VAZHITHARAKAL

ഫൊക്കാന നേതൃത്വത്തിലേക്ക് വനിതാസാന്നിദ്ധ്യമായി ലീല മാരേട്ട്

Blog Image

'നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരെ കൂടുതല്‍
സ്വപ്നം കാണാനും കൂടുതല്‍ പഠിക്കാനും , കൂടുതല്‍ പ്രവര്‍ത്തിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു പാരമ്പര്യം സൃഷ്ടിക്കുന്നു
എങ്കില്‍ നിങ്ങള്‍ ഒരു
മികച്ച നേതാവാണ് '


അമേരിക്കന്‍ മലയാളികളുടെ സംഘടനാ ചരിത്രത്തില്‍ എഴുതപ്പെടേണ്ട ഒരു പേരാണ് ലീലാ മാരേട്ടിന്‍റേത്. നാല്പത് വര്‍ഷങ്ങളുടെ സംഘടനാ പ്രവര്‍ത്തന ചരിത്രമുള്ള, പാരമ്പര്യമുള്ള വ്യക്തിത്വം. വാക്കുകളിലെ വീര്യവും ആത്മാര്‍ത്ഥതയും പ്രവര്‍ത്തിയിലും ഫലിപ്പിച്ച് ഫൊക്കാനയുടെ നെടുംതൂണായി നിന്ന സംഘടനാ പ്രവര്‍ത്തക. സംഘടനയുടെ ജീവനും തുടിപ്പുമായി മാറിയ വ്യക്തിത്വം. ഫൊക്കാനയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ലീലാ മാരേട്ട് മത്സരിക്കുമ്പോള്‍ കഴിഞ്ഞ അരനൂറ്റാണ്ട് പിന്നിട്ട് അദ്ധ്യാപക, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കെട്ടുറപ്പുമായാണ് ഈ വഴിത്താരയില്‍ അവര്‍ സജീവമാകുന്നത്.
ഫൊക്കാനയുടെ തുടക്കം മുതല്‍ സംഘടനയുടെ വിവിധ പദവികള്‍ ഏറ്റെടുത്തും പ്രവര്‍ത്തനത്തിലൂടെയും ആ പദവികളില്‍ നീതി പുലര്‍ത്തിയും ഏവര്‍ക്കും മാതൃകയാവാന്‍ ശ്രമിച്ച ലീലാ മാരേട്ടിന്‍റെ ജീവിത വഴികളിലൂടെ...

പാരമ്പര്യത്തിന്‍റെ കരുത്ത്, കുടുംബം, രാഷ്ട്രീയം, സംസ്കാരം
ആലപ്പുഴയിലെ ഏറ്റവും പുരാതനമായ എട്ടുപറയില്‍ എന്‍.കെ. തോമസിന്‍റെയും റോസി തോമസിന്‍റെയും മൂത്തമകളാണ് ലീലാ മാരേട്ട്. എന്‍. കെ. തോമസിന്‍റെ പിതാവ് എന്‍.എക്സ്. കുര്യന്‍ കേരളത്തിലെ പ്രഗത്ഭനായ വക്കീലായിരുന്നു. സാഹിത്യകാരന്‍, വാഗ്മി, കലാകാരന്‍. ആയിരം ഏക്കര്‍ നിലം ഉടമ എന്നീ നിലകളിലെല്ലാം പ്രസിദ്ധിയാര്‍ജ്ജിച്ച കുടുംബപാരമ്പര്യം. ചേര്‍ത്തല തൈക്കാട്ടുശ്ശേരി വല്യാറ പാറയില്‍, തരകന്‍സ് ഫാമിലിയില്‍ നിന്നാണ് വല്യമ്മ മാമിക്കുട്ടി.
അമ്മ റോസി തോമസ് പ്രജാസഭയില്‍ എം.എല്‍.എ. ആയിരുന്ന തൃശൂര്‍ എ.ഐ. മാണി അക്കരപ്പറ്റിയുടെ മകള്‍. തൃശൂരില്‍ 1950-കളില്‍ ബിസിനസുകാരനായിരുന്ന എ.ഐ. മാണിയായിരുന്നു  കാത്തലിക് സിറിയന്‍ ബാങ്ക്, ധര്‍മ്മോദയം ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ സ്ഥാപകന്‍. പിതാവിന്‍റെ വഴിയിലും, മാതാവിന്‍റെ വഴിയിലും ലഭിച്ച പാരമ്പര്യത്തിന്‍റെ കരുത്തിനെ അഭിമാനത്തോടെ നോക്കിക്കാണുന്നു ലീലാ മാരേട്ട്.
1953-ല്‍ ആലപ്പുഴയില്‍ ലീലാ മാരേട്ടിന്‍റെ പിതാവ് എന്‍.കെ. തോമസ് ആരംഭിച്ച നാഷണല്‍ ട്യൂട്ടോറിയല്‍ ഇന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാണ്. ഒരു കാലത്ത് സ്വകാര്യ മേഖലയിലേക്ക് റാങ്കുകള്‍ വരെ കൊണ്ടു വന്ന സ്ഥാപനം. ഈ സ്ഥാപനത്തിന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. കെ.എസ്.യുവിന്‍റെ തുടക്കം ഇവിടെ നിന്നായിരുന്നു. വയലാര്‍ രവി, എ.കെ. ആന്‍റണി എന്നിവര്‍ക്കൊപ്പം കെ.എസ്.യുവിന്‍റെ വളര്‍ച്ചയും ഇവിടുന്നു തന്നെ. ഇന്ദിരാഗാന്ധി, കെ. കരുണാകരന്‍ എന്നിവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന കുടുംബം. കെ. കരുണാകരന്‍ ഒരിക്കല്‍ ആലപ്പുഴയിലെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹമാണ് കല്ലൂപ്പാറ മാരേട്ട് കുടുംബത്തില്‍ നിന്നും ലീലാ തോമസിന് വിവാഹം ആലോചിക്കുന്നതും രാജന്‍ മാരേട്ടുമായി വിവാഹം നടക്കുന്നതും.ഒരു വ്യക്തിയുടെ ജീവിതത്തെ കുടുംബം, പാരമ്പര്യം എന്നിവയെല്ലാം എങ്ങനെ സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ലീലാ മാരേട്ടിന്‍റെ കുടുംബ പാരമ്പര്യ ചരിത്രം.

