ഇന്നേ ദിവസം (സെപ്റ്റംബർ 7) 'മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും ദിവസ'മായി ( Grand parents' Day) ആയി ആഘോഷിക്കപ്പെടുമ്പോൾ, എന്റെ മനസ്സിൽ, 37 വർഷം മുൻപ്, 98 വയസുള്ളപ്പോൾ, 'വിടുതി എനിക്കായ് നല്കിയ ഭവന'ത്തോട് വിട വാങ്ങിയ എന്റെ അപ്പച്ചനെക്കുറിച്ചുള്ള ഓർമ്മകൾ ചിറ കടിച്ചുകൊണ്ടേയിരിക്കുന്നു.
എന്റെ പിതാമഹൻ കാരക്കാട്ട് വീട്ടിൽ കെ. പി. കുര്യൻ കൈപ്പുഴയിലെ ഒരു കരപ്രമാണി ആയിരുന്നില്ല. എളിയതെങ്കിലും ധന്യമായ ജീവിതം കൊണ്ട് പ്രകാശം പരത്തി, ലോകത്തെ കൂടുതൽ ജീവിതയോഗ്യമാക്കി കടന്നുപോകുന്ന എണ്ണപ്പെടാത്ത ചില ശുദ്ധാത്മാക്കളുണ്ടല്ലോ ഓരോ നാട്ടിലും. അങ്ങനെയുള്ളവരിൽ ഒരാളായിരുന്നു അദ്ദേഹം. ആറടി പൊക്കം, മെലിഞ്ഞ ശരീരം, ഒട്ടിയ വയർ ----- ഒരു വാക്കിങ് സ്റ്റിക്കുമായി നടന്നു പോകുന്ന ' കുര്യൻ മാപ്പിള' യ്ക്കു തന്റെ ചെറിയ ലോകത്ത് വലിയ അളവിൽ സ്നേഹാദരവുകൾ ലഭിച്ചിരുന്നു എന്നതിന് അന്നു ബാലനായിരുന്ന ഞാൻ സാക്ഷി.
ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്ന എന്റെ പപ്പാ യുടെ ജോലിസ്ഥലം മിക്കപ്പോഴും അ കലെ ആയിരുന്നു. അക്കാലത്ത് പപ്പായ്ക്ക് മാസത്തിൽ രണ്ടോ മൂന്നോ തവണയേ വീട്ടിൽ വരാനാകുമായിരുന്നുള്ളൂ. അതിനാൽ ഞങ്ങൾ അഞ്ചു മക്കളുടെ വളർച്ചയിലും സ്വഭാവ രൂപീകരണത്തിലും മമ്മിയ്ക്ക് ഫലപ്രദമായ പിന്തുണ നൽകേണ്ടത് അപ്പച്ചന്റെ ചുമതല യായിരുന്നു. ഞങ്ങൾ ചില നല്ല ശീലങ്ങൾ ആർജ്ജിച്ചതിലും പല ദുശ്ശീ ലങളും അകറ്റി നിർത്തിയതിലും അപ്പച്ചന് വലിയ പങ്കുണ്ടായിരുന്നു.
