ഇല്ലിനോയി മലയാളി അസോസിയേഷൻ നടത്തുന്ന മറിയാമ്മ പിള്ള മെമ്മോറിയൽ സോക്കർ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ജോയി പീറ്റർ ഇൻഡിക്കുഴി അറിയിച്ചു.
മെയ് 30 ശനിയാഴ്ച രാവിലെ 9 മണിക്ക് ആദ്യത്തെ ഗയിമിന്റെ കിക്ക്ഓഫ് ആരംഭിക്കും. അമേരിക്കയിലെയും കാനഡയിലേയുമുള്ള 12 ഓളം ടീമുകൾ പങ്കെടുക്കും. രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന ഈ ടൂർണമെന്റിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് നടക്കും. ഷിക്കാഗോയിലേയും ഇല്ലിനോയിയിലെയും വിവിധ രാഷ്ട്രീയ, സാമൂഹ്യ നേതാക്കൾ പങ്കെടുക്കും.
ഷിക്കാഗോയിലെ യുവജനങ്ങൾ പങ്കെടുക്കുന്ന ആവേശകരമായ മത്സരങ്ങൾ ഈ ടൂർണമെന്റിന്റെ പ്രത്യേകതയാണ്. ഒന്നാമതായെത്തുന്ന ടീമിന് മറിയാമ്മ പിള്ള മെമ്മോറിയൽ ട്രോഫിയും 1000 ഡോളർ സമ്മാനവും ലഭിക്കും. രണ്ടാമത്തെ ടീമിന് പീറ്റർ ഇൻഡിക്കുഴി മെമ്മോറിയൽ ട്രോഫിയും 500 ഡോളർ സമ്മാനവും ലഭിക്കും.
ഡസ്‌പ്ലെയിൻസിലുള്ള Terrace School Ground (735 South West Gate) ൽ വച്ചാണ് ടൂർണമെന്റ് നടക്കുക. ഷിക്കാഗോയിൽ 35 വർഷം മുമ്പ് ആദ്യമായി അമേരിക്കയിൽ യുവജനോത്സവം സംഘടിപ്പിച്ച ഐ.എം.എ പിന്നീട് ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ, സോക്കർ ടൂർണമെന്റ് മുതലായ പരിപാടികളിലൂടെ ഷിക്കാഗോയിലെ മലയാളികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ സംഘടനയാണ്.
ഷിക്കാഗോയിലെ ഏത് പരിപാടികൾക്കും ആവേശം പകരുന്ന റണ്ണിംഗ് കമന്ററികൾ നൽകി കാണികളെ ഉദ്യോഗഭരിതരാക്കി, മുൾമുനയിൽ നിർത്തുന്ന സജി പൂതൃക്കയിലും, റോണാൾഡ് പൂക്കുമ്പേലുമാണ് ഐ.എം.എയുടെ ഇത്തവണത്തെ കമന്റേറ്റർമാരായി എത്തുന്നത്.
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ, കൺവീനർ - ജെയ്ബു മാത്യു, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, കോ-ഓർഡിനേറ്റഴ്‌സായി ജോർജ് പണിക്കർ, സിബു മാത്യു, പ്രവീൺ തോമസ്, ഡയറക്ടർ - പ്രിജിൽ അലക്‌സാണ്ടർ, ലിൻസ് ജോസഫ്, സ്റ്റീഫൻ ചെള്ളമ്പേൽ, രാജൻ തലവടി, ഷാനി എബ്രഹാം, ജോർജ് മാത്യു, ജോസി കുരിശിങ്കൽ തുടങ്ങി ഒരു വൻനിര വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കും.
ഈ ടൂർണമെന്റിന്റെ വിജയത്തിനായി ഷിക്കാഗോ നിവാസികളുടെ നിർലോഭമായ സഹകരണം പ്രതീക്ഷിക്കുന്നു.


PETER INDIKUZHY

JOY INDIKUZHY

GEORGE PANICKER

