PRAVASI

അഭിരാം വധം മുൻകൂട്ടി പ്ലാൻ ചെയ്ത കൊടുംക്രൂരത; കഴുത്തുഞെരിച്ചത് ബെൽറ്റും കൈകളും ഉപയോഗിച്ച്

Blog Image

തിരുവനന്തപുരം പാങ്ങപ്പാറയിൽ 17-കാരനായ അഭിരാമിനെ മറ്റൊരു 17-കാരൻ കൊലപ്പെടുത്തിയ സംഭവം ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ. പോലീസ് പിടികൂടിയാൽ പ്രായപൂർത്തിയാകാത്തയാൾ മാത്രം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുറ്റസമ്മതം നടത്തണമെന്നുവരെ പ്രതികൾ നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് കമ്മീഷണർ പറഞ്ഞു. കേസിൽ നിലവിൽ മൂന്ന് പ്രതികളാണുള്ളത്. ഒന്നാംപ്രതിയും രണ്ടാംപ്രതിയും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യം മിസ്സിങ് കേസായാണ് അന്വേഷണം ആരംഭിച്ചത്. ശ്രീകാര്യം സി.ഐയുടെ നേതൃത്വത്തിൽ 16 അംഗ പ്രത്യേക അന്വേഷണസംഘത്തെയാണ് നിയോഗിച്ചത്. അഭിരാമിന്റെ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങളാണ് കൂടുതൽ പ്രതികളിലേക്ക് അന്വേഷണം എത്തിച്ചത്. അവസാന ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് ബന്ധുക്കൾക്കൊപ്പം പോലീസും പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഒന്നാംപ്രതിയായ 17-കാരനെ പുലർച്ചെ സ്റ്റേഷനിലെത്തിച്ചെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ സ്റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചില്ല. മൃതദേഹം ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച് കുറ്റസമ്മതം നടത്തിയത് ഒന്നാംപ്രതിയാണെന്നും കമ്മീഷണർ വ്യക്തമാക്കി.

പ്രതികളിലൊരാൾ കൈകൊണ്ടും മറ്റൊരാൾ ബെൽറ്റുകൊണ്ടും അഭിരാമിന്റെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കേസിലെ രണ്ടാംപ്രതിയായ ഉമർ, നേരത്തെ 17-കാരൻ പ്രതിയായ മറ്റൊരു കേസിലെ ഒന്നാംപ്രതിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമറിനെ കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ വാഹനത്തിൽവെച്ചാണ് ഉമർ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയതെന്നും കമ്മീഷണർ പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് മൂന്നാംപ്രതിക്കും കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ചില വിവരങ്ങൾ ബന്ധുക്കളിൽനിന്ന് മറച്ചുവെക്കേണ്ടിവരുന്നത് കേസിൽ ശിക്ഷ ഉറപ്പാക്കുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമാണെന്നും കമ്മീഷണർ വിശദീകരിച്ചു.

കൗമാരക്കാർക്കിടയിലെ പ്രണയത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികൾ മുമ്പും സമാനമായ കൊലപാതകശ്രമങ്ങൾ നടത്തിയിട്ടുണ്ടോയെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. കേസിലെ തെളിവുകൾ ശക്തമാണെന്നും പ്രായപൂർത്തിയാകാത്തയാളാണെന്ന കാരണത്താൽ ഒന്നാംപ്രതിക്ക് നിയമനടപടികളിൽനിന്ന് രക്ഷപ്പെടാനാകില്ലെന്നും തിരുവനന്തപുരം ഡി.സി.പി. ഷഹൻ ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കെ അന്വേഷണം തുടരുകയാണ്.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.