PRAVASI

രാഷ്ട്രീയം കരുണയാണ് (നിരീക്ഷണം)

Blog Image

രാഷ്ട്രത്തെ സംബന്ധിക്കുന്നതാണ് രാഷ്ട്രീയം. ജനാധിപത്യ സംവിധാനങ്ങള്‍ ലോകത്ത് നിലവില്‍ വന്നത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് ആദര്‍ശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ്. പൗരന്‍റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നുള്ളതാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാന സങ്കല്പം. അത് സംരക്ഷിക്കാന്‍ ഭരണഘടനയും നിയമവ്യവസ്ഥയും ഓരോ രാജ്യത്തിനും ഉണ്ട്. സ്വാതന്ത്ര്യ സമരങ്ങളിലൂടെയും വിപ്ലവങ്ങളിലൂടെയുമാണ് ലോക രാജ്യങ്ങള്‍ ദുഷ്പ്രഭുത്വത്തിന്‍റെ അടിമത്തത്തില്‍ നിന്നും ഏകാധിപത്യത്തിന്‍റെ ചൂഷണങ്ങളില്‍ നിന്നും വിമോചനം നേടിയത്. രാഷ്ട്ര പിതാക്കന്മാരെല്ലാം സ്വപ്നം കണ്ടത് സമത്വ സുന്ദരവും മനുഷ്യ സ്വാതന്ത്ര്യം സംഗീതംപോലെ ഒഴുകുന്നതുമായ സാമൂഹ്യ ക്രമങ്ങള്‍ പാലിക്കപ്പെടുന്ന രാജ്യങ്ങളെയാണ്. പൗരന്മാരുടെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടി സ്വാതന്ത്ര്യസമര പോരാളികള്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കും ജയില്‍ ജീവിതത്തിനും ഇരയായിട്ടുണ്ട്. മനുഷ്യ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചവര്‍ക്കൊക്കെ കുരിശും വെടിയുണ്ടയും ജയില്‍ വാസവും വധശിക്ഷയുമൊക്കെയാണ് ലഭിച്ചിട്ടുള്ളത്. യേശുക്രിസ്തു മുതല്‍ മഹാത്മാഗാന്ധിയിലൂടെ നെല്‍സണ്‍ മണ്ടേലയിലെത്തുമ്പോഴും ലോകത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചവരുടെ കഥകള്‍ ആവര്‍ത്തിക്കപ്പെടുന്നു. അവരൊക്കെ മനുഷ്യരോട് കരുണയും അനുകമ്പയും ഉള്ളവരും ജീവിതം സ്വയം ശൂന്യവല്‍ക്കരിച്ചവരുമായിരുന്നു. അവര്‍ക്കു കരുണയായിരുന്നു രാഷ്ട്രീയം.
    കരുണയാണ് രാഷ്ട്രീയമെന്ന് തെളിയിച്ച് കടന്നുപോയവരാണ് ഉമ്മന്‍ ചാണ്ടിയും, വി.എസ്. അച്യുതാനന്ദനും. ദിവസങ്ങള്‍ നീണ്ട അവരുടെ അന്ത്യയാത്രകളില്‍ പങ്കെടുക്കാന്‍ വഴിയോരങ്ങളില്‍ കാത്തുനിന്നത് സാധാരണക്കാരായ മനുഷ്യരായിരുന്നു. കൈക്കുഞ്ഞുങ്ങളേന്തിയ അമ്മമാര്‍, അവശന്മാരും ആര്‍ത്തന്മാരുമായ വൃദ്ധജനങ്ങള്‍. ڇകണ്ണേ കരളേڈ എന്ന് ഉറക്കെ മുദ്രാവാക്യം  വിളിക്കുന്ന ചെറുപ്പക്കാര്‍ രാവെളുക്കുവോളം അവര്‍ വഴിയോരങ്ങളില്‍ കാത്തുനിന്നു. മത്സ്യതൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, കയറുപിരിക്കുന്നവര്‍, കര്‍ഷകര്‍ ഇങ്ങനെ എല്ലാ വിഭാഗത്തിലുംപെട്ട ആളുകള്‍. ഈ രണ്ടു നേതാക്കന്മാരും തങ്ങളോട് കാണിച്ച കരുണയെക്കുറിച്ചാണ് അവര്‍ക്കൊക്കെ പറയാനുണ്ടായിരുന്നത്. പെണ്ണുങ്ങളോട് അതിക്രമം കാണിക്കുന്നവരെ കൈയാമം വച്ച് വഴിയിലൂടെ നടത്തി ഞാന്‍ തുറങ്കിലടക്കും എന്നു പ്രഖ്യാപിച്ച അച്യുതാനന്ദനില്‍ കേരളത്തിലെ സ്ത്രീ സമൂഹം ഒരു രക്ഷകനെ കണ്ടു. വെട്ടിനുറുക്കി കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍റെ വിധവയായ ഭാര്യ കെ.കെ. രമയെ വീട്ടിലെത്തി ആശ്വസിപ്പിക്കുന്ന അച്യുതാനന്ദന്‍റെ ചിത്രം കേരളത്തിന്‍റെ മനസാക്ഷിയില്‍ പതിഞ്ഞുകിടപ്പുണ്ട്. സൂര്യനെല്ലി പെണ്‍കുട്ടിയെ വീട്ടില്‍ പോയികണ്ട് ആശ്വസിപ്പിച്ച് ഒരു മുത്തശ്ശന്‍റെ കരുതലോടെ ഒരു ലക്ഷം രൂപയുടെ പണക്കിഴി നല്‍കിയ സഖാവിനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുന്നത്. സ്ത്രീ പീഡന സംഭവങ്ങളില്‍ എന്നും സഖാവ് ഇരകളോടൊപ്പം നിന്നു കരുണയുടെ സുവിശേഷം കൊണ്ട് അവരെ ആശ്വസിപ്പിച്ചു. ഉമ്മന്‍ ചാണ്ടി ജനങ്ങളോടൊപ്പം ജീവിച്ചു. ആദ്ദേഹത്തിന്‍റെ കല്ലറയില്‍ ഇപ്പോഴും അദ്ദേഹം സഹായിച്ചവരും കരുണകാട്ടിയവരും വന്ന് പൂക്കളര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ചികിത്സയ്ക്കും, വീട് നിര്‍മ്മിക്കുന്നതിനും, മക്കളെ വിവാഹം കഴിച്ച് അയപ്പിക്കുന്നതിനും.... എന്നിങ്ങനെ തുടരുന്നു അവരുടെ കരുണയുടെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയം ചതിയും നുണയും കുതികാല്‍വെട്ടുമാണെന്നുള്ള പൊതു ധാരണയെ തിരുത്തി എഴുതിയവരാണ് ഇവര്‍ രണ്ടുപേരും. രാഷ്ട്രീയം ജീവിതം തന്നെയാണ്, രാഷ്ട്രീയം കരുണയാണ്, രാഷ്ട്രീയം നീതിയും ധര്‍മ്മവും നിറഞ്ഞതാണ്. ഇതാണ് ഈ രണ്ട് മഹാന്മാരുടെയും ജീവിത സന്ദേശം. നിസംഗരും നിര്‍വികാരരുമായിരിക്കുന്ന നമ്മേ കര്‍മ്മോല്‍സുകരാക്കുവാന്‍ ഇവരുടെ കരുണയുടെ സുവിശേഷം പ്രേരിപ്പിക്കുന്നു.

 പ്രൊഫ. ബാബു തോമസ്, പൂഴിക്കുന്നേല്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.