PRAVASI

യാചിത മണ്ഡനന്യായം ( മഞ്ജുളചിന്തകൾ )

Blog Image

മാന്യരേയും മഹാന്മാരേയും അനുഗമിക്കുന്നത് നല്ലതാണു. അവരെ അനുകരിക്കുന്നതും ഒരുപരിധിവരെ ഉത്തമമാണ്. എന്നാൽ അവരുടെ അറിവുകളും അനുഭവങ്ങളും കോപ്പിയടിച്ച് തന്റേതാക്കി പ്രദർശിപ്പിച്ച് സ്ഥാനമാനവരുമാനങ്ങൾ കൈവശപ്പെടുത്തുവാൻ ഏത് കുടില തന്ത്രങ്ങളും പയറ്റുന്ന ബുദ്ധിരെഹിത തന്ത്രശാലികളെ അനുഗമിക്കുകയോ അനുകരിക്കുകയോ ചെയ്യുന്നത് അപകടകരവും അപമാനവുമാകുന്നു. ഇല്ലാത്തത് ഉണ്ടെന്നു കാണിക്കുവാൻ പലരും ബദ്ധപ്പെടുന്നതുകാണമ്പോൾ അവരോടു സഹതാപം തോന്നിയിട്ടും എന്ത് പ്രയോജനമെന്നു എനിക്കും തോന്നിയിട്ടുണ്ട്. ലജ്ജയില്ലാതെ ഇക്കൂട്ടർ ഇതേരീതി തുടരുന്നത് കാണുമ്പോൾ എന്തേ ഇവർക്ക് അഭിമാനമില്ലേ എന്ന ചിന്തയും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്.

മണ്ഡനം എന്നതിന് ആഭരണം എന്നർത്ഥം. യാചിത മണ്ഡനം എന്നാൽ ഇരന്ന് വാങ്ങിയ ആഭരണം എന്നാണതിന്റെ സാരം. വായനക്കാരിൽ പലരും കണ്ടിരിക്കാം, പണ്ടുകാലങ്ങളിൽ കല്യാണത്തിനും മറ്റും പോകുന്നവർ സമൂഹത്തിൽ മാന്യത കുറയരുത് എന്ന് കരുതി അയല്പക്കങ്ങളിൽ നിന്നും ആഭരണങ്ങൾ ഇരന്ന് വാങ്ങുന്നതുപോലെ വാങ്ങി അണിയുന്നത്. അങ്ങനെയുള്ളവരെ പരിഹസിക്കുകയല്ല എന്റെ ലക്ഷ്യം. എന്നാൽ യാചിത മണ്ഡനം കഴുത്തിൽ കിടക്കുന്ന സമയം മുഴുവൻ മനസ്സിന്റെ സ്വസ്ഥത കളയുകയാണ്. എങ്ങനെയെന്നാൽ ആഭരണത്തിന്റെ ഉടമസ്ഥൻ ചില വ്യവ സ്ഥകളുടെ മറവിലാണ് ഇത് കൊടുക്കുന്നത്. "സൂക്ഷിക്കണം, ആരും പറിച്ചുകൊണ്ടു പോകാതെ ശ്രദ്ധിക്കണം. പറഞ്ഞു ഉറപ്പിച്ച സമയത്ത് തന്നെ തിരിച്ചുതരണം" ഇങ്ങനെ പോകുന്നു വ്യവസ്ഥകൾ. അലങ്കാരത്തിനായി അണിഞ്ഞ ആഭരണം ആ സമയം മുതൽ നമ്മിൽ ആധി വർദ്ധിപ്പിക്കുകയാ ണ്. കാരണം അവകൾ നമ്മുടേതല്ല. ഒര് പക്ഷെങ്കിൽ കാഴ്ചക്കാരിൽ പലരും നമ്മേ നോക്കിനിന്നേക്കാം. അപ്പോഴും നമ്മുടെ ഉള്ളം പിടയ്ക്കുകയല്ലേ?

