PRAVASI

സാന്ത്വനത്തിന്‍റെ മൃദുസ്പര്‍ശങ്ങള്‍

Blog Image

സ്നേഹഭവനത്തിന്‍റെ മതില്‍ക്കെട്ടിനകത്തുള്ള ചെറിയ പൂന്തോട്ടത്തിലെ സിമന്‍റ്ബഞ്ചിലിരുന്ന് പത്രം വായിച്ച് മയങ്ങിപ്പോയ ചുമ്മാരുകുട്ടി തോളിലെ മൃദുവായ കരസ്പര്‍ശത്താല്‍ ഉണര്‍ന്നു. 
"ചുമ്മാരുകുട്ടി ഉറങ്ങിപ്പോയോ?" ഞെട്ടിയുണര്‍ന്ന ചുമ്മാരുകുട്ടി കാണുന്നത് തന്‍റെ പിറകില്‍ ചുമലില്‍ പിടിച്ചുകൊണ്ട് പുഞ്ചിരിച്ചുനില്ക്കുന്ന ശോശാമ്മ ടീച്ചറെയാണ്. ആ മൃദുസ്പര്‍ശത്താല്‍ തന്‍റെ ശരീരമാകെ നിറയുന്ന ഒരു പ്രകമ്പനത്തിന്‍റെ മിന്നല്‍പ്പിണറുകള്‍ തന്നെ ആവേശം കൊള്ളിക്കുന്നതായി ചുമ്മാരുകുട്ടിക്ക് അനുഭവപ്പെട്ടു. വെറുതെ ചിരിച്ചതല്ലാതെ അദ്ദേഹം ഒന്നും പറഞ്ഞതില്ല. മുട്ടിയുരുമ്മി ഇരുന്നുകൊണ്ട് ശോശാമ്മ ടീച്ചര്‍ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ചുമ്മാരുകുട്ടി കരുതലിന്‍റെയും സ്നേഹത്തിന്‍റെയും പുതുലോകങ്ങളിലേക്ക് പ്രവേശിക്കുന്നതുപോലെ തോന്നി. സ്നേഹഭവനിലെ മൂന്നുമാസത്തെ താമസംകൊണ്ട് തനിക്ക് ലഭിച്ച കൂട്ടുകാരിയാണ് വിധവയായ ശോശാമ്മ ടീച്ചര്‍. മക്കള്‍ വിദേശത്തായതിനാല്‍ വാര്‍ധക്യത്തിന്‍റെ ജരാനരകള്‍ ബാധിച്ചിട്ടില്ലെങ്കിലും സുരക്ഷിതത്വം നോക്കിയാണ് ശോശാമ്മ ടീച്ചര്‍ സ്നേഹഭവനിലെത്തിയത്.
മെച്ചപ്പെട്ട നിലവാരമുള്ള സ്നേഹഭവനത്തില്‍ അര്‍പ്പണബോധമുള്ള മിടുക്കികളായ സിസ്റ്റേഴ്സിന്‍റെ കരുതലുള്ള ശുശ്രൂഷ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു മേന്മയാണ്. 20 ലക്ഷം രൂപ ഡിപ്പോസിറ്റ് നല്‍കി പ്രതിമാസം 20000 രൂപ ഫീസും നല്‍കിയാണ് അന്തേവാസികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. രാവിലെ കുര്‍ബാന, വായിക്കാന്‍ പത്രമാസികകള്‍, വിവിധ ചാനലുകള്‍ ലഭ്യമായ ടി.വി., ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും പരിചരണം, വൈവിധ്യവും നിലവാരവുമുള്ള നല്ല ഭക്ഷണം, സായാഹ്ന സഞ്ചാരങ്ങള്‍, അത്താഴത്തിനുശേഷം ചെറുപ്പക്കാരികളായ സിസ്റ്റേഴ്സ് പ്രസരിപ്പോടെ നേതൃത്വം കൊടുക്കുന്ന ഉല്ലാസവേളകള്‍...ഇതൊക്കെ ജീവിതത്തെ സ്നേഹിക്കാന്‍ അവിടെ താമസിക്കുന്നവര്‍ക്ക് പ്രചോദനമായി.