അപ്പച്ചന്റെ 'ടേബിൾ മാനേഴ്സ് '
കൈയ്യും കാലും മുഖവും വായും നന്നായി കഴുകി,വൃത്തിയുള്ള ശരീരവുമായി മാത്രമേ ഭക്ഷണത്തിനിരിക്കാവൂ : ഭക്ഷണം കഴി യ്ക്കാനിരിക്കുമ്പോൾ നേരെ ഇരിക്കണം, തലയ്ക്കു കൈകൊടുത്തോ, ചെരി ഞ്ഞോ വളഞ്ഞോ ഇരിക്കരുത്: കഴിച്ചു തുടങ്ങുന്നതിനു മുൻപും ശേഷവും മൗ നമായെങ്കിലും ദൈവത്തോട് നന്ദി പറഞ്ഞു പ്രാർത്ഥിക്കണം: ഈ പ്രാർത്ഥനയിൽ ഭക്ഷണം തയ്യാറാക്കി തന്നവരെ ഓർമിക്കണം: ഒരു കവിൾ വെള്ളം കുടിച്ച് അന്നനാളം വികസിപ്പിച്ചതിനു ശേഷമേ ഖര ഭക്ഷണം കഴിക്കാവൂ: ഭക്ഷണം വായിലുള്ളപ്പോൾ സംസാരിക്കുകയോ ചിരിക്കുകയോ അരുത്: ഭക്ഷണവേളയിൽ സന്തോഷകരമായ കാര്യങ്ങളേ ഓർമിക്കുകയോ സംസാരിക്കുകയോ ചെയ്യാവൂ: ആരോടെങ്കിലുമുള്ള ദ്വേ ഷ്യമോ വിരോധമോ മനസിനെ അലട്ടുമ്പോൾ ഭക്ഷണം കഴിക്കരുത്: ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തെയോ അത് പാകം ചെയ്ത ആളെയോ കുറ്റപ്പെടുത്തി സംസാരിക്കരുത്: ഭക്ഷണ വിഭവങ്ങൾ നിശ്ചിത ക്രമമനുസരിച്ചേ ( course കളുടെ ക്രമം തെറ്റിയ്ക്കാതെ) കഴിക്കാവൂ: ഒന്നിനോടൊന്നു വിരുദ്ധമായ ഭക്ഷണങ്ങൾ കഴിക്കരുത്: ഒന്നിലേറെ പ്പേർ കൂട്ടായി ഭക്ഷണത്തിനിരിയ്ക്കുമ്പോൾ ഒരുമിച്ചുവേണം കഴിച്ചു തുടങ്ങാൻ: കഴിച്ചു തീരുന്ന മുറയ്ക്ക് ഓരോരുത്തരായി എഴുന്നേറ്റു കൈകഴുകാൻ പോകാതെ, അവസാനത്തെ ആളും തീർക്കുന്നതുവരെ കാത്തിരുന്നിട്ട് ഒരുമിച്ച് എഴുന്നേൽക്കുകയാണ് വേണ്ടത്: --- ഇങ്ങനെയൊക്കെ പോയി, അറുപതറുപത്തഞ്ചു വർഷങ്ങൾക്കു മുൻപ്, ഞങ്ങളുടെ ഗ്രാമീണ ഭവനത്തിൽ, അപ്പച്ചൻ നിഷ് കർഷിച്ചിരുന്ന ' ടേബിൾ മാനേഴ്സ്'( Table Manners ).ഇന്നിപ്പോൾ, നഗരത്തിലെ ചില ഭവനങ്ങളിൽ കൊച്ചു മക്കളുടെ ' പരിഷ്കൃത രീതികൾ' കാണുമ്പോൾ, ചിലപ്പോഴൊക്കെ, അപ്പച്ചന്റെ ടേബിൾ മാനേഴ്സ് ഓർത്തു ഞാൻ നെടുവീർപ്പെടാറുണ്ട്.
അപ്പച്ചന്റെ പ്രകൃതി സ്നേഹം
കൃഷി കാര്യങ്ങൾക്ക് എന്നെയും കൂട്ടു വിളിച്ചിരുന്ന അപ്പച്ചനിൽ നിന്നാണ് മണ്ണിനെയും മൃഗങ്ങളെയും മരങ്ങളെയും മീനുകളെയും മനുഷ്യരെയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചില പാഠങ്ങൾ ഞാൻ പഠിച്ചത്. എന്റെ പ്രകൃതി സ്നേഹത്തിനും പരിസ്ഥിതി ബോധത്തിനും തുടക്കം അപ്പച്ചനി ലായിരുന്നു.
