സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. രാഗേഷ് രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ പ്ലംബിങ്, വയറിങ് തൊഴിലാളിയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സ്വത്ത് വിവരങ്ങൾ പരിശോധിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു.
ബ്രാഞ്ച് സെക്രട്ടറിയോ ലോക്കൽ സെക്രട്ടറിയോ ആവാത്ത രാഗേഷിനെ മുകളിൽ നിന്ന് കെട്ടിയിറക്കിയതാണെന്നും അദ്ദേഹം 'മൂക്കാതെ പഴുത്തയാളാണെന്നും' ഗോവിന്ദൻ പറഞ്ഞു. രാഗേഷ് ജനിക്കുന്നതിന് മുൻപേ താൻ പാർട്ടി നേതൃത്വത്തിൽ എത്തിയതാണെന്ന് ഓർമ്മിപ്പിച്ച ഗോവിന്ദൻ തന്നെ വിമർശിക്കുന്നതിന് മുൻപ് രാഗേഷ് കണ്ണാടിയിൽ നോക്കണമെന്നും കൂട്ടിച്ചേർത്തു. രാഗേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം നാട്ടിൽ പാട്ടാണെന്നും, തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ കൂടുതൽ കാര്യങ്ങൾ വിളിച്ചുപറയേണ്ടി വരുമെന്ന് ഓർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗോവിന്ദൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്രകമ്മിറ്റി കണ്ടെത്തിയ കാര്യങ്ങൾ വിശദീകരിക്കുന്നതിന് പകരം, അതിന് വിരുദ്ധമായ കാര്യങ്ങളാണ് പിണറായി സംസാരിച്ചത്. തനിക്ക് ഒരിക്കലും തെറ്റ് പറ്റില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഇത് ഏത് പാർട്ടി രീതിയാണെന്നും എം.എൽ.എ ചോദിച്ചു.തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളിയെന്ന് കേന്ദ്രകമ്മിറ്റി പരസ്യമായി വ്യക്തമാക്കിയതാണ്. എന്നാൽ, ഈ പോരായ്മ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാണിക്കാൻ പിണറായി തയ്യാറായില്ലെന്നും പാർട്ടി തെറ്റുതിരുത്താൻ പോകുന്നില്ലെന്നതിന്റെ തെളിവാണിതെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു.