ചുമ്മാരുകുട്ടി അല്പം സാഹസികമായിത്തന്നെയാണ് സ്നേഹഭവനില്‍ എത്തിച്ചേര്‍ന്നത്. ഭാര്യ റിട്ടയേര്‍ഡ് ഹെഡ്കോണ്‍സ്റ്റബിള്‍ സാറാമ്മയ്ക്ക് അതത്ര പിടിച്ചിട്ടില്ല. മൂന്നേക്കറോളം വരുന്ന പുരയിടവും ഭേദപ്പെട്ട വീടുമെല്ലാം ഉപേക്ഷിച്ചുപോകുവാന്‍ സാറാമ്മയ്ക്ക് ചിന്തിക്കുവാന്‍പോലും കഴിഞ്ഞിരുന്നില്ല. രാവിലെയും വൈകുന്നേരവും പറമ്പിലൂടെ നടക്കുക; പ്ലാവിലെ ചക്കകളുടെ എണ്ണമെടുക്കുക; പറമ്പില്‍ വീഴുന്ന നാളികേരങ്ങള്‍ പെറുക്കിയെടുക്കുക; പച്ചക്കറികളുടെ വിളവെടുക്കുക; പപ്പായയും പേരയ്ക്കയും പറിച്ച് കഴിക്കുക ഇതൊക്കെ ശീലമാക്കിയ സാറാമ്മപ്പോലീസിന് വീട് വിട്ടുപോകുവാന്‍ കഴിയുമായിരുന്നില്ല. വല്ലപ്പോഴും സ്നേഹഭവനില്‍ പോയി ചുമ്മാരുകുട്ടിയെ കണ്ട് വിശേഷങ്ങള്‍ പറഞ്ഞ് തിരിച്ചു പോരും. ചാമ്പയ്ക്ക, പേരയ്ക്ക, സ്റ്റാര്‍ഫ്രൂട്ട് ഇതിന്‍റെയൊക്കെ ഓരോ പൊതിയും സിസ്റ്റര്‍മാരെ ഏല്പിക്കും. എല്ലാ മാസവും പോയി പെന്‍ഷന്‍ മേടിക്കുക; എല്ലാ മരിച്ചടക്കുകള്‍ക്കും പോകുക; വാട്ട്സാപ്പിലെ സന്ദേശങ്ങളൊക്കെ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുക; മക്കളെ വിളിച്ച് ആവശ്യമില്ലാതെ ഉപദേശങ്ങള്‍ കൊടുക്കുക ഇങ്ങനെ തന്‍റെ ദിനചര്യകളില്‍ വ്യാപൃതയായി സാറാമ്മപ്പോലീസ് ഒറ്റയ്ക്ക് തന്‍റേടത്തോടെ ജീവിതത്തെ നേരിട്ടുകൊണ്ടിരുന്നു.
നാലു പെങ്ങന്മാര് കഴിഞ്ഞുണ്ടായ ഒരാണ്‍തരിയായിരുന്നു ചുമ്മാരുകുട്ടി. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അപ്പച്ചന്‍ മരിച്ചു. ആ മരിച്ചടക്കിന്‍റെ മങ്ങിയ ഒരു ഓര്‍മ്മ ചുമ്മാരുകുട്ടിയുടെ മനസ്സില്‍ ഇപ്പോഴും ഒരു വിങ്ങലായി, വിതുമ്പലായി നിലനില്ക്കുന്നു. നാലു ചേച്ചിമാരുടെ ഓമനയായി ചുമ്മാരുകുട്ടി വളര്‍ന്നുവന്നു. ആ ആണ്‍തരിയെ അല്ലലറിയിക്കാതെ മാറോട് ചേര്‍ത്ത് അമ്മ വളര്‍ത്തി. പശുവിന്‍റെ പാലുവിറ്റും പാടത്തും പറമ്പിലും കൃഷി ഇറക്കിയും അമ്മ വീട്ടുകാര്യങ്ങള്‍ നോക്കി നടത്തി. ചുമ്മാരുകുട്ടിയുടെ വല്യപ്പന്‍റെയും തന്‍റെ ആങ്ങളമാരുടെയും സഹായത്തോടെ നാലു പെണ്‍മക്കളെയും ആ അമ്മ കെട്ടിച്ചയച്ചു. അടുത്തുള്ള സ്കൂളുകളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചുമ്മാരുകുട്ടി വെളുത്തു ചുവന്ന് സുന്ദരനായ ഒരു യുവാവായി വളര്‍ന്നുവന്നു. ആലപ്പുഴയിലെ ഒരു കയര്‍ ഫാക്ടറിയില്‍ കുടുംബത്തിലെ ഒരപ്പാപ്പന്‍റെ സഹായത്തോടെ സൂപ്പര്‍വൈസറായി ജോലിയില്‍ കയറിയെങ്കിലും അധികം താമസിയാതെ ചുമ്മാരുകുട്ടി പിരിച്ചുവിടപ്പെട്ടു. തൊഴില്‍രഹിതനായി വീട്ടില്‍ നില്ക്കുമ്പോഴാണ് പി.എസ്.സി. പരീക്ഷ എഴുതി നില്ക്കുന്ന സാറാമ്മയുമായുള്ള കല്യാണം നടക്കുന്നത്. ആദ്യത്തെ മകള്‍ ജനിച്ചുകഴിഞ്ഞപ്പോള്‍ സാറാമ്മയ്ക്ക് കേരളാ പോലീസില്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ജോലി ലഭിച്ചു. പല പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നതിനിടയ്ക്കാണ് സാറാമ്മ രണ്ട് പെണ്‍മക്കള്‍ക്കുകൂടി ജന്മം നല്‍കിയത്. വല്യമ്മയും ചുമ്മാരുകുട്ടിയും കൂടി മക്കളെ വളര്‍ത്തുന്നതില്‍ വ്യാപൃതരായപ്പോള്‍ സാറാമ്മ പോലീസ് സ്റ്റേഷനുകള്‍ മാറി മാറി ഭരിച്ച് തന്‍റെ കഴിവുകള്‍ തെളിയിച്ചുകൊണ്ടിരുന്നു.