ഒരു ജൂൺ മാസത്തിന്റെ തുടക്കത്തിൽ, പുതുമഴ മണ്ണിനു പുളകം പകരുന്ന പ്രഭാതത്തിൽ, പണിക്കാരനായ തോമാച്ചേട്ടനെയും കൂട്ടി, പറമ്പുകളിൽ അങ്ങുമിങ്ങും നടന്ന്, പലതും ഞങ്ങൾ കുഴിച്ചുവച്ചു. വാഴ നടുമ്പോൾ അപ്പച്ചൻ എന്നോട് പറഞ്ഞു : " ഇത് എനിക്ക്. " തെങ്ങിൻ തൈ നടുമ്പോൾ പറഞ്ഞു: " ഇത് നിന്റെ പപ്പായ്ക്ക്. " തേക്കിന്റ 'സ്റ്റമ്പ് ' മണ്ണിൽ അലവാങ് കുത്തിയിറക്കി യുണ്ടാക്കിയ വിടവിൽ നടുമ്പോൾ പറഞ്ഞു : " ഇത് നിനക്ക് ". ഓരോ തലമുറയ്ക്കും വേണ്ടത് പ്രത്യേകം പ്രത്യേകമായി മനസ്സിൽ കണ്ട്, പ്രകൃതിയെ പരിപാലിക്കുന്ന നാടൻ കർഷകന്റെ പരിസ്ഥിതി ബോധം.!
മനുഷ്യ ബന്ധങ്ങൾക്ക് ഒരു വഴികാട്ടി
അപ്പച്ചനും ചേട്ടനും ഒരു കസിനും ചേർന്നു നടത്തിയിരുന്ന ബിസിനസ് ആയിരുന്നു അവരുടെ പ്രധാന വരുമാനമാർഗം. പങ്കാളികൾ തമ്മിൽ വഴക്കും പിണക്കവുമില്ലാതെ ജീവിതകാലം മുഴുവൻ കഴിഞ്ഞു എന്നു മാത്രമല്ല, നല്ല പരസ്പര ധാരണയോടെ, മൂവർക്കും പൂർണ തൃപ്തി നല്കുന്ന രീതിയിൽ, ബിസിനസ് അവസാനിപ്പിക്കാനും അവർക്കു കഴിഞ്ഞു. പ്രായം മൂവരെയും പേരു ചൊല്ലി വിളിച്ച നാളുകളിൽ ഈ മാതൃകയെക്കുറിച്ച് അപ്പച്ചൻ ഞങ്ങളോട് സംസാരിക്കാറുണ്ടായിരുന്നു ---- മനുഷ്യ ബന്ധങ്ങൾ പോറലേൽക്കാതെ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ. ആ ജീവിതം എളിയതെങ്കിലും അതു പകർന്നു തന്ന ആശയം ഞങ്ങൾ മക്കൾക്ക് എന്നും ധ്രുവ നക്ഷത്രമായിരു ന്നു.
സ്നേഹ ബന്ധങ്ങൾ നിലനിർത്താൻ മക്കളോടുപോലും ഒട്ടേറെ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും എന്നു പല വേളകളിൽ പറഞ്ഞിട്ടുള്ള അപ്പച്ചനിൽ നിന്നാണ് 'തന്റെ മകനും തന്നോളമായാൽ താനെന്നു വിളിക്കണം' എന്ന ആപ്തവാക്യം ഞാൻ ആദ്യമായി കേൾക്കുന്നത്.
