കോൺഗ്രസിന്റെ യുവ നേതാക്കളിൽ ഏറ്റവും under rated അല്ലെങ്കിൽ ഏറ്റവും കുറച്ച് മാധ്യമ ശ്രദ്ധ കിട്ടുന്ന ഒരു വ്യക്തിയാണ് എം ലിജു. അദ്ദേഹത്തിന് പ്രിന്റ്, വിഷ്വൽ, സൈബർ മീഡിയയിൽ അർഹിക്കുന്ന സ്‌പേസ് കിട്ടാത്തത് എന്ത് കൊണ്ടെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. നമുക്കെല്ലാം അറിയുന്നത് പോലെ ഡിജിറ്റൽ യുഗത്തിൽ സ്ക്രീൻ പ്രേസെൻസും മേച്ചോ വിർച്വൽ ഇമേജ് ഉണ്ടാക്കി റീലുകൾ ഉണ്ടാക്കിയാൽ മാത്രമേ രാഷ്ട്രീയമെന്ന മനുഷ്യനെ ഏറ്റവും അധികം ബാധിക്കുന്ന മേഖലയിൽ പോലും സാധാരണക്കാർ ശ്രദ്ധിക്കൂ. കൂടാതെ തലയിൽ കളിമണ്ണ് ആണെങ്കിലും നല്ല ലുക്കും ചിരിയും വാചക കസർത്തും നടത്തിയാൽ "ഇയാൾ സൂപ്പർ" എന്ന് കരുതുന്നവർ ആണ് ഇന്ത്യയിലെ ഏറ്റവും ഇന്ഫോമ്ഡ് ആയ മല്ലു വോട്ടേർസും എന്നത് ടിക് ടോക്കും യു ട്യൂബും റീലുകളും മനുഷ്യന്റെ തലച്ചോറിനെ നിയന്ത്രിക്കുന്ന ആധുനിക ലോകത്തെ പച്ചയായ യാഥാർഥ്യമാണ്.
ലിജുവിലേക്ക് വന്നാൽ അദ്ദേഹത്തെ പോലെ ജനാധിപത്യ ബോധവും അറിവും വായനയും ഉള്ള യുവ നേതാക്കൾ കോൺഗ്രസിൽ അപൂർവമാണ്. രാഹുൽ ഗാന്ധിയെ എങ്ങനെയെങ്കിലും ജയിലിൽ ആക്കാനായി ഇ ഡി കൊണ്ടുവന്ന യങ്ങ് ഇൻഡ്യ കേസിൽ മാരത്തോൺ ചോദ്യം ചെയ്യൽ സമയത്ത് അദ്ദേഹം ചാനൽ ചർച്ചകളിൽ എന്താണ് യഥാർത്ഥത്തിൽ യങ് ഇന്ത്യ കേസ് എന്ന് പറയുന്ന ചർച്ച ഞാൻ കണ്ടപ്പോൾ അത്ഭുതപ്പെട്ട് പോയി. മാനേജ്മെന്റ്റ് എക്സ്പെർട്ടുകൾക്ക് പോലും അഡ്‌മിറേഷൻ തോന്നുന്നയത്ര ശാന്തതയോടെ പോയിന്റ് ബൈ പോയിന്റ് ആയി എങ്ങനെയാണ് പ്രിഫറൻഷ്യൽ ഇഷ്യു ഓഫ് ഇക്വിറ്റി വഴി യങ് ഇന്ത്യയുടെ കടബാധ്യത കോൺഗ്രസ് പാർട്ടി തീർത്തത് എന്ന് ഒരു ഐഐഎം എ പ്രൊഫസറുടെ ക്‌ളാസ് റൂമിൽ ഇരിക്കുന്ന ഫീലോടെ വ്യകതമാക്കുന്നത് കണ്ടപ്പോൾ ഞാൻ ചിന്തിച്ചു ഇദ്ദേഹം വേറിട്ടൊരു രാഷ്ട്രീയ നേതാവ് തന്നെ. പിന്നീട് പുറക്കാട് മുതൽ തൃക്കുന്നത്ത് പുഴ വരെയുള്ള പ്രദേശത്ത് കടൽ കയറുന്നത് ചെറുക്കാൻ നട്ട് വളർത്തിയ മരങ്ങൾ മുഴുവൻ വെട്ടി നിരത്തി ബീച്ചിലെ കരിമണൽ എടുക്കുമ്പോൾ ലിജു പ്രദേശത്ത് താമസിക്കുന്ന പാവങ്ങളിൽ പാവങ്ങളായവരുമായി ചേർന്ന് ഒരു സമരം നടത്തി. അതിനെ പിണറായി പോലീസ് മൃഗീയമായി തല്ലിച്ചതച്ചു. ചാനലുകളിൽ വാർത്ത പോലും വന്നില്ല. കാരണം ഞാൻ പറയേണ്ട കാര്യമില്ലല്ലോ? ആലപ്പുഴ പോലെയുള്ള ഒരു പിന്നോക്ക ജില്ലയ്ക്ക് അനുയോജ്യമായ ശൈലിയുള്ള ഒരു യുവ നേതാവ് തന്നെ. ആലപ്പുഴ എന്നെടുത്ത് പറയാൻ കാര്യം ആ ജില്ലയിലെ കടലോരങ്ങളിൽ വറുതി ആണ്, കരിമണൽ ഖനനം മൂലമുണ്ടാകുന്ന എക്കളോജിക്കൽ ഡാമേജ് അവിടെ താമസിക്കുന്നവർക്കേ മനസിലാകൂ. ഓരോ മൺസൂണിന് ശേഷവും കടൽ കയറി കയറി കിടപ്പാടം നഷ്ടമാകുന്ന അസംഘടിതരായ, ജാതിയുടെയോ മതത്തിന്റെയോ മേലധ്യക്ഷന്മാർ ഗർജിക്കാനും വിലപേശാനും ഇല്ലാത്ത പാവങ്ങളുടെ പ്രശ്നങ്ങൾ ലിജുവിനെ പോലെ ഒരാളെങ്കിലും ശ്രദ്ധിക്കുന്നു എന്നത് കൊണ്ട് തന്നെ അയാൾ വ്യത്യസ്തനായ ഒരു രാഷ്ട്രീയക്കാരനാണ് എന്ന് എനിക്ക് അഭിപ്രായമുണ്ട്.
കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തിനിടയിൽ "സ്ഥിരമായി തോൽക്കുന്ന ഒരാൾ എന്ന് ആക്ഷേപം സഹിക്കാനാവുന്നില്ല" എന്ന് വികാരാധീനനായി പ്രസംഗിച്ചതിനെ ചിലർ ട്രോളുന്നത് കണ്ടു. ജെയ്ക്ക് നെ വെച്ച് താരതമ്യവും കണ്ടു. എന്ത് പറയാനാണ് എന്നാണ് എനിക്ക് തോന്നിയത്. ഒരു തേങ്ങയും അറിയില്ലെങ്കിലും ഡെയിലി ചാനലിൽ വന്നിരുന്ന് ക്യാപ്സ്യൂൾ ഇറക്കി തേഞ്ഞു പരിഹാസപാത്രമാകുന്ന ജെയ്‌ക് എവിടെ, സംസാരിക്കുന്ന വിഷയത്തിൽ അഗാധമായ അറിവോടെ സംസാരിക്കുന്ന ലിജു എവിടെ.
ഇന്നലെ എൽ ഡി എഫ് സ്ഥാനാർഥിയായ യു പ്രതിഭക്കെതിരെ ലീഗുകാരൻ നടത്തിയ അധിക്ഷേപ പരാമർശം ലിജു തള്ളിപ്പറഞ്ഞത് നോക്കുക. ഒരു കാര്യം ശ്രദ്ധിക്കുക, ലിജു ഖേദമല്ല പ്രകടിപ്പിച്ചത്, മാപ്പ് ചോദിക്കുകയാണ് ചെയ്‌തത്. ഖേദം പ്രകടിപ്പിക്കൽ എന്നത് മാപ്പ് ചോദിക്കലിന് തുല്യമല്ല എന്ന് നാമാരും ചിന്തിക്കാറില്ല. ഖേദ പ്രകടനം ഒരു തലയൂരൽ തന്ത്രമാണ്. പെമ്പിള ഒരുമൈ സമരക്കാർക്കും ഏതോ സ്‌കൂളിലെ ടീച്ചർമാർക്ക് മറ്റേ പണി ആണെന്നും മണിയാശാൻ പ്രസംഗിച്ചത് ലൈവ് ആയി കണ്ടവരാണ് നമ്മൾ. അതേ പോലെ അപ്പനില്ലാ നേരത്തുണ്ടായവർ എന്ന് ചിന്ത ജെറോം മുദ്രാവാക്യം വിളിക്കുന്നതും കേട്ടിരുന്നു. അതിൽ നിരുപാധികം മാപ്പ് പോയിട്ട് ഖേദം പോലും ചിന്ത മുതൽ സുപ്രീം ലീഡർ പോലും പറഞ്ഞതായി കണ്ടിട്ടില്ല. ഇത് താരതമ്യം ചെയ്യാൻ പറയുന്നതല്ല. മറ്റൊരാൾ പറഞ്ഞ അധിക്ഷേപം പോലും മാപ്പിരക്കുവാൻ ലിജു എന്ന വ്യക്തിക്ക് സാധിക്കുന്നുവെന്നത് ആ വ്യക്തിയുടെ രാഷ്ട്രീയത്തിനതീതമായ ഉന്നത സാംസ്‌കാരിക നിലവാരവും സാമൂഹ്യ ബോധവും നമുക്ക് കാട്ടിത്തരുന്നു.
കോൺഗ്രസ് നേതൃത്വത്തോട് ഒരു അപേക്ഷയുണ്ട്. ലിജു പോലെയുള്ളവരെ എങ്ങിനെയെങ്കിലും നിയമസഭയിലോ പാർലമെന്റിലോ എത്തിക്കണം. കാരണം അദ്ദേഹത്തെപോലെയുള്ള കുറച്ചു മനുഷ്യരിൽ പ്രതീക്ഷയർപ്പിച്ച് മാത്രമേ കേരളത്തിന് മുന്നോട്ട് പോകാനാവൂ.


