ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് പ്രസാദവും അരവണയും സ്പീഡ് പോസ്റ്റ് വഴി രാജ്യത്തെവിടെയും എത്തിക്കുന്നതിനായി ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി സന്നിധാനത്ത് ദേവസ്വത്തിന്റെ അപ്പം, അരവണ കൗണ്ടറുകൾക്ക് സമീപത്തായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടർ സജ്ജമാകും. ഭക്തർ ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുമ്പോഴേക്കും പ്രസാദം സുരക്ഷിതമായി പാക്ക് ചെയ്ത് വീടുകളിൽ എത്തിക്കുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
സന്നിധാനത്തെ പ്രത്യേക കൗണ്ടറിന് പുറമെ, രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും ‘സ്വാമി പ്രസാദം’ സ്പീഡ് പോസ്റ്റ് പാഴ്സലായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഭക്തർക്കായി ലഭ്യമാക്കിയിട്ടുണ്ട്. തീർത്ഥാടന കാലത്തെ തിരക്ക് ഒഴിവാക്കി ആവശ്യാനുസരണം പ്രസാദം വീടുകളിലെത്തിക്കാൻ ഇത് വലിയ സഹായമാകും. മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറക്കുന്നതിനൊപ്പം അടുത്ത ആഴ്ച തന്നെ ഈ പ്രത്യേക പാഴ്സൽ ബുക്കിംഗ് കേന്ദ്രവും പ്രവർത്തനമാരംഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാഭ് സിംഗും അറിയിച്ചു.

