കരിങ്കുന്നം: കരിങ്കുന്നം പഞ്ചായത്തിലെ കായികപ്രേമികളായ ഒരോരുത്തരുടെയും മനസിൽ ഒളിമങ്ങാത്ത ഓർമയായ നടുപ്പറമ്പിൽ എൻ.കെ. കുരുവിള വിടവാങ്ങിയിട്ട് ഇന്ന് 50 വർഷം പൂർത്തിയാകുന്നു. നാട്ടുകാരുടെ പാപ്പസാർ കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻസ് ഹൈസ്‌കൂളിന്റെ ആരംഭകാല ത്ത് 20 വർഷത്തോളം കായികാധ്യാപകനായിരുന്നു. കായിക വിനോദം ഒരു ജീവിതചര്യയാക്കിയ പാപ്പ സാർ വരുംതലമുറകൾക്ക് വഴി ഒരുക്കാൻ ഒരു മാർഗം തെരഞ്ഞെടുത്തു. ഒരു കായിക അധ്യാപകനാകുക എന്നത്.
ആ നിശ്ചയദാർഡ്യം നാടിന്റെ ഭാഗ്യമായി മാറി. അദ്ദേഹത്തിൻ്റെ മക്കളിൽ ഒരാളായ പരേതനായ ലൂക്കാച്ചൻ നടുപ്പറമ്പിൽ വോളിബോളിൽ വെന്നി ക്കൊടി പാറിച്ചു. ജോലിക്കായി അമേരിക്കയിൽ എത്തുകയും അവിടെ ജിമ്മി ജോർജ് ജോർജ് ടൂർണമെന്റ്റ് തുടങ്ങാൻ മുഖ്യപങ്കു വഹിക്കൂകയും ഏറ്റവും കൂടുതൽ തവണ ആ ടൂർണമെൻ്റിൽ പങ്കെടുത്തവരിൽ ഒരാളുമായിരുന്നു അദ്ദേഹം . ലൂക്കാച്ചന്റെ സഹോദരൻ എൻ.കെ.ബിജു ദേശീയ വോളിബോൾ സീനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ കേരളത്തെ പ്രതിനിധീകരിച്ചു. ഏജിസിന്റെ താരമായിരുന്നു ബിജു. പാപ്പ സാർ സ്‌ഥാപിച്ച വിവിധ സ്പോർട്‌സ് സംരംഭങ്ങളിലൂടെ കരിങ്കുന്നത്തിന്റെ കായിക മണ്ണിൽനിന്നും പടർന്നു പന്തലിച്ചവർ ഏറെയാണ്. വടംവലി, വോളിബോൾ, അത്‌ലെറ്റിക്സ് തുടങ്ങിയ കായിക ഇനങ്ങളിലൂടെ പാപ്പ സാറിന് ഗുരുദക്ഷിണ നൽകി നാടിനെ വളർത്തിയത് ഒട്ടേറെ പേരാണ്.

എൻ.കെ. കുരുവിള
കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ പ്രീജാ ശ്രീധരനെ കണ്ടെത്തി വളർത്തിയ രണേന്ദ്രൻ, ഏഷ്യാഡിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിയ ബിബു പാമ്പയ്ക്കൽ, അദേഹത്തെ വളർത്തിയ പരേതനായ ജോർജ്‌കുട്ടി ചെട്ടിപ്പറമ്പിൽ, ഇന്ത്യൻ വോളിബോളിൽ ഇടം പിടിച്ച ഷാജി എം. ജോർജ്, അതലറ്റിക്‌സിലെ ജോളി ജെയിംസ്, വടംവലി ക്ലബിന് തുടക്കം ഇട്ട ഭായി മാത്യു, ജയിംസ് ആനക്കല്ലാമല, പ്രശ്‌സത വോളി ബോൾ താരവും എഴുത്തുകാരനുമായ നെല്ലാപ്പാറ ബേബി, ദേശീയ വോളിബോൾ പാനൽ അംഗമായ റെജി പി. തോമസ് തുടങ്ങിയ ശ്രദ്ധേയരായ നിരവധി പേർക്ക് മാർഗദീപമായത് പാപ്പ സാറാണ്. ഇന്നും കരിങ്കുന്നത്തെ കായിക പ്രേമികളുടെ മനസിൽ കെടാവിളക്കായി ജീവിക്കുകയാണ് നാട്ടുകാരുടെ സ്വന്തം പാപ്പ സാർ.

