അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാസ്റ്റർ എം എസ് മത്തായി. സത്യസന്ധനും, ദ്രവ്യാഗ്രഹമില്ലാത്തവനും എളിയ ജീവിതത്തിന്റെ ഉടമയും, സുവിശേഷത്തെക്കുറിച്ചു ലജ്ജിക്കാത്ത വ്യക്തിയുമായിരുന്നു പരേതൻ.
ചില വർഷങ്ങൾക്കുമുൻപ് പലതവണകളിലും ഒന്നിച്ചു പ്രാർത്ഥിക്കുവാനും, തന്നോടടുത്തു സഹകരിക്കുവാനും എനിക്ക് ഇടയായിട്ടുണ്ട്. സത്യസന്തതയും, നീതിയും തന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്. ബെഞ്ചമിൻ ഫ്രാങ്ക്ളിനിന്റെ പ്രശസ്തമായ പ്രസ്താവനയാണ് “സത്യസന്ധതയാണ് ഏറ്റവും നല്ല നയം” എന്നത്. ഈ നയമാണ് താനും സ്വീകരിച്ചിരുന്നത്. സത്യസന്ധത എന്നാൽ നുണ, വഞ്ചന, മോഷണo എന്നിവയുടെ അഭാവത്തിൽ ജീവിക്കുക എന്നാണ് അർത്ഥമാക്കുന്നത്. ആയതുപോലെ സത്യസന്ധൻ എന്നാൽ വിശ്വസ്തനും, നീതിയുള്ളവനും ആത്മാർത്ഥതയുള്ളവനും ആയിരിക്കുക എന്നാണ്.
കൂടാതെ, ഒരു നീതിമാനായിരുന്നു പരേതൻ. നീതിമാൻ എളിമയുള്ള മനുഷ്യനാണ്, നീതിമാൻ ഹൃദയശുദ്ധിയുള്ളവനാണ്, നീതിമാൻ വിശുദ്ധിക്ക് സമർപ്പിതനാണ്.. എല്ലാവരെയും പുഞ്ചിരിയോടുകൂടി സ്വീകരിക്കുകയും, മനസുതുറന്നു സ്നേഹിക്കുകയും ചെയ്യുന്ന നല്ല പ്രകൃതമാണ് തനിക്കുണ്ടായിരുന്നതു. നല്ല വായനാശീലമുള്ള ഒരു വ്യക്തിയായിരുന്നു.
പുനലൂർ ബെഥേൽ ബൈബിൾ സ്കൂളിൽ അധ്യാപക സേവനമനുഷ്ഠിക്കുന്ന കാലയളവിലാണ് അമേരിക്കയിൽ കടന്നുവരുന്നത്. 1ബെഥേൽ ബൈബിൾ കോളേജ്, എസ് എ ബി സി ബാംഗ്ലൂർ, യു ബി സി, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽ പഠനം നടത്തി, BTh, BD, ബിരുദങ്ങൾ നേടിയിട്ടുണ്ട്.1979- ൽ അമേരിക്കയിൽ എത്തുകയും ആവർഷംതന്നെ മുന്ന് കുടുംബങ്ങളോടുകൂടി യോങ്കേഴ്സിൽ പാസ്റ്റർ ജോയ് പി ഉമ്മൻറെ ആശീർവാദത്തോടുകൂടി ആരംഭിച്ച ഇന്ത്യൻ അസംബ്‌ളി ഓഫ് ഗോഡ്, യോങ്കേഴ്‌സ്, തന്റെ പരിശ്രമത്തിൽ ഉണ്ടായ കൂട്ടായ്‌മയാണ്. ക്യുൻസ് ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയും തന്റെ പ്രാർത്ഥനയുടെ ഫലത്താൽ ഉളവായിട്ടുള്ളതാണ്.
എവിടെപ്പോയാലും തന്റെ കോട്ടിന്റ പോക്കറ്റിൽ നിറയെ ലഖുലേഖകൾ കരുതിയിരിക്കും എവിടെവച്ചു അവസരം കിട്ടിയാലും ലഖുലേഖ വിതരണം ചെയ്യുവാനും, കർത്താവിനെക്കുറിച്ചു പറയുവാനും തനിക്കു ഒരുമടിയുമുണ്ടായിരുന്നില്ല. വളരെ ചെലവ് ചുരുക്കിയുള്ള, ആർഭാടമോ, പൊങ്ങച്ചമോ ഇല്ലാത്ത ഒരു ലളിത ജീവിതത്തിന്റെ ഉടമയായിരുന്നു പരേതൻ. വളരെ വർഷങ്ങൾ അപ്പാർട്മെന്റിനുള്ളിൽ ഞെങ്ങി ഞെരുങ്ങി താമസിക്കുമ്പോഴും അനേക സന്ദര്ശകരായ കർത്താവിന്റെ ദാസന്മാരെ കൂടെ താമസിപ്പിക്കുകയും ശുശ്രുഷിക്കുകയും ചെയ്യുന്നതിൽ താനും തന്റെ സഹധര്മിണിയം, മക്കളും ഉത്സാഹികളായിരുന്നു.
ഉപദേശവും ജീവിതവും തമ്മിൽ പൊരുത്തക്കേടുള്ള അനേകരുടെ നടുവിൽ പ്രസംഗവും പ്രവർത്തിയും ഒരുപോലെ സംതുലനാവസ്ഥയിൽ നിലനിർത്തി പെന്തെക്കോസ് സത്യങ്ങളിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു അനുഹ്രഹീത ദൈവ ഭക്തന്റെ വേർപാട് നമ്മുടെ സമൂഹത്തിനു ഒരു തീരാ നഷ്ടമാണ്. തന്റെ ദേഹ വിയോഗം പെന്തെകോസ്തു സമൂഹത്തിനു വേദന ഉളവാക്കുന്നതെങ്കിലും. തന്നിൽ കൂടി ദൈവം ആരംഭിച്ച ദൈവ സഭകൾ ഒരു അഭിമാനമായി നിലകൊള്ളും. ദൈവ വേലയെ സ്നേഹിച്ചു, ദൈവത്തിൽ മാത്രം ആശ്രയിച്ചു പരിശോധന ഘട്ടങ്ങളിൽ തളർന്നുപോകാതെ നിൽക്കുന്ന ഭക്തന്മാരെയും അവരുടെ തലമുറകളെയും ദൈവം ഒരിക്കലും മറക്കില്ല.
ആരെയും നിസ്സാരരായി താൻ കണ്ടിരുന്നില്ല. താഴ്മയുള്ളവർ കനിവുള്ളവരും മറ്റുള്ളവരെ മാനിക്കുന്നവരും ആയിരിക്കുമെന്ന സാക്ഷ്യമാണ് തന്റെ ജീവിതത്തിൽ കൂടി വെളിപ്പെടുത്തിയത്. ആരെയും ആകർഷിക്കുന്ന ഒരു വിനയഭാവം തന്റെ ഒരു പ്രത്യേകത തന്നെയായിരുന്നു. ആരംഭത്തെക്കാൾ നല്ലൊരന്ത്യം പ്രാപിച്ചു ദൈവ സന്നിധിയിൽ പ്രവേശിച്ച ബഹുമാന്യ കർത്തൃ ദാസന്റെ കുടുംബാന്ഗങ്ങളെ കർത്താവു ആശ്വാസം കൊണ്ട് നിറക്കട്ടെ! ദുഖത്തിലായിരിക്കുന്ന കുടുംബാന്ഗങ്ങളെയും, സഹോദരങ്ങളെയും, സുഹൃത്തുക്കളെയും ദൈവം തന്റെ സമാധാനംകൊണ്ടു നിറക്കട്ടെ!

പാസ്റ്റർ എം.എസ് മത്തായി

ഡോ.ബാബു തോമസ്,ന്യൂയോർക്ക്

