LITERATURE

വിലയേറിയ ഓരോ വോട്ടും- പ്രിയപ്പെട്ട ഡൂ( ഭാഗം 4)

Blog Image

നല്ല തിരഞ്ഞെടുപ്പുകൾ നടത്താനുള്ള കഴിവും, ശേഷിയും ജീവിതത്തിൽ തന്നെ പ്രധാനമാണ്. നല്ല സുഹൃത്തുക്കൾ, പുസ്തകങ്ങൾ, യാത്ര പോകാനുള്ള സ്ഥലങ്ങൾ, ഭക്ഷണം, ഉടുപ്പുകൾ, ജോലി -എന്തെല്ലാമാണ് നാം ഒരു ജീവിതത്തിൽ തിരഞ്ഞു പിടിക്കേണ്ടി വരുന്നത്


പ്രിയപ്പെട്ട ഡൂ,

വിഷുവും, തൃശൂർ പൂരവും ഒക്കെ കഴിഞ്ഞു. ഏപ്രിൽ 26, അടുത്ത വെള്ളിയാഴ്ച, തിരഞ്ഞെടുപ്പ് ആണ്. നിന്റെ ആദ്യത്തെ വോട്ട്. മഹത്തരമായ ഈ രാജ്യത്തിന്റെ സവിശേഷമായ ജനാധിപത്യ പ്രക്രിയയിൽ, ഉത്തരവാദിത്വമുള്ള ഒരു ഇന്ത്യൻ എന്ന നിലക്ക് നീ കൂട്ട് ചേരാൻ പോകുന്നു. വളരെ സ്പെഷ്യൽ ആയ ഒരു അവസരം ആണത്. 

നല്ല തിരഞ്ഞെടുപ്പുകൾ നടത്താനുള്ള കഴിവും, ശേഷിയും ജീവിതത്തിൽ തന്നെ പ്രധാനമാണ്. നല്ല സുഹൃത്തുക്കൾ, പുസ്തകങ്ങൾ, യാത്ര പോകാനുള്ള സ്ഥലങ്ങൾ, ഭക്ഷണം, ഉടുപ്പുകൾ, ജോലി -എന്തെല്ലാമാണ് നാം ഒരു ജീവിതത്തിൽ തിരഞ്ഞു പിടിക്കേണ്ടി വരുന്നത്. 

ഒരു തിരഞ്ഞെടുപ്പ് നടത്തുമ്പോൾ എന്തായിരിക്കും നിന്നെ സ്വാധീനിക്കുന്ന ഘടകങ്ങൾ വാവേ?? ഈ അടുത്ത്  ചെറുപ്പമായ ഒരാൾ എന്നോട്  പറയുകയുണ്ടായി -അയാൾക്ക് ധാരാളം പണമുള്ളത് കൊണ്ട് നമ്മൾ അയാളെ ബഹുമാനിക്കേണ്ടത്  അല്ലേ എന്ന്. ചെറുപ്പവും, പൊതു സമ്പ്രദായ പ്രകാരം അത്യാവശ്യ വിദ്യാഭ്യാസ യോഗ്യതകളും ഉള്ള ഒരാൾ ഇങ്ങനെ ഒന്ന് പറഞ്ഞു കേട്ടപ്പോൾ വാസ്തവത്തിൽ ഒന്ന് ഞെട്ടി പോയി. പൊതുവെ ഇന്നത്തെ ചെറുപ്പം ധൈര്യശാലികളും, തുറന്ന് ചിന്തിക്കുന്നവരും ആണെന്നാണ് എന്റെ തോന്നൽ. ഞങ്ങൾ മില്ലെനിയലുകളുടേത് പോലെ കണ്ടീഷനിങ്ങിന് വിധേയമാകാത്ത, സാങ്കേതിക വിദ്യ തുറന്നു വച്ച പുതു സാധ്യതകൾ ഉപയോഗിച്ച് ലോകം കണ്ട, ഉള്ളിൽ ഉള്ളത് വിളിച്ചു പറയുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാർ. ഒരാൾക്ക് കൊടുക്കുന്ന സ്നേഹ-ബഹുമാനങ്ങളുടെ അടിസ്ഥാനമായി പണം തിരഞ്ഞെടുത്തത് അത്ഭുതമായി തോന്നി. 

പണം ഒരു അനിവാര്യതയാണ്. ആരും ഒന്നും നമുക്ക് വെറുതെ തരാത്ത ഈ ലോകത്ത്, ഏതാണ്ട് മുഴുവൻ സേവനങ്ങളും, സാധനങ്ങളും പണം കൊടുത്ത് മാത്രം വാങ്ങാൻ  കഴിയുന്ന ഈ കാലത്ത്, പണം പകരം വയ്ക്കാൻ സാധിക്കാത്ത ഒന്ന് തന്നെയാണ്. അത് അത്യാവശ്യത്തിന് കയ്യിൽ ഉണ്ടെങ്കിൽ ഒരു ആത്മ വിശ്വാസവും, സുരക്ഷിതത്വവും ഒക്കെ ഉണ്ട് 

പക്ഷെ കുഞ്ഞേ ജീവിതത്തിന്റെ കാമ്പും, കാതലും ആകേണ്ട തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ പണമാകരുത് നമ്മുടെ മുൻഗണന. കഠിനാധ്വാനം കൊണ്ട് പണം ഉണ്ടാക്കാം. പക്ഷെ എത്ര പണമുണ്ടായാലും വാങ്ങാൻ ആകാത്ത ചിലത് ഉണ്ട് - മനുഷ്യനെ വാസ്തവത്തിൽ സത്തയുള്ളവനാക്കുന്ന ചില ഗുണങ്ങൾ. 

നമ്മൾ നടത്തുന്ന ഏതു തിരഞ്ഞെടുപ്പിലും പരാജയ സാധ്യതകളും, അപകട സാധ്യതകളും ഒക്കെയുണ്ട്. പണ്ടൊരു നാട്ടുമൊഴി പറയും - ചക്കയല്ലല്ലോ ചൂഴ്ന്നു നോക്കാൻ എന്ന്. മനുഷ്യനെ തുരന്നു നോക്കാൻ ആർക്കും പറ്റില്ലല്ലോ. പുറമേക്ക് പ്രകടമാക്കുന്ന വാക്ക്, ഭാവം എന്നിവ കൊണ്ടാണ് നമ്മൾ മനുഷ്യരെ അളന്നു നോക്കുന്നത്. പക്ഷെ അങ്ങനെ നമ്മൾ അറിയുന്നത് പെരും നുണകളും ആകാം. 

അടുത്ത് ചെന്ന് കാണുമ്പോൾ, ആഴത്തിൽ അറിയുമ്പോൾ ആരാധനാ വിഗ്രഹങ്ങൾ ഉടഞ്ഞു പോകുന്നതിനെ പറ്റി എം ടി എഴുതിയിട്ടുണ്ട്. 

വോട്ട് കുത്തുന്നതിൽ നിന്നാണല്ലോ ആരംഭിച്ചത്. നിഷ്‌ക്രിയതയും, നിസംഗതയും ആകരുത് ജനാധിപത്യ പ്രക്രിയയിൽ ഒരു വോട്ടറുടെ മുഖ മുദ്ര. കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങൾ ഉണ്ടാകണം. അകക്കണ്ണ് തുറന്നു വച്ചു തന്നെ ലോകം കാണണം. വിശകലനവും അവലോകനവും ചെയ്യണം. ഓരോ വോട്ടും മൂല്യവത്താണ് എന്ന ഉറപ്പോടെ വേണം ചൂണ്ടു വിരലിൽ മഷി പുരട്ടേണ്ടത്.

നിയമം പഠിക്കുന്ന നിന്നോട് ഇതൊക്കെ പറയുന്നത് ഒരു പക്ഷെ ബാലിശമാകാം. പക്ഷെ നിയമത്തെ നേരിനോടും, നീതിയോടും, മനുഷ്യത്വത്തോടും എന്നും ചേർത്ത് വയ്ക്കണം എന്ന് എന്റെ മകളോട് പറയേണ്ടത് എന്റെ ചുമതലയാണ്. പേരിന്റെ പിന്നിൽ ചേരുന്ന ഡിഗ്രികൾക്ക് വില കൊടുക്കുന്നത് ആ ഡിഗ്രികൾ സ്വന്തമാക്കിയവർ ആണ്. 

അപ്പൊ, വെള്ളിയാഴ്ച രാവിലെ പോളിങ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്യാൻ ഒരുങ്ങിക്കോളൂ....

സസ്നേഹം 
അമ്മ

മൃദുല രാമചന്ദ്രൻ 

Related Posts