിലും ബസില്‍ കയറി 3, 4 സ്റ്റോപ്പ് കഴിഞ്ഞാല്‍ കല്ലറ ആയി. നീണ്ടൂര്‍ കല്ലറ റൂട്ട് മുഴുവന്‍ പാടശേഖരങ്ങളും തോടും പാലങ്ങളും ആമ്പല്‍ കുളങ്ങളുമാണ്. എന്‍റെ അനിയന് ബസ് പാലത്തില്‍ കയറുമ്പോള്‍ ഭയങ്കര പേടിയാരുന്നു. അവന്‍ കണ്ണ് ഇറുക്കിപ്പിടിച്ച് ഇരിക്കും.
അങ്ങനെ കല്ലറ പഴയ പള്ളി കവലയില്‍ വണ്ടി ഇറങ്ങി. ഇനി ഒന്ന് ഒന്നര നടപ്പാണ്. ഓട്ടോറിക്ഷ പിടിച്ചു പോകാം. പക്ഷേ, പിശുക്കിയും ആരോഗ്യവതിയുമായ എന്‍റെ മാതാവ് നടന്നേ പോകൂ. അതിന്‍റെ പ്രധാന കാരണം ഇനി അങ്ങോട്ട് കണ്ണില്‍ കണ്ട നാട്ടുകാരോടെല്ലാം വര്‍ത്തമാനം പറയാം, സ്വന്തം നാടിന്‍റെ ഭംഗി ആസ്വദിക്കാം, നീണ്ടൂര്‍ നിന്നും കഴിച്ച ആഹാരം ദഹിപ്പിക്കാം. എന്നാലേ സ്വന്തം വീട്ടില്‍ ചെന്ന് വീണ്ടും കഴിക്കാന്‍ പറ്റൂ!
ഒരു പത്തു പതിനഞ്ചു മിനിറ്റ് നടന്നുകഴിഞ്ഞാല്‍ ഒരു മൂന്നുംകൂടിയ കവല വരും. ഇന്ന് ആ വഴി ആലപ്പുഴ കോട്ടയം ഹൈവേ ആണ്. നേരെ വഴിയേ പോയാല്‍ സമയം കൂടുതല്‍ എടുക്കും. അതുകൊണ്ട് മാതാവ് വേറെ കണ്ടംവഴി ഇറങ്ങി നടക്കും. ഞങ്ങള്‍ വെച്ച്പിടിച്ചു പുറകേ പോണം. ഇടയ്ക്ക് തോട് ചാടി കടക്കണം. കയ്യാല ചാടണം, നീര്‍ക്കോലിയെ കണ്ടു പകച്ചു നിക്കണം. പുല്ലു മേയുന്ന പശുക്കളുടെ കുത്തു കൊള്ളാതെ നോക്കണം. അതിന് ഇടയ്ക്ക് കാണുന്ന നാട്ടുകാരോട് എല്ലാം മാതാവ് കത്തിവെച്ച് കഴിയുന്ന വരെ അക്ഷമരായി കാത്തു നില്‍ക്കണം.
അങ്ങനെ ഒരുവിധം ഒരു കുന്നിന്‍ ചെരുവില്‍ എത്തും. ശാസ്താവ് കുന്നുപുറം എന്നാണ് അറിയപ്പെടുന്നത് ആ കുന്നിന്‍റെ മുകളില്‍ ഒരു കുഞ്ഞ് അമ്പലം, ആല്‍ത്തറ ഒക്കെ ഉണ്ട്. ഈ കുന്നിന്‍പുറം കഴിഞ്ഞാല്‍ അമ്മവീട്ടിലേക്ക് പത്തു മിനിറ്റ് പോലും ഇല്ല. പക്ഷേ, ഈ വഴി ഒന്ന് കടന്നു കിട്ടാന്‍ ആണ് ഏറ്റവും പാട്. മാതാവിന്‍റെ സ്വന്തം തട്ടകം ആണ്. എല്ലാ വീടിന്‍റെയും മുന്നില്‍ ചെന്ന് നിന്ന് കലപില വര്‍ത്തമാനമാ. അമ്മയുടെ കൂട്ടുകാരുടെ, ബന്ധുക്കാരുടെ, അയല്‍ക്കാരുടെ വീടുകള്‍.
