ആധുനികകേരളത്തെ വേദാന്ത ജ്ഞാനത്തിൻ്റെ സുകൃതം അനുഭവിപ്പിച്ച ഗുരു മുനി നാരായണ പ്രസാദ് സമാധിയായി. “സന്യാസി എങ്കിലും യുക്തിവാദി” എന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹം ആചാരങ്ങളെക്കാൾ അന്വേഷണത്തിനും, അദ്വൈതത്തെക്കാൾ അനുഭവത്തിനും, യാഗഹോമങ്ങളേക്കാൾ ആത്മയാഗത്തിനും അദ്ദേഹം പ്രാധാന്യം നൽകി. മലയാളത്തിലും ഇംഗ്ലീഷിലുമായി 130-ലേറെ ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം, ഐതരേയം, ഛാന്ദോഗ്യം, കേനം, മാണ്ഡൂക്യം തുടങ്ങിയ ഉപനിഷത്തുകൾക്ക് ലളിതവും ഗഹനവുമായ വ്യാഖ്യാനം നൽകി. 'ആത്മായനം' എന്ന ആത്മകഥയ്ക്കും 'സൗന്ദര്യലഹരി' യുടെ വിവർത്തനത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ജ്ഞാനമെന്നത് വായിക്കപ്പെടേണ്ട പുസ്തകമല്ല അനുഭവിക്കേണ്ട ആകാശമാണെന്ന് എഴുത്തിലൂടെയും പ്രഭാഷണങ്ങളിലുടെയും ഓർമ്മിപ്പിച്ച, അദ്വൈതവെളിച്ചത്തിൻ്റെ അഗ്നിശലഭമായി ജീവിച്ച, മഹാമനീഷിയ്ക്ക് പ്രണാമം.



