PRAVASI

എക്സിറ്റ് പോളിനപ്പുറം, എക്സാറ്റു ഫലത്തിൽ കേരളം ആരെടുക്കും?

Blog Image

കേരള അസംബ്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനവും, തിരഞ്ഞെടുപ്പ് പ്രചാരണവും,  തെരഞ്ഞെടുപ്പും വളരെ പെട്ടെന്ന് തന്നെ നടന്നു. ഏപ്രിൽ ഒമ്പതാം തീയതി നടന്ന കേരള അസംബ്ലി തെരഞ്ഞെടുപ്പ് ഫലം അറിയാൻ, മേയ് നാലാം തീയതി വരെ ഒരു നീണ്ട കാത്തിരിപ്പ്. ഫലമറിയാനുള്ള ആകാംക്ഷഭരിതമായ കാത്തിരിപ്പ്. ഇലക്ട്രോണിക് ബാലറ്റ് ബോക്സിൽ നിന്ന് ഫലമായി വെളിയിൽ വരാൻ ബാലറ്റുകൾ വീർപ്പുമുട്ടുകയാണ്. കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളിൽ ആരോപിക്കപ്പെട്ട മാതിരി ബാലറ്റുകളിൽ തിരിമറി നടക്കുമോ എന്ന ഭയപ്പാടോടെ ചിലർ. അതിനിടയിൽ പല പാർട്ടിക്കാർക്കും, അങ്കലാപ്പ്, ഉറക്കമില്ലാത്ത രാവുകൾ, സങ്കല്പത്തിൽ  ലഭ്യമാകേണ്ട വോട്ടുകളെ പറ്റി കൂട്ടൽ കിഴിക്കൽ. എല്ലാ സ്ഥാനാർത്ഥികളും എല്ലാ മുന്നണികളും വിജയം മാത്രം അവകാശപ്പെടുന്നു. ആരും തങ്ങൾ തോറ്റു പോകുന്നതായി പറയുന്നില്ല. എല്ലാവരും ജയിക്കാനായി ജനിച്ചവർ. വിജയം ആഘോഷിക്കാനായി, കേക്കും കൊച്ചു മിട്ടായിയും, മാലപ്പടക്കവും അവർ റെഡിയാക്കി വച്ചു കഴിഞ്ഞു. വിദേശത്ത് അമേരിക്കയിലും മറ്റുമുള്ള കേരള രാഷ്ട്രീയ മുന്നണികളുടെ പോഷക സംഘടനകളും കേരളത്തിലെ  അവരുടെ രാഷ്ട്രീയ ഇഷ്ടതോഴന്മാരുടെ വിജയം സമുചിതമായി ആഘോഷിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു. 

