ക്ര്...ക്ക്ര്.... നാലുമണിക്ക് ചായക്കൊപ്പം കഴിക്കാന്‍ കിട്ടിയ റസ്ക് നടുവേ മുറിച്ച ശബ്ദം. ഓര്‍മ്മകള്‍ ഇരമ്പിയെത്തി. റസ്ക് എന്നോ പനിയപ്പം എന്നോ ഒക്കെ വിളിക്കുന്ന പലഹാരം പണ്ട് വീട്ടില്‍ സ്ഥിരമായി വാങ്ങിയിരുന്നു. മറ്റ് നാലുമണി പലഹാരങ്ങള്‍ ഒന്നുമില്ലാതിരുന്ന ഒരുപാടു വൈകുന്നേരങ്ങളില്‍ ഞങ്ങളെ തുണച്ച റസ്ക് ഞങ്ങള്‍ പലപ്പോഴും വാങ്ങിയിരുന്നത് കുറിച്ചിത്താനം കവലയുടെ ഒത്ത നടുക്ക് സ്ഥിതിചെയ്തിരുന്ന സൂര്യ ബേക്കറിയില്‍ നിന്നായിരുന്നു. സൂര്യ ടെക്സ്റ്റൈല്‍സ്, സൂര്യ ബേക്കേഴ്സ്, സൂര്യ സ്റ്റേഷനറി സ്റ്റോഴ്സ്- മൂന്നു മുത്തുകള്‍ നിരത്തിയ നെക്ലേയ്സ് പോലെ കുറിച്ചിത്താനം കവലയെ മനോഹരിയാക്കിക്കൊണ്ട് നിലകൊണ്ട ഈ വ്യാപാരസ്ഥാപനങ്ങള്‍ ഭാസ്കരന് നായരുടെയും രണ്ട് ആണ്മക്കളുടേയും ആയിരുന്നു. തിക്കുറിശ്ശിയുടെയും ശങ്കരാടിയുടെയും ഒരു സങ്കര രൂപമായിരുന്നു ഭാസ്കരന് നായര്‍. പൊക്കം കുറഞ്ഞ, കട്ടിക്കണ്ണട വെച്ച, തുടുത്ത കവിളുകള്‍ ഉണ്ടായിരുന്ന ഭാസ്കരന് നായര്‍. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ആയിരുന്നു എപ്പോഴും അയാളുടെ വേഷം. കഷണ്ടി കയറിയ തലയില്‍, അവശേഷിച്ചിരുന്ന ഏതാനും നീണ്ട നരച്ച മുടിയിഴകളെ വൃത്തിയായി അയാള്‍ എപ്പോഴും ചീകി ഒതുക്കിയിരുന്നു. ഒരു നാട്ടിന്‍പുറത്തെ ജൗളിക്കടയില് സാധാരണ കിട്ടിയിരുന്ന തോര്‍ത്ത്, ലുങ്കി, കൈലി, നൈറ്റി, അണ്ടര്‍വെയര്‍ തുടങ്ങിയ അവശ്യ ജൗളിത്തരങ്ങള്‍ മാത്രമായിരുന്നു സൂര്യ ടെക്സ്റ്റൈല്‍സില്‍ ലഭ്യമായിരുന്നത്. 70 വയസ്സിനു മുകളില്‍ പ്രായമുണ്ടായിരുന്ന ജൗളിക്കട ഉടമ ഭാസ്കരന് നായര്‍, ഫാഷന്‍ ഡിസൈനിങ് എന്ന വിപുല ശാഖയുടെ സാധ്യതകള്‍ ഒന്നും തന്നെ ഉപയോഗപ്പെടുത്താത്ത, പതിവു ശൈലിയിലുള്ള തുണിത്തരങ്ങള്‍ മാത്രം വിറ്റിരുന്ന ഒരു കച്ചവടക്കാരന് ആയിരുന്നു. എങ്കിലും അയാള്‍ക്ക് സ്ഥിരം കസ്റ്റമേഴ്സ് ആയി കുറച്ച് അധികം ആളുകള്‍ ഉണ്ടായിരുന്നു. പുതിയതായി കസ്റ്റമേഴ്സിനെ ആരെയും ആകര്‍ഷിച്ചില്ലെങ്കിലും