ഷേർളി മാഡം...
ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതൊരൊറ്റ കേസിനെ ചുറ്റിപ്പറ്റിയായിരുന്നു എന്നതാണ് സത്യം; പലർക്കും അതറിയില്ലെങ്കിലും...
ഇന്നലെ മായനാടുള്ള വസതിയിൽ മേഡത്തിന്റെ നിശ്ച്ചലമായ ശരീരത്തിനുമുൻപിൽ പ്രണാമങ്ങൾ അർപ്പിക്കുമ്പോൾ അതൊന്നുംതന്നെ എന്നെ ബാധിച്ചിരുന്നില്ല എന്നത് മറ്റൊരു സത്യം...
കാരണം അവർ എന്റെയും ഗുരുനാഥയായിരുന്നു...
ഫോറൻസിക് പഠനം പൂർത്തിയാക്കിയത് തിരുവനന്തപുരത്തുനിന്നാണെങ്കിലും കോഴിക്കോടും തൃശൂരും ജോലി ചെയ്ത കാലയളവിൽ മേഡത്തിൽ നിന്നും പല കാര്യങ്ങളും എനിക്ക് പഠിക്കാനായിട്ടുണ്ട്...
എത്രയൊക്കെ നോവിക്കപ്പെട്ടാലും ചില സന്ദർഭങ്ങളിൽ നമ്മൾ ക്ഷമിക്കാൻ പഠിക്കുമല്ലോ...
അതുകൊണ്ടുതന്നെ ചില വസ്തുതകളെ, യാഥാർഥ്യങ്ങളെ നമ്മൾ മനഃപൂർവ്വം മനസ്സിന്റെ വിസ്‌മൃതികളിലേക്ക് വേദനയോടെ തള്ളിവിടാറുണ്ട്...
അത്തരത്തിൽ ഒന്നായിരുന്നു സൗമ്യ കേസും...
അതിനെപ്പറ്റി വീണ്ടും ഒരു പോസ്റ്റ്മോർട്ടം നടത്തുന്നില്ല എന്നു വിചാരിച്ചിരുന്നതുമാണ്...
എന്നാൽ ഇന്നൊരു ദിനപ്പത്രത്തിൽ കണ്ട ഒരു വാർത്താശകലം; യാഥാർഥ്യങ്ങൾ എന്താണെന്ന് വ്യക്തമായി അറിഞ്ഞിട്ടും ദുരൂഹതകൾ നിലനിർത്തിക്കൊണ്ടുള്ള ചില വരികൾ...
അവയാണെന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്...അതുമാത്രം.
ഓണത്തിന്റെ തിരക്കുകൾക്കിടയിൽ വീട്ടിലെ ജോലികൾ ഓരോന്നായി തീർത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു മനോരമ ന്യൂസിൽ നിന്നുമുള്ള ആ വിളി.
ഷേർളി മാഡം മരിച്ചു എന്നു കേൾക്കുന്നല്ലോ, ശരിയാണോ എന്നു ചോദിച്ചുകൊണ്ട്...
സത്യത്തിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയ ഫോൺകാൾ ആയിരുന്നു അതെന്ന് പറയേണ്ടതില്ലല്ലോ. ഒരു നിമിഷം സ്തബ്ധനായി നിന്നുപോയെങ്കിലും അന്വേഷിച്ചിട്ടു തിരിച്ചുവിളിക്കാം എന്നുപറഞ്ഞു ആ ഫോൺകാൾ അവസാനിപ്പിച്ച ശേഷം ഞാൻ ഉടനെ നോക്കിയത് വാട്സാപ്പിലെ ഫോറൻസിക് ഗ്രൂപ്പുകൾ ആയിരുന്നു...ഒന്നും തന്നെയില്ല.
അടുത്തതായി അന്വേഷിച്ചത് മേഡം ഇപ്പോൾ ജോലിചെയ്തിരുന്ന കെ.എം.സി.ടി മെഡിക്കൽ കോളേജ് അധികൃതരോട് ആയിരുന്നു. അവർക്കും ഒന്നും അറിയില്ല.
അടുത്തനിമിഷം തോന്നിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇപ്പോഴത്തെ ഫോറൻസിക് മേധാവിയും എന്റെ സുഹൃത്തുമായ ഡോ. സുജിത്തിനെ വിളിക്കാനാണ്.
ഫോൺ എടുത്തപാടെ സുജിത് ആ വാർത്ത സ്ഥിരീകരിക്കുകയും മറ്റുകാര്യങ്ങൾ ഉടനെ അറിയിക്കാമെന്നും പറഞ്ഞു. മീഡിയയിൽ തിരിച്ചുവിളിച്ചു ആ ദുഃഖവാർത്ത സ്ഥിരീകരിച്ചു പറഞ്ഞയുടനെ ഞാനെടുത്ത അടുത്ത തീരുമാനം കോഴിക്കോട് പോയി മേഡത്തിനെ കാണുക എന്നതായിരുന്നു. അതിനായി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നതാണ് സത്യം...
ഉടനെത്തന്നെ സുഹൃത്തായ ഹിതേഷിനെ വിളിക്കുകയും, ഹിതേഷിനും പാർത്ഥനുമൊപ്പം മായനാട്ടേക്ക് പോവുകയുമായിരുന്നു...
അതവിടെ നിൽക്കട്ടെ...
ഷേർളി മേഡവുമായി ആദ്യമായി ഒന്നിച്ചുജോലിചെയ്യുന്നത് 2007-08 കാലഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ്. അതിനുശേഷം മേഡം സ്ഥലംമാറ്റം ലഭിച്ചു തൃശൂർ വന്ന കാലഘട്ടത്തിലും.
പത്രവാർത്തയിൽ സൂചിപ്പിച്ചിട്ടുള്ള കേസ് നിലവിൽ വരുന്നതുവരെ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നതും തികച്ചും ആരോഗ്യകരമായ ഒരു ഔദ്യോഗികബന്ധം തന്നെയായിരുന്നു...
ആ കേസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ സംബന്ധിച്ച ചില അഭിപ്രായവ്യത്യാസങ്ങൾ,
കേസ് വിസ്താരം തുടങ്ങിയപ്പോൾ കോടതിയിൽ മൊഴി നൽകിയതിനെ തുടർന്നുണ്ടായ ചില പ്രശ്നങ്ങൾ...
ഒരു ക്രിമിനൽ കോടതിയിലെ നടപടികൾ എന്താണെന്ന് വ്യക്തമായ ബോധമുള്ളവർക്ക് അതു മനസ്സിലാക്കാൻ കഴിയും...
സത്യത്തിൽ ആ കേസിന്റെ പ്രോസിക്യൂഷനും (അതെനിക്ക് ഉറപ്പിച്ചു പറയാനാവും) അന്നത്തെ മുഖ്യധാരാമാധ്യമങ്ങളും കൂടിച്ചേർന്നു വികൃതമാക്കിയ ഒരു സത്യം.
നേരെന്തെന്ന് അന്വേഷിച്ചശേഷം സത്യസന്ധമായ വാർത്തകൊടുക്കാൻ മാധ്യമങ്ങൾ തയ്യാറായിരുന്നെങ്കിൽ ഒഴിവാകുമായിരുന്ന ഒരുപാട് പ്രശ്നങ്ങൾ...
ഒരു പക്ഷേ, പരമോന്നതകോടതിയിൽ ഒരു കേസിന്റെ അന്തിമവിധിയെത്തന്നെ വേറൊന്നാക്കി ജനഹിതത്തിനു സമാനമായി മാറ്റുമായിരുന്ന ചില സാഹചര്യങ്ങൾ...
അന്ന് ആ കേസുണ്ടാക്കിയ പ്രതിസന്ധി തന്നെയാണ് എനിക്കും മേഡത്തിനും ഇടയിലുള്ള ബന്ധത്തെ പിടിച്ചുലച്ചത്...
അല്ലാതെ ഈ പോസ്റ്റിനോടൊപ്പം കൊടുത്തിട്ടുള്ള പത്രവാർത്തയിൽ പരാമർശിച്ചിട്ടുള്ള ശീതസമരമല്ല..!!
അതിനുശേഷമുള്ള 7 നീണ്ട വർഷങ്ങൾ എനിക്കൊരു സമരപാതയായിരുന്നു...
ഒന്നിനുപിറകെ ഒന്നായി വരുന്ന അന്വേഷണങ്ങൾ. സമയബന്ധിതമായി നടന്ന അന്വേഷണങ്ങൾക്ക് ശേഷം 'കാണാതാവുന്ന' റിപ്പോർട്ടുകൾ...