അതിനിടയിൽ ഇതാ എക്സിറ്റ്പോൾ ഫലങ്ങൾ വെളിയിൽ. ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫ് അനുകൂലം. യുഡിഎഫുകാരുടെ മനസ്സിൽ ആഹ്ലാദത്തിന്റെ പൂത്തിരി. എൽഡിഎഫ്,  എൻഡിഎ മുന്നണിക്കാരുടെ പുഞ്ചിരി മായുന്നു,  അവർക്ക് നെഞ്ചിടിപ്പ് ഏറുന്നു. കഴിഞ്ഞ 10 കൊല്ലം,  കേരള തലസ്ഥാനമായ തിരുവനന്തപുരത്ത്, അദ്ധ്യാഡംബരപൂർവ്വം നങ്കുരമിട്ട്,  തന്നിഷ്ടം മാതിരി ഭരണം നടത്തിയ എൽഡിഎഫ്, എന്ന കപ്പൽ അതിനെ ചോദ്യം ചെയ്യാൻ ആകാത്ത രീതിയിൽ നയിച്ച ശ്രീ പിണറായി വിജയൻ എന്ന മൂത്ത കപ്പിത്താനോടൊപ്പം മുങ്ങിത്താഴാൻ പോകുന്നു. മുങ്ങുന്ന കപ്പലിൽ നിന്ന് ചിലർ ചാടി മുമ്പേ രക്ഷപെട്ടിരുന്നു. ഇനിയും പലരും രക്ഷപ്പെടാനുള്ള തത്രപാടിലാണ്. കയ്യിൽ കിട്ടുന്നതെല്ലാം പെറുക്കി ചാക്കിലാക്കി മന്ത്രി മന്ദിരങ്ങളും,  അതുപോലെ പഴയ എംഎൽഎമാരും എംഎൽഎ ക്വാർട്ടേഴ്സുകൾ ഒഴിയാൻ റെഡി ആയിക്കൊണ്ടിരിക്കുകയാണ്. അവരുടെ സ്ഥാപന ജംഗമ വസ്തുക്കളെല്ലാം കയറ്റി കൊണ്ടുപോകാൻ ധാരാളം ട്രക്കുകൾ നിരന്നു കഴിഞ്ഞു. 10 കൊല്ലം തിന്ന് കുടിച്ച് സുഖസമൃദ്ധമായി കഴിഞ്ഞ മുഖ്യമന്ത്രി മന്ദിരം,   ക്ലിഫ്ഹൗസിനെ നോക്കി മുഖ്യമന്ത്രിയും ക്യാപ്റ്റനുമായ ആ മാന്യദേഹവും സ്വന്തം കുടുംബാംഗങ്ങളും, നെടുവീർപ്പോടെ, കണ്ണുനീരോടെ വിട ചൊല്ലുകയാണ്. വെളിയിൽ പോയാലും അത്യധികം ആർഭാടത്തോടെ ജീവിക്കാനുള്ള വക നേടിയിട്ടുണ്ടെങ്കിലും, കേരളത്തിലെ നമ്പർ വൺ സിറ്റിസൺ എന്ന രീതിയിൽ ക്ലിപ്പ് ഹൗസിലെ വാഴ്ചയും സുഖവും, 40 ഓളം അകമ്പടി കാറുകളും ഒന്ന് വേറെ തന്നെ ആയിരുന്നല്ലോ?. 

ഒന്ന് പിറകോട്ട് അന്തർദേശീയ തലത്തിൽ നോക്കിയാലും കഴിഞ്ഞുപോയ ചില മനോഹര ചിത്രങ്ങൾ ഇപ്പോൾ മനസ്സിൽ തെളിഞ്ഞു വരികയാണ്. തന്നെ, കേരള മുഖ്യനെ പൊക്കിയെടുത്ത് ചില അന്തർദേശീയ മെഗാ മലയാളി സംഘടനകൾ ആയ ഫൊക്കാനാ, ഫോമാ, വേൾഡ് മലയാളി, അഖില ലോക കേരള സഭ അംഗങ്ങൾ, എംപികൾ  മറ്റ് നിരവധി പ്രാഞ്ചിയേട്ടൻമാർ, വൈക്കം മുഹമ്മദ് ബഷീർ നോവലിൽ പറയുന്ന "എട്ടുകാലി മമുഞ്ഞുകൾ" ഒറ്റക്കെട്ടായി അണിനിരന്ന് ലോക തലസ്ഥാനമായ ന്യൂയോർക്ക് ടൈംസ്ക്വയറിൽ നല്ല ഉറപ്പുള്ള ഇരുമ്പ് സിംഹാസനത്തിൽ കുത്തി ഇരുത്തിയതും ഇനി വെറും ഹൃദയത്തിൽ ഓമനിക്കാനും താലോലിക്കാനുള്ള മധുരിക്കുന്ന ഓർമ്മകൾ മാത്രം.

