PRAVASI

‘കംപ്ലീറ്റ് നശിച്ചുപോയി’..! പി.സി. ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിൽ വെള്ളം കയറി, നാശനഷ്ടം 40 ലക്ഷം രൂപ

Blog Image

കോട്ടയം പൂഞ്ഞാറിൽ പെയ്ത കനത്ത മഴയിൽ ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.സി. ജോർജിന്റെ വീട്ടിൽ വെള്ളം കയറി വൻ നാശനഷ്ടം. 40 വർഷമായി ഇവിടെ താമസിക്കുന്ന താൻ ഇതുപോലൊരു അവസ്ഥ മുമ്പ് കണ്ടിട്ടില്ലെന്ന് പി.സി. ജോർജ് വ്യക്തമാക്കി. വീടിനകത്തും ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലുമായി ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. മേഖലയിൽ 213 മി.മീ വരെ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.

ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് വീടിനകത്തേക്ക് വെള്ളം കയറിയത്. തൊട്ടടുത്തുള്ള ബാങ്ക് ഉദ്യോഗസ്ഥൻ വീട്ടിലെത്തി വാതിലിൽ മുട്ടിയപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് പി.സി. ജോർജും ഭാര്യ ഉഷയും ഇളയ മകൻ ഷെയ്നും ചേർന്ന് ഉടൻതന്നെ വീടിന്റെ മുകളിലത്തെ നിലയിലേക്ക് മാറി. മൂന്നരയടിയിലധികം വെള്ളമാണ് വീടിനകത്തേക്ക് കയറിയത്. ഫ്രിഡ്ജ്, ടിവി, പാത്രങ്ങൾ തുടങ്ങി വീട്ടിലെ പല ഉപകരണങ്ങളും പൂർണ്ണമായി നശിച്ചു. കൂടാതെ വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് ഇന്നോവ കാറുകളിലും വെള്ളം കയറി.

വീടിന് പുറമെ പൂഞ്ഞാറിൽ ഭാര്യ ഉഷ നടത്തിവരുന്ന സ്ഥാപനത്തിലും വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായി. വിലകൂടിയ സാരികൾ ഉൾപ്പെടെയുള്ളവ വെള്ളം കയറി പൂർണ്ണമായും നശിച്ചുപോയെന്നും, കടയിൽ മാത്രം ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് നിഗമനമെന്നും പി.സി. ജോർജ് പറഞ്ഞു. വീട്ടിൽ ഉണ്ടായ നഷ്ടം കൂടി കണക്കാക്കുമ്പോൾ ആകെ നാശനഷ്ടം 40 ലക്ഷം രൂപയോളം വരും.

കനത്ത മഴയെ തുടർന്ന് കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ വലിയ തോതിലുള്ള പ്രകൃതിക്ഷോഭമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയ ഈ മഴക്കെടുതിയിൽ നിരവധി പേരാണ് ദുരിതത്തിലായിരിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.