ഫാഷന്‍ സെന്‍സ് അധികമൊന്നും കടന്നാക്രമിച്ചിട്ടില്ലാത്ത, സ്ഥിരം കസ്റ്റമേഴ്സിനെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ ഭാസ്കരന് നായര്‍ക്കു സാധിച്ചിരുന്നു. അസംഖ്യം അവസരങ്ങളില്‍ ആ കടയുടെ മുന്നിലൂടെ നടന്നിട്ടുണ്ടെങ്കിലും അപ്പച്ചനോടൊപ്പം ഒന്നോ രണ്ടോ തവണ, അതും അപ്പച്ചന്റെ സഹായിയായി, മാത്രമാണ് ആ കടയില്‍ കയറിയിട്ടുള്ളത്. പിന്നെയുള്ളത് സൂര്യ സ്റ്റോഴ്സ് ആണ്. സ്റ്റേഷനറി കട (മുറുക്കാന്‍ കടകള്‍ മൂന്നോ നാലോ എണ്ണം ഉണ്ടെങ്കിലും) എന്ന വിളിക്ക് അര്‍ഹതയുള്ള ആ കവലയിലെ ഒരേയൊരു കട. ബുക്ക്, പേന, പേപ്പര്‍, ഫോട്ടോസ്റ്റാറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഒക്കെയായി ഞങ്ങളുടെ നാട്ടുകാര്‍ മുഴുവന്‍ ആശ്രയിച്ചിരുന്ന സൂര്യ സ്റ്റോഴ്സ്. ഭാസ്കരന് നായരുടെ മൂത്ത മകനായ കുട്ടന് ചേട്ടനാണ് ആ കട നടത്തിയിരുന്നത്. മൂന്നാമത്തെ കടയായ സൂര്യ ബേക്കറി. അതായിരുന്നു ഞങ്ങളുടെ ഇഷ്ട താവളം. അധികം മോഡേണ്‍ ആയിട്ടുള്ള പലഹാരങ്ങളൊന്നും- ഡോനട്ടോ, പേസ്ട്രിയോ, ജാം റോളോ ഒന്നും ആ കടയില്‍ ഒരിക്കലും ഉണ്ടായിരുന്നില്ലെങ്കിലും ഞങ്ങളുടെ ബാല്യകാല കൊതികളെ കുറെയൊക്കെ തൃപ്തിപ്പെടുത്താന്‍ സൂര്യ ബേക്കറിക്ക് ആയിരുന്നു. ബിസ്കറ്റ്, ബ്രഡ്, റസ്ക്, പലതരം മിഠായികള്‍, ലഡു, ജിലേബി, സോഡാ നാരങ്ങാവെള്ളം, മിക്സ്ചര്‍, മുറുക്ക്- തുടങ്ങി ഞങ്ങളെ പ്രലോഭിച്ചിരുന്ന ഒരുപാട് ഇനം സാധനങ്ങള്‍ അവിടെ ലഭ്യമായിരുന്നു. ഭാസ്കരന് നായരുടെ രണ്ടാമത്തെ മകനായ ജ്യോതിചേട്ടന്‍ ആയിരുന്നു സൂര്യ ബേക്കേഴ്സ് നടത്തിയിരുന്നത്. ഈ മൂന്ന് കടകളും അടുത്തടുത്ത് സ്ഥിതിചെയ്തിരുന്നതിനാലും, സൂര്യ ടെക്സ്റ്റൈല്‍സില്‍ വലിയ തിരക്കില്ലാതിരുന്നതിനാലും ഭാസ്കരന് നായര്‍ പലപ്പോഴും മറ്റു രണ്ടു കടകളിലും അത്യാവശ്യം സന്ദര്‍ഭങ്ങളില്‍ സഹായിയായി എത്തിയിരുന്നു. (കുട്ടന് ചേട്ടനോ ജ്യോതിചേട്ടനോ ഒക്കെ ഊണു കഴിക്കാനോ മറ്റോ പുറത്തേക്ക് പോകുമ്പോള്‍). ഭാസ്കരന് നായര്‍ ബേക്കറിയില്‍ നില്ക്കുന്ന സമയങ്ങളില്‍ ഞങ്ങള്‍ ആ കടയില്‍ കയറാതെ ഒഴിവാകാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്വര്‍ണ്ണം തൂക്കുന്നതിലും കണിശതയോടെയാണ് അയാള്‍ ബേക്കറി സാധനങ്ങള്‍ തൂക്കിയിരുന്നത് എന്ന കാരണം കൊണ്ടാണത്. വളരെ സാവധാനത്തിലാണ് സാധനങ്ങള്‍ എടുത്തിരുന്നത് എന്നത്ത് മാത്രമല്ല, പൈസ മൂന്നോ നാലോ തവണ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം മാത്രമേ ഞങ്ങളെ കടയില്‍നിന്നും പോകാന്‍ അനുവദിക്കൂ എന്ന കാരണം കൊണ്ടും ഞങ്ങള്‍ക്ക് ഭാസ്കരന് നായരോട് ഒരു താല്പര്യക്കുറവ് ഉണ്ടായിരുന്നു. സാധാരണ ബേക്കറിയില്‍ ചെലവാക്കേണ്ടി വരുന്ന സമയത്തിന്റെ ഇരട്ടിയോ അതിലധികമോ സമയം പലപ്പോഴും ഭാസ്കരന് നായര്‍ ഉള്ള പക്ഷം നമ്മള് ബേക്കറിയില്‍ ചെലവാക്കേണ്ടി വരുന്നു. മിക്സ്ചറോ, റസ്കോ വാങ്ങേണ്ടി വരുന്ന അവസരങ്ങളാണ് ഞങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുക. ഇന്നത്തെപ്പോലെ പായ്ക്കറ്റില്‍ അല്ല, തൂക്കിയാണ് സാധനങ്ങള്‍ അന്ന് തന്നിരുന്നത്- പ്രത്യേകിച്ച് മിക്സ്ചറും റസ്കും. ഒരു മില്ലിഗ്രാം തൂക്കം കൂടാനോ കുറയാനോ അയാള്‍ സമ്മതിക്കുമായിരുന്നില്ല. 500 ഗ്രാം മിക്സ്ചര്‍ അതുകൊണ്ടുതന്നെ ഒരിക്കലും 499 ഗ്രാമോ 501 ഗ്രാമോ ആയില്ല. തൂക്കം ശരിയാവുന്നതുവരെ മിക്സ്ചറിലെ കോല്, ഉണ്ട, കടല, കറിവേപ്പില എന്നിവയൊക്കെ അങ്ങോട്ടുമിങ്ങോട്ടും ഇട്ടുകൊണ്ടേയിരിക്കും. റസ്കാണ് വാങ്ങുന്നതെങ്കില്‍ അളവ് കൃത്യമാക്കുന്ന കലാപരിപാടി കുറെ നേരം കൂടി നീളും. ഒരു റസ്ക് നടുവേ ഒടിക്കുക, വീണ്ടും മുറിക്കുക, വീണ്ടും മുറിക്കുക- അങ്ങനെയങ്ങനെ അളവ് കൃത്യമാകുന്നതു വരെ പല വലിപ്പത്തിലും രൂപത്തിലുമുള്ള റസ്ക് കഷണങ്ങള്‍ പലകുറി അങ്ങോട്ടും ഇങ്ങോട്ടും ഇടുകയും എടുക്കുകയും ചെയ്തുകൊണ്ടേയിരിക്കും. അവസാനം ഒരു ജിഗ്സോ പസില്‍ ശരിയാവുന്നതുപോലെ അളവ് ശരിയായി കഴിഞ്ഞാല്‍ തികഞ്ഞ സംതൃപ്തിയോടെ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് അത് പത്രക്കടലാസില്‍ പൊതിഞ്ഞു തരും. പിന്നീട് പൈസ മൂന്നോ നാലോ ആവര്‍ത്തി എണ്ണിത്തിട്ടപ്പെടുത്തണം. സമയം നഷ്ടമാകുന്നതിന്റെ അസ്വസ്ഥതയോടെ ഞങ്ങള്‍ പലപ്പോഴും മനസ്സില്‍ വിചാരിക്കും "എന്തൊരു പിശുക്ക് ആണിത്." മറ്റെന്തിനേക്കാളും അധികമായി പിശുക്കിനോട് ചേര്‍ത്താണ് ഞങ്ങള്‍ ആ കാലയളവില്‍ ഭാസ്കരന് നായരെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ അയാളെ ഒഴിവാക്കുക തന്നെ ചെയ്തു. ലോകോത്തര പിശുക്കനാണ് ഭാസ്കരന് നായര്‍ എന്ന ധാരണയോടെ ബസ് സ്റ്റോപ്പില്‍ നിന്ന ഒരു ദിവസം, ജ്യോതിചേട്ടന്‍ കടയില്‍ ഇല്ലായിരുന്നതുകൊണ്ട് തന്നെ ബേക്കറിയില്‍ അന്ന് നിന്നിരുന്നത് ഭാസ്കരന് നായര്‍ ആയിരുന്നു. ബേക്കറിയുടെ നേരെ എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്നിരുന്നതുകൊണ്ടുതന്നെ കടയിലെ കാഴ്ച വളരെ കൃത്യം ആയിരുന്നു. മുഷിഞ്ഞ വേഷത്തില്‍, വളരെ ക്ഷീണിതയായ ഒരു സ്ത്രീ വന്ന് കയ്യിലിരുന്ന അഞ്ചുരൂപകൊടുത്തിട്ട് ഭാസ്കരന് നായരോട് കഴിക്കാന്‍ എന്തെങ്കിലും തരാന്‍ ആവശ്യപ്പെട്ടു. ആ സാധു സ്ത്രീയോട് ഭാസ്കരന് നായര്‍ കൂടുതല്‍ എന്തെങ്കിലും ചോദിച്ചതായി തോന്നിയില്ല. ആ സ്ത്രീയുടെ വയറു നിറയെ കഴിക്കാന്‍ പറ്റുന്ന വിധത്തില്‍ ബേക്കറിയില്‍ ഉണ്ടായിരുന്ന കുറേ അധികം സാധനങ്ങള്‍ അയാള്‍ ഒരു പാത്രത്തില്‍ അവര്‍ക്ക് നല്കി. തീര്‍ച്ചയായും അതിന് അഞ്ച് രൂപ ആയിരുന്നില്ല മൂല്യം. അയാള്‍ നല്കിയ ആഹാരം അവര്‍ ആര്‍ത്തിയോടെ കഴിക്കുന്നത് കണ്ട അയാള്‍ സംതൃപ്തിയോടെ ചിരിച്ചിട്ട് ഒരു സോഡാ നാരങ്ങാ വെള്ളം കൂടി ആ സ്ത്രീക്ക് കൊടുത്തു. ആ നാരങ്ങാവെള്ളവും കുടിച്ച് കൈകൂപ്പി ഹൃദയംകൊണ്ട് അയാള്‍ക്ക് നന്ദി പറഞ്ഞ്
ആ സ്ത്രീ പോകുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. ദൈവമേ ഈ മനുഷ്യനെയാണല്ലോ പിശുക്കന് എന്ന് ഇത്രനാളും മനസ്സില്‍ കരുതിയത്. അല്ലെങ്കിലും മറ്റൊരാളെ വിധിക്കാന്‍ നമുക്ക് എന്ത് അധികാരം? എന്ത് അവകാശം?

(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

