LITERATURE

പഴുത്ത മാങ്ങയും കൊഞ്ചും;എൻ്റെ രുചിയോർമ്മകൾ

Blog Image

ഓരോ രുചികൾ പരീക്ഷിക്കുമ്പോഴും അമ്മയും മറ്റമ്മയുമൊക്കെ കടന്നു വന്ന് ഒപ്പമിരിക്കും.
എന്തിനാണെന്ന് അറിയാമോ
വെറുതെ കരയിപ്പിക്കാൻ....

രുചികൾ ഒരിക്കലും അവസാനിക്കില്ല ....
അത് പലതും , പലരേയും ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.


പണ്ട് മുറ്റത്തെ മാവിൽ നിന്ന്  മാങ്ങ പഴുത്ത് വീഴുമ്പോൾ ഞങ്ങൾ നാല് പേരും ചാടി വീഴുമായിരുന്നു. കൈയ്യിൽ കിട്ടുന്നവർ അപ്പോഴേ വായിലാക്കും. ബാക്കിയുള്ളവർ അത് നോക്കി നിൽക്കും. ഒരിക്കലും രാവിലെ എഴുന്നേൽക്കാത്ത ഞാൻ കിഴക്ക് വെള്ള കീറുമ്പോഴേ മാങ്ങ പെറുക്കാൻ എഴുന്നേൽക്കുമായിരുന്നു. മുറ്റത്തെ കിണറ്റിൽ വീഴുന്ന മാങ്ങ തൊട്ടിയിറക്കി എടുക്കും.
ഈയിടെ ബൈക്കിൽ പോകുമ്പോൾ റോഡിൽ കിടക്കുന്ന പഴുത്തമാങ്ങ കണ്ടപ്പോൾ ബൈക്ക് ഒതുക്കി ഇറങ്ങി ഒരെണ്ണം എടുത്തപ്പോഴേക്കും മാവിൻ്റെ ഉടമസ്ഥൻ ഗേറ്റ് തുറന്ന് വന്നു. മാങ്ങാ കള്ളനെ കൈയ്യോടെ പൊക്കാൻ ഇറങ്ങിയതാണെന്ന് വിചാരിച്ച് ഒരെണ്ണമേ എടുത്തുള്ളു എന്ന് ഞാൻ പറഞ്ഞപ്പോൾ " അതും കൂടി എടുത്തോ ഞങ്ങൾക്ക് സ്ഥിരം കിട്ടുന്നതാ" എന്ന് പറഞ്ഞപ്പോൾ കള്ളൻ പരിവേഷത്തിൽ നിന്ന് മാങ്ങാ കൊതിയനിലേക്ക് പരകായ പ്രവേശം നടത്തിയ ഞാൻ ബാക്കിയുള്ളതും കൂടി എടുത്താണ് വീടെത്തിയത്.
ഒന്നു രണ്ടെണ്ണം കൂടി ഉണ്ടായിരുന്നെങ്കിൽ മാങ്ങാക്കറി വയ്ക്കാമായിരുന്നു എന്ന് ഭാര്യ പറയുന്നതിന് മുൻപേ ഞാനത് ചെത്തി വിതരണം തുടങ്ങിയിരുന്നു.
വഴിയിൽ വീണു കിടക്കുന്ന മാങ്ങ നൽകുന്ന രുചി ഒന്ന് വേറെ തന്നെ.
ഇന്നലെ രാത്രി രണ്ട് മണിക്ക് മലപ്പുറത്ത് വന്നിറങ്ങി കോട്ടേഴ്സിലേക്ക് മൊബൈൽ വെളിച്ചത്തിൽ നടക്കുമ്പോൾ ദാ കിടക്കുന്നു വരിവരിയായി മാങ്ങകൾ . പഴുത്ത മാങ്ങയുടെ മണവും കൂടിയായപ്പോൾ പഴയ വെളുപ്പാം കാലം തിരിച്ചു വന്നു. ബാഗ് തറയിൽ വെച്ച് കുറേയെണ്ണം പെറുക്കിയെടുത്ത് കോട്ടേഴ്സിലേക്ക് കയറിയപ്പോൾ അവിടെയെല്ലാം മാങ്ങ വീണു കിടപ്പുണ്ട്.. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാവും ഉഷ്ണകാലത്ത് വരാന്തയിൽ ഉറക്കം പിടിച്ച സഹ വീട്ടുകാരൊക്കെ തലപൊക്കി നോക്കിയോ എന്നൊരു സംശയം.
മാങ്ങാക്കൊതിയൻ മാഷ് പാതിരാത്രിക്ക് മൊബൈൽ വെളിച്ചത്തിൽ മാങ്ങ പെറുക്കുന്നു. രാവിലെ ഞങ്ങ പെറുക്കാൻ വെച്ചിരുന്ന മാങ്ങകൾ മാഷ് കൊണ്ടോയല്ലോ എന്നവർ ചിന്തിക്കുമല്ലോ എന്ന് വിചാരിച്ച് കിട്ടിയമാങ്ങകളുമായി ഞാൻ വീട്ടിൽ കയറി.
രാത്രിയിൽ മാങ്ങകൾ വീഴുന്ന ശബ്ദം കേട്ടപ്പോഴൊക്കെ കാല് തരിച്ചതാണ്. വീണ്ടും ഇറങ്ങിയാലോ. 
വേണ്ട ... ആവശ്യത്തിന് ഉള്ളത് കിട്ടി . ഇനിയുള്ളത് അഹങ്കാരം , അത്യാഗ്രഹം.
രാവിലെ എഴുന്നേറ്റ് ഒരു യാത്ര പോയി തിരികെ വന്ന് നാലെണ്ണം ചെത്തി ഉപ്പും മുളകും ചേർത്ത് കഴിച്ചു.
സ്കൂൾ കഴിഞ്ഞ് വരുമ്പോൾ അമ്മ ചെത്തിത്തരുന്ന വീട്ടിലെ മാങ്ങയും അതിൻ്റെ രുചിയും തിരികെ വന്നുവോ.
" ഏറെ കഴിക്കണ്ട .. വയറ് കേടാകും "
അമ്മയുടെ ശാസനയും കരുതലും കേൾക്കുന്നു.
വൈകിട്ട് കറണ്ട് വന്നും പോയിയും നിൽക്കുന്നു. അതിനിടയിലും ഒരു മാങ്ങ വെറുതെ ചപ്പിത്തിന്നു . മാങ്ങാണ്ടി കാണുന്നത് വരെ പണ്ട് നാട്ടുമാങ്ങ ചപ്പിയ കാലം ഓർമ്മിച്ചു. മാങ്ങാണ്ടിയുടെ നാര് താടിയുള്ള അപ്പൂപ്പനെ പോലെ പിരിച്ചു വെച്ചതും കൈയ്യിൽ നിന്ന് അപ്പൂപ്പൻ വഴുതിപ്പോയതും ഓർമ്മിച്ചു. ഒരു രസമുള്ള കാലം
കഴിഞ്ഞ ദിവസം വീട്ടിൽ കിട്ടിയ മാങ്ങാ പഴുത്തപ്പോൾ മകൻ മാങ്ങാ ഐസ് ക്രീം ഉണ്ടാക്കി തന്നു. പുതുതലമുറയുടെ പുതു വഴികൾ , പുതു രുചികൾ.
നേരം സന്ധ്യയായി. വൈകിട്ട് എന്താണ് ഭക്ഷണം.
ചോറ് വെയ്ക്കണം. അല്പം കൊഞ്ച് വാങ്ങിയിട്ടുണ്ട്. മാങ്ങാക്കറി വെയ്ക്കാം. കൊച്ച് ഫ്രൈ ചെയ്യാം. നാവിൽ വെള്ളമോടി . നുറുക്കരി എടുത്ത് കുക്കറിൽ ഇട്ടു. കൊഞ്ച് ഫ്രൈ ആക്കി. മാങ്ങാ കറി വെയ്ക്കാൻ തുടങ്ങിയപ്പോൾ കറണ്ട് പോയി. ഇടയ്ക്ക് കറണ്ട് വന്നും പോയിയും ഇരുന്നു. കറണ്ട് പോകുമ്പോഴാണ് മെഴുകുതിരി അന്വേഷിക്കുക. മുൻപ് കത്തിത്തീർന്ന തിരികളുടെ അവശേഷിപ്പുകൾ മാത്രം ബാക്കി . കൊഞ്ചും ചോറും ചേർത്ത് കഴിക്കാം. അപ്പോഴാണ് പണ്ട് അമ്മ പഴുത്ത മാങ്ങയ്ക്കൊപ്പം മുളകും ഉപ്പും ചേർത്ത് ഇളക്കി നാലുമണിക്ക് തന്നിരുന്നത് ഓർമ്മിച്ചത്. പഴുത്തമാങ്ങ തൊലി കളഞ്ഞ്  ചെറുതായി അരിഞ്ഞ് മുളക്പൊടിയും ഉപ്പും ചേർത്ത് പഴുത്തമാങ്ങ അച്ചാർ പോലെ ആക്കി. ചൂട് നുറുക്കരി ചോറിൽ പഴുത്ത മാങ്ങ മുളകിട്ടത് ചേർത്ത് ചെറുതായി ഒന്നിളക്കി. ഓരോ ചോറുരുളയിലും രണ്ട് കൊഞ്ച് കഷ്ണവും കൂടി ചേർത്ത് ഒരു പിടി.
എൻ്റെ ഓമനയമ്മോ..
എന്നാ രുചി...
അമ്മ വന്ന് എൻ്റെ അടുത്ത് നിൽക്കുന്നതുപോലെ.
ഓരോ രുചികൾ പരീക്ഷിക്കുമ്പോഴും അമ്മയും മറ്റമ്മയുമൊക്കെ കടന്നു വന്ന് ഒപ്പമിരിക്കും.
എന്തിനാണെന്ന് അറിയാമോ
വെറുതെ കരയിപ്പിക്കാൻ....

രുചികൾ ഒരിക്കലും അവസാനിക്കില്ല ....
അത് പലതും , പലരേയും ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.
നാലും അഞ്ചും കൂട്ടാൻ വെച്ച് അച്ഛന് ഭക്ഷണം വിളമ്പി അമ്മ ഒപ്പമിരിക്കുമ്പോൾ "ഓമനേ അല്പം വെളുത്തുള്ളിയും മുളകും ഉടച്ചേ " എന്ന് പറയുന്ന അച്ഛനെ നോക്കി " ഇയാളുടെ ഒരു മുളക് തീറ്റി " എന്ന് പറഞ്ഞ് വേഗം വെളുത്തുള്ളിയും വറ്റല് മുളകും ചേർത്ത് ചതച്ച് അല്പം വെളിച്ചെണ്ണയും താളിച്ച് പാത്രത്തിൻ്റെ വക്കിൽ കൊണ്ട് വെയ്ക്കും. എന്നിട്ട് അച്ഛൻ കഴിക്കുന്നതും നോക്കി ഇരിക്കും.
ഇങ്ങനെ എത്രയോ അമ്മമാർ , ഭാര്യമാർ, സഹോദരിമാർ - നമ്മുടെ രുചിയറിഞ്ഞ് കൂടെ നിൽക്കുന്ന ചില മനുഷ്യരുടേതുകൂടിയാണ് ലോകം.
ഏവർക്കും മെയ് ദിന ആശംസകൾ

Related Posts