നെയ്യാറ്റിൻകര: വ്ളാത്താങ്കരയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫെയ്സ്ബുക്കിൽ പതിനൊന്നായിരത്തിലധികം ഫോളോവേഴ്സുള്ള അൽമയാണ് കൊല്ലപ്പെട്ടത്. ഒൻപത് വർഷം മുൻപ് പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. എന്നാൽ വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം കലഹങ്ങൾ പതിവായിരുന്നുവെന്ന് അൽമയെ കൊലപ്പെടുത്തിയ വിഷ്ണു പൊലീസിന് നൽകിയ മൊഴി.
ഇന്നലെ രാവിലെയും ഇതേ വിഷയത്തിൽ വാക്കേറ്റമുണ്ടാകുകയും, ഇതിൽ പ്രകോപിതനായാണ് വിഷ്ണു വെട്ടുകത്തിയെടുത്ത് അൽമയുടെ പിൻകഴുത്തിലും തലയിലും ക്രൂരമായി വെട്ടുകയുമായിരുന്നു.
നാട്ടുക്കാരുമായും അയൽക്കാരുമായും അധികം അടുപ്പം പുലർത്താതിരുന്ന അൽമ, സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു. പൂച്ചകളെ വളർത്തുന്നതിലും അവയുടെ വിശേഷങ്ങൾ വീഡിയോകളായി പങ്കുവെക്കുന്നതിലും പ്രത്യേക താല്പര്യമുണ്ടായിരുന്ന അൽമയ്ക്ക് ഫെയ്സ്ബുക്കിൽ വലിയൊരു സുഹൃദ് വലയമുണ്ടായിരുന്നു. ഭർത്താവിനൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും അൽമ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ അൽമയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് വിഷ്ണു പൂർണ്ണ പിന്തുണയാണ് നൽകിയിരുന്നത്. ഫെയ്സ്ബുക്കിൽ നിന്നും തനിക്ക് 'ടാലന്റ് ബാഡ്ജ്' ലഭിച്ചതിനെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ചുകൊണ്ടായിരുന്നു അൽമയുടെ അവസാന പോസ്റ്റ്.വിഷ്ണുവിനെ പാറശാല പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പി.എസ്.എസി കോച്ചിങ് സെന്ററിലെ അധ്യാപകനാണ് വിഷ്ണു.