കോളജ് അദ്ധ്യാപികയില്‍ നിന്ന് സൈന്‍റിസ്റ്റിലേക്ക്
ആലപ്പുഴ സെന്‍റ് ആന്‍റണീസ് ഹൈസ്കൂളില്‍ അഞ്ചാം ക്ലാസുവരെയും ആറ് മുതല്‍ പത്താം ക്ലാസ് വരെ സെന്‍റ് ജോസഫ് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ലീലാ മാരേട്ട് പ്രീഡിഗ്രിയും, ഡിഗ്രിയും ആലപ്പുഴ സെന്‍റ് ജോസഫ് വനിതാ കോളേജിലും, രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിന് എസ്.ബി. കോളജ് ചങ്ങനാശ്ശേരിയിലും പഠനം. 1976-ല്‍ ആലപ്പുഴ സെന്‍റ് ജോസഫ് വനിതാ കോളജില്‍ അദ്ധ്യാപികയായി ജോലിയിലും കയറി.
1980-ല്‍ കല്ലൂപ്പാറ പുരാതന കുടുംബമായ മാരേട്ട്, ഇരവിപേരൂര്‍ ശങ്കരമംഗലം താന്നിക്കല്‍ കുടുംബാംഗം നൈനാന്‍ ഉമ്മന്‍ മാരേട്ടിന്‍റെയും, മേരി ഉമ്മന്‍ മാരേട്ടിന്‍റെയും മൂത്തമകന്‍ രാജന്‍ മാരേട്ടുമായി വിവാഹം. 1981-ല്‍  അമേരിക്കയില്‍ എത്തുന്നു. ബ്രോക്സ് കമ്യൂണിറ്റി കോളേജില്‍ അദ്ധ്യാപികയായി ജോലിക്ക് കയറി. പിന്നീട് ന്യൂയോര്‍ക്ക് സിറ്റിയില്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എന്‍വയോണ്‍മെന്‍റ് പ്രൊട്ടക്ഷനില്‍ മുപ്പത്തിരണ്ട് വര്‍ഷം സൈന്‍റിസ്റ്റായി ജോലി ചെയ്ത് വിരമിച്ചു. മികവുറ്റ ഔദ്യോഗിക ജീവിതത്തിരക്കിനിടയിലും ഏവര്‍ക്കും മാതൃകയാക്കാവുന്ന സാമൂഹ്യ പ്രവര്‍ത്തനം കാഴ്ചവെച്ച  ക്രഡിറ്റ് കൂടിയുണ്ട് ലീലാ മാരേട്ടിന്‍റെ ജീവിതത്തിന് പിന്നില്‍.

സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തനവും ഫൊക്കാനയും
അമേരിക്കയില്‍ എത്തിയ ആദ്യകാലങ്ങളില്‍ തന്നെ തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനം സജീവമാകുന്നത് 1987-ലാണ്. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്‍റെ ഓഡിറ്ററായി തുടക്കം. പിന്നീട് ജോ.സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്‍റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികള്‍. ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്‍റ്, സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ബോര്‍ഡ് ചെയര്‍മാന്‍, ഡി-37 യൂണിയന്‍റെ റിക്കാര്‍ഡിംഗ് സെക്രട്ടറിയായി 18 വര്‍ഷം പ്രവര്‍ത്തനം. ഇക്കാലത്ത് അമേരിക്കന്‍ രാഷ്ട്രീയ രംഗത്തുള്ളവരുമായി നല്ല ബന്ധം സ്ഥാപിച്ചു. അസംബ്ലി മെമ്പര്‍, കൗണ്ടി എക്സിക്യുട്ടീവ്, സെനറ്റര്‍മാര്‍ എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കുവാനും പലരെയും സഹായിക്കുവാനും സാധിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി നല്ലബന്ധം സ്ഥാപിക്കുകയും, നിരവധി വ്യക്തികള്‍ക്ക് കോണ്‍സുലേറ്റു മുഖേന നിരവധി സഹായങ്ങള്‍ നല്‍കിയതും പ്രശംസനീയം. പാസ്പോര്‍ട്ട്, വിസ, ഒ. സി.ഐ കാര്‍ഡ് തുങ്ങിയ വിഷയങ്ങളില്ലാം സജീവമായ ഇടപെടലുകളും ലീലാ മാരേട്ട് നടത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ സമയബന്ധിതമായി നാട്ടിലെത്തിക്കുവാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്.


ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തുടക്കം മുതല്‍ സഹകരിച്ചിരുന്നു എങ്കിലും 2004 ല്‍ ഔദ്യോഗികമായി കമ്മിറ്റി മെമ്പര്‍ പദവി ലഭിക്കുന്നു. പിന്നീട് റീജിയണല്‍ പ്രസിഡന്‍റ്, ട്രഷറാര്‍ , എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, ഇലക്ഷന്‍ കമ്മിറ്റി മെമ്പര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്ലൊം മാതൃകാപരമായ പ്രവര്‍ത്തനമാണ് ലീലാ മാരേട്ട് കാഴ്ച വെച്ചിട്ടുള്ളത്. ഫൊക്കാനയുടെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലെല്ലാം നേതൃത്വത്തോടൊപ്പം അടിയുറച്ചു നിന്ന് സജീവമായ പ്രവര്‍ത്തനം കാഴ്ചവെച്ച് സംഘടനയെ ശക്തമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. ഫൊക്കാന വിമന്‍സ് ഫോറത്തിലൂടെ സ്ത്രീ ശാക്തീകരണത്തിന് തുടക്കമിട്ടതും ലീലാ മാരേട്ട് ആയിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കേരളപ്പിറവിയുടെ  അന്‍പത് വര്‍ഷം ആഘോഷിക്കുവാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ലീലാ മാരേട്ട് തന്നെ. സ്ത്രീകള്‍ക്ക് വേണ്ടി ഓര്‍ഗന്‍ ഡൊണേഷന്‍  രജിസ്റ്റര്‍ ഉണ്ടാക്കി.
പതിനെട്ട് വര്‍ഷമായി ഫൊക്കാനയുടെ നിറസാന്നിദ്ധ്യമായ ലീലാ മാരേട്ടിന് ഫൊക്കാനയെ നയിക്കുന്നതിന് ഈ ആത്മവിശ്വാസം മാത്രം മതി എന്നാണ് പക്ഷം. ഫൊക്കാനയുടെ എക്കാലത്തേയും പരിപാടികള്‍ക്കും, സുവനീറുകള്‍ക്കു പിന്നിലും, ടാലന്‍റ് മത്സരങ്ങള്‍ക്ക് പിന്നിലും ലീലാ മാരേട്ടിന്‍റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ട്.
കോണ്‍ഗ്രസ് രാഷ്ട്രീയ പാരമ്പര്യത്തിന് പിന്നില്‍ അടിയുറച്ച ലീലാ മാരേട്ട് ഇപ്പോള്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ നാഷണല്‍ പ്രസിഡന്‍റ് കൂടിയാണ്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഘടനയുടെ ഭാഗമാക്കി. കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്ന സമയങ്ങളിലെല്ലാം കേരളത്തിലെത്തി വിവിധ മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം എല്ലാ വര്‍ഷവും ആഘോഷിച്ചു. ജൂലൈ അവസാനം പ്രിയങ്ക ഗാന്ധിയെ കൊണ്ടുവന്ന് വാര്‍ഷിക കണ്‍വന്‍ഷന്‍ നടത്താന്‍ തയ്യാറെടുക്കുകയാണ് ലീലാ മാരേട്ട്.