ഒരു വിവാഹബന്ധത്തിലെ പൊട്ടലും ചീറ്റലും അസഹ്യ മായിക്കഴിഞ്ഞു എന്നറിഞ്ഞപ്പോൾ ആ പ്രായോഗികബുദ്ധി ഉപദേശിച്ചു: " വല്ലാതെ വളഞ്ഞുപോയാൽ മുറി യ്ക്കണം. താങ്ങി നിർത്തിയിട്ടു കാര്യമില്ല. " ഏതു ബന്ധത്തിലും ഇത് പ്രസക്തമാണെന്ന് പിന്നീട് ചില സന്ദർഭങ്ങളിൽ അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഒരു പ്രണയ കഥ
കാലത്തിനു മുൻപേ പറക്കുന്ന മനസായിരുന്നു അപ്പച്ചന്റേത്. പെണ്ണുങ്ങൾ വീട്ടുജോലികൾ ചെയ്ത് അടങ്ങിയൊതുങ്ങി കഴിഞ്ഞാൽ മതി എന്ന ചിന്ത തന്റെ തലമുറയെ അടക്കി ഭരിച്ചിരുന്ന കാലത്ത്, സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും യോഗ്യതയ്ക്കനുസരിച്ചുള്ള ജോലികൾ തേടുകയും വേണമെന്നായിരുന്നു അപ്പച്ചന്റെ ' സുവിശേഷം'. വിദ്യയെ ആദരിക്കുകയും സമർഥരായ വിദ്യാർഥികളോട് വാത്സല്യം കാട്ടുകയും ചെയ്തിരുന്ന അപ്പച്ചനോട് സമപ്രായക്കാരനായ ഒരു കൂട്ടുകാരനോ ടെന്നപോലെയാണ് ഞാൻ പലപ്പോഴും സംസാരിച്ചിരുന്നത്.
ഇന്റർ സ്കൂൾ പ്രസംഗ മത്സരങ്ങളിൽ വിജയിച്ചതിന്റെ പേരിൽ എന്റെ ഫോട്ടോ പത്രത്തിൽ വന്നപ്പോഴൊക്കെ അതു കാട്ടി അപ്പച്ചനെ ഞാൻ ' ത്രില്ല'ടിപ്പിക്കാറു ണ്ടായിരുന്നു. മനോരമ ബാലജനസഖ്യം നടത്തിയ പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ജാൻസി ജോർജിന്റെ ഫോട്ടോ പത്രത്തിൽ വന്നത് അപ്പച്ചനെ ഞാൻ കാണിച്ചിരുന്നു. താമസിയാതെ, സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ, പ്രസംഗ മത്സരത്തിൽ, സ്റ്റേറ്റ് തലത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോഴും പത്രത്തിൽ വന്ന ആ കുട്ടിയുടെ ഫോട്ടോ ഞാൻ അപ്പച്ചന് കാട്ടിക്കൊടുത്തു. പത്രം കാട്ടി കൊടുക്കാനുള്ള എന്റെ ഉത്സാഹം മനസ്സിൽ ഒരു മണി മുഴക്കിയതു കൊണ്ടാണോ, ആവോ, അപ്പച്ചൻ എ ന്നോട് ഒരു ചോദ്യം : " അവൾ ക്നാനായ ക്കാരിയാണോടാ? "
ക്നാനായ സമുദായത്തിൽ പെട്ട കാത്തോലിക്കരായ ഞങ്ങൾ ക്നാനാ യക്കാരല്ലാത്തവരുമായി ---- അവർ കത്തോലിക്കർ ആണെങ്കിൽ പോലും---- വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നത് നിഷിദ്ധമായിരുന്നു. ഇന്ന് അത്തരം വിവാ ഹങ്ങൾ അസാധാരണമല്ലെങ്കിലും, അപ്പച്ചന്റെ തലമുറയ്ക്ക് അതു സഹിക്കാനാകുമായിരുന്നില്ല. ക്നാനായക്കാരല്ലാത്തവരുമായി പ്രണ യത്തിൽ കുടുങ്ങി കല്യാണം കഴിച്ചതിന്റെ പേരിൽ പല മക്കളെയും മാതാപിതാക്കൾ അക്കാലത്തു തള്ളിപ്പറഞ്ഞിട്ടുണ്ട്. അത്തരം ചില വിവാഹങ്ങൾ സ്വന്തം കുടുംബത്തിനുള്ളിൽ മാത്രമല്ല, സമുദായത്തിലാകെ തന്നെ, ചെറുതും വലുതുമായ ഭൂകമ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്..ഈ പശ്ചാത്തലത്തിലായിരുന്നു അപ്പച്ചന്റെ മനസ്സിൽ മണി മുഴങ്ങിയത്.
