PRAVASI

(വഴിവിളക്കുകള്‍) ചെല്ലപ്പന്‍ ചേട്ടന്‍

Blog Image

ചില മുഖങ്ങള്‍ അങ്ങനെയാണ്. കാലത്തിന്‍റെ തിരമാലകള്‍ എത്ര ഊക്കോടെ ആഞ്ഞടിച്ചാലും അവ മായില്ല. ബാല്യ കൗമാരങ്ങളെ ചുറ്റിത്തെളിയുന്ന മുഖങ്ങളില്‍ അങ്ങനെ ഒന്നാണ് ചെല്ലപ്പന്‍ ചേട്ടന്‍റേത്. എനിക്കെഴുതാന്‍ ഒരു നൂറു കഥകള്‍ ബാക്കിവെച്ച ചെല്ലപ്പന്‍ ചേട്ടന്‍. കാതില്‍ ചുവന്ന കടുക്കനിട്ട, ചിരിക്കുമ്പോള്‍ കൂടെ കുലുങ്ങി ചിരിക്കുന്ന കുടവയറുള്ള, ചെല്ലപ്പന്‍ ചേട്ടന്‍.
രണ്ടാം ക്ലാസില്‍ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച ചെല്ലപ്പന്‍ ചേട്ടന്‍, മലയാളം അക്ഷരങ്ങള്‍ കഷ്ടിച്ചു കൂട്ടിവായിച്ചിരുന്നു. അമ്മച്ചിയുടെ മരണശേഷം, അപ്പച്ചന്‍റെ കാഴ്ച ഞരമ്പുകള്‍ പണിമുടക്കുന്നതിനും മുമ്പേ വീട്ടുജോലിക്കായി എത്തിയതാണ് ചെല്ലപ്പന്‍ ചേട്ടന്‍. എഴുപതിനു മുകളില്‍ പ്രായം. കായലിന്‍റെ ഓളപ്പരപ്പിലും വള്ളംകളിയുടെ ആവേശത്തിലും പിടക്കുന്ന കരിമീനിന്‍റെ ചൂരിലും കുടംപുളിയിട്ടുവെച്ച മീന്‍കറിയുടെ സ്വാദിലും അഭിരമിക്കുന്ന ഒരു തികഞ്ഞ കുമരകംകാരന്‍. റബര്‍മരങ്ങളും ഒട്ടുപാലും കപ്പപ്പുഴുക്കും ഉണക്കമീനും ചേമ്പും കാച്ചിലുമൊക്കെ ആ പാവത്തിനുണ്ടാക്കിയ നഷ്ടബോധം എത്രയായിരുന്നിരിക്കണം?
വീടിനെയും നാടിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് മറ്റൊരു നാട്ടില്‍ അത്രയൊന്നും മെച്ചമല്ലാത്ത ശമ്പളത്തിന് ജോലി ചെയ്യേണ്ടിവന്നതിന്‍റെ നിരാശയെ ചെല്ലപ്പന്‍ ചേട്ടന്‍ തോല്‍പ്പിച്ചിരുന്നത് നിറംപിടിപ്പിച്ച കുറേ കഥകളിലൂടെ ആയിരുന്നു. എന്‍റെ കുട്ടിക്കാല കൗതുകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ചെല്ലപ്പന്‍ ചേട്ടന്‍റെ ചുവന്ന കടുക്കനേക്കാള്‍, നിറവും തിളക്കവും ഉണ്ടായിരുന്നു ഊണിനൊപ്പം ചെല്ലപ്പന്‍ ചേട്ടന്‍ വിളമ്പിയിരുന്ന രസികന്‍ കഥകള്‍ക്ക്.