കുറെ കഴിഞ്ഞു ക്ഷമ നശിച്ചു ഞാനും അനിയനും ഒറ്റ ഓട്ടം. അങ്ങനെ അമ്മവീട്ടില്‍ എത്തി. ഇപ്പോള്‍ ഏകദേശം നട്ടുച്ച ആയിട്ടുണ്ടാകും. ആരുടെ വീട്ടിലും ഫോണ്‍ ഇല്ല. അമ്മച്ചിക്ക് ഞങ്ങള്‍ വരുമെന്ന് അറിഞ്ഞുകൂടാ. പക്ഷേ, അമ്മച്ചിയുടെ ആറാം ഇന്ദ്രിയം പ്രവര്‍ത്തിക്കും. അമ്മച്ചി എങ്ങനെയോ കൃത്യമായി ഊഹിക്കും. കൃത്യം ചക്കക്കുരു മാങ്ങയോ ചെമ്മീനും മാങ്ങയോ കടുക് താളിച്ച് ഇറക്കുമ്പോള്‍ ആയിരിക്കും ഞങ്ങളുടെ വരവ്. ആ കൂട്ടത്തില്‍ മീന്‍ വറുത്തതും മീന്‍ കറിയും ചീര തോരനും ഉറപ്പായും കാണും. മാതാവിനെ കാണുമ്പോള്‍ അപ്പച്ചനും അമ്മച്ചിക്കും ഭയങ്കര സന്തോഷം. കുറച്ചുനേരം വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു വിശാലമായ ഊണ്. ഇത്രേ കറി ഒക്കെ ഉണ്ടെങ്കിലും അമ്മച്ചി അതിന്‍റെ കൂടെ താറാവിന്‍റെ മുട്ട പൊരിച്ചതും അച്ചാറും കൂടെ വിളമ്പും. ആ ഊണിന്‍റെ രുചിയൊക്കെ ഇപ്പോളും നാവിന്‍തുമ്പത്ത് ഉള്ളതുപോലെ.
ഊണു കഴിഞ്ഞ് ഉടുപ്പൊക്കെ മാറി പിന്നെ സന്ദര്‍ശനം തുടങ്ങുകയായി. ആദ്യം കന്നുകാലി കൂട്, ആട്ടിന്‍കൂട്. ഉറപ്പായും പുതിയ പശുക്കിടാവും ആട്ടിന്‍കുട്ടികളും ഉണ്ടാകും. അവരാണ് നമ്മുടെ കളിപ്പാട്ടങ്ങള്‍. കുറെനേരം അതിങ്ങവെ ഇട്ടു ഓടിച്ചശേഷം താഴെ പറമ്പില്‍ തോടിന്‍റെ അരികത്തു പോകും. അവിടെ അപ്പച്ചന്‍റെ വള്ളം ഉണ്ട്. വള്ളത്തില്‍ കേറി കുറച്ചുനേരം അങ്ങോട്ടും ഇങ്ങോട്ടും ഊന്നുകഴിഞ്ഞു തിരിച്ചു വീട്ടിലേക്ക്.
അന്ന് വീടിന്‍റെ മുകളില്‍ കയറാന്‍ ടെറസ് ഇല്ലാരുന്നു. ടെറസ്സിലേക്ക് ചാന്നു നില്‍ക്കുന്ന വലിയ ഒരു പേരമരം ഉണ്ട്. മൂത്തതും പൊക്കം കൂടിയതും ആയ ഞാന്‍ പേര വഴി വലിഞ്ഞു മുകളില്‍ ടെറസില്‍ കയറി പേരക്ക ഒക്കെ പറിച്ചു തിന്നും. ഇടയ്ക്കു താഴെ നില്‍ക്കുന്ന ഇളയവനും കുഞ്ഞനും ആയ അനിയന് ഇട്ടുകൊടുക്കും. പിന്നീട് വലുതായപ്പോള്‍ അവനും മരം കയറ്റം പഠിച്ചു.