ക്രമേണ എന്റെ ഹൃദയം കൂട്ടമണി അടിച്ചു തുടങ്ങിയപ്പോൾ ഞാൻ അപ്പച്ചനെ പോയി കണ്ടു. കത്തോലിക്കാ പെൺകുട്ടിയാണെങ്കിലും ക്നാനായക്കാരിയല്ലാത്ത ജാൻ സിയുമായി എനിക്കുള്ള പ്രണയത്തെ കുറിച്ച് എന്റെ കുടുംബത്തിൽ ആദ്യമായി ഞാൻ മനസ് തുറന്നത് അപ്പച്ചനോടായിരുന്നു.അവളെ വിവാഹം ചെയ്യണമെന്ന ആഗ്രഹം ആദ്യമായി ഉണർത്തിച്ചതും അപ്പച്ചനോട് തന്നെ.ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു വിറങ്ങലിച്ചു മുന്നിൽ നില്ക്കുന്ന എന്റെ തലയിൽ കൈ വച്ച് " നന്നായി വരട്ടെ " എന്ന രണ്ടു വാക്കുകൾ മാത്രം അപ്പച്ചൻ ഉച്ചരിച്ചു. കുടുംബത്തിൽ മറ്റാരും ഇതൊന്നും കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല.
മിതത്വം എന്ന മൂല്യം
' മിതത്വം' ആയിരുന്നു അപ്പച്ചന്റെ മുഖമുദ്ര. എളിമ, വിനയം, ലാളിത്യം എന്നിങ്ങനെയുള്ള സ്വഭാവഗുണങ്ങളെ വാക്കിലും പ്രവൃത്തിയിലും കൊണ്ടാ ടിയിരുന്ന അപ്പച്ചൻ എല്ലാ സന്തോഷങ്ങളിലും--- വിശിഷ്യ, ഭക്ഷണക്കാര്യത്തിൽ--- എന്നും മിതത്വം പാലിച്ചു. എല്ലാ ദിവസവും കൈപ്പുഴ കള്ളുഷാപ്പിൽ പോയി ഒന്നര കുപ്പി തെ ങ്ങിൻ കള്ള് വരാൽ മീൻ കറി തൊട്ടുകൂട്ടി കുടിച്ചിരുന്ന അപ്പച്ചൻ കൈ പ്പുഴ പള്ളിയിലെ വലിയ പെരുന്നാളിനു തലേന്നു പ്രദക്ഷിണം കഴിഞ്ഞ് ബന്ധുക്കാരൻ ( എന്റെ മമ്മിയുടെ അപ്പൻ) പള്ളത്തടത്തിൽ ചാക്കോയുമൊത്ത് ഷാപ്പിൽ കയറുമ്പോഴും ' ഒന്നര' യ്ക്കപ്പുറം പോയിരുന്നില്ല. നിക്കറിട്ടു നടക്കുന്ന ഞാനും ആ ദിവസങ്ങളിൽ അപ്പച്ചന്മാരുടെ കൈകളിൽ തൂങ്ങി ' ഷാപ്പിലെ പെരുന്നാളി 'ന് പോകാറുണ്ടായിരുന്നു.
ക്രിസ്മസിനും ഈസ്റ്ററിനും മമ്മി രണ്ട് അപ്പച്ചന്മാരെയും വീട്ടിൽ വരുത്തി സല്കരിച്ചുപോന്നു.