മക്കള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ചുമ്മാരുകുട്ടി വെറുതെ ഇരിക്കുന്നത് നല്ലതല്ലെന്നും എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങണമെന്നും സാറാമ്മപ്പോലീസ് തന്നെയാണ് ഉപദേശിച്ചത്. അങ്ങനെ മെയിന്‍ റോഡിനോട് ചേര്‍ന്നുകിടന്ന സ്വന്തം സ്ഥലത്ത് ലോണെടുത്ത് രണ്ട് കടമുറികള്‍ പണിയിച്ചു. പലചരക്കു കച്ചവടമാണ് ആദ്യം ആരംഭിച്ചത്. പുരാതന കുടുംബമായ ചക്കരപ്പറമ്പുവീട്ടിലെ ചുമ്മാരുകുട്ടിയുടെ കടയില്‍നിന്നും അവരുടെ പഴയ പണിക്കാരായ പലരും അരിയും പലവ്യഞ്ജനങ്ങളും വാങ്ങിക്കൊണ്ട് പോയതല്ലാതെ പണം ഒന്നും കൊടുത്തില്ല. "ചുമ്മാരുകുട്ടി കോയിലേ, കാശ് നാളെത്തരാം" അവര്‍ എന്നും അങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. സൗമ്യനും ശാന്തനും മാന്യനുമായ ചുമ്മാരുകുട്ടിക്ക് ചോദിച്ചു മേടിക്കാനുള്ള ശക്തിയും ഉണ്ടായിരുന്നില്ല. 'ഇന്ന് രൊക്കം, നാളെ കടം' എന്ന് വലിയ അക്ഷരത്തില്‍ സാറാമ്മപ്പോലീസ് ബോര്‍ഡ് എഴുതിവെച്ചെങ്കിലും ആരും അതത്ര ഗൗനിച്ചില്ല. ചന്തക്കുപോകാന്‍ കാശില്ലാതായപ്പോള്‍ കച്ചവടം ശോഷിച്ചുവന്നു.
"ഇനി പലചരക്കു വേണ്ട, സ്റ്റേഷനറി മതി" സാറാമ്മപ്പോലീസ് തീരുമാനം പ്രഖ്യാപിച്ചു. എസ്.ടി.ഡി. ബൂത്ത്, കൂള്‍ബാര്‍, സോഡാ നാരങ്ങാവെള്ളം എന്നിങ്ങനെ പുതിയ രീതിയിലേക്ക് മാറ്റിപ്പിടിച്ചപ്പോള്‍ കച്ചവടം പുരോഗമിച്ചു. അങ്ങനെ 'ചക്കരപ്പറമ്പില്‍ സ്റ്റോഴ്സ്' എന്ന സ്ഥാപനം വര്‍ഷങ്ങളോളം ചുമ്മാരുകുട്ടി നടത്തിക്കൊണ്ടുപോയി. വീട്ടിലെ റബ്ബര്‍വെട്ടുന്നതിന്‍റെ പണം, തേങ്ങാ വിറ്റുകിട്ടുന്നതിന്‍റെ കാശ്, മറ്റു കൃഷിയില്‍നിന്നുള്ള വരുമാനം, സാറാമ്മപ്പോലീസിന്‍റെ ശമ്പളം ഇവയെല്ലാമുപയോഗിച്ച് ആ കുടുംബം ഒരു തരത്തില്‍ മുന്നോട്ടുപോയി. നേഴ്സിംഗ് പാസായ സുന്ദരികളായ മൂന്നു പെണ്‍മക്കളും വിവാഹിതരായി കുടുംബസമേതം യു.കെ.യിലേക്ക് കുടിയേറി.