യഥാർത്ഥത്തിൽ ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കുന്നതിനും പലരും ചില ന്യായങ്ങൾ നിരത്താറുണ്ട്. എന്നാൽ ഇവിടെ സത്യത്തിന്റെ മാറ്റ് കുറയുകയോ തീരെ ഇല്ലാതാവുകയൊയല്ലേ സംഭവിക്കുന്നത്? ഇപ്പോഴാണ്  മനസാക്ഷിയുടെ കോടതി സംസാരിക്കേണ്ടത്. ഈ കോടതിയിൽ നാം തന്നെയാണ് വാദിയും പ്രതിയും വക്കീലും ജഡ്ജിയും. "ഭവിക്കേണ്ടതിന് മീതേ ഭാവിച്ച് ഉയർന്നുകൂടാ" എന്ന ബൈബിൾ വാക്യം കേട്ടിട്ടില്ലേ. ഉന്നത ഭാവവും നിഗള ഹൃദയവുമാണ് ഏതൊരു വ്യക്തിയേയും തകർക്കുന്നത്. ഇല്ലാത്തത് ഉണ്ടെന്നുള്ള അഭിനയവും കൂടി ഒത്തു ചേർന്നാൽ അവിടൊരു ആൾമാറാട്ട ക്കാരുനും കൂടി ആയി. സോളമ സൂക്തം എത്രയോ സത്യമാണ് "വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്ന് നടിക്കുന്നവനും ഒട്ടും ധനമില്ലാതിരിക്കെ ധനികൻ എന്ന് നടിക്കുന്നവനുമുണ്ട്" ഒരിക്കലും  ഉള്ളതിനെ മറച്ച് വെക്കുകയോ ഇല്ലാത്തത് ഉണ്ടന്ന് അഭിനയിക്കുകയോ ചെയ്യരുത്. കാരണം ഇവ രണ്ടും വ്യാജമാണ്. വ്യാജ പ്രവർത്തി മാത്രമല്ല വ്യാജ മനോഭാവം പോലും ദൈവം വെറുക്കുന്നു.

ബൈബിളിൽ പ്രതിവാദിക്കുന്ന അനന്യാസ്സും സഫീറയും തൽക്ഷണം മൃത്യുവിന് ഇരയായത് കൊടുത്തത് കുറഞ്ഞുപോയതുകൊണ്ടാല്ല പിന്നയോ മുഴുവനും കൊടുത്തു എന്ന വ്യാജ പ്രസ്താവനയുടെ ശിക്ഷയാണവർ പ്രാപിച്ചത്. അവർ ഇല്ലാത്തതു ഉണ്ടെന്നു അഭിനയിക്കുകയായിരുന്നു. ഇക്കാലങ്ങളിൽ യാചിത മണ്ഡനാലങ്കാരികൾ ഏത് മേഘലകളിലും പെരുകിവരുന്നത് എവിടേയും വലിയ അപകടം തന്നെ. സ്ഥാനവസ്ത്രങ്ങൾ പോലും ഒരുകാലത്തു ബഹുമാനം അർഹിച്ചിരുന്നു. അതിനുള്ളിൽ മറഞ്ഞിരിക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിഞ്ഞപ്പോൾ രണ്ടും വെറുക്കപ്പെടുന്നു. പ്രവാചക ശബ്ദത്തെ ഭയന്നിരുന്ന ഒര് കാലം നമുക്കുണ്ടായിരുന്നു.ഇന്നാകട്ടെ "കഴുതകൾ പ്രവാചകനോട്" ദൂത് പറയുവാൻ തുടങ്ങിയപ്പോൾ യാചിത മണ്ഡന പ്രവാചകൻ അപ്രസക്തമായി, എങ്കിലും അവർ വേദികളിൽ തന്നെയുണ്ട്.  നമ്മുടെ മനസ്സിലെ വിചാരങ്ങൾ പോലും ഗ്രഹിക്കുന്ന ദൈവത്തിന്റെ മുൻപിൽ ഏതു വേഷം കെട്ടി വന്നാലും നമ്മെ ദൈവം മനസിലാക്കുന്നു. ആകയാൽ നമുക്കുള്ളതുമാത്രം ദൈവ സന്നിധിയിൽ കൊണ്ട് വരിക. അന്തർ ഭാഗത്തിലെ സത്യത്തിന് മാത്രമേ അംഗീകാര്യമുള്ളു. ഇല്ലാത്തത് ഉണ്ടെന്നു കാണിച്ച് വീണുപോകാതെ പരാമർത്ഥതയോടു അടുത്തു വരൂ, അതാണനുഗ്രഹം!  

പാസ്റ്റർ ജോൺസൺ സഖറിയ  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.