PRAVASI

തിരുവോണനിറവിൽ ലോകമലയാളികൾ

Blog Image

സമൃദ്ധിയുടേയും സന്തോഷത്തിന്റെയും  നിറവിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്. കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം. ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഒരു കാലത്തിന്റെ ഓർമ്മകളിൽ ചവിട്ടി നിന്ന്, സമത്വസുന്ദരമായ ഒരു ലോകം ആവിഷ്കരിക്കാൻ ഓരോ മലയാളിയും ശ്രമിക്കുന്നു.

കർക്കിടകത്തിലെ വറുതിക്ക് ശേഷം ചിങ്ങം മാസമെത്തുന്നതോടെ കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും നാളുകളാണ് എത്തുന്നത്. ഉണ്ണാനും ഉടുക്കാനും വഴികാണിക്കുന്നതും മനുഷ്യരെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നതുമായ ഒരു പുതുവർഷമാണിത്. തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ നിറഞ്ഞ തൊടികളും പത്തായം നിറയ്ക്കലുമൊക്കെ ഏറെക്കുറെ അന്യമായെങ്കിലും, പൂക്കളമൊരുക്കിയും ഒത്തൊരുമിച്ചും മലയാളി ഓണത്തിന്റെ ആത്മാവിനെ ചേർത്തുപിടിക്കുന്നു. അത്തം മുതൽ മണ്ണിലും മനസ്സിലും നിറഞ്ഞുനിന്ന പൂവിളികൾക്ക് ഇന്ന് പാരമ്യമാവുകയാണ്.

ഓണക്കോടിയുടുത്ത് പൂക്കളമൊരുക്കിയാൽ പിന്നെ അടുക്കളയിൽ സദ്യവട്ടങ്ങളുടെ തിരക്കാണ്. രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന സദ്യ തൂശനിലയിൽത്തന്നെ വിളമ്പുന്നത് ഒരു ചടങ്ങാണ്. വിളമ്പുന്നതിനും കഴിക്കുന്നതിനും പ്രത്യേക ചിട്ടവട്ടങ്ങളുണ്ട്. അറ്റുപോകാതെ തലമുറകൾ കൈമാറിവന്ന ഓണക്കളികളും ആഘോഷത്തിന് നിറം പകരുന്നു.
അധികാരം ജനങ്ങളിലെക്കെന്നു പറഞ്ഞപ്പോൾ അത്യധികം സന്തോഷിച്ച ജനമാണ് നാം. ഏകാധിപത്യം തുലയാൻ പ്രാർഥിച്ചവരാണ് നാം. എന്നാൽ ജനാധിപത്യത്തിൽ നാമിന്നു ദർശിക്കുന്നത് ഒട്ടേറെ രാജാക്കളെയാണ് . രാജഭരണത്തിൽ ചോദ്യം ചെയ്യാൻ അവകാശമില്ലെന്നാണറിവ്. അതിനെ മാറ്റിയെഴുതി ജനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം വന്നപ്പോൾ നാമേറെ സന്തോഷിച്ചു. നാം നമ്മെ ഭരിക്കുക. മേലാള കീഴാളന്മാർ ഇല്ലാതിരിക്കുക. "ജനാധിപത്യം"- എത്ര സുന്ദരമായ പദാവലി!! 
കാലാന്തരേ...ഇന്ന് നാം ജനാധിപത്യത്തെ വെറുക്കാൻ തുടങ്ങിയിരിക്കുന്നു. കാരണം "വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുന്നു" എന്നതു തന്നെ. അവരുടെ ദയാകടാക്ഷത്തിനു കാത്തിരിക്കേണ്ട ഗതികേടിൽ പാവം ജനം. അധികാര പ്രമത്തതയിൽ അവർ കാട്ടിക്കൂട്ടുന്ന സകലതും സഹിക്കുവാൻ വിധിക്കപ്പെട്ടവരായി നിസ്സഹായരായി ജനം ശ്വാസം മുട്ടുന്നു. അപ്പോൾ സോഷ്യലിസം എന്നത് ജനാധിപത്യത്തിൽ ഒരു മരീചികയായി മാറുന്നു.ഇവിടെയാണ്‌ നിരക്ഷരകുക്ഷികൾ പോലും രാജഭരണവും ജനാധിപത്യവും തമ്മിൽ താരതമ്യം ചെയ്തു പോകുന്നത്. 

ഓണമെന്ന വസന്തകാലം സ്മൃതിപഥങ്ങളിൽ ഓളം തല്ലുമ്പോൾ ആധുനികതയുടെ മട്ടുപ്പാവിൽ നിന്ന് നവനീത മനുഷ്യൻ മനമുരുകി കരയുന്നു. അവൻ ആഗ്രഹിച്ചത്‌ അംബര ചുംബികളായ കെട്ടിടങ്ങളല്ല, ശബ്ദത്തെപ്പോലും വെല്ലുന്ന യാത്രാ വേഗതയല്ല അവൻ സ്വപ്നം കണ്ടത് . പണത്തിന്റെ കൊഴുപ്പിൽ ആനന്ദനൃത്തമാടണമെന്നല്ല അവൻ മോഹിച്ചത്...അവൻറെ മനസ്സിൽ സുഖമായി, സമാധാനമായി അന്തിയുറങ്ങണം എന്നതാണ് മോഹം. അയൽക്കാരനെ പേടിക്കാതെ ജീവിക്കാനൊക്കണം എന്നതാണ് അവന്റെയാഗ്രഹം. കള്ളവും വ്യഭിചാരവും പിടിച്ചുപറിയും കൊലപാതകവുമില്ലാതെ സ്വൈര്യമായി ജീവിക്കണം എന്നതാണവന്റെ 'അത്യാഗ്രഹം'!! മഹാബലിയുടെ ഭരണ കാലത്ത് ഇവിടെ അതാണ്‌ നടമാടിയിരുന്നത് എന്ന് കേൾക്കുമ്പോൾ ഓണം ഇന്നും പ്രസക്തമാവുന്നു. അങ്ങിനെയുള്ള സുന്ദരമായ ഒരു കാലഘട്ടത്തിന്റെ പിൻ തലമുറക്കാരായി നമുക്കും അത്തരമൊരു നാളയെ സ്വപ്നം കണ്ടുകൊണ്ടുറങ്ങാം . പുലർകാലത്തെഴുന്നേറ്റു പൂക്കളമിട്ട് സമൃദ്ധിയുടെ സദ്യയുണ്ണാം . 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.