ചില 'അന്വേഷണങ്ങൾ' കഴിയുമ്പോൾ സത്യം പകൽപോലെ വ്യക്തമായിട്ടും എല്ലാ സാക്ഷികളും നുണപറയുകയാണെന്ന 'മനഃപൂർവ്വം സൃഷ്ടിക്കുന്ന തോന്നലുകൾ' അടിസ്ഥാനമാക്കി എന്നെ കുറ്റക്കാരൻ ആണെന്ന് സ്ഥാപിക്കാനുള്ള അന്വേഷണ കമ്മീഷന്റെ വ്യഗ്രതയും ആവേശവും...
ചിലസമയങ്ങളിൽ നമ്മെ കുറ്റക്കാർ എന്നു മുദ്രകുത്താനായി ഭരണാധികാരികൾ എത്രമാത്രം അധപ്പതിക്കും എന്നെനിക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞ ഒരു കാലയളവ്...
എന്റെ ഭാര്യയ്ക്കും പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായിരുന്ന മകനും ഉണ്ടായ ദുരനുഭവങ്ങൾ വേറെ...
അന്വേഷണത്തിലെ ഓരോ പിഴവുകളും ചൂണ്ടിക്കാട്ടി, തെളിവുകൾ നിരത്തി, അതുവരെ നടന്നതും വെളിച്ചം കണ്ടതുമായ എല്ലാ റിപ്പോർട്ടുകളും പ്രഹസനങ്ങൾ ആയിരുന്നുവെന്ന് അന്നത്തെ ബഹു.ആരോഗ്യവകുപ്പ് സെക്രട്ടറിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതുമൂലമാണ് സർവീസ് നിയമങ്ങൾ അനുശാസിക്കുന്ന ചില പ്രത്യേക ചട്ടങ്ങൾ അനുസരിച്ചു അദ്ദേഹം മറ്റൊരു പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്...
ആറുമാസത്തിലേറെ സമയമെടുത്തു നടത്തിയ ആ സമഗ്രമായ അന്വേഷണത്തിന്റെ അവസാനം സത്യം എന്തെന്ന് വ്യക്തമായി സർക്കാരിന് ബോധ്യമായിട്ടുണ്ടാകണം...
അല്ലെങ്കിൽ അന്നുവരെയുള്ള സർവീസ് കാലയളവിലുടനീളം ഞാൻ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ ആയിരുന്നുവെന്നും,
മേൽപറഞ്ഞ കേസുമായി ബന്ധപ്പെട്ട് എനിക്ക് സ്വാഭാവികനീതി നിഷേധിക്കപ്പെട്ട ഒന്നിലധികം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നെ പൂർണ്ണമായും കുറ്റവിമുക്തനാക്കിയ ആ സർക്കാർ ഉത്തരവിൽ അച്ചടിച്ചുവെയ്ക്കാൻ ഒട്ടും സാധ്യതയില്ലല്ലോ..!!
സൗമ്യ കേസ് നടക്കുന്ന കാലത്തിനുശേഷം ഒരു വർഷം കൂടി കഴിഞ്ഞാണ് ഞാൻ വീണ്ടും ഷേർളി മേഡത്തിനെ കാണുന്നത്.
ഒരു വർഷത്തോളം നീണ്ട സസ്‌പെൻഷനു ശേഷം ആലപ്പുഴയിൽ നിന്നും എക്സ്റ്റെർണൽ എക്‌സാമിനർ ആയി മംഗളൂരു കസ്തുർബാ മെഡിക്കൽ കോളേജിൽ ചെന്ന സമയം...
ഷേർളി മേഡം ആയിരുന്നു കൂടെയുള്ള എക്‌സാമിനർ എന്ന് അവിടെ ചെന്നപ്പോൾ മാത്രമാണ് അറിഞ്ഞത്. സംസാരിക്കണോ വേണ്ടയോ എന്ന സന്ദേഹം മനസ്സിനെ ഒന്നു പിന്നോട്ടു വലിച്ചെങ്കിലും നേരിട്ട് ചെന്ന് സംസാരിക്കാനാണ് ഞാനന്ന് തീരുമാനിച്ചത്...
പിന്നീട് ഞങ്ങൾ കാണുന്നത് ഞാൻ തൃശൂർ സി.ജെ.എം കോടതിയിൽ ഫയൽ ചെയ്തിരുന്ന ഡിഫമേഷൻ കേസിൽ പ്രതിയായി മേഡം ഹാജരായപ്പോഴാണ്...
