PRAVASI

(വഴിവിളക്കുകള്‍-13) വെളുത്ത കൊച്ച്

Blog Image

ചില ചോദ്യങ്ങള്‍ക്ക് ബുദ്ധികൊണ്ട് ഉത്തരം പറയാന്‍ ആവില്ല. ഹൃദയംകൊണ്ട് ഉത്തരം പറയേണ്ട ചില ചോദ്യങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും നമ്മെ തേടി വരാറില്ലേ?
"വാര്‍ഷികപ്പതിപ്പ് തന്നേക്കട്ടെ?" എന്ന കൊച്ചേട്ടന്‍റെ ചോദ്യത്തിന് ഹൃദയംകൊണ്ടേ ഉത്തരം പറയുവാന്‍ സാധിക്കുമായിരുന്നുള്ളൂ. നാളെ മുതല്‍ വീട് അടച്ചിടുകയാണ്, വാര്‍ഷിക പതിപ്പ് വായിക്കാന്‍ ഇവിടെ ആരുമില്ല എന്നൊക്കെ ബുദ്ധി പറയുന്നുണ്ടായിരുന്നെങ്കിലും വേണ്ട എന്ന് പറയാന്‍ മനസ്സ് അനുവദിച്ചില്ല.
ഞങ്ങളുടെ നാട്ടില്‍ രണ്ടു കൊച്ചേട്ടന്മാര്‍ ഉണ്ടായിരുന്നതുകൊണ്ട്, ആളെ തിരിച്ചറിയാനുള്ള എളുപ്പ വഴിയായാണ്, പത്രക്കാരന്‍ കൊച്ചേട്ടനെ, നിറത്തിന്‍റെ അടിസ്ഥാനത്തില്‍, നാട്ടുകാര്‍ ഒന്നടങ്കം വെളുത്ത കൊച്ച് എന്നു വിളിച്ചു തുടങ്ങിയത്. ചുവപ്പു കലര്‍ന്ന നല്ല വെളുത്ത നിറം. വെയില് കൊള്ളുമ്പോള്‍ കൊച്ചേട്ടന്‍റെ മുഖം ഒന്നുകൂടി ചുവക്കും. ഞങ്ങളുടെ നാട്ടിലെ പത്രവിതരണക്കാരനായിരുന്നു കൊച്ചേട്ടന്‍. എന്തെങ്കിലും കാരണം കൊണ്ട് ഒരു ദിവസമെങ്കിലും വീട്ടില്‍ പത്രം മുടങ്ങിയതായി എനിക്ക് ഓര്‍മ്മയില്ല. എല്ലാ ദിവസവും വളരെ കൃത്യമായി രാവിലെ ആറു മണിക്ക് മുന്‍പായി പത്രം വീട്ടില്‍ എത്തിയിരുന്നു. ഞങ്ങള്‍ വായിക്കാറായ കാലം മുതല്‍ ബാലരമയും കൊച്ചേട്ടന്‍ സ്ഥിരമായി വീട്ടിലെത്തിച്ചിരുന്നു. ആദ്യകാലങ്ങളില്‍ ശരിയാഴ്ചകളിലും പിന്നീട് വെള്ളിയാഴ്ചകളിലും ആണ് ബാലരമ കിട്ടിയിരുന്നത്. പൊതുവെ രാവിലെ എഴുന്നേല്‍ക്കാന്‍ മടിയുള്ള കൂട്ടത്തിലാണ് ഞങ്ങള്‍ മൂന്നുപേരും. എങ്കിലും, ബാലരമ വരുന്ന ദിവസങ്ങളില്‍ അതിരാവിലെ എണീറ്റ് കൊച്ചേട്ടന്‍ വരുന്നത് നോക്കിയിരിക്കും. നേരം പരപരാ വെളുക്കുന്നതേ ഉണ്ടാവൂ. അരണ്ട വെളിച്ചത്തില്‍ പോലും പത്രക്കെട്ടുമായി ദൂരെ നിന്ന് വരുന്ന കൊച്ചേട്ടനെ തിരിച്ചറിയാനുള്ള വൈദഗ്ദ്ധ്യം ഒക്കെ ഞങ്ങള്‍ നേടിക്കഴിഞ്ഞിരുന്നു. പൊക്കം കുറഞ്ഞ്, സാമാന്യം ഉരുണ്ട ശരീരപ്രകൃതിയുള്ള, കോലന്‍മുടി പിറകിലേക്ക് ചീകി ഒതുക്കിവെച്ചിരുന്ന, ഷര്‍ട്ടിന്‍റെ മുകള്‍ ബട്ടണുകള്‍ അലസമായി അഴിച്ചിട്ടിരുന്ന, കഴുത്തില്‍ എപ്പോഴും കൊന്ത ധരിച്ചിരുന്ന, കാലുകളുടെ ചെറിയ വളവിനെ തെല്ലും പരിഗണിക്കാതെ വേഗത്തില്‍ നടന്നിരുന്ന കൊച്ചേട്ടന്‍റെ രൂപം ഞങ്ങള്‍ക്ക് ഹൃദിസ്ഥമായിരുന്നു. ആ രൂപം ദൂരെ നിന്ന് കാണുമ്പോഴേ മനസ്സില്‍ ആഹ്ലാദത്തിന്‍റെ മണികള്‍ മുഴങ്ങും. ആദ്യം ബാലരമ കിട്ടുന്ന ആള്‍ക്ക് തന്നെയാണ് ആദ്യം വായിക്കാനുള്ള അവകാശവും എന്ന എഴുതപ്പെടാത്ത പ്രമാണം ഞങ്ങള്‍ പാലിച്ചുപോന്നിരുന്നു. എങ്കിലും  കൗതുകം അടക്കാനാവാതെ വന്നിരുന്നതിനാല്‍ മായാവിയും ജമ്പനും തുമ്പനും ശിക്കാരി ശംഭുവും മഹാഭാരതവും ഒക്കെ മൂവരും പലപ്പോഴും ഒരുമിച്ചുതന്നെയാണ് വായിച്ചിരുന്നത്.
ഞങ്ങള്‍ വളരുന്നതിനനുസരിച്ച് വായനയുടെ സ്വഭാവവും മാറി. ബാലരമക്കാലം കടന്ന് വിവിധങ്ങളായ മാസികകളിലേക്ക് ഞങ്ങളുടെ വായന നീണ്ടു. എല്ലാവരും വായനയില്‍ തല്പരരായിരുന്നെങ്കിലും, ഓരോരുത്തര്‍ക്കും വ്യത്യസ്ത രുചികള്‍ ആയിരുന്നതിനാല്‍, ഒരുവിധം എല്ലാ മാസികകളും ഞങ്ങളുടെ വീട്ടില്‍ വരുത്തിയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫ്രണ്ട്ലൈന്‍, വനിത, ഗൃഹലക്ഷ്മി, ഫാസ്റ്റ് ട്രാക്ക്, പാര്‍പ്പിടം, വീട്, യാത്ര, ട്രാവലര്‍..... മാസികകളുടെ ലിസ്റ്റ് അങ്ങനെ നീണ്ടു. രണ്ട് ദിനപത്രങ്ങളും കുറെയധികം മാസികകളും കൊച്ചേട്ടന്‍ സ്ഥിരമായി വീട്ടിലെത്തിച്ചു. അതിനുപുറമെ കലണ്ടര്‍, വാര്‍ഷികപ്പതിപ്പ്, വിറ്റുപോകാതെ വരുന്ന ആരോഗ്യം, കൃഷി, സമ്പാദ്യം, പാചകം തുടങ്ങിയ മാസികകള്‍ എന്നിവയും കൊച്ചേട്ടന്‍ ഇടയ്ക്ക്  കൊണ്ടുവരും. ഞങ്ങള്‍ പ്ലസ്ടു കഴിഞ്ഞ സമയം മുതല്‍ കൊച്ചേട്ടന്‍ തൊഴില്‍വീഥിയും കോംപറ്റീഷന്‍ വിന്നറും കൂടി വീട്ടിലെത്തിക്കാന്‍ തുടങ്ങി. വായനയുടെ വഴികളെ സുഗമമാക്കിയതിന് ഏത് ലൈബ്രറികളേക്കാളും ഞാന്‍ കടപ്പെട്ടിരിക്കുന്നത് കൊച്ചേട്ടനോടാണ്. അക്കാലങ്ങളിലൊക്കെ സ്ഥിരമായി പ്രസംഗമത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും ഒക്കെ പങ്കെടുത്തിരുന്ന എന്‍റെ പ്രധാന വിജ്ഞാന സ്രോതസ്സ് കൊച്ചേട്ടന്‍ മുടക്കം കൂടാതെ വീട്ടില്‍ എത്തിച്ചിരുന്ന ഈ പത്രമാസികകളാണ്. എന്തെങ്കിലും ഒന്ന് വായിക്കാത്ത ദിവസങ്ങള്‍ അതിനാല്‍ തന്നെ ജീവിതത്തില്‍ അത്യപൂര്‍വ്വം ആയിരുന്നു.
