വെളിയിൽ കിളികളുടെ കളകളാരവം,
ഒരു അലാറത്തിന്റെ സമയത്തിനും കാത്തുനിൽക്കാതെ പൂവൻകോഴി തന്റെ ഉത്തരവാദിത്വം പതിവുപോലെ വിളിച്ചറിയിക്കുന്നു. സൂര്യൻ പതിയെ തന്റെ തങ്കരശ്മികളെ എല്ലായിടവും വീശി എറിഞ്ഞുകൊണ്ട് കടന്നുവരുന്നു. എണീയ്ക്കാൻ അല്പം വിരസത തോന്നിയതിനാൽ ക്ലോക്കിൽ നോക്കി ശ്രീക്കുട്ടി വീണ്ടും പുതപ്പ് ഒന്നുകൂടി തലയിൽ മൂടികിടന്നു. ഇന്ന് അവധി ആണെല്ലോ, അമ്മ വിളിയ്ക്കില്ല എന്നഒരാശ്വാസം, എങ്കിലും എന്തോ നിദ്ര മടങ്ങി വരാൻ വിസ്സമ്മതം കാട്ടിയതിനാൽ എണീയ്ക്കാം എന്നു തീരുമാനിച്ചു. പെട്ടെന്നാണ് ഓർമ്മ ഉണർത്തിയത് അവധിദിവസങ്ങളിൽ സമയം കിട്ടുമ്പോഴൊക്കെ വടക്കേലെ പദ്മനാഭൻ അപ്പൂപ്പന്റെയും ഭാരതിഅമ്മൂമ്മയുടെയും വീട്ടിൽ ഓടി എത്തുന്നത്. വളരെ കാലപഴക്കമുള്ള ബന്ധം പക്ഷെ അത് രക്തബന്ധമല്ല, വെറും സ്നേഹബന്ധം, സ്വന്തം ഭാവനത്തെക്കാൾ സ്നേഹവും, സ്വാതന്ത്ര്യവും, ലാളനയും പിശുക്കില്ലാതെ തരുന്ന കുടുംബം. എന്തുണ്ടെങ്കിലും അതിൽ ഒരു പങ്ക് എന്നും തനിയ്ക്കും തന്റെ കുടുംബത്തിനും നീക്കി വെയ്ക്കുന്ന മനസ്സ്. അവരുടെ മകളും എന്റെ അമ്മയും ഒരു സ്കൂളിൽ ഒന്നിച്ച് പഠിച്ചു മുന്നോട്ടു പോയി എങ്കിലും രണ്ടു ദിശകളിൽ അവസാനിച്ചു.
എപ്പോഴും അപ്പൂപ്പൻ ഓരോ കഥകൾ ചാരത്തിരുത്തി പറഞ്ഞുതരും, ഇടയ്ക്ക് ഞാൻ പറയും ഞാൻ വളർന്നു അപ്പൂപ്പ,കൊച്ചുകുട്ടിയൊന്നുമല്ല. ഞൊറിവുവീണ,ക്ഷീണിച്ച ആ കരം എന്റെ നെറുകയിൽ തലോടിക്കൊണ്ടു പറയും “ഞങ്ങൾക്കു ജനിച്ചില്ലെങ്കിലും ‘ശ്രീ” ഞങ്ങളുടെ കുട്ടി തന്നെയാണ്.ഓരോന്നും ഓർത്ത് കിടന്ന് സമയം പോയതറിഞ്ഞില്ല. അമ്മ വന്ന് തട്ടിവിളിച്ചു, “ഓ” സ്വപ്നം കാണാൻ തുടങ്ങിയോ, എണീറ്റ് റെഡിയാക്, അപ്പോഴാണ് ക്ലോക്കിന്റെ വേഗത ഞാൻ മനസ്സിലാക്കിയത്. അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു നടന്നപ്പോൾ ശരിയ്ക്കും ഞാൻ ഒരു കൊച്ചുകുട്ടി ആയി എന്ന് ഉള്ളം പറഞ്ഞു. വേഗം ദിനചര്യ കഴിഞ്ഞ് വടക്കേൽ പോകാൻ ധൃതികൂട്ടി, അപ്പോൾ അമ്മ സ്നേഹത്തോടെ ഒരു ശാസന, “നീ വെറുതെ അവിടെ ചെന്ന് അവരുടെ ജോലി കൂടി തടസ്സപ്പെടുത്തരുത്”. അമ്മ പറഞ്ഞത് മുഴുവൻ കേൾക്കാൻ കാതിനു ക്ഷമയില്ലാതെ വടക്കേലേക്ക് ഓടി. അവിടെ നാട്ടുകാർ സ്നേഹപൂർവ്വം വിളിക്കുന്ന പപ്പേട്ടൻ വെളിയിൽ ഓരോ പണി തുടങ്ങിക്കഴിഞ്ഞു. മുണ്ടും തോളിൽഒരു തോർത്തും, കാലത്തിന്റെ മാറ്റം പപ്പേട്ടൻ അറിഞ്ഞിട്ടില്ല എന്നു തോന്നി. ആധുനികത അവരുടെ വീട്ടുപടിയ്ക്കൽ എത്തിയാലും അകത്തുകയറാൻ സമ്മതം കൊടുത്തിട്ടില്ല.ഭാരതിഅമ്മൂമ്മ മുണ്ടിന്റെ കോന്തൽ കയറ്റികുത്തി മേൽമുണ്ടുമിട്ട് അടുക്കളയിലെ കാര്യങ്ങൾ ചട്ടമായ് ചെയ്തു തുടങ്ങി.എന്നെ കണ്ടഉടനെ രണ്ടുപേരും ഓടിവന്ന് കെട്ടിപ്പിടിച്ച് പതിവ് ചുംബനം തന്നു.അവരുടെ വട്ടം നടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സംതൃപ്തി. സ്വന്തം വീട്ടിൽ ഒന്നിനും ഒരു കുറവില്ല, ആധുനികം നിറഞ്ഞു തുളുമ്പുന്ന വീട്, പക്ഷെ എന്തോഒന്ന് കുറവുള്ളതുപോലെ പലപ്പോഴും മനസ്സ് ചെവിയിൽ പറയും. പതിവുപോലെ ഉച്ചയൂണ് അവർക്കൊപ്പമാക്കി. വളരെ കുറച്ചു വിഭവങ്ങൾ മാത്രമേ ഒള്ളു എങ്കിലും വളരെ സംതൃപ്തിതോന്നി.തിരക്കൊഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇന്ന് എനിയ്ക്ക് എന്താണ് പറഞ്ഞുതരാൻ പോകുന്നത്. സ്നേഹം കൂടുമ്പോൾ ഞാനും “പപ്പേട്ടാ”എന്ന് വിളിയ്ക്കും, പാവം അതുകേട്ട് ഇടയ്ക്ക് കൊഴിഞ്ഞ പല്ലിന്റെ മോണകാട്ടി കുടുകുടെ ചിരിയ്ക്കും.
പപ്പേട്ടൻ പറഞ്ഞു കുഞ്ഞേ,ഇന്ന് നിന്നെ ഞാൻ എന്റെ കഴിഞ്ഞ കാല ജീവിതത്തിന്റെ ഒരു ചിത്രം നിന്റെ മുൻപിൽ വരയ്ക്കാൻ ആഗ്രഹിക്കുന്നു. അത് നിനക്ക് വിരസതയും വെറുപ്പും ഉണ്ടാക്കിയേക്കാം, എങ്കിലും അതും ഒരു ജീവിതം ആയിരുന്നു.