ഇനിയിപ്പോൾ കേൾക്കുന്നു കേരള മുഖ്യൻ ആകാൻ, ആ ക്ലിപ്പ്ഹൗസിൽ ഒന്ന് കയറിപ്പറ്റാൻ,  എക്സിറ്റ്പോൾ ഫല വെളിച്ചത്തിൽ യുഡിഎഫിലെ ചില വമ്പൻമാരും കൊമ്പൻമാരും, വായിൽ ആശയുടെ വെള്ളവും ഒലിപ്പിച്ച് തമ്മിൽ തമ്മിൽ ചില സ്വന്തം അനുയായികളുമായി ഒളിപ്പോർ യുദ്ധം നടത്തുന്നുവെന്ന്. അത് കേൾക്കുമ്പോൾ തോറ്റോടുന്ന ഇപ്പോഴത്തെ മുഖ്യനു , മുക്കി മുക്കി ആണെങ്കിലും കീഴേ കൂടെയും മേലെ കൂടെയും  ഒരു ആശ്വാസം. അവന്മാര് അടിച്ചുതീർത്തു പിരിയും. വോട്ടേഴ്സ് ആയ പൊതുജനങ്ങൾ ഒരു താലത്തിൽ അധികാരം വെച്ചുകൊടുത്താൽ പോലും അത് വിനിയോഗിക്കാൻ അറിവില്ലാത്ത ഭാഗ്യമില്ലാത്ത ഇവറ്റകളെ ഓർത്ത് പടിയിറങ്ങുന്ന മുഖ്യനും, പാർശ്വവർത്തികളും ഹൃദയത്തിൽ സന്തോഷിക്കാതിരുന്നില്ല. ഏതായാലും ഖജനാവ് കാലിയാക്കി കഴിഞ്ഞു. ഭരിക്കാൻ വരുന്നവർ എവിടെ നിന്ന് കാശ് എടുത്ത് ഭരിക്കും കളിക്കും. എന്ന് കാണട്ടെ?. കേന്ദ്രത്തിൽ നിന്നും അവർ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. പിന്നെ സെക്രട്ടറിയേറ്റിലെ പല ഫയലുകളും, മുക്കണം അല്ലെങ്കിൽ കത്തിച്ചു കളയണം. വരുന്ന ഭരണകർത്താക്കൾ ഒന്നും ചികഞ്ഞു പൊക്കിക്കൊണ്ട്, തങ്ങളെ പൂട്ടാൻ വരരുത്. പിന്നെ തമ്മിലടിക്കാൻ പോകുന്ന യുഡിഎഫിനെതിരെ നിരന്തരം, സമരങ്ങളും കരിങ്കോടി പ്രകടനങ്ങളും, എൻഡിഎയുമായി ചേർന്നു  നടത്തുക എന്നത് എൽഡിഎഫിന് പുത്തരിയൊന്നുമല്ലല്ലോ?. വരാൻ പോകുന്ന യുഡിഎഫ് സർക്കാരിനെതിരെ വീശാൻ കുറെ അധികം കരിംകൊടികൾ തയ്യാറാക്കണം. അങ്ങനെ ഇപ്രാവശ്യം തോറ്റോടുകയാണെങ്കിൽ പോലും ഭാവിയിലേക്ക് നോക്കുമ്പോൾ ഒരു വെള്ളിവെളിച്ചം കാണാനുണ്ട്.

ഏതായാലും ഈ ലേഖകൻ കേരള ഭരണത്തിലും രാഷ്ട്രീയത്തിലും കുറച്ചുകാലമായി അരങ്ങേറി കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ ഇപ്പോൾ വന്നിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ വിശ്വസിക്കാനും ന്യായീകരിക്കാനും ആണ് തോന്നുന്നത്. സത്യത്തിൽ ഈ എക്സിറ്റ് പോൾ ഫലങ്ങൾ വെളിയിൽ വരുന്നതിനു മുൻപ് തന്നെ ഫലം ഇങ്ങനെയൊക്കെ തന്നെ ആയിരിക്കുമെന്നാണ് ഈ ലേഖകൻ കരുതിയിരുന്നത്. ഭരണത്തിൽ പാളിച്ചകൾ ആയിരുന്നു അധികവും. അതിനെപ്പറ്റി ഒക്കെ വീണ്ടും വിവരിക്കുന്നതല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. ഭരണകർത്താക്കളുടെ വീഴ്ചകൾ മീഡിയയുടെ സൃഷ്ടിയാണെന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. ഭരണത്തിന്റെ പിഴവുകൾ എത്രയോ വട്ടം മീഡിയകൾ മൂടിവച്ചിരിക്കുന്നു അല്ലെങ്കിൽ ന്യായീകരിച്ചിരിക്കുന്നു. മാധ്യമ ധർമ്മം തന്നെ സത്യത്തിനും  നീതിക്കും വേണ്ടി നിലകൊള്ളുക എന്ന കാര്യവും മറക്കരുത്. തമ്മിൽ കൊമ്പ് കോർക്കുന്ന ഈ മൂന്ന് മുന്നണികളുടെയും ചില സ്ഥാനാർത്ഥികളുടെയും അവരുടെ വക്താക്കളുടെയും പ്രഖ്യാപനങ്ങളും പ്രവർത്തനങ്ങളും പലപ്പോഴും ജനവിരുദ്ധവും വികസന വിരോധവും നിറഞ്ഞതായിരുന്നു. അപ്രകാരമുള്ള സ്ഥാനാർത്ഥികളും വ്യക്തികളും തെരഞ്ഞെടുപ്പിൽ കക്ഷിഭേദമെന്യേ  തോൽക്കണം എന്ന് ആഗ്രഹിക്കുന്ന വോട്ടറന്മാരായ  ജനങ്ങൾ ധാരാളം കാണുമല്ലോ. തീവ്ര മത വർഗീയതയോടെ കേന്ദ്രഭരണം കയ്യാളുന്ന എൻഡിഎ മുന്നണിയെ ഇപ്രാവശ്യവും പ്രബുദ്ധരായ കേരള ജനത എട്ടുനിലയിൽ പൊട്ടിക്കും എന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്.

