PRAVASI

വിഎസ് ജോയിയുടെ രാഷ്ട്രീയ മാന്യത

Blog Image

നിലമ്പൂരിലെ ജയപരാജയങ്ങളെ കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും നടത്തുമ്പോൾ ശ്രദ്ധിക്കപ്പെടേണ്ട ഒരു പേരാണ്  വി എസ് ജോയ്. ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കാരണമായി ഞാൻ കാണുന്നത്  വിഎസ് ജോയിയുടെ സൗമ്യമായ പ്രതികരണങ്ങളും പെരുമാറ്റങ്ങളും പ്രവർത്തനങ്ങളുമാണ്. ഒരു പൊളിറ്റിക്കൽ ജന്റിൽമാൻ സ്പിരിറ്റ് നിലനിർത്തി ഉപതെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുമ്പോൾ തനിക്ക് നഷ്ടപ്പെട്ട സീറ്റ് പാർട്ടിക്ക് നഷ്ടപ്പെടരുത് എന്നുള്ള നിശ്ചയദാർഢ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ദി പെന്തക്കോസ്ത് മിഷൻ (TPM) ചർച്ചിന്റെ അംഗമായ  ജോയ് കെഎസ്‍യു വിന്റെ സംസ്ഥാന പ്രസിഡന്റ്‌ ആയിരിക്കുമ്പോൾ ആ സഭയിലെ ഒരംഗം എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു 'ഞങ്ങളുടെ ജോയ്മോൻ ഒരു മാന്യനാണ്' 
 ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിൻ്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഡിസിസി പ്രസിഡന്റ് കൂടിയായ വിഎസ് ജോയിയുടെ പേര് ഉണ്ടായിരുന്നു.
എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിച്ചപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് നറുക്ക് വീണു. അതിന് നേതൃത്വത്തിന് മുന്നില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള മലപ്പുറം പോലൊരു ജില്ലയില്‍ പെന്തക്കോസ്തു വിശ്വാസിയായ ജോയിക്ക് മത്സരിക്കാന്‍ മറ്റൊരു മണ്ഡലം ഇല്ലായിരുന്നു. ആരും പൊട്ടിത്തെറിക്കാവുന്ന സാഹചര്യം. അവിടെയാണ് വിഎസ് ജോയി എന്ന യുവനേതാവ് വ്യത്യസ്തനായത്.

ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച അടുത്ത നിമിഷം ജോയി നടത്തിയ പ്രതികരണം ഏതൊരു പാർട്ടി പ്രവർത്തകനും മാതൃകയാണ്. "പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു. നിലമ്ബൂരിലെ വിജയത്തിനായി പ്രവര്‍ത്തിക്കും. ഈ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ഒരു ആയിരം തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചാലും അര വാക്കു കൊണ്ടോ, ഒരു നോക്കു കൊണ്ടോ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന, പ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ത്തനവും എൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല." -ഈ പ്രതികരണം നടത്തിയ ശേഷം പിന്നെ കാണുന്നത്ഷൗക്കത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ച്‌ പ്രചരണത്തിന് തുടക്കം കുറിക്കുന്ന ജോയിയെ ആണ്.
പിന്നീട് അങ്ങോട്ടുളള ദിവസങ്ങളില്‍ വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു ജോയി. തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിച്ച്‌ കളം നിറഞ്ഞ് നിന്ന ജോയിക്ക് ഷൗക്കത്തിന്റെ ജയം ആയിരുന്നു ഏക ലക്ഷ്യം.

നിലമ്പൂരിനും  ജോയിയുടെ പ്രവര്‍ത്തനം പുതിയ കാഴ്ചയായിരുന്നു. പരസ്പരം ആശ്ലേഷിച്ച്‌ ഉമ്മ വയ്ക്കുന്ന ഷൗക്കത്തിനേയും ജോയിയെയും ആണ് കേരളം കണ്ടത്. അഭിമാനം കാത്ത വിജയം കൊണ്ട് പാർട്ടിക്കാരുടെയാകെ ആത്മവിശ്വാസം നേടിയ നിലമ്ബൂരിലെ ഈ ജോയി മോഡല്‍ വലിയ ആശ്വാസമാണ്.
 *സ്വന്തം അധികാരത്തിനു വേണ്ടിയും അധികാരം നിലനിർത്തുന്നതിന് വേണ്ടിയും സഭയെയും സംഘടനകളെയും പിളർത്തുന്നവർക്ക് ജോയ് എന്നും ഒരു മാതൃകയായിരിക്കും*

കുര്യൻ ഫിലിപ്പ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.