PRAVASI

മാർത്തോമ്മാ സഭയുടെ ഭാവി: പ്രാർഥനാനിർഭരമായ ഒരു ആത്മപരിശോധന

Blog Image

ഒരു ആയുഷ്കാലം മുഴുവൻ മാർത്തോമ്മാ സഭയുടെ തണലിൽ വളർന്ന വ്യക്തി എന്ന നിലയിലാണ് ഞാൻ ഈ വാക്കുകൾ കുറിക്കുന്നത്. ആരെയും വിചാരണ ചെയ്യാനോ അധിക്ഷേപിക്കാനോ അല്ല, മറിച്ച് എന്റെ സഭയോടുള്ള ആത്മാർഥമായ സ്നേഹവും ആശങ്കയും കൊണ്ടാണ് ഇതെഴുതുന്നത്. നാം സഞ്ചരിക്കുന്ന വഴികളെക്കുറിച്ച് പ്രാർഥനാനിർഭരമായ ഒരു ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സമീപകാലത്തായി, മാർത്തോമ്മാ സഭയുടെ ആത്മീയ വളർച്ചയെക്കാളും ഇടവകാംഗങ്ങളുടെ ആത്മാർഥമായ ആത്മീയ പരിപാലനത്തെക്കാളും പ്രാധാന്യം സ്ഥാപനപരമായ വളർച്ചയ്ക്ക് ലഭിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതൽ എപ്പിസ്കോപ്പമാർ, വൻകിട കെട്ടിടങ്ങൾ, സ്ഥാനമാനങ്ങൾ, തിരഞ്ഞെടുപ്പുകൾ, ബാഹ്യമായ അംഗീകാരങ്ങൾ എന്നിവയ്ക്കാണ് നാം കൂടുതൽ മുൻഗണന നൽകുന്നത്. പുതിയ തലമുറയെ സഭയോട് ചേർത്തുനിർത്താനും സഭാംഗങ്ങളുടെ എണ്ണത്തിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാനും സാധിക്കാത്ത ഈ കാലഘട്ടത്തിൽ, നമ്മുടെ മുൻഗണനകൾ തെറ്റിപ്പോകുന്നുണ്ടോ എന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്.

നേതൃത്വതലങ്ങളിൽ പോലും സ്ഥാനമാനങ്ങൾക്കും അംഗീകാരങ്ങൾക്കും വേണ്ടിയുള്ള മത്സരബുദ്ധി വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. നമ്മുടെ വൈദികരും തിരുമേനിമാരും ക്രിസ്തുവിന്റെ ഇടയന്മാരും ദാസന്മാരും മാതൃകകളുമാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ഭവനങ്ങൾ സന്ദർശിക്കുക, ജനങ്ങളോടൊപ്പം പ്രാർഥിക്കുക, അവരുടെ പ്രയാസങ്ങൾ കേൾക്കുക, ഒറ്റപ്പെട്ടുപോയവരെ ചേർത്തുപിടിക്കുക എന്നിവയായിരിക്കണം ഇടയവേലയുടെ കാതൽ.

അതുപോലെതന്നെ; വിവാഹം, മാമോദീസ, ഭവനവാഴ്വ് , സംസ്കാരം തുടങ്ങിയ ശുശ്രൂഷകളിൽ തിരുമേനിമാരുടെയും വൈദികരുടെയും സാന്നിധ്യവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന സാമ്പത്തിക പ്രതീക്ഷകളെക്കുറിച്ചും നാം ചിന്തിക്കണം. സ്വന്തം ഇടയന്റെ സാന്നിധ്യവും പ്രാർഥനയും ആഗ്രഹിക്കുന്ന പല സാധാരണ കുടുംബങ്ങൾക്കും അധിക സാമ്പത്തിക ബാധ്യതകൾ താങ്ങാൻ കഴിഞ്ഞെന്നു വരില്ല. ക്രിസ്തുവിന്റെ ശുശ്രൂഷ ഒരിക്കലും സമ്പത്തിന്റെയോ സാമുദായിക പദവിയുടെയോ അടിസ്ഥാനത്തിലായിരുന്നില്ല. സഭയിലെ ഓരോ വ്യക്തിക്കും തുല്യമായ സ്നേഹത്തിനും ആദരവിനും ഇടയപരിപാലനത്തിനും അവകാശമുണ്ട്.

നമ്മുടെ കുട്ടികൾ നമ്മെ ഉറ്റുനോക്കുകയാണ്. പദവികൾക്കും പണത്തിനും മത്സരങ്ങൾക്കും ബാഹ്യ പ്രകടനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു സഭയാണോ, അതോ യേശുക്രിസ്തുവിലും താഴ്മയിലും കരുണയിലും ദൈവവചനത്തിലും അധിഷ്ഠിതമായ ഒരു സഭയാണോ നാം അവർക്ക് കാട്ടിക്കൊടുക്കുന്നത്? നവമാധ്യമങ്ങളുടെ ഉപയോഗത്തിനോ സ്ഥാപനപരമായ വികസനത്തിനോ ഞാൻ എതിരല്ല. എന്നാൽ വിശുദ്ധമായ നേതൃത്വം വഹിക്കുന്നവർ ക്രിസ്തുവിനെ പ്രഗത്ഭമായും താഴ്മയോടെയും പ്രതിനിധീകരിക്കാൻ കടപ്പെട്ടവരാണ്.

മാർത്തോമ്മാ സഭയെ നെഞ്ചോട് ചേർക്കുന്നതുകൊണ്ടു മാത്രമാണ് ഈ ആശങ്ക പങ്കുവെക്കുന്നത്. മാറ്റത്തിനു വേണ്ടിയുള്ള ഒരു ചിന്തയ്ക്ക് തുടക്കമിടാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.

നമ്മുടെ മാർത്തോമ്മാ സഭ അതിന്റെ യഥാർഥ വിളവിളിയിലേക്ക് വീണ്ടും മടങ്ങിയെത്തേണ്ടതുണ്ട്—യേശുക്രിസ്തുവിനെ ഉയർത്തിപ്പിടിക്കാനും, ദൈവവചനം വിശ്വസ്തതയോടെ പഠിപ്പിക്കാനും, പക്ഷപാതമില്ലാതെ ഓരോ സഭാംഗത്തെയും കരുതാനും, താഴ്മയോടെ ദൈവജനത്തെ ശുശ്രൂഷിക്കാനും സഭ മുന്നോട്ടുവരണം.

ഈ അവസരത്തിൽ നാമെല്ലാവരും പ്രാർഥനയോടെ ഒരു ചോദ്യം സ്വയം ചോദിക്കേണ്ടതുണ്ട്:

അടുത്ത തലമുറയ്ക്കായി ഏതുതരം സഭയെയാണ് നാം കെട്ടിപ്പടുക്കുന്നത്?

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.