ഹെഡ്കോണ്‍സ്റ്റബിളായി റിട്ടയര്‍ ചെയ്ത സാറാമ്മപ്പോലീസ് ഗൃഹഭരണം ഏറ്റെടുത്തതോടുകൂടിയാണ് ചുമ്മാരുകുട്ടിയുടെ സ്വസ്ഥത പോയത്. മൂന്നു നാലു തവണ ബേബി സിറ്റിംഗിനായി യു.കെ.യിലേക്ക് പോകേണ്ടി വന്നപ്പോള്‍ കട വാടകയ്ക്ക് കൊടുത്ത് ചുമ്മാരുകുട്ടി കച്ചവടം നിര്‍ത്തി. നാലഞ്ചുകൊല്ലം കഴിഞ്ഞപ്പോള്‍ വാടകയുമില്ല, കച്ചവടവുമില്ല എന്ന മട്ടായി. വാടകക്കാരനെ ഒഴിപ്പിക്കാന്‍ സാറാമ്മപ്പോലീസിന്‍റെ ഭീഷണി ഫലിക്കാതെ വന്നപ്പോള്‍ ഉഗ്രരൂപിണിയായി ആ പോലീസുകാരി തന്‍റെ തനിനിറം പുറത്തെടുത്തു. ചുമ്മാരുകുട്ടിയേയും കൂട്ടി കടയിലെ സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞ് അവര്‍ കട താഴിട്ടു പൂട്ടി. പിന്നെ വഴക്കായി, കേസായി. ചുമ്മാരുകുട്ടി ഒരു രാത്രി ലോക്കപ്പില്‍ കിടന്നു. തൊപ്പിപോയ പോലീസായതുകൊണ്ട് സാറാമ്മപ്പോലീസിന്‍റെ സ്വാധീനം പണ്ടേപോലെ ഫലിച്ചില്ല. 50000 രൂപയോളം നഷ്ടപരിഹാരം കൊടുത്ത് കേസ് അവസാനിപ്പിക്കേണ്ടിവന്നു. മെയിന്‍ റോഡിന്‍റെ സൈഡിലായിരുന്നതുകൊണ്ട് ആ കടയും സ്ഥലവും നല്ല വിലയ്ക്ക് വില്ക്കുവാന്‍ കഴിഞ്ഞു. വിറ്റുകിട്ടിയ പകുതി പണം സാറാമ്മപ്പോലീസ് തന്‍റെ പേരില്‍ത്തന്നെ ഫിക്സഡ് ഡപ്പോസിറ്റായി സഹകരണബാങ്കില്‍ നിക്ഷേപിച്ചു. 
വീട്ടിലെ പോലീസ് ഭരണവും ഭക്ഷണകാര്യങ്ങളിലെ അസംതൃപ്തിയും കൂടൊന്നു മാറ്റിപ്പിടിക്കുവാനുള്ള ആലോചന ചുമ്മാരുകുട്ടിയെ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. എണ്‍പതോടടുക്കുന്ന ചുമ്മാരുകുട്ടി സ്വസ്ഥമായ ഒരു വിശ്രമജീവിതമാണ് ആഗ്രഹിച്ചത്. എന്നാല്‍ പച്ചക്കറിക്ക് തടമെടുക്കുക, വെള്ളമൊഴിക്കുക, റേഷന്‍കടയില്‍ പോയി കോഴിക്ക് കൊടുക്കുവാനുള്ള അരി വാങ്ങിക്കുക, ഇറച്ചിക്കടയില്‍ പോയി പട്ടിക്ക് കൊടുക്കുവാനുള്ള ഇറച്ചി വാങ്ങുക, എല്ലാ മരിച്ചടക്കുകള്‍ക്കും പോയി ചടങ്ങു കഴിഞ്ഞാലും പള്ളിമുറ്റത്തുനിന്ന് നാട്ടുകാരോട് മുഴുവന്‍ പരദൂഷണം പറയുക എന്നീ കാര്യങ്ങള്‍ക്ക് തന്നേയും നിര്‍ബന്ധിക്കുന്ന സാറാമ്മപ്പോലീസിന്‍റെ ദുശ്ശീലങ്ങള്‍ ചുമ്മാരുകുട്ടിക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു.
