കഴിഞ്ഞയാഴ്ച നമ്മൾ കടന്നുപോയതു 3 പ്രശസ്ത വ്യക്തികളിലൂടെ ആയിരുന്നല്ലോ. അടൂർ ഗോപാലകൃഷ്ണൻ, ശ്രീകുമാരൻ തമ്പി, പുഷ്പവതി. മൂവരും മലയാളികൾക്കു പ്രിയപ്പെട്ടവർ. സിനിമ കോൺക്ലേവിൽ അടൂർ നടത്തിയ പരാമർശവും പുഷ്പവതിയുടെ പ്രതികരണവും ശ്രീകുമാരൻ തമ്പിയുടെ ഇടപെടലും ആയിരുന്നു നമ്മുടെ ചർച്ചാ വിഷയങ്ങൾ.
എന്തുകൊണ്ടാണ് അങ്ങനെയൊരു ചർച്ചയ്ക്ക് കളമൊരുങ്ങിയത്? ആധുനിക സമൂഹത്തിൽ അങ്ങനെയൊരു ചർച്ചയുടെ ആവശ്യം ഉണ്ടായിരുന്നോ? മൂവരും പറഞ്ഞത് അവരവരുടെ ശരികൾ. പ്രയോഗിച്ച ഭാഷയും ശൈലികളും ആയിരുന്നു വിയോജിപ്പുകളുടെ ആധാരം. അതിൽ നിന്നു മനസ്സിലായില്ലേ ആശയവിനിമയ ശേഷിയുടെ കരുത്തും കർമ ദോഷവും.
ആശയവിനിയമത്തിന്റെ അതിനൂതന രീതികളെക്കുറിച്ച് (Advanced communication skills) ക്ലാസ് എടുക്കുന്ന വ്യക്തിയാണ് ഞാൻ. ക്ലാസുകളിൽ എപ്പോഴും ഉയരുന്ന ചോദ്യം ആണ്, കാര്യം പറഞ്ഞാൽ പോരെ? എന്തിനാണ് ആശയവിനിമയത്തിനു നൂതന രീതികൾ? അല്ലെങ്കിൽ, എന്താണു താങ്കൾ ഉദ്ദേശിക്കുന്ന ആശയവിനിമയ രീതി?
അതെ, ആശയവിനിമയത്തിന്റെ പുത്തൻ തലങ്ങളെക്കുറിച്ച്, അതിന്റെ സ്വാധീനബലത്തെക്കുറിച്ചു സംശയം ഉള്ളവർക്കു വേണ്ടിയാണ് ഇനി പറയുന്ന കാര്യങ്ങൾ.
ജൈവപരമായി എല്ലാ മനുഷ്യർക്കും ആശയവിനിമയശേഷി ഉണ്ടല്ലോ. അതു ശരിയായ രിതീയിലാണോ? നമ്മൾ സംവദിക്കുന്ന, ഉന്നയിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്കു ബോധ്യമാകുന്നുണ്ടോ?
സങ്കീർണമായ ആശയവിനിമയ രീതികളെക്കുറിച്ച് ആഴത്തിലുള്ള അറിവു നേടുകയും സന്ദേശങ്ങൾ ഫലപ്രദമായ രീതിയിൽ ശ്രോതാക്കളുടെ മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുക. അതാണ് ആശയവിനിമയത്തിന്റെ നൂതനരീതി. ഇതിലൂടെ ശക്തവും സുതാര്യവുമായ ബന്ധം സൃഷ്ടിക്കാൻ സാധിക്കും. കേൾക്കാനുള്ള ക്ഷമ, ദ്രുദഗതിയിൽ ഗ്രഹിക്കാനുള്ള ശേഷി, ക്രിയാത്മകമായ പ്രതികരണം എന്നിവയാണു നൂതന ആ ശയവിനിമയ ശേഷിയുടെ കാതൽ. ആത്മാർഥതയോടെ, ക്ഷമാപൂർവം കേൾക്കാനുള്ള കഴിവ്. അവയാണല്ലോ നമ്മളോടു സംസാരിക്കുന്നവരുടെ ഹൃദയത്തിലേക്കുള്ള താക്കോൽ. അതിലൂടെ പരസ്പരം സ്നേഹ, ബഹുമാനങ്ങൾ സാധ്യമാകും.
ആശയവിനിമയ ശേഷിയെ ശക്തവും ശ്രദ്ധാപൂർവവുമായി ഉപയോഗിച്ചില്ലെങ്കിൽ ഹൃദയഭേദകമായ അനുഭവത്തിലേക്കു നീങ്ങാം. അതു വേദനയിലേക്കും തെറ്റിദ്ധാരണയിലേക്കും നയിക്കും.
അതിനാൽ ഏതു തരത്തിലുള്ള നല്ല മാറ്റങ്ങളും ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യണ്ടേണ്ടത് ഒന്നു മാത്രം: ആശയവിനിമയത്തിൽ ആഴത്തിലുള്ള വൈദഗ്ധ്യം നേടുക. വർത്തമാന ലോകത്തിൽ, പ്രത്യേകിച്ച് പ്രൊഫഷണലുകൾക്കും പൊതുരംഗത്തുള്ളവർക്കും ഉചിതമായ ആശയവിനിമയ പ്രാവീണ്യം നിർബന്ധമാണ്. അതാണ് അവരുടെ മുന്നോട്ടുള്ള മികച്ച യാത്രയെ സുഗമമാക്കുന്നത്.
നിലവിലെ സാഹചര്യങ്ങളെ പരിവർത്തനം ചെയ്യുമ്പോൾ അതിന്റെ പ്രയാസങ്ങൾ ലളിതമാക്കുന്ന തരത്തിൽ നിർദ്ദേങ്ങൾ നൽകുക, ഏതു ഘട്ടത്തിലും തന്ത്രപരമായ ഇടപെടലുകൾ നടത്തുക, ഒരാളോട്, അയാളെക്കുറിച്ചുറിച്ചുള്ള ദുഃഖകരമായ വസ്തുതകൾ ബോധ്യപ്പെടുത്തുക.... പ്രൊഷണലുകൾക്കും പൊതുരംഗത്ത് ഉള്ളവർക്കും ഇവിടെയെല്ലാം വിജയിക്കണോ? എങ്കിൽ നിങ്ങൾ ആശയ വിനിമയത്തിന്റെ നൂതന രീതികൾ അറിഞ്ഞിരിക്കണം, തീർച്ചയായും. അല്ലാതെ പതിവുശൈലിയിൽ എല്ലാത്തിനെയും നേരിട്ടാൽ ഗുണപരമായ ഫലം ലഭിക്കില്ലെന്നു മാത്രമല്ല, വിജയത്തിലേക്കുള്ള വഴി നീണ്ടുകൊണ്ടേയിരിക്കും.
ആശയവിനിമയത്തിൽ നൂതനശേഷി ആർജിക്കാം; ലക്ഷ്യത്തിലേക്കുള്ള യാത്ര ലളിതമാക്കാം.

മീരാ കമല