പണ്ടേതോ പള്ളിയിലച്ചന്‍റെ കുശിനിക്കാരനായി കഴിഞ്ഞു കൂടിയതിന്‍റെ പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍, വേളിമലയിലെ അതിസാഹസങ്ങളെക്കുറിച്ചുള്ള വീരോദാത്ത കഥകള്‍, പ്രിയപ്പെട്ട പത്മയെക്കുറിച്ച് പ്രണയം തുടിക്കുന്ന നൂറോര്‍മ്മകള്‍, മഹാരാജാവിന്‍റെ പട്ടും വളയും കിട്ടിയ അതിപ്രതാപശാലികളായ ഇല്ലിക്കളം തറവാട്ടുകാരേക്കുറിച്ചും അവിടുത്തെ ആശ്രിത ജോലിയെക്കുറിച്ചുമുള്ള അഭിമാനം സ്ഫുരിക്കുന്ന കഥകള്‍.... കുടംപുളിയിട്ട് ചെല്ലപ്പന്‍ ചേട്ടന്‍ വച്ചിരുന്ന ഉഗ്രന്‍ മീന്‍കറിയോട് കിടപിടിക്കുന്ന സ്വാദായിരുന്നു ആ കഥകള്‍ക്കെല്ലാം. കുട്ടിക്കുതൂഹലം ആ ഊതി വീര്‍പ്പിച്ച ബലൂണുകളെ ആഘോഷമാക്കി.
നാട്ടിലെ പ്രമാണിയായിരുന്നു അപ്പച്ചന്‍. പലതരം ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി അപ്പച്ചനെ കാണാനെത്തിയിരുന്നു. ആതിഥ്യമര്യാദയില്‍ കണിശക്കാരനായിരുന്ന അപ്പച്ചന്‍, വീട്ടില്‍ വരുന്നവര്‍ക്കെല്ലാം ഒരു ഗ്ലാസ് കാപ്പിയോ, വെള്ളമോ എങ്കിലും കൊടുക്കണമെന്ന് നിര്‍ബന്ധമുള്ളയാളായിരുന്നു. ഈ സന്ദര്‍ശക ബാഹുല്യം തെല്ലൊന്നുമല്ല ചെല്ലപ്പന്‍ ചേട്ടനെ അലോസരപ്പെടുത്തിയിരുന്നത്. ഉച്ചമയക്കത്തിന്‍റെ സമയത്ത് വന്നിരുന്ന ഇത്തരം അതിഥികളോട് ചെല്ലപ്പന്‍ ചേട്ടന്‍ ഒരുതരം അമര്‍ഷം തന്നെ പ്രകടിപ്പിച്ചിരുന്നു.
അന്നും ചെല്ലപ്പന്‍ ചേട്ടന്‍ പതിവ് ഉച്ചമയക്കത്തിലായിരുന്നു. അപ്പച്ചനെ കാണാനായി സഹകരണ ബാങ്കിന്‍റെ കമ്മിറ്റി അംഗങ്ങള്‍ അഞ്ചാറു പേരെത്തി. സംസാരം മുറുക്കുന്നതിനിടയില്‍ അപ്പച്ചന്‍ ചെല്ലപ്പന്‍ ചേട്ടനെ വിളിച്ചു. ഉറക്കച്ചടവോടെ കണ്ണും തിരുമ്മി എഴുന്നേറ്റു വന്ന ചെല്ലപ്പന്‍ ചേട്ടനോട് സന്ദര്‍ശകര്‍ക്ക് കാപ്പി എടുക്കാന്‍ അപ്പച്ചന്‍ ആവശ്യപ്പെട്ടു. ചെല്ലപ്പന്‍ ചേട്ടന്‍ ഉറക്കെ പ്രസ്താവിച്ചു- "പാലില്ല." രംഗം മയപ്പെടുത്താന്‍ കമ്മിറ്റി അംഗങ്ങളില്‍ ആരോ പറഞ്ഞു, "കട്ടന്‍ മതി". തിളച്ച ഒരു കലം കാപ്പി അയാളുടെ വായില്‍ ഒഴിക്കാനുള്ള ദേഷ്യത്തോടെ ചെല്ലപ്പന്‍ ചേട്ടന്‍ അടുക്കളയിലേക്ക് പോയി. കുറച്ചു സമയത്തിനു ശേഷം രണ്ടു കൈയിലും ഓരോ ഗ്ലാസ് കട്ടന്‍കാപ്പിയുമായി തിരിച്ചെത്തി. കാപ്പിഗ്ലാസുകള്‍ ടീപ്പോയില്‍ വച്ച് ചെല്ലപ്പന്‍ ചേട്ടന്‍ സ്വീകരണമുറിയില്‍ നിലയുറപ്പിച്ചു. ബാക്കി കാപ്പികളേക്കൂടി പ്രതീക്ഷിച്ച് അവര്‍ സംസാരം തുടര്‍ന്നു. പത്തു മിനിട്ട് കഴിഞ്ഞിട്ടും ചെല്ലപ്പന്‍ ചേട്ടന് ഒരു അനക്കവുമില്ല. ക്ഷമ നശിച്ച അപ്പച്ചന്‍ ഒടുവില്‍ ചോദിച്ചു- "ബാക്കി കാപ്പി എവിടെ?" ഒട്ടും മടിക്കാതെ ചെല്ലപ്പന്‍ ചേട്ടന്‍ മറുപടി പറഞ്ഞു. "അത് അച്ചായാ, രണ്ടു കാപ്പിപോലും ഇതുവരെ ആരും കുടിച്ചിട്ടില്ല. വെറുതെ എന്തിനാ ബാക്കി കാപ്പി കൂടി എടുത്തുകളയുന്നത്?"
പൊതുവെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആത്മനിയന്ത്രണം നഷ്ടപ്പെടാറുള്ള അപ്പച്ചന്‍, ഇത്തവണ ആ നര്‍മ്മത്തില്‍ പൊട്ടിച്ചിരിച്ചു. കമ്മിറ്റിക്കാരും കൂടെ ചിരിച്ചു. ഇത്ര ചിരിക്കാന്‍ മാത്രം താനെന്തു ഫലിതമാണ് പറഞ്ഞതെന്ന് മനസ്സിലാവാതെ ചെല്ലപ്പന്‍ ചേട്ടനും ഒരു വിളറിയ ചിരി ചിരിച്ചു!

ആന്‍സി സിറിയക് ഇലക്കാട്ട്  

(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.