കോടതി കഴിഞ്ഞശേഷം ഞങ്ങൾ പരസ്പരം സംസാരിക്കുന്നതുകണ്ട് സാകൂതം നോക്കിനിന്ന പല അഭിഭാഷകരുടെയും കണ്ണുകളിൽ തിരിച്ചറിയാനാവാത്ത ഭാവങ്ങൾ ആയിരുന്നു...
അതിനുശേഷം പല ഫോറൻസിക് കോൺഫെറൻസുകളിലും കണ്ടുമുട്ടിയെങ്കിലും അവസാനമായി ഒരുമിച്ചുണ്ടായത് കഴിഞ്ഞ ജൂലൈ മാസത്തിൽ മഞ്ചേരി ഗവ.മെഡിക്കൽ കോളേജിൽ നടന്ന 'ഓട്ടോപ്സിയ'യിൽ വെച്ചായിരുന്നു...
ഗസ്റ്റ് സ്പീക്കർ ആയിരുന്ന എന്റെ സയന്റിഫിക് സെഷനിൽ ഷേർളി മാഡം ആയിരുന്നു ചെയർപേഴ്സൺ...
എന്നെയല്പം അമ്പരപ്പിച്ചുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലെ എന്റെ സേവനകാലത്തിലെ നല്ല നിമിഷങ്ങൾ പങ്കുവെച്ചും, പ്രൊഫെഷണൽ എന്ന രീതിയിൽ അഭിനന്ദിച്ചും, സൗമ്യ കേസിനുശേഷം ആദ്യമായി ഒരു പൊതുസദസ്സിൽ എന്നെപ്പറ്റി ആത്മാർത്ഥമായി സംസാരിച്ചുകൊണ്ടുമാണ് മേഡം അന്നത്തെ ആ സെഷൻ അവസാനിപ്പിച്ചത്...
നമ്മുടെ ജീവിതത്തിൽ നിന്നും അടർന്നുപോകുന്ന നിമിഷങ്ങളും ദിവസങ്ങളും ഒരു നീണ്ട കാലയളവായി രൂപാന്തരപ്പെടുമ്പോൾ അവ ആഴത്തിലുള്ള പല മുറിവുകളെയും ഒരു പരിധിവരെ ഉണക്കുവാൻ പര്യാപ്തമാകും;
പൂർണ്ണമായല്ലെങ്കിലും...
അതുകൊണ്ടുതന്നെയാണ് ഷേർളി മേഡം ഇനിയില്ല എന്നറിഞ്ഞപ്പോൾ അവിടെ പോകണമെന്നും,
ഒന്നു കാണണമെന്നും ഒരു പുനർചിന്തനം പോലുമില്ലാതെ ഞാൻ തീരുമാനിച്ചതും...
സൗമ്യ കേസിനെപ്പറ്റി ഇനിയൊന്നും പൊതുവേദിയിൽ പറയില്ലെന്ന് ഏറെക്കുറെ തീരുമാനിച്ചുറച്ചതായിരുന്നു...
പക്ഷേ, ചില മാധ്യമങ്ങളിൽ വന്ന, ഒരൽപ്പം തെറ്റിദ്ധാരണാജനകമായ ചില വാർത്തകളാണ് എന്നെ വീണ്ടും ആ ഓർമ്മകളുടെ കെട്ടഴിക്കാൻ നിർബന്ധിച്ചത്...
ഇനിയും കൂടുതൽ എഴുതാൻ തൽക്കാലം ഞാൻ ആഗ്രഹിക്കുന്നില്ല...
എന്റെ ജീവിതത്തിൽ അതെനിക്കേറെ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും,
തിരിഞ്ഞുനോക്കുമ്പോൾ ഒരു മന്ദഹാസം ഇന്നെന്റെ മുഖത്തില്ലെന്ന് എനിക്ക് സമ്മതിക്കാതിരിക്കാനാവില്ല...
കാരണം,
ആ അതിജീവനം എനിക്ക് നൽകിയ തിരിച്ചറിവുകൾ...
എനിക്ക് പകർന്നുനൽകിയ അസാമാന്യമായ ആർജ്ജവം...
വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞതുപോലെ...
'Truth is incontrovertible. Malice may attack it, ignorance may deride it, but in the end, there it is...'

ഡോ. ഉന്മേഷ് എ കെ,ഫോറൻസിക് സർജൻ