ഫൊക്കാന പ്രസിഡന്‍റായാല്‍
ഏത് സംഘടനയുടെയും ഉന്നത പദവികള്‍ ഏത് വിധേനയും കൈക്കലാക്കുക എന്ന പോളിസി തനിക്കില്ല എന്ന് ലീലാ മാരേട്ട് അടിവരയിട്ട് പറയുന്നു. ഏത് പദവിയും അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. എനിക്ക് ഫൊക്കാന പ്രസിഡന്‍റ് ആകാന്‍ യോഗ്യതയുണ്ടോ എന്ന് സ്വയം ചോദിച്ചാല്‍ ഉണ്ട് എന്നാണ് ഉത്തരം. പതിനെട്ട് വര്‍ഷം ഫൊക്കാനയില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമാണ് എനിക്കുള്ളത്. അതിനാണ് ഞാന്‍ വോട്ട് ചോദിക്കുന്നത്. വിജയിച്ചാല്‍ സ്ത്രീകള്‍ , ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ മലയാളി സമൂഹത്തെ നേതൃധാരയില്‍ കൊണ്ടുവരും. റീജിയണുകള്‍ കൂടുതല്‍ ശക്തമാക്കി അമേരിക്കയിലും കാനഡയിലും പ്രവര്‍ത്തനങ്ങളുടെ പുതിയ ഒരു രീതി ആവിഷ്ക്കരിക്കും. ഓരോ ഫൊക്കാന പ്രവര്‍ത്തകന്‍റെയും അഭിപ്രായത്തിന് വില നല്‍കും. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കും. രണ്ട് വര്‍ഷത്തെ പദ്ധതികള്‍ ഇനം തിരിച്ച് പ്രത്യേകം ചാര്‍ട്ട് ചെയ്ത് നടപ്പിലാക്കും.
വളരെ ശുഭാപ്തി വിശ്വാസത്തോടെയാണ് ലീലാ മാരേട്ട് ഫൊക്കാനാ പ്രസിഡന്‍റ് പദത്തിലേക്ക് മത്സരിക്കുന്നത്. 'ഒപ്പം നില്‍ക്കാമെന്ന് പറഞ്ഞ് കൂടെനിന്ന് ചതിച്ചവരോട് കാലം മറുപടി നല്‍കും. ഇപ്പോള്‍ സ്വാതന്ത്ര്യവും, പിന്നീട് അടിമത്വവും എന്നത് അനുഭവത്തിലൂടെ അക്കൂട്ടര്‍ പഠിക്കും' എന്നാണ് ലീലാ മാരേട്ടിന്‍റെ പക്ഷം.

കുടുംബം, ശക്തി
ഭര്‍ത്താവ് രാജന്‍ മാരേട്ട് മരണം വരെ ലീലാ മാരേട്ടിന്‍റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഹൃദയം നിറഞ്ഞ പിന്തുണയാണ് അമേരിക്കന്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലമായി ഇപ്പോഴും ലീലാ  മാരേട്ട് കരുതുന്നത്. പ്രതിസന്ധികളില്‍ ഉരുകുമ്പോള്‍ ആ ഓര്‍മ്മകള്‍ നല്‍കുന്ന കരുത്ത് വളരെ വലുതാണ്.
രണ്ട് മക്കള്‍: രാജീവ് മാരേട്ട് (ഫൈനാന്‍സ് ബാച്ച്ലര്‍ കഴിഞ്ഞ് ലാംഗ്സണ്‍ പ്രോപ്പര്‍ട്ടീസ് വൈസ് പ്രസിഡന്‍റ്) ഭാര്യ - സൂസി (ഡോക്ടറേറ്റ് ഇന്‍ ഫാര്‍മസി ) ഒരു മകള്‍ - എമിലി റോസ് - പ്രീ കിന്‍റര്‍ ഗാര്‍ഡന്‍.
മകള്‍- ഡോ. രജനി മാരേട്ട് (ന്യൂയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് ഹോസ്പിറ്റലില്‍ അനസ്തേഷ്യോളജിസ്റ്റ്) ഭര്‍ത്താവ്- സുനില്‍ എബ്രഹാം (ഐ.ടി. പ്രൊഫഷണല്‍) രണ്ട് കുട്ടികള്‍ - സേവ്യര്‍ (4 വയസ്സ്) ലൂക്കാസ് (2 വയസ്സ്)