ഔപചാരിക വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും വായനയുടെ പ്രസക്തിയെക്കുറിച്ച് തികഞ്ഞ അവബോധമുള്ള വ്യക്തിയായിരുന്നു കൊച്ചേട്ടന്‍. കറകളഞ്ഞ ദൈവവിശ്വാസി കൂടിയായിരുന്ന കൊച്ചേട്ടന്‍, ഞങ്ങളെ കാണുമ്പോഴൊക്കെയും പറഞ്ഞിരുന്നതും ഈ കാര്യങ്ങളായിരുന്നു- നന്നായി വായിക്കുക, നന്നായി പ്രാര്‍ത്ഥിക്കുക. ജീവിതത്തിന്‍റെ പരീക്ഷകളെയും പരീക്ഷണങ്ങളെയും മറികടക്കുവാന്‍ അതിലും നല്ലൊരു സൂത്രവാക്യം ഞാന്‍ ഇന്നോളം കേട്ടിട്ടില്ല.
ഒരു നാടിന്‍റെ മുഴുവന്‍ പത്രവിതരണക്കാരന്‍ എന്ന നിലയില്‍, വെളുത്ത കൊച്ചേട്ടന്‍ ദിവസവും കിലോമീറ്ററുകള്‍ നടന്നിരുന്നു. എപ്പോഴെങ്കിലും ഏതെങ്കിലും വാഹനം കൊച്ചേട്ടന്‍ പത്രവിതരണത്തിനായി ഉപയോഗിച്ചു കണ്ടിട്ടില്ല. വെളുപ്പിനെ നാലുമണിക്കോ അഞ്ചുമണിക്കോ ഒക്കെ തുടങ്ങുന്ന ഈ പത്രവിതരണം ഒന്‍പതു മണിയോടെ പൂര്‍ത്തിയാക്കി വീട്ടിലേക്ക് തിരിച്ചു പോകുന്ന കൊച്ചേട്ടന്‍ സ്കൂളിലേക്കുള്ള വഴിയിലെ ഞങ്ങളുടെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു.
രണ്ട് ആണ്‍മക്കള്‍ ആയിരുന്നു കൊച്ചേട്ടന്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരുപാടുണ്ടായിരുന്ന കൊച്ചേട്ടന്‍, രണ്ടു മക്കളോടും ആവശ്യപ്പെട്ടത് വായിക്കുവാനും പ്രാര്‍ത്ഥിക്കുവാനുമാണ്. കൊച്ചേട്ടന്‍റെ കയ്യിലെ പത്രങ്ങളും മാസികകളും മക്കള്‍ വായിക്കുന്നുണ്ടെന്ന് കൊച്ചേട്ടന്‍ ഉറപ്പാക്കിയിരുന്നു. ആ പ്രാര്‍ത്ഥനയുടെയും വായനയുടെയും ഫലമാവണം- രണ്ടു മക്കളും നല്ല ജോലിയില്‍ പ്രവേശിച്ചു. ഒരാള്‍ കോളജ് അധ്യാപകന്‍, മറ്റൊരാള്‍ ബാങ്ക് ഉദ്യോഗസ്ഥന്‍. മക്കളുടെ ജോലിയോടുകൂടി വീടിന്‍റെ സാമ്പത്തിക പരാധീനതകള്‍ ഒക്കെ ഒരുവിധം പരിഹരിക്കപ്പെട്ടു. പുതിയ വീട്, വണ്ടി, രണ്ടു മക്കളുടെയും വിവാഹം, ജോലിക്കാരായ മരുമക്കള്‍- പ്രാര്‍ത്ഥനയിലൂടെയും വായനയിലൂടെയും ജീവിതത്തെ വരുതിയിലാക്കുകയായിരുന്നു കൊച്ചേട്ടന്‍.