അതുപോലെതന്നെ, " തമ്മിൽ ഭേദം തൊമ്മൻ" എന്ന രീതിയിൽ ഓരോ കക്ഷികൾക്കും, വ്യക്തികൾക്കും ഓരോ അവസരത്തിൽ വോട്ടുകൾ മാറി മാറി കുത്തുന്ന പൊതു ജനങ്ങളും നമ്മുടെ ഇടയിൽ ഉണ്ടല്ലോ. ഏതു വ്യക്തി ഏതു പാർട്ടി വിജയിച്ചു വന്നാലും " കോരന് കഞ്ഞി എന്നും കുമ്പിളിൽ" തന്നെ എന്ന് ചിന്തിക്കുന്ന പൊതുജനങ്ങളും ഉണ്ടല്ലോ?.

എൽഡിഎഫ് തോറ്റു തുന്നം പാടിയാലും, ഈ എക്സിറ്റ് പോളുകാർ കുറെ അധികം സീറ്റുകൾ അവർക്ക് വാഗ്ദാനം ചെയ്യുന്നത് ഒരു മഹാ അത്ഭുതമായി തോന്നുന്നു. വെള്ളി വെളിച്ചത്തിൽ, പച്ചക്ക് ജനാധിപത്യം എന്ന പേരിൽ ജനങ്ങളുടെ നെഞ്ചത്ത് എന്തെല്ലാം വൃത്തികേടുകളും ആധിപത്യവും ആണ് അവർ കാണിച്ചുകൂട്ടിയത്?. മുഖ്യന്റെ പ്ലെയിൻ യാത്രയ്ക്കിടെ സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങളെ, അവരുടെ പാർട്ടി നേതാവ്, തൊഴിച്ച് തള്ളുക. എന്നിട്ട് തൊഴി കൊണ്ട് നിലത്ത് കിടന്ന് ഉരുളുന്ന പാവപ്പെട്ട പയ്യന്മാർ ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക. അനീതിക്കെതിരെ പ്രതിഷേധിക്കുന്ന,  കരിങ്കോടി പ്രദർശിപ്പിക്കുന്ന യൂത്തന്മാരെ ഭാരമുള്ള ചെടിചട്ടി കൊണ്ട് തലയ്ക്കടിക്കുക. അവരെ സെക്യൂരിറ്റി ഗുണ്ടകളെ കൊണ്ട് പാമ്പിനെ തല്ലുന്ന മാതിരി തല്ലി ചതയ്ക്കുക. പാമ്പിനെ പോലും ഇക്കാലത്ത് തല്ലാറില്ല, അതിനെ പോലും സൗമ്യമായി പിടിച്ചു തൊട്ടു തലോടി, എയർ കണ്ടീഷൻ ചാക്കിലാക്കി വനത്തിൽ വിടുകയാണ് പതിവ്. പാർട്ടിയുടെ അസംബ്ലി സ്പീക്കറുടെ അനുമതിയോടെ അവതരിപ്പിച്ച ആരോഗ്യ മന്ത്രിയുടെ " കഴുത്തുളുക്ക് എന്ന പൊറാട്ട് നാടകം. അതിനു വീണ്ടും ബലിയാടുകളും, ജയിൽവാസവും അനുഭവിക്കേണ്ടിവന്ന ചില കരിങ്കൊടി വാഹികളായ പാവം യൂത്തൻമാരും. മറ്റ് ഭരണ രംഗത്ത് ഉണ്ടായ വൈവിധ്യമേറിയ പരാജയങ്ങളെ പറ്റി ലേഖന സ്ഥലപരിമിതി യുള്ളതിനാൽ  ഇവിടെ വിവരിക്കുന്നില്ല.