അപ്പോഴും അപ്പച്ചന്റെ ആഘോഷം
' ഒന്നര'യിലൊതുങ്ങി, ബന്ധുക്കാരൻ
ധാരാളിത്തത്തിന്റെ സന്തോഷത്തിൽ വിശ്വസിച്ചിരുന്നെങ്കിലും. എന്റെ പപ്പാ യ്ക്ക് ലാളിത്യത്തോടും മിതത്വത്തോടുമുണ്ടായിരുന്ന ' അഭിനിവേശം' എവിടെ നിന്നു വന്നു എന്നു വ്യക്തം.
കാശിനു കണക്കു വേണം
" ആറ്റിൽ കളഞ്ഞാലും അളന്നു കളയണം " എന്ന പഴഞ്ചൊല്ല് ഞാൻ ആദ്യമായി കേട്ടത് അപ്പച്ചനിൽ നിന്നാണ്. കോളേജിൽ പഠിക്കുന്ന കാലത്ത് വീട്ടിലെ മരാമത്തു വകുപ്പിന്റെ ഭരണം നടത്തിയത് അപ്പച്ചനും ഞാനും ഉൾപ്പെട്ട കുറുമുന്നണിയായിരുന്നു. ഏറ്റുമാനൂരിൽ പുതുതായി വാങ്ങിയ പ്ലോട്ടിൽ ഒരു കെട്ടിടം പണിയിക്കുന്നതിനു അപ്പച്ചൻ ദിവസവും പൊയ്ക്കൊണ്ടിരുന്നു. വൈകുന്നേരം എത്തുമ്പോൾ ഒരു കടലാസിൽ ബസ് കൂലിയും ചായയും ഉൾപ്പെടെ അന്നത്തെ ഓരോ ചെലവും കുറിച്ച് മമ്മിയെ ഏല്പിക്കും. ഒരു ദിവസം ആ കുറിപ്പിലെ ഒരു ഇനം കണ്ട് ഞാൻ ഊറിച്ചിരിച്ചുപോയി. എന്തായിരുന്നെന്നോ ആ ' ഇനം '? ---
' വട്ട ച്ചെലവ് ' ( അഥവാ, 'ഒന്നര' കുപ്പിക്കുള്ള ചെലവ് ')!
ഞാൻ കളിയാക്കിയപ്പോൾ അപ്പച്ചൻ പറഞ്ഞു : " എടാ മോനേ, ആറ്റിൽ കളഞ്ഞാലും അളന്നു കളയണം. " ഓരോ രൂപയ്ക്കും കണക്കു സൂക്ഷിക്കുന്ന ശീലം അപ്പച്ചനിൽ നിന്ന് ഓസ്‌മോസിസ് കൊണ്ടെന്ന പോലെ എന്റെ ജ്യേഷ്ഠൻ ജസ്റ്റിസ് സിറിയക് ജോസഫ് ഉൾക്കൊണ്ടെങ്കിലും, എനിക്ക് ഇക്കാര്യത്തിൽ എന്നും മടിയായിരുന്നു. അപ്പച്ചനെ കണ്ടു പഠിച്ചതിന്റെ ഗുണം ജ്യേഷ്ഠനുണ്ടായിട്ടുണ്ട് : വഴിമാറി ഓടിയതിന്റെ ദോഷം ഈ കുഞ്ഞാടിനും!
ഇന്നേ ദിവസം ഓർമകളിൽ തെളിഞ്ഞു വരുന്ന ആ രൂപത്തിന്റെ പ്രത്യേകത എന്താണ്? ഒറ്റ വാക്കിൽ പറഞ്ഞാൽ ' വെടിപ്പ് : ശരീരം, വസ്ത്രം, ആഹാരം, വർത്തമാനം, ചിന്ത--- എവിടെയും. വെടിപ്പുള്ള ആ വ്യക്തിത്വത്തിനു മുൻപിൽ , ആദരപൂ ർവം, ഈ കൊച്ചുമകൻ

ജയിംസ് ജോസഫ് കാരക്കാട്ട്

