2018 ലെ ഒരു രാത്രിയിൽ എറണാകുളം പറവൂർ നിയോജക മണ്ഡലത്തിലെ ശ്രീജിത്തിനെ വരാപ്പുഴ പോലീസ് ആള് മാറി അറസ്റ്റ് ചെയ്ത് കൊണ്ട് പോയി. തുടർന്ന് അവൻ്റെ അമ്മ പോലീസ് സ്റ്റേഷനിൽ പോയി പോലീസുകാരോട് പറഞ്ഞു അവൻ ഒരു തെറ്റും ചെയ്തിട്ടില്ല, നിങ്ങൾക്ക് ആളു മാറിയതാണ്, ഇതാണ് അവൻ്റെ ആധാർ കാർഡെന്ന് പറഞ്ഞ് ശ്രീജിത്തിന്റെ ആധാർ കാർഡ് അവർക്ക് നീട്ടി. അവർ അത് വാങ്ങി നോക്കിയില്ല.വരാപ്പുഴ പോലീസ് സ്റ്റേഷന്റെ ഇടിമുറിയിൽ ഇട്ട് അന്ന് രാത്രി തന്നെ അവർ ശ്രീജിത്തിനെ
അതിക്രൂരമായി മർദ്ദിച്ച് കൊന്നു.ശ്രീജിത്തിന്റെ കൊലപാതകത്തിൽ നാനാഭാഗത്തുനിന്നുള്ള പ്രതിഷേധം ശക്തമായപ്പോൾ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ക്രൈം ബ്രാഞ്ച് അന്വേഷിച്ചു.
അന്വേഷണത്തിൽ ആലുവ റൂറൽ എസ്പി എ.വി.ജോർജ് ഉൾപ്പെടെ ഒമ്പത് പോലീസ് ഉദ്യോഗസ്ഥർ കുറ്റവാളികൾ ആണെന്ന് കണ്ടെത്തി. ഈ ഒമ്പത് പേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു. അവരെ ഡ്യൂട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
വരാപ്പുഴ സിപിഎം ലോക്കൽ കമ്മിറ്റിക്ക് ഇതിൽ പങ്കെണ്ടെന്നും, അവരുടെ ഗൂഢാലോചന പ്രകാരമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് കൊണ്ട് പോയി കൊന്നതെന്നും ആരോപിച്ച്, അന്ന് വരാപ്പുഴയിലെ കോൺഗ്രസുകാരും ബിജെപിക്കാരും പ്രതിഷേധങ്ങൾ നടത്തിയിരുന്നു.ഇതിനിടയിൽ ശ്രീജിത്തിന്റെ വിധവക്ക് സർക്കാർ ജോലി കൊടുത്തു.
കസ്റ്റഡി കൊലപാതകത്തിൽ പോലീസുകാർ പ്രതികളായാൽ ആ കേസിന്റെ വിധി വന്ന് അവരെ വെറുതെ വിട്ടാൽ മാത്രമാണ് അവർക്ക് തിരിച്ച് ഡ്യൂട്ടിയിൽ പ്രവേശിക്കാൻ കഴിയുക. അതാണ് നിയമം.
ഇവിടെ ശ്രീജിത്തിന്റെ കൊലയാളികളായ പോലീസുകാരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പേ സർവീസിൽ തിരിച്ചെടുത്തു. ശ്രീജിത്ത് കൊല്ലപ്പെട്ട് ആറുവർഷം കഴിഞ്ഞിട്ടും കേസിന്റെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല.
ഇതിനിടെ കേസിലെ പ്രധാന പ്രതിയായ A.V.ജോർജിനെ സർക്കാർ പ്രമോഷൻ കൊടുത്തത് കണ്ണൂർ ഐജി ആക്കി. ഐജി പദവിയിൽ ഇരുന്നുകൊണ്ടാണ് അയാൾ റിട്ടയർ ആയത്. കസ്റ്റഡി കൊലപാതക കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് ആ കേസിന്റെ വിധി പറയുന്നതിന് മുമ്പേ പ്രമോഷൻ കൊടുത്ത ചരിത്രം കേരള പോലീസിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. എന്നിട്ടും വരാപ്പുഴ പഞ്ചായത്ത് ഉൾപ്പെട്ട പറവൂർ നിയോജക മണ്ഡലത്തിൻ്റെ എംഎൽഎ, ഇപ്പോഴത്തെ കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇതുവരെ ഇതിനെതിരെ സംസാരിച്ച് കേരളം കേട്ടിട്ടില്ല. കേരളത്തിലെ ജനങ്ങൾക്ക് എന്തിനാണ് ഇങ്ങനെ ഒരു പ്രതിപക്ഷ നേതാവിന്റെ ആവശ്യം ?.ഇയാളുടെ പ്രവർത്തനത്തെ കോൺഗ്രസ്സ് പാർട്ടി വിലയിരുത്തുന്നില്ലേ ?
പ്രതിപക്ഷ നേതാവിന് അക്കൗണ്ടബിലിറ്റി ഇല്ലേ ? .ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിൻ്റെ
പിറകിലെ ഗൂഢാലോചനയും, കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പേ പ്രതികളെ സർവീസിൽ തിരിച്ചെടുത്തതിനും
ആറുവർഷം കഴിഞ്ഞിട്ടും ശ്രീജിത്തിന്റെ കൊലക്കേസിൻ്റെ വിചാരണ ആരംഭിക്കാത്തതിനും എതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള ശേഷിയോ അറിവോ പെയിൻ്റ് പണിക്കാരനായിരുന്ന ശ്രീജിത്തിന്റെ കുടുംബത്തിനില്ല.
ഇവർക്ക് വേണ്ടി മുമ്പിൽ നിൽക്കേണ്ട അവരുടെ എംഎൽഎ വി.ഡി.സതീശൻ ഇക്കാര്യത്തിൽ വായ തുറന്നില്ല.
മുഖ്യമന്ത്രി സിപിഎമ്മിനെ കൈപ്പിടിയിൽ ഒതുക്കി വെച്ചിരിക്കുന്നത് പോലെ പ്രതിപക്ഷ നേതാവ് കോൺഗ്രസ് പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കി വെച്ചിരിക്കുന്നു.ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസിൽ സതീശൻ ശരിയായ രീതിയിൽ ഇടപെട്ടിരുന്നെങ്കിൽ, കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവ് സജിത്തിനെ മർദ്ദിച്ചവരെ സർക്കാർ സംരക്ഷിക്കില്ലായിരുന്നു.

എസ്.ഡി.രാമത്