ഈ നേരംകൊണ്ട് അമ്മയും അമ്മച്ചിയും കൂടി പഴംപുരാണം, പരദൂഷണം, വിശേഷം എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടുണ്ടാകും. ഒരു മയക്കം കഴിഞ്ഞ അപ്പച്ചന്‍ പശുക്കളെ കറക്കാന്‍ പോകുന്നു. അമ്മച്ചി ആടിനെ കറക്കാന്‍ പോകുന്നു. ഞങ്ങള്‍ പുല്ലും പ്ലാവിലയും ഒക്കെ കൊടുത്ത് പശുക്കളെയും ആടിനെയും ഒക്കെ പ്രോത്സാഹിപ്പിക്കുന്നു. നല്ല കറവ ഉള്ള പശുക്കളാണ്. വീട്ടിലെ ആവശ്യം കഴിഞ്ഞും പാല്‍ ഉള്ളതുകൊണ്ട് കുറെ പാല് സൊസൈറ്റിയില്‍ കൊടുക്കണം. വലിയ സ്റ്റീലിന്‍റെ കുറ്റി കഴുകി അപ്പച്ചന്‍ പാല് നിറയ്ക്കും. ഞങ്ങളും അപ്പച്ചന്‍റെ കൂടെ പാല് കൊടുക്കാന്‍ നടന്നു പോകും. ഈ വഴി അപ്പച്ചന്‍ പഴ കഥകളും മക്കളുടെ കാര്യങ്ങളും അപ്പച്ചന്‍റെ ചെറുപ്പത്തിലെ കാര്യങ്ങളും ഒക്കെ പറയും. പോകുന്ന വഴി നാട്ടുകാരെ കാണുമ്പോള്‍ മോളിയുടെ മക്കളാണെന്ന് അഭിമാനത്തോടെ പരിചയപ്പെടുത്തി കൊടുക്കും.
പാല് കൊടുത്ത് വരുന്ന വഴി അപ്പച്ചന്‍റെ തറവാട് ഉണ്ട്. അവിടെ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തി തിരിച്ചു വീട്ടിലേക്ക്. ഇനിം എല്ലാ ദിവസം അവരെ കാണാല്ലോ. തിരിച്ചു വീട്ടില്‍ വരുമ്പോള്‍ നല്ല ആട്ടിന്‍ പാലൊഴിച്ച ചായ, അവലു വിളയിച്ചത്, അരിയുണ്ട, പുഴുങ്ങിയ മുട്ട ഒക്കെ ഉണ്ടാകും.
ഇതോടെ സമയം ഏകദേശം അഞ്ചു മണി. അടുത്ത ഒറ്റബസ് അഞ്ചരക്ക് ആണ്. അമ്മ പോകാന്‍ തയ്യാറാകുന്നു. അതാകുമ്പോള്‍ ആറര ആകുമ്പോള്‍ അമ്മക്ക് വീട്ടില്‍ ചെല്ലാം. എന്നിട്ട് വേണം കോഴികളെയും പശുവിനെയും ഒക്കെ കൂട്ടില്‍ കയറ്റാന്‍. ഞങ്ങളെ അമ്മവീട്ടില്‍ ആക്കിയിട്ടു അമ്മ തിരിച്ചുപോകുന്നു. മടക്കം നല്ല റോഡില്‍ കൂടേ ആണ്. കാരണം കൈയില്‍ അത്യാവശ്യത്തിനു കനം ഉണ്ട്.
താറാമുട്ട, മീനു, തേങ്ങാ, ഏത്തക്ക അങ്ങനെ എന്തൊക്കെയോ അമ്മച്ചി കെട്ടിപ്പെറിക്കി കൊടുത്തുവിടും. മെയിന്‍ റോഡില്‍ കൂടെ പോയാല്‍ വല്ല ഓട്ടോറിക്ഷ കിട്ടും. ഇനി രണ്ടുമാസം തകര്‍ത്ത് ആഘോഷം. ഒന്ന് രണ്ട് ദിവസത്തിനകം അമ്മയുടെ ചേച്ചിയുടേം അനിയത്തിയുടേയും മക്കള്‍ വരും. ഇനി അവര്‍ക്ക് വേണ്ടി ഉള്ള കാത്തിരിപ്പാണ്...

ജൂബി ഡോൺ പതിപ്ലാക്കിൽ