പുരസ്കാരങ്ങള്‍
ചെറുതും വലുതുമായ നിരവധി പുരസ്കരങ്ങള്‍ ലീലാ മാരേട്ടിനെ തേടിയെത്തിയിട്ടുണ്ട്. പ്രവാസി ഭാരതീയ അവാര്‍ഡ്, സിറ്റി കൗണ്ടി യൂണിയന്‍ അവാര്‍ഡുകള്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതിനെല്ലാം ഉപരി സാധാരണക്കാരായ നിരവധി വ്യക്തികള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള സമയത്ത് ചില സഹായങ്ങള്‍ എത്തിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയോളം വരില്ല മറ്റൊന്നും എന്ന് ലീലാ മാരേട്ട് പറയുന്നു. പിതാവ് തുടങ്ങി വെച്ച ജീവകാരുണ്യപാത ഇന്നും മകള്‍ അതിന്‍റെതായ നന്മയോടെ തുടരുന്നുണ്ട്.
പറയുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്നതാണ് ലീലാ മാരേട്ടിന്‍റെ പ്രത്യേകത. അല്പം കാര്‍ക്കശ്യ സ്വഭാവം ഉണ്ടെങ്കിലും അപ്പോള്‍ പറഞ്ഞ് അപ്പോള്‍ തീരുന്നതാണെന്നും അതൊന്നും മനസില്‍ കൊണ്ടുനടക്കാറില്ലന്നും പറയുമ്പോഴും പദവികള്‍ ഏറ്റെടുത്ത് വെറുതെ ഇരിക്കലല്ല സംഘടനാ പ്രവര്‍ത്തനം എന്ന് കഴിഞ്ഞ നാല്പത് വര്‍ഷമായി ജനങ്ങള്‍ക്ക് മുന്‍പില്‍ കാണിച്ചുകൊടുത്ത വ്യക്തിത്വമാണ് ലീലാ മാരേട്ട്. വാക്കും പ്രവൃത്തിയും ഒരുപോലെ കൊണ്ടുപോവുക എന്നതാണ് തന്‍റെ ശൈലിയെന്നും അതാണ് സാമൂഹ്യ പ്രവര്‍ത്തകരെ ഔന്നത്യത്തിലെത്തിക്കുക എന്നും ലീലാ മാരേട്ട് തുറന്ന് പറയുന്നു.
സത്യസന്ധതയില്ലാത്ത സംഘടനാ പ്രവര്‍ത്തനം ഭാവിയില്‍ ഏകാധിപതികളെ സൃഷ്ടിക്കും. അപ്പോഴേക്കും പലരുടേയും വിയര്‍പ്പുതുള്ളികള്‍ കൊണ്ട് പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തിന്  അപചയം ഉണ്ടാകുമെന്നു ഇപ്പോള്‍ തിരിച്ചറിയേണ്ട സമയമാണ്. ലീലാ മാരേട്ട് പറയുന്നു.
അതെ, പറയുന്ന വാക്കുകളിലെ ആര്‍ജ്ജവത്വവും പ്രവര്‍ത്തനത്തിലെ സത്യസന്ധതയുമാണ് ലീലാ മാരേട്ടിനെ പലരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. ആ വ്യത്യസ്തതയാണ് കഴിഞ്ഞ നാല്പത് വര്‍ഷങ്ങളിലെ ലീലാ മാരേട്ടിന്‍റെ വഴിത്താരകളിലെ മുതല്‍ക്കൂട്ട്..
ലീലാ മാരേട്ട് യാത്രതുടരട്ടെ, പിന്‍തലമുറക്കാര്‍ ലീലാ മാരേട്ടിന്‍റെ പാത തേടിവരും എന്നതില്‍ സംശയമില്ല. കാലം അങ്ങനെയാണ്. കൊടുങ്കാറ്റില്‍ സുരക്ഷിതമായ ഒരേയൊരു കപ്പല്‍ ഒരു മികച്ച നേതൃത്വത്തെ തേടുന്നു എന്ന് ആഗ്രഹിക്കുന്നത് പോലെ...


 

Read More

Related Posts