മക്കളൊക്കെ നല്ല ജോലിയില്‍ പ്രവേശിച്ചിട്ടും കൊച്ചേട്ടന്‍ വിശ്രമജീവിതത്തിലേക്ക് കടന്നില്ല. "ആകാവുന്ന കാലം വരെയും ഞാന്‍ ഈ ജോലി ചെയ്തുകൊണ്ടിരിക്കും"- കൊച്ചേട്ടന്‍ നിലപാട് വ്യക്തമാക്കി.
ഇത്തവണ ഞാന്‍ കാണുമ്പോള്‍ കൊച്ചേട്ടന് പ്രായം എണ്‍പതിനോട് അടുത്തിരുന്നു. കാലുകള്‍ക്ക് പഴയ വേഗതയില്ല. നടക്കുമ്പോള്‍ കിതപ്പുണ്ട്. തല കുമ്പിട്ടു പോകുന്നു. പഴയതുപോലെ ആറുമണിക്ക് മുന്‍പ് എല്ലാ വീടുകളിലും പത്രമെത്തിക്കല്‍ പ്രായോഗികമല്ലെന്ന് മനസ്സിലാക്കി, അടുത്തുള്ള ഏതാനും വീടുകളിലേക്ക് മാത്രമായി പത്രവിതരണം ഒതുക്കി. മാസികകള്‍ ഇപ്പോഴും കൈയില്‍ കരുതും. ആവശ്യക്കാര്‍ക്ക് ആവശ്യാനുസരണം എത്തിച്ചു കൊടുക്കും. വര്‍ഷങ്ങളുടെ ഇടവേളകളില്‍ വല്ലപ്പോഴും മാത്രം തുറക്കപ്പെടുന്ന വീടായി ഞങ്ങളുടെ വീട് മാറിയെങ്കിലും ആള്‍സാന്നിദ്ധ്യം  ഉള്ള ദിവസങ്ങളില്‍ കൊച്ചേട്ടന്‍ അവിടെ പത്രവുമായി വരും. ഇത്തവണ അമ്മ അമേരിക്കയ്ക്ക് തിരിച്ചു പോകുന്നതിന്‍റെ തലേദിവസമാണ് കൊച്ചേട്ടന്‍ വാര്‍ഷികപ്പതിപ്പുമായി വന്നത്. ആവശ്യമില്ലാതിരുന്നിട്ടുകൂടി വാര്‍ഷികപ്പതിപ്പും രണ്ട് കലണ്ടറും വാങ്ങിയാണ് ഞങ്ങള്‍ കൊച്ചേട്ടനെ യാത്രയാക്കിയത്. നട ഇറങ്ങിയ ശേഷം പറയാന്‍ മറന്നത് എന്തോ ഓര്‍ത്തിട്ടെന്നവണ്ണം എന്നെ തിരിഞ്ഞുനോക്കി കൊച്ചേട്ടന്‍ പറഞ്ഞു "പ്രാര്‍ത്ഥനയ്ക്ക് വലിയ ശക്തിയാ മോളേ. എന്നും പ്രാര്‍ത്ഥിച്ചോണം. ഇത്രത്തോളം നടത്തിയ ദൈവം ഇനിയും വഴിനടത്തും. എന്‍റെ പ്രാര്‍ത്ഥനയില്‍ നിങ്ങളും ഉണ്ട്." അടുത്ത കാഴ്ച എന്നാവും എന്നറിയില്ലല്ലോ. അതുകൊണ്ടുതന്നെ കാഴ്ച മറയും വരെ, വഴിയരികിലൂടെ മെല്ലെ നടന്നു നീങ്ങുന്ന കൊച്ചേട്ടനെ നോക്കി ഞാന്‍ നിന്നു. കുഞ്ഞുന്നാളില്‍ എങ്ങോ മനസ്സില്‍ പതിഞ്ഞ കൊച്ചേട്ടന്‍റെ രൂപത്തിനോട്, കിതച്ചുകൊണ്ട് ചുവടുകള്‍ വയ്ക്കുന്ന ഈ മനുഷ്യനുമായി  കാര്യമായ സാദൃശ്യം കല്‍പ്പിക്കാനാവുന്നില്ല. പക്ഷേ, വേപ്പലോടെ നടന്നു നീങ്ങുന്ന ആ മനുഷ്യന്‍ സൃഷ്ടിച്ച വായനയുടെ രസച്ചരടുകളെയും പ്രാര്‍ത്ഥനയുടെ സുരക്ഷാ കവചങ്ങളെയും കാലം എങ്ങനെ മായ്ക്കാനാണ്!

(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.