ചുമ്മാരുകുട്ടി ഏറ്റവും വെറുത്തിരുന്നത് സാറാമ്മപ്പോലീസിന്‍റെ പ്രകൃതി ഭക്ഷണത്തെയാണ്. കുമ്പളങ്ങ ജ്യൂസ്, ഒരു തേങ്ങാപ്പൂള്, അഞ്ച് ബദാം പരിപ്പ്, അഞ്ച് കശുവണ്ടിപ്പരിപ്പ്, ഒരു ഏത്തപ്പഴം ഇത്രയുമാണ് സാറാമ്മപ്പോലീസ് പ്രഭാത ഭക്ഷണമായി കഴിക്കുകയും ചുമ്മാരുകുട്ടിക്ക് നല്കുകയും ചെയ്തിരുന്നത്. ആഴ്ചകളോളം ഫ്രിഡ്ജില്‍ വച്ച ചക്കയുടെ പല വിഭവങ്ങളും പച്ചക്കറി കൂട്ടുകളും മില്ലറ്റു കഞ്ഞിയുമായിരുന്നു മറ്റു ഭക്ഷണങ്ങള്‍. കണ്ണീരും കൈയ്യുമായി ചുമ്മാരുകുട്ടി അടുത്തുള്ള ചായക്കടകളില്‍ പോയി ഒളിച്ചു ഭക്ഷണം കഴിച്ചിരുന്നത് കണ്ടുപിടിക്കപ്പെട്ടു. 500 വര്‍ഷത്തിന്‍റെ പാരമ്പര്യമുള്ള പുരാതനമായ ചക്കരപ്പറമ്പ് കുടുംബത്തിലെ അംഗമായ ചുമ്മാരുകുട്ടി നിലവാരമില്ലാത്ത നാടന്‍ ചായക്കടയില്‍ പോയി ഭക്ഷണം കഴിക്കുന്നത് തങ്ങള്‍ക്ക് നാണക്കേടാണെന്ന് കുടുംബയോഗങ്ങളില്‍ പല കുടുംബാംഗങ്ങളും പരാതിപ്പെട്ടു. യു.കെ.യില്‍ പോയി മക്കളോടൊപ്പം മൂന്നു നാലു തവണ താമസിച്ചെങ്കിലും കെട്ടിച്ചുവിട്ട പെണ്‍മക്കളുടെ വീട്ടില്‍ അധികകാലം താമസിക്കുന്നത് അഭിമാനകരമല്ലെന്ന് തിരിച്ചറിഞ്ഞ ചുമ്മാരുകുട്ടി പിന്നെ യു.കെ.യ്ക്ക് പോയതുമില്ല. അവസാനം മക്കള്‍ തന്നെയാണ് അപ്പച്ചന് സ്വസ്ഥതയും സമാധാനവും നല്ല ഭക്ഷണവും കിട്ടുന്നതിന് സ്നേഹഭവനിലേക്ക് താമസം മാറ്റുവാന്‍ തീരുമാനമെടുത്തത്. പ്രതിമാസമുള്ള 20000 രൂപ തങ്ങള്‍ കൊടുത്തുകൊള്ളാമെന്ന് അവര്‍ ധാരണയിലെത്തുകയും ചെയ്തു. അങ്ങനെ മക്കളുടെയും സാറാമ്മയുടെയും സമ്മതത്തോടെയാണ് ചുമ്മാരുകുട്ടി സ്നേഹഭവനത്തില്‍ താമസിക്കുന്നത്.
ശോശാമ്മ ടീച്ചറിന്‍റെ സാമീപ്യം ചുമ്മാരുകുട്ടിക്ക് ഏറെ ആശ്വാസവും സന്തോഷവും നല്കുന്നു. ശാന്തശീലയും കുലീനയുമായ ശോശാമ്മ ടീച്ചര്‍ പൂന്തോട്ടത്തിലെ സിമന്‍റ് ബഞ്ചില്‍ അടുത്തിരുന്ന് സംസാരിക്കുമ്പോള്‍ വലിയ സ്വസ്ഥതയും സമാധാനവുമാണ് ചുമ്മാരുകുട്ടി അനുഭവിക്കുന്നത്. ശോശാമ്മ ടീച്ചറും ചുമ്മാരുകുട്ടിയും ഓരോ പ്രഭാതത്തിലും ഉണരുന്നതുതന്നെ പരസ്പരം കാണാനും സംസാരിക്കാനും മൃദുവായ കരസ്പര്‍ശത്തോടെ ചേര്‍ന്നിരിക്കാനുമുള്ള പ്രതീക്ഷയോടെയാണ്. അവരുടെ ജീവിതത്തില്‍ സൗഹൃദ ദീപ്തികള്‍ പ്രകാശിക്കുന്ന പുതിയ പ്രഭാതങ്ങള്‍ പൊട്ടിവിരിയുകയായി...

പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.