ഞാൻ പറഞ്ഞു അപ്പൂപ്പാ എനിയ്ക്ക് കേൾക്കണം, പ്ലീസ് പറഞ്ഞാലും. എന്റെ ആകാംഷ കണ്ട് പപ്പേട്ടന് ഉത്സാഹമായി, എങ്കിലും ആമുഖത്ത് നിരാശപടരുന്നതും പതിയെ മുഖം മാറുന്നതും ഞാൻ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. ഒപ്പം പപ്പേട്ടന്റെ കരം ഞാൻ മുറുകെ പിടിച്ചു. അദ്ദേഹം പറഞ്ഞു തുടങ്ങി,മക്കളെ കഷ്ടപ്പാടിന്റെ നാളുകളായിരുന്നു ഞങ്ങളുടെ ജീവിതം. ദാരിദ്ര്യവും, ബുദ്ധിമുട്ടും, ഞങ്ങളെ എന്നും വിടാതെ പിന്തുടർന്നു കൊണ്ടിരുന്നു.വെളുപ്പിന് എണീറ്റ് അല്പം പറമ്പുള്ളതിൽ പറ്റുന്നതൊക്കെ നടും, കിളയ്ക്കും, തെങ്ങിന് തടം എടുക്കും എന്നു വേണ്ട എല്ലാം ചെയ്യും, അതിനുശേഷം പരപരാ വെളുക്കുമ്പം ഒരു കട്ടൻ കാപ്പി,ചിലപ്പോൾ പഞ്ചസാര കാണില്ല. കുടിച്ച് കൂലി പണിയ്ക്കു പോകും. മൈലുകളോളം നടക്കണം. ബസ് കിട്ടാൻ പ്രയാസം, കിട്ടിയാൽതന്നെ കൊടുക്കാൻ കയ്യിൽ പൈസയും കാണില്ല. അങ്ങനെ ചെരുപ്പുപോലും ഇല്ലാതെ ഉള്ള നടത്തം. രാത്രിവരെ പണിത് കിട്ടുന്ന പൈസക്ക് വീട്ടുസാധനം വാങ്ങിവരുന്ന എന്റെ കാലോച്ചയ്ക്കായി കാത്തിരിയ്ക്കുന്ന ഭാര്യയും അഞ്ചുകുഞ്ഞുങ്ങളും. ചിലപ്പോൾ കൂലി കിട്ടില്ല.അപ്പോൾ അന്തിക്ക് അന്നം മുടങ്ങും അല്ലെങ്കിൽ നല്ല മനസ്സുകളുടെ ഔദാര്യം തേടേണ്ടിവരും. ചില നല്ല മനസ്സുകൾ അന്നും ഉണ്ടായിരുന്നു. മക്കൾക്ക് മിയ്ക്ക ദിവസവും സ്കൂളിൽ ആഹാരം കൊടുത്തുവിടാൻ ഉണ്ടാകാറില്ല. സ്കൂളിൽ കിട്ടുന്ന ഉപ്പുമാവാണ് എന്നും അവരുടെ പ്രതീക്ഷ.വയറു നിറയ്ക്കാൻ കഴിയാത്ത കാലം. മറ്റുള്ള കുട്ടികൾ നല്ല ഭക്ഷണം കഴിയ്ക്കുമ്പോൾ, നല്ല വസ്ത്രം ധരിയ്ക്കുമ്പോൾ,പൗഡർ ഇട്ട് പൊട്ടുതൊടുമ്പോൾ എന്റെ മക്കൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. ഇത് പറയുമ്പോൾ പപ്പേട്ടന്റെ കണ്ണു നിറഞ്ഞു തുളുമ്പി, ഭാരതി അമ്മൂമ്മ “പോട്ടെ സാരമില്ല”എന്ന് നിറകണ്ണുകളോടെ പപ്പേട്ടനോട് പറഞ്ഞു. എനിയ്ക്കും സഹിയ്ക്കാൻ കഴിഞ്ഞില്ല. എന്റെ അമ്മ ലക്ഷ്മി എന്റെ പിറകെ നടന്ന് എന്നെ കഴിപ്പിയ്ക്കുന്നത് എന്റെ ഓർമയിൽ വന്നു, ഞാൻ എത്ര ഭാഗ്യവതി എന്ന് എന്റെ ഉള്ളം മെല്ലെ പറഞ്ഞു.
കണ്ണുനീർ തുടച്ച് വീണ്ടും പപ്പേട്ടൻ ചിന്തകളെ പിറകോട്ട് കൊണ്ടുപോയി. പപ്പേട്ടൻ പറഞ്ഞു, കുഞ്ഞേ എന്റെ വീട് നനഞ്ഞോലിച്ച പല സമയങ്ങൾ ഉണ്ടായിട്ടുണ്ട്.രാത്രിയിൽ കുത്തിയിരുന്ന് ഉറങ്ങാതെ നേരം വെളുപ്പിച്ച ദിനരാത്രങ്ങൾ. അടുപ്പിൽ വരെ വെള്ളം വീഴുന്ന സമയം, എങ്കിലും ഞാൻ എന്റെ മക്കളെ ഒരിയ്ക്കലും എങ്ങും അന്തിഉറങ്ങാൻ വിട്ടിട്ടില്ല. ഞങ്ങൾ ചെയ്യാത്ത ജോലികൾ ഇല്ല, കൊയ്യാനും മെതിയ്ക്കാനും പോകുമ്പോൾ സൂര്യന്റെ രശ്മി അതിശക്തമായി ശരീരം തലോടുമ്പോൾ മനസ്സു തളരാതെ അതിൽനിന്നും കിട്ടുന്ന പ്രതിഫലത്തിൽ ഇന്ന് എന്റെ മക്കളുടെ വയർ നിറയുന്നത് സ്വപ്നം കണ്ടുകൊണ്ട് വീറും വാശിയോടും കൂടി കറ്റകൾ കാലിനടിയിൽ ഞെരിഞ്ഞമരും. ഏതൊരു ജോലിയും ചെയ്യാൻ ഒരു മടിയുമില്ല, കാരണം “വിശപ്പിന്റെ വിളി” അത്രയ്ക്ക് വലുതാണ് മക്കളെ.
ഓണവും വിഷുവും എന്റെ മക്കൾക്ക് ഞാൻ ഒരു കുറവും വരുത്തിയിട്ടില്ല. ആ സമയങ്ങളിൽ എല്ലാം എന്റെ കഷ്ട്ടപാടിന്റെ ആക്കം കുറച്ചുകൂടി ഞാൻ കൂട്ടും.വെളുപ്പിന് ഭാരതി എണീറ്റ് പലഹാരം ഉണ്ടാക്കും അതേ തുടർന്ന് ഓണത്തിന്റെ എല്ലാ സദ്യവട്ടങ്ങളും ഒരുക്കും. കുളിച്ച് കുറിതൊട്ട് ഞങ്ങൾ മക്കൾക്ക് വിളമ്പി കൊടുക്കും. അവരുടെ വയർ നിറയുന്നതും, മുഖം സന്തോഷംകൊണ്ട് പൂപോലെ വിടരുന്നതും ഞങ്ങൾ രണ്ടുപേരും നോക്കി സംതൃപ്തി നേടും. പപ്പേട്ടൻ തുടർന്നു, പക്ഷേ മക്കളെ അന്ന് സ്നേഹത്തിന് വിലയുണ്ടായിരുന്നു. ജാതി മത ഭേദം ഞങ്ങളിൽ ഇല്ലായിരുന്നു. ഒട്ടു മിയ്ക്ക വീടും കഷ്ടപ്പാടിൽ ആയിരുന്നതിനാൽ ഞങ്ങൾ കൊണ്ടും കൊടുത്തും സന്തോഷമായി ജീവിച്ചു.അവിടെ സ്നേഹവും ആത്മാർത്ഥതയും, ഒത്തൊരുമയും ഉണ്ടായിരുന്നു. അടുത്ത വീട്ടിലെ അടുപ്പിൽ നിന്ന് തീ ചകിരിയിൽ കൊണ്ടുവന്ന് അപ്പുറത്തെ വീട്ടിൽ കത്തിയ്ക്കും. ഒരാളുടെ വിഷമം അത് അവരുടെ കൂടി വിഷമമായി ഏറ്റെടുത്തിരുന്നു. എല്ലാവരും പരസ്പരം അറിഞ്ഞിരുന്നു, ഒരാളുടെ വേദനയ്ക്ക്,വിഷമത്തിന് ചെവി കൊടുത്തിരുന്നു. യഥാർത്ഥസ്നേഹം അന്ന് രുചിച്ചറിയാൻ കഴിഞ്ഞു. ഓണത്തിനും, ക്രിസ്മസിനും എല്ലാം ഞങ്ങൾ പരസ്പരം ഒത്തു ചേർന്നിരുന്നു. എന്നാൽ എല്ലാം തികഞ്ഞ ഈ കാലത്ത് എന്തു നന്മയാണ് ശ്രീക്കുട്ടി കാണാൻ കഴിയുക, നിന്റെ കണ്ണിന് ആമാറ്റം മനസ്സിലാകില്ല കുട്ടി! അത് നിന്റെ കുഴപ്പമല്ല, നീ ജനിച്ച കാലഘട്ടം അതായിപ്പോയി. പരസ്പരം സ്നേഹമുണ്ടോ, സന്തോഷമുണ്ടോ, ബന്ധത്തിന് വിലയുണ്ടോ. കൊല്ലും കൊലയും, അമ്മയെന്നോ, അച്ഛൻ, മക്കൾ എന്ന വാക്കിനു തന്നെ അർഥം ഉണ്ടോ. നിരാശ പപ്പേട്ടന്റെയും ഭാരതി അമ്മൂമ്മയുടെയും മുഖത്ത് തളം കെട്ടി നിന്നു. ഒരു നെടുവീർപ്പോടെ ഭാരതി അമ്മൂമ്മ ബാക്കി പറഞ്ഞു തുടങ്ങി. ആ! ഇന്ന് അവസ്ഥക്ക് മാറ്റം വന്നു പക്ഷേ കിട്ടേണ്ടത് കിട്ടുന്നുണ്ടോ. ആർക്കും സമയമില്ല, അതല്ല ശെരി- പപ്പേട്ടൻ കൂട്ടിച്ചേർത്തു സമയമല്ലെടി “മനസ്സില്ല”എന്നു പറ.
എല്ലാം കേട്ട് മനസ്സിന്റെ മരവിപ്പിൽ നിന്നും ഉണരാനാകാതെ ശ്രീക്കുട്ടി താഴേയ്ക്ക് കണ്ണുംനട്ട് ഇരുന്നു. ഇടയ്ക്ക് ദീർഘനിശ്വാസം അവളെ ഉണർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് പപ്പേട്ടന്റെയും ഭാരതി അമ്മൂമ്മയുടെയും കണ്ണുകൾ ശ്രീയുടെ മേൽ പതിഞ്ഞു. അവർ അവളെ ചേർത്തു നിർത്തി പറഞ്ഞു, ക്ഷമിയ്ക്കണം കുഞ്ഞേ കഴിഞ്ഞ കാലങ്ങളിലേക്ക് എന്റെ മനസ്സ് ഊഴിഇട്ടു പോയി. പെട്ടെന്ന് എനിക്ക് സ്ഥലകാല ബോധം വന്നു. ഞാൻ എണീറ്റ് രണ്ടുപേരെയും കെട്ടിപ്പിടിച്ച് കവിളിൽ ഓരോ ചുടുചുംബനം നൽകി. അവരുടെ മുഖം പ്രകാശിയ്ക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ വിടർന്നു. പപ്പേട്ടൻ പറഞ്ഞു നിർത്തി “അതും ഒരു കാലം” കുഞ്ഞേ. പപ്പേട്ടന്റെ ആ വിളി കേൾക്കുമ്പോൾ അവർ എനിയ്ക്കും ജന്മം തന്നവരെപ്പോലെ ഉള്ള സ്നേഹത്തിന്റെ ഊഷ്മളത എന്നിൽ പകരാറുണ്ട്.
പെട്ടെന്ന് സമയം നോക്കിയപ്പോൾ വളരെ താമസിച്ചു പോയിരുന്നു. എന്റെ അമ്മയുടെ നീട്ടിയുള്ള വിളിയിലാണ് ഞാൻ ഓർമിച്ചത് എനിക്ക് തിരിച്ചു പോകാൻ നേരം വൈകിഎന്ന്. ഉടനെ കാണാം എന്ന ആശ്വാസവാക്ക് പറഞ്ഞ്, രണ്ടുപേരുടെയും മുഖത്ത് കാർമേഘം മാറി വെയിൽ പരന്നതോടെ ഞാൻ വീട്ടിലേക്ക് നടന്നു തുടങ്ങി. എങ്കിലും എന്റെ മനസ്സ് പപ്പേട്ടന്റ കഴിഞ്ഞകാലത്തെ വേദന അയവിറക്കുന്നുണ്ടായിരുന്നു. എന്റെയും ഉള്ളം പറഞ്ഞു ശരിയാ “അതും ഒരു കാലം”!!!

ഉഷാ നായർ ഡാളസ്