യുഡിഎഫിന്റെ പോരാട്ടം കേന്ദ്രം ഭരിക്കുന്ന എൻഡിഎ ഭരണകക്ഷിയോടും,  കേരളം ഭരിക്കുന്ന എൽഡിഎഫ് ഭരണകക്ഷിയോടും, പിന്നെ യുഡിഎഫിൽ തന്നെ പരസ്പരം കലഹിക്കുന്ന ചില അധികാരമോഹികളോടും ആയിരുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ എല്ലാം അതിജീവിച്ച് യുഡിഎഫ് തന്നെ വിജയിക്കും എന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. ഇനിയിപ്പോൾ, പോളിംഗ് സിസ്റ്റത്തിലോ, എണ്ണലിലോ എന്തെങ്കിലും തിരിമറി നടന്നാൽ മാത്രം എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റായി മാറും, അല്ലെങ്കിൽ തെറ്റായി മാറ്റും. പിന്നീട് വരാൻ പോകുന്നത്,  എംഎൽഎമാർക്കിടയിലുള്ള, കാലു മാറ്റങ്ങളും കുതിരക്കച്ചവടങ്ങളും, തുടർന്നുള്ള തൂക്ക് മന്ത്രിസഭയും മറ്റുമായിരിക്കും. അങ്ങനെ വന്നാൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ, എൻഡിഎ അടങ്ങുന്ന ഒരു കൂട്ടു മുന്നണി മന്ത്രിസഭ ആയിരിക്കും. കഴിഞ്ഞകാല ചെയ്തികൾ നോക്കിയാൽ എൽഡിഫ്,  ബിജെപി (എൻഡിഎ) കക്ഷികൾ തമ്മിൽ ഒരു പരസ്പര സഹായ അന്തർധാര ഏത് കൊച്ചു കുഞ്ഞിനു പോലും മനസ്സിലാക്കാൻ സാധിക്കുന്നതേയുള്ളു..

ഏതായാലും ഇനി ഏതാനും മണിക്കൂറുകൾക്കകം എക്സാറ്റ് റിസൾട്ടുകൾ  പുറത്ത് വന്നു തുടങ്ങും. പുതിയ കേരള അസംബ്ലി എംഎൽഎ മാലാഖ കുഞ്ഞുങ്ങൾ പിറന്നു തുടങ്ങും. ആ ഓരോ വിജയത്തെയും തോൽവിയെയും ആർത്തട്ടഹസിച്ചുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട മലയാള ടിവി ചാനലുകൾ  ഉൽഘോഷിക്കും. ഈ ലേഖകൻ അല്ല,  മറ്റുചിലർ പറയുന്ന കഴുതകളായ വോട്ടർമാർ, പൊതുജനങ്ങൾ ഹർഷാരവത്തോടെ  അവരെ സ്വീകരിക്കേണ്ടതെയുള്ളു. വരാൻ പോകുന്ന മുന്നണി മുഖ്യമന്ത്രിയെ പറ്റിയോ, മറ്റു മന്ത്രിമാരെ പറ്റിയോ ഇപ്പോൾ ഇവിടെ ചർച്ച ചെയ്തു കൂടുതൽ പുലിവാൽ പിടിക്കേണ്ടതില്ലല്ലോ. ആദ്യം കുഞ്ഞ് ജനിക്കട്ടെ എന്നിട്ടു പോരെ ജാതകം എന്ന് പണ്ട് ആരാണ്ട് പറഞ്ഞതിനോട് യോജിച്ചു കൊണ്ട് ഈ ലേഖനം ഇവിടെ ഉപസംഹരിക്കുകയാണ്.

 എ.സി.ജോർജ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.