തിരുവനന്തപുരം: വര്‍ഷങ്ങളായി സര്‍ക്കാരും സി.പി.എമ്മും അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രോഗവിവരം പുറത്തായി. അദ്ദേഹം കാന്‍സര്‍ അതിജീവിതനാണെന്ന (Cancer Survivor) നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പ്രമുഖ ദേശീയ വാരികയായ 'ഓപ്പണ്‍' ആണ് രംഗത്തെത്തിയത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലമാക്കി പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.
മയോ ക്ലിനിക്ക് യാത്രകള്‍; ഉത്തരമില്ലാതിരുന്ന ചോദ്യങ്ങള്‍
മുഖ്യമന്ത്രി എന്തിനാണ് അമേരിക്കയിലെ മിനസോട്ടയിലുള്ള മയോ ക്ലിനിക്കില്‍ ഇടയ്ക്കിടെ ചികിത്സ തേടുന്നത് എന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ മറുപടി നല്കാന് സര്‍ക്കാരോ സി.പി.എമ്മോ തയ്യാറായിരുന്നില്ല. 2018-ലാണ് പിണറായി വിജയന് ആദ്യമായി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത്. തുടര്‍ന്ന് 2022 ജനുവരിയിലും ഏപ്രിലിലും സന്ദര്‍ശനം നടത്തി. ഏറ്റവും ഒടുവിലായി 2025 ഏപ്രിലിലാണ് മയോ ക്ലിനിക്കില്‍ ചികിത്സ തേടിയത്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിലും നിയമസഭയിലെ ചോദ്യങ്ങളിലും 'സ്വകാര്യത' എന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ വിവരങ്ങള്‍ നിഷേധിക്കുകയായിരുന്നു.
വെളിപ്പെടുത്തല്‍ പാര്‍ട്ടിയുമായി അടുത്ത കേന്ദ്രത്തില്‍നിന്ന്
സി.പി.എം. നേതാവായിരുന്ന പാട്യം ഗോപാലന്റെ മകനും മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമായ എന്‍.പി. ഉല്ലേഖാണ് 'The Pinarayi Plebiscite' എന്ന കവര്‍ സ്റ്റോറി തയ്യാറാക്കിയത്. മുഖ്യമന്ത്രിയുടെ ഭരണമികവിനെ വാഴ്ത്തുന്ന ലേഖനത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: 'പാര്‍ട്ടി തുടര്‍ഭരണം നേടിയാല്‍ പ്രായാധിക്യം മാത്രമാണ് പിണറായിക്ക് തടസ്സമായിട്ടുള്ളത്; അതിലുപരി അദ്ദേഹം ഒരു കാന്‍സര്‍ അതിജീവിതനുമാണ്.' പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഒരാള്‍ തന്നെ ഈ വിവരം പുറത്തുവിട്ടതോടെ സര്‍ക്കാരിന്റെ ഇതുവരെയുള്ള മൗനം ചോദ്യം ചെയ്യപ്പെടുകയാണ്.
ചികിത്സാ ചിലവ് പൊതുമുതല്‍; ചര്‍ച്ചയാകുന്നു
മുഖ്യമന്ത്രിയുടെ വിദേശ ചികിത്സയ്ക്കായി ചെലവാക്കുന്ന തുക പൊതുമുതലായതിനാല്‍ രോഗവിവരം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന വാദം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ ഇത്തരമൊരു വിവരം പുറത്തുവന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്. രോഗവിവരം മറച്ചുവെച്ചതിനെ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍, കാന്‍സറിനെപ്പോലൊരു മാരക രോഗത്തെ അതിജീവിച്ച് അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുകൂല ഘടകമാക്കാനാണ് സി.പി.എം. ലക്ഷ്യമിടുന്നത്.